top of page

കൊറോണാപുരാണം

Nov 20, 2021

3 min read

ഫ�ാ. ജോസ് വെട്ടിക്കാട്ട്


The corona virus spread all over the world

മൊബൈലിലെ ദൃശ്യമാദ്ധ്യമത്തിലൂടെ ഈയിടെ വായിക്കാനിടയായ ചില സന്ദേശങ്ങളാണ് ഞാനിവിടെ പകര്‍ത്തുന്നതിന്‍റെ പശ്ചാത്തലം.

വെറും സോപ്പുകണ്ടാല്‍ പറപറക്കുന്ന കൊറോണയെന്ന പീറവൈറസ് വന്നുകയറിയ കാലമൊന്ന് ഓര്‍ത്തു നോക്കാം. റാന്നീക്കാരാരാണ്ടു വിദേശത്തുനിന്നു കൊണ്ടുവന്നെന്നും പറഞ്ഞു തുടങ്ങിയ കോലാഹലകാലം! ആ നാളുകളില്‍ രാത്രീം പകലും സര്‍വ്വചാനലുകാരും പണ്ടത്തെ കാരണവന്മാരു വെറ്റിലമുറുക്കാന്‍ ചവയ്ക്കുന്നതുപോലെ ചവച്ചുതുപ്പിക്കൊണ്ടിരുന്നത് അതുമാത്രമായിരുന്നല്ലോ.

അതുപിന്നെയാര്‍ക്കാണ്ടൊക്കെയോ പകര്‍ന്നു പിടിച്ചെന്നു കേട്ടപ്പോളത്തേക്കും എന്തായിരുന്നു അരങ്ങെന്‍റെയമ്മോ. ആരെങ്കിലും പോസിറ്റീവായെന്നറിഞ്ഞാല്‍ അയാളു പോയ റൂട്ടുമാപ്പുമുഴുവന്‍ തപ്പിയെടുത്തു പ്രസിദ്ധീകരിക്കലും, അയാളു തൊട്ട സാമാനങ്ങളെല്ലാം കത്തിക്കലും, അയാളുടെ പ്രൈമറി കോണ്ടാക്റ്റും, സക്കന്‍റെറി കോണ്ടാക്റ്റും കണ്ടുപിടിക്കാന്‍ പട്ടാളത്തെവരെ രംഗത്തിറക്കി തെരച്ചിലും എന്തൊക്കെയായിരുന്നു കഥ.

രാവുംപകലും സൈറനുംകൂവി ചീറിപ്പായുന്ന ആംബുലന്‍സ്, മെഡിക്കല്‍ കോളേജ്, പിപ്പികിറ്റ് എന്തൊക്കെയായിരുന്നു മേളം. പള്ളീംപൂട്ടി, പള്ളിക്കൂടോം ക്ലോസ്.

പിള്ളേരുടെ ഡൈപ്പറുപോലെ മോന്തയില്‍ ഫിറ്റുചെയ്യുന്ന മാസ്ക്കു മൂക്കിനു താഴെയാണെങ്കില്‍ താക്കീതും പിഴയും. മാസ്ക്കുവയ്ക്കാത്തതിന് കേസും പുക്കാറും. ഡബിള്‍ ലെയര്‍ മാസ്ക്കും പോരാ, അതുതന്നെ രണ്ടെണ്ണം ഫിറ്റുചെയ്യണമെന്നു വരെയെത്തി സംഗതികള്‍. മാസ്കു കടിച്ച പട്ടീടെ പിന്നാലെ ഓടുന്നപോലീസിനെ കണ്ടിട്ട് കൃത്യനിര്‍വ്വഹണത്തിന് അവാര്‍ഡു കൊടുക്കാന്‍ തോന്നി. നിരീക്ഷണത്തിലിരുന്ന വീട്ടില്‍നിന്നും പുറത്തേക്കോടിവന്ന പൂച്ചയെ തല്ലിക്കൊന്നതും, ക്വാറന്‍റൈനില്‍ കഴിഞ്ഞവന്‍ പുറത്തേക്കിട്ടുകൊടുത്ത രൂപാനോട്ട് കൈതൊടാതെ കീടനാശിനിയില്‍ കുളിപ്പിച്ചെടുത്തതും, ആരോ വഴിയില്‍ തള്ളിയ പിപ്പി കിറ്റ് ജെസിബി വരുത്തി പത്തടി താഴ്ത്തി കുഴിച്ചിട്ടതും, ഗള്‍ഫീന്നുവന്നവനെ ക്വാറന്‍റൈനു വീടിനകത്തൂടെയല്ലാതെ പുറത്തുകൂടെ കയറാന്‍ കോവണി കൊടുത്തതും ആ കോവണി ആളുകേറിക്കഴിഞ്ഞപാടെ തോട്ടില്‍ തള്ളിയതുമൊക്കെ വായിക്കാന്‍  എന്തൊരു ത്രില്ലായിരുന്നു.

കുടിവെള്ളമില്ലാതിരുന്നിടത്തും പള്ളിമുറ്റത്തും കടത്തിണ്ണയിലും വെള്ളവും സോപ്പും സുലഭം. കൈയ്യാണെങ്കില്‍ കഴുക്കോടു കഴുക്ക്. സോപ്പാണെങ്കില്‍ തീരുവോളം തേക്കലും. കടയിലും, ആപ്പീസിലും പോരാ, പോക്കറ്റിലും സഞ്ചിയിലും കക്ഷത്തിലുംവരെ സാനിറ്റൈസര്‍ കുപ്പികള്‍.