top of page

ആദരവില്ലാത്ത കാലം

Nov 1, 2010

3 min read

കറ
Image : Portraying today's intolerance on religion
Image : Portraying today's intolerance on religion

നമ്മുടെ സമൂഹത്തില്‍ സഹിഷ്ണുത എന്ന പദത്തിനു തനിച്ചുള്ള ഒരു നിലനില്പുതന്നെ ഇല്ലാതായിരിക്കുന്നു. കാരണം ഇന്നു നമുക്കു ഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തില്‍ കേള്‍ക്കാന്‍കഴിയുന്ന, വായിക്കാന്‍കഴിയുന്ന പദം മതസഹിഷ്ണുത എന്നതാണ്. രാഷ്ട്രീയനേതാക്കളായാലും പുരോഹിതന്മാരായാലും മതമേധാവികളായാലും നല്കുന്ന ആഹ്വാനത്തിലും ഉപദേശത്തിലും മതസഹിഷ്ണുത എന്ന പദമുണ്ടായിരിക്കും.

ഞാന്‍ അന്യമതങ്ങളോടു സഹിഷ്ണുത കാണിക്കുന്നവനാണെന്ന് ഒരാള്‍ പറയുന്നതില്‍ എനിക്ക് ആത്മാര്‍ത്ഥത കാണാന്‍കഴിയുന്നില്ല. കാരണം അതില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം അന്യമതങ്ങളെ സഹിക്കാനുള്ള ത്യാഗം ഞാന്‍ അനുഷ്ഠിക്കുന്നു എന്നതാണ്. ആ മതത്തെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും സഹനശക്തിയോടെ ഞാന്‍ അതിനെ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു എന്നുള്ള ഒരുതരം കുറ്റസമ്മതംപോലെ. മറിച്ച് അന്യമതങ്ങളെ ഉള്‍ക്കൊള്ളാനുള്ള സന്മനോഭാവം എനിക്കുണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന വിളംബരത്തിനാണ് ഒരാള്‍ സന്നദ്ധനാകേണ്ടത്. സഹിഷ്ണുതയ്ക്കുപകരം അവിടെ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കേണ്ട പദം സ്വീകാര്യതയെന്നോ പരിഗ്രഹണമെന്നോ ആണ്. മതങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഈ സ്വീകാര്യതയും പരിഗ്രഹണവും അര്‍ത്ഥവത്താകുന്നത് അതു ജീവിതത്തില്‍ പ്രയോഗിക്കുമ്പോള്‍ മാത്രമാണ്. അത് എത്രപേര്‍ക്കു വര്‍ത്തമാനകാല ജീവിതത്തില്‍ സാധിക്കുന്നുണ്ട് എന്നതുതന്നെയാണു നമ്മുടെ മുന്നിലുള്ള ചോദ്യം.

പക്ഷേ സഹിഷ്ണുത എന്ന പദം സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്നതുകൊണ്ട് അതുതന്നെ ഈ ലേഖനത്തിലും നമുക്കുപയോഗിക്കാം, സ്വീകാര്യതയും പരിഗണനയും സാര്‍വ്വത്രികമായി അംഗീകരിക്കപ്പെടുന്നതുവരെയെങ്കിലും. അല്ലെങ്കില്‍ത്തന്നെ പല പദങ്ങള്‍ മലയാളഭാഷയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രയോഗിക്കപ്പെട്ടുകഴിയുമ്പോള്‍ ആ പദങ്ങള്‍ക്ക് അര്‍ത്ഥവ്യത്യാസം ഉണ്ടാവുന്നതു നമുക്കു കാണാന്‍കഴിയുന്നുണ്ടല്ലോ? 'ഭയങ്കരം' എന്ന പദത്തിനു വന്നിരിക്കുന്ന അര്‍ത്ഥമാറ്റംതന്നെ ഏറ്റവും വലിയ ഉദാഹരണം. ഭയങ്കരഭക്തിയെന്നൊ, ഭയങ്കരപ്രേമമെന്നൊ പറയുന്നതിലുള്ള അര്‍ത്ഥവൈകല്യം എത്രയോ ഭീകരമാണ്. അതുപോലെതന്നെയാകട്ടെ സഹിഷ്ണുതയും.

സഹിഷ്ണുതയെക്കുറിച്ച് ചുരുങ്ങിയവാക്കുകളില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു നിര്‍വ്വചനം നല്കിയിട്ടുള്ളതു ചിന്തകനായ ജോഷ്വാ ലീബ്മാനാണ്. "അന്യരുടെ വിശ്വാസങ്ങളും ചര്യകളും ശീലങ്ങളും അവ സ്വീകരിക്കുകയോ അതില്‍ പങ്കാളിയാവുകയോ ചെയ്യാതെതന്നെ ഗ്രഹിക്കാനുള്ള നിയതവും ഹൃദയംഗമവുമായ യത്നമാണു സഹിഷ്ണുത"- ലീബ്മാന്‍റെ വാക്കുകള്‍. ഇത്തരത്തിലുള്ള ഒരു സ്വീകാര്യത ഇല്ലാതെപോയതാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെയെല്ലാം മുഖ്യഹേതു. ആ അസ്വീകാര്യത വ്യക്തികള്‍ക്കിടയില്‍ മാത്രമല്ല രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലുമെല്ലാം ഇന്നു ശക്തമായി വേരോടിക്കൊണ്ടിരിക്കുന്നു എന്നതാണു കാലഘട്ടത്തിന്‍റെ ഒരു പ്രധാനശാപം. അതും, എന്‍റെ മതം മാത്രമാണു ശരി, എന്‍റെ രാഷ്ട്രീയവിശ്വാസം മാത്രമാണു ശരി എന്ന ഘട്ടത്തിലെത്തുമ്പോള്‍ അതിനു സ്വാഭാവികമായും സംഘര്‍ഷസ്വഭാവമുണ്ടാകുന്നു.

ഇതെത്രയോ വര്‍ഷംമുമ്പ് കാള്‍യുങ് എന്ന വിഖ്യാത മനഃശാസ്ത്രജ്ഞന്‍ വിശദീകരിച്ചിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു: "ഒരു വ്യക്തിയുടെ മനഃശാസ്ത്രമാണ് ഒരു രാഷ്ട്രത്തിന്‍റെ മനഃശാസ്ത്രത്തില്‍ പ്രതിഫലിക്കുന്നത്. ഒരു രാഷ്ട്രം എന്തുചെയ്യുമോ അതുതന്നെ ആ രാഷ്ട്രത്തിലെ വ്യക്തികളും ചെയ്യും. അങ്ങനെ വ്യക്തികള്‍ ചെയ്യുന്നതും രാഷ്ട്രത്തിന്‍റെ മുഴുവന്‍ ചെയ്തിയായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ വ്യക്തിയുടെ മനോഭാവത്തില്‍ വരുന്ന മാറ്റത്തിനു മാത്രമേ ഒരു രാഷ്ട്രത്തിന്‍റെ മനഃശാസ്ത്രത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ."

രാഷ്ട്രീയപാര്‍ട്ടികള്‍ അവലംബിക്കുന്ന പാത എപ്പോഴും സംഘര്‍ഷത്തിന്‍റെ പാതയാണ്. കാരണം നേതാക്കളുടെ സങ്കുചിതതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പാര്‍ട്ടി അണികളെ സദാ സജ്ജരാക്കി നിര്‍ത്താന്‍ അങ്ങനെയൊരു പാതയിലൂടെ മാത്രമേ അവര്‍ക്കു ചലിക്കാനാവുകയുള്ളൂ. അതവരുടെ പ്രവര്‍ത്തനശൈലിയായി ഇന്ത്യയിലെല്ലായിടത്തുമെന്നപോലെ കേരളത്തിലും മാറിയിരിക്കുന്നു. അവിടെയൊക്കെ അനുരഞ്ജനത്തിന്‍റെ പാത അവലംബിക്കുന്നതിനെപ്പറ്റി രാഷ്ട്രീയനേതൃത്വത്തിനു ചിന്തിക്കാനാവുന്നില്ല.

പക്ഷേ കേരളത്തില്‍ മതനേതൃത്വവും മതമേധാവികളും അനുരഞ്ജനത്തിന്‍റെ പാതയ്ക്കുപകരം സംഘര്‍ഷത്തിന്‍റെ മാര്‍ഗ്ഗങ്ങളവലംബിക്കുന്നവരായി മാറിക്കൊണ്ടിക്കുന്നുവെന്നതു വേദനാജനകമായ ഒരു കാര്യമാണ്. അതു ക്രൈസ്തവസഭകളില്‍പ്പോലും ഇന്നു വേരൂന്നിയിട്ടുള്ള ഒരു പ്രതിഭാസമാണ്. അത് ഏതു ക്രൈസ്തവസഭാ വിഭാഗത്തിലാണുള്ളതെന്ന് അന്വേഷിക്കേണ്ട കാര്യമില്ല. ആ സംഘര്‍ഷം ഒടുവില്‍ ചെന്നവസാനിക്കുകതന്നെ സംഘട്ടനത്തിലാണ്.

വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും പേരില്‍ സംഘട്ടനമുണ്ടായിട്ടുള്ള ദേവാലയങ്ങളുടെ പട്ടികയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിലുള്ള പള്ളികളും കത്തോലിക്കാദേവാലയങ്ങളുമെല്ലാമുണ്ടെന്ന കാര്യം നിസ്സാരമായി കാണാനാവില്ല. ദേവാലയത്തിലെ അള്‍ത്താരയ്ക്കുമുന്നില്‍വച്ച് ക്രൈസ്തവവിശ്വാസികള്‍ ഏറ്റുമുട്ടിയതിനെ ഏതു മതമേധാവിക്കാണ് ക്രിസ്തീയമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യായീകരിക്കുവാന്‍ കഴിയുക? ഒടുവില്‍ പോലീസ്സേന ദേവാലയത്തിനുള്ളില്‍ പ്രവേശിച്ച് പരസ്പര സംഘട്ടനത്തിലേര്‍പ്പെട്ടിരുന്ന വിശ്വാസികളെ മാത്രമല്ല വൈദികരെപ്പോലും അറസ്റ്റുചെയ്തു നീക്കുന്ന എത്ര രംഗങ്ങള്‍ക്കാണു കേരളം സാക്ഷ്യംവഹിച്ചത്?

"നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു ബലിപീഠത്തിനുമുമ്പില്‍വച്ചിട്ടു സഹോദരനെച്ചെന്നു കണ്ടു രമ്യപ്പെട്ടതിനുശേഷം മടങ്ങിവന്നു കാഴ്ചയര്‍പ്പിക്കുക" എന്ന ക്രിസ്തുവചനത്തിനു ഒരു വിലയുമില്ലാതായിപ്പോകുമ്പോള്‍ മതത്തിലുള്ള വിശ്വാസം പുതിയ തലമുറയ്ക്കു നഷ്ടപ്പെടാന്‍ തുടങ്ങുന്നതിനു മറ്റാരെയാണു സഭാനേതൃത്വത്തിനു കുറ്റപ്പെടുത്താനാവുക?

എറണാകുളത്തെ മദീനമസ്ജിദില്‍ രണ്ടുവിഭാഗം മുസ്ലീങ്ങള്‍ ഏറ്റുമുട്ടിയതും അവിടത്തെ പ്രധാനകാര്‍മ്മികനായ ഇമാമിനെ നിയമിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. മസ്ജിദില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘട്ടനം ഒടുവില്‍ ആ ദേവാലയംതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിലാണവസാനിച്ചത്. പരിശുദ്ധ ഖുറാന്‍റെ 96-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നത് അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍വന്നു പ്രാര്‍ത്ഥിക്കുന്നവനെ തടയുന്നതു കടുത്ത അക്രമവും നീചമായ പാപവുമാണെന്നാണ്. പക്ഷേ ആ മഹത്വചനങ്ങളെല്ലാം ചെവിക്കൊള്ളാന്‍ മതവിശ്വാസികള്‍ക്കു കഴിയാതെവരുന്നത് അവര്‍ക്കു മതവിശ്വാസം വര്‍ദ്ധിക്കുകയും ദൈവവിശ്വാസം കുറയുകയും ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. മതവിശ്വാസം വര്‍ദ്ധിക്കുന്തോറും ദൈവവിശ്വാസം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ആപല്‍ക്കരമായ പ്രവണതയ്ക്കുത്തരവാദി മതമേധാവികളല്ലെങ്കില്‍ മറ്റാരാണ്?

ഇവിടെയാണ് അനുരഞ്ജനത്തിന്‍റെ പാത മാത്രമാണു മതങ്ങള്‍ക്കു സ്വീകാര്യമാവേണ്ടതെന്ന ദൃഢനിശ്ചയത്തിലെത്താന്‍ സമൂഹത്തെ നിര്‍ബ്ബന്ധിതമാക്കുന്നത്. ആ പാതയില്‍ ഏക പ്രസക്തി സംഭാഷണത്തിനുതന്നെയാണ്. പക്ഷേ ഇന്നെവിടെ സംഭാഷണം? വര്‍ത്തമാനകാല സമൂഹത്തില്‍ക്കാണുന്ന ഒരു പ്രതിഭാസം പലേപ്രശ്നങ്ങള്‍ക്കും തര്‍ക്കങ്ങളിലൂടെയോ വാദപ്രതിവാദങ്ങളിലൂടെയോ പരിഹാരംകാണാന്‍ ശ്രമിക്കുന്നവരായി മനുഷ്യര്‍ മാറിയിരിക്കുന്നുവെന്നതാണ്. രാഷ്ട്രീയതര്‍ക്കങ്ങളില്‍ അങ്ങനെയൊരു പരിഹാരമാര്‍ഗ്ഗം കാണാന്‍ നേതാക്കള്‍ ശ്രമിക്കുന്നതും നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം അവിടെ തര്‍ക്കപരിഹാരമല്ല ഈ നേതാക്കളുടെ ആത്യന്തികലക്ഷ്യം. പ്രശ്നം സജീവമായി നിര്‍ത്തിക്കൊണ്ട് ജനശ്രദ്ധ മുഴുവന്‍ അതില്‍ തളച്ചിടുകയെന്നതാണു നേതാക്കളുടെ തന്ത്രം. പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ മാധ്യമങ്ങളിലും രാഷ്ട്രീയവേദികളിലും നിറഞ്ഞുനില്‍ക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നും അതുമൂലം തങ്ങളുടെ പ്രസക്തി ഇല്ലാതായിത്തീരുമെന്നും അവര്‍ ഭയപ്പെടുന്നു.

ആ സമീപനംതന്നെ മതപരമായ തര്‍ക്കങ്ങളിലും അവലംബിക്കപ്പെടുന്നു എന്നതാണു പുതിയ പ്രവണത. ഇവിടെയാണ് യഥാര്‍ത്ഥത്തിലുള്ള അസഹിഷ്ണുത നാം കാണുന്നതും. മറിച്ചായിരുന്നുവെങ്കില്‍ വാദപ്രതിവാദത്തിനുപകരം സംഭാഷണത്തിന്‍റെ മാര്‍ഗ്ഗം ഇരുവിഭാഗവും സ്വീകരിക്കുവാന്‍ തയ്യാറാകുമായിരുന്നു. സംഭാഷണമെന്നു പറയുന്നതു രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള സംസാരമാണ്. വാദപ്രതിവാദത്തില്‍ രണ്ടു ബുദ്ധിശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലോ അല്ലെങ്കില്‍ രണ്ടുവ്യക്തികള്‍ തമ്മിലുള്ള മത്സരമോ ആണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ ഈ വാദപ്രതിവാദത്തില്‍ ആരും ജയിക്കുന്നില്ല. മറിച്ച,് രണ്ടുപേരും പരാജയപ്പെടുന്നു എന്നതാണു സംഭവിക്കുന്നത്. അതേസമയം ഒരു സംഭാഷണത്തിലാണെങ്കില്‍ രണ്ടുപേരും ജയിക്കുകയും പ്രശ്നത്തില്‍ രണ്ടുപേര്‍ക്കും സ്വീകാര്യമായ പരിഹാരമുണ്ടാവുകയും ചെയ്യുന്നു. ഇവിടെയാണു പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനോഭാവം സമൂഹത്തിനോ ഒരു വ്യക്തിക്കോ ഉണ്ടാകേണ്ടത്. വാസ്തവത്തില്‍ സഹിഷ്ണുത അര്‍ത്ഥവത്താകുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

ഇന്നു ലോകം അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളിലൊന്നു സഹകരണത്തിന്‍റെ പ്രശ്നമാണെന്ന് ആധുനികഭാരതത്തിലെ ചിന്തകനായിരുന്ന ജിദ്ദു കൃഷ്ണമൂര്‍ത്തി ഊന്നിപ്പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. തന്‍റെ 'തിങ്ക് ഓണ്‍ ദീസ് തിംഗ്സ്' എന്ന ഗ്രന്ഥത്തില്‍ കൃഷ്ണമൂര്‍ത്തി അതു വിശദീകരിച്ചിട്ടുമുണ്ട്. "സഹകരണം എന്ന വാക്കിന്‍റെ അര്‍ത്ഥമെന്താണ്? സഹകരണത്തിന്‍റെ അര്‍ത്ഥം ഒത്തൊരുമിച്ച് കാര്യങ്ങള്‍ചെയ്യുക, ഒത്തൊരുമിച്ച് അവ കെട്ടിപ്പടുക്കുക, ഒരുമിച്ച് അവ അനുഭവവേദ്യമാക്കുക, കാര്യങ്ങളെ പൊതുവായ നിലയില്‍ കാണാന്‍ കഴിയുക, അതുവഴി സ്വതന്ത്രമായിത്തന്നെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുക. ആ സ്ഥാനത്ത് ഇന്നു ഭീഷണി, ഭയം, ശിക്ഷ അല്ലെങ്കില്‍ പ്രതിഫലം തുടങ്ങിയ പ്രേരണകള്‍ക്കു വിധേയമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മനുഷ്യര്‍ നിര്‍ബ്ബന്ധിതരാകുകയാണ്. അതാണിന്നു ലോകസ്വഭാവം."

ഈ ലോകസ്വഭാവത്തിനു മാറ്റംവരുമോ? വരികതന്നെ ചെയ്യുമെന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. ആ വിശ്വാസത്തിനുള്ള ഏക ആധാരം ലോകചരിത്രത്തിലൊരിക്കലും നമ്മുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തിന്മയ്ക്കു കഴിഞ്ഞിട്ടേയില്ലെന്ന ചരിത്രയാഥാര്‍ത്ഥ്യമാണ്. അതാണ് ഏതു പ്രതിസന്ധിയിലും മാനവരാശിക്കുള്ള ഏകപ്രത്യാശയും.

Featured Posts

bottom of page