

ചരിത്രം മുന്നോട്ടാണ് പോകുന്നത് - സംശയമില്ല. എന്നാൽ മാനവികതയും മാനവരും മുന്നോട്ടാണോ പോകുന്നത്? ചിലർ പറയും മാനവർ മുന്നോട്ടാണ്, എന്നാൽ മാനവികത പിന്നോട്ടാണ് പോകുന്നതെന്ന്. അങ്ങനെ പറയാൻ അവർക്ക് അനുഭവജ്ഞാനപരമായ (empirical) ധാരാളം വിവരങ്ങൾ (data) ഉണ്ടാകും. ഒത്തിരി തിരുവചനങ്ങളും അവരുടെ നിലപാടിനെ പിന്താങ്ങാൻ കണ്ടേക്കും.
നേരേ തിരിച്ച് വിശ്വസിക്കുന്നവരും ധാരാളം ഉണ്ട്. ചരിത്രവും മാനവരും മാനവികതയും മുന്നോട്ടു തന്നെയാണ് പോകുന്നത് എന്നും, ചരിത്രത്തെ ചിലപ്പോൾ മുന്നിലും ചിലപ്പോൾ നടുവിലും ചിലപ്പോൾ പിന്നിലും നിന്ന് നയിക്കുന്നത് ദൈവമാണ് എന്നും വിശ്വസിക്കുന്നവർ.
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിന് 66 അധ്യായങ്ങളാണ്. ബൈബിൾ പണ്ഡിതരുടെ സുചിന്തിതമായ അഭിപ്രായത്തിൽ 1-39 വരെ അധ്യായങ്ങൾ ഒന്നാം ഏശയ്യായും, 40-55 വരെ രണ്ടാം ഏശയ്യായും 56-66 വരെ മൂന്നാം ഏശയ്യായും എഴുതിയതായാണ് കരുതപ്പെടുന്നത്. ഒന്നാം ഏശയ്യായിൽ മിശിഹായുടെ ചിത്രം 'സമാധാന രാജാവി'ൻ്റേതാണെങ്കിൽ രണ്ടാം ഏശയ്യായിൽ 'സഹനദാസ'ൻ്റേതാണ്. തൻ്റെ ജീവിതത്തിൽ യേശു വായിക്കുന്നതും പലപ്പോഴും ഉദ്ധരിക്കുന്നതും ഏശയ്യായുടെ പുസ്തകമാണ്. പല നൂറ്റാണ്ടുകളിൽ പലർ എഴുതിയതാണെങ്കിലും, മൊത്തം പുസ്തകത്തിൽ ഒരു ഏകതാനത കാണാനുള്ളതായി തോന്നിയിട്ടുണ്ട്.
"ജെസ്സെയുടെ കുറ്റിയിൽ നിന്ന് കിളിർത്തു വരുന്ന മുള" യെക്കുറിച്ചാണ് 11-ാം അധ്യായത്തിൽ പ്രവാചകൻ സംസാരിക്കുന്നത് എങ്കിലും, അവൻ്റെ വിധി "കണ്ണുകൊണ്ട് കാണുന്നതിനെയും ചെവി കൊണ്ട് കേൾക്കുന്നതിനെയും" മാത്രം ആധാരമാക്കിയുള്ള വിധിയായിരിക്കില്ല എന്നതാണ് പ്രധാനമായ ആശ്വാസം.
"ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചുവസിക്കും. പുള്ളിപ്പുലി കോലാട്ടിൻ കുട്ടിയോടുകൂടി കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ച് മേയും" എന്നൊക്കെയുള്ള പ്രവചനം അവസാനിക്കുന്നത് "സമുദ്രം ജലം കൊണ്ട് എന്ന പോലെ ഭൂമി കർത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടുനിറയും" എന്ന് പറഞ്ഞാണ്.
ഒത്തിരി ഇഷ്ടമുള്ള ഒരു ഭാഗമാണത്. അതു കൊണ്ടുതന്നെ ഞാൻ കാണുന്ന കാഴ്ചകളും ദർശനങ്ങളും അതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.
ഭൂമി മുഴുവൻ തിന്മ കൊണ്ട് നിറയുന്നതായി കാണുന്ന വിശ്വാസികൾ ഇന്ന് ധാരാളമുണ്ട്. എല്ലാവരെയും മുച്ചൂടും കത്തിച്ചു കളയാനായി ക്രോധത്തിൻ്റെ വിധിയാളനെ പ്രതീക്ഷിച്ച്, അവൻ്റെ വരവിനായി കാത്തിരിക്കുന്നവർ!
അങ്ങനെ കരുതാനും പ്രതീക്ഷിക്കാനും വിശ്വാസത്തിൻ്റെ തന്നെ ആവശ്യമുണ്ടോ എന്നെനിക്ക് നിശ്ചയമില്ല!
"കണ്ണുകൊണ്ട് കാണുന്നതിനും ചെവികൊണ്ട് കേൾക്കുന്നതിനും" അപ്പുറം കാര്യങ്ങളെ കാണാൻ, "ജ്ഞാനത്തിൻ്റെയും വിവേകത്തിൻ്റെയും ഉപദേശത്തിൻ്റെയും ശക്തിയുടെയും അറിവിൻ്റെയും ദൈവഭക്തിയുടെയും ആത്മാവ്" ആവസിച്ച ഒരാൾക്കേ സാധിക്കൂ.





















