കല്ല്


മനുഷ്യരാൽ മാറ്റപ്പെട്ടതായിരുന്നില്ല ആ കല്ല്. ഉന്നതത്തിൽ നിന്നുള്ള ഇടപെടലിലായിരുന്നു അതിൻ്റെ മാറ്റം! അതൊരു വലിയ കല്ലായിരുന്നു. ആര് അത് നമുക്കുവേണ്ടി ഉരുട്ടിമാറ്റും എന്നതായിരുന്നു നമ്മുടെയെല്ലാം ഏറെക്കാലത്തെ ആകുലത.
അതവിടെ ഉരുട്ടിവച്ചത് ദൈവമായിരുന്നില്ല. നാം തന്നെയായിരുന്നു. ആ കല്ലായിരുന്നു അപ്പുറവും ഇപ്പുറവുമായി ജീവനെയും മരണത്തെയും വേർതിരിച്ചത്. അതവിടെ ഉള്ളിടത്തോളം കാലം നാമതിനെ ഭയപ്പെട്ടു.
ആ കല്ലറയാണ് മരണം. എന്നാൽ അത് വെറുമൊരു പടിപ്പുര മാത്രമാണെന്ന് നാം അറിഞ്ഞിരുന്നില്ല. ആ കല്ലിന് ഇപ്പുറം നമ്മുടെ ജീവിതമാണെന്ന് നമുക്ക് വ്യക്തതയുണ്ട്. എന്നാൽ, ആ കല്ലിനപ്പുറമാണ് ജീവൻ്റെ വലിയ ലോകമെന്ന് നാം അറിഞ്ഞതേയില്ല. അവസാനം ദൈവംതന്നെ ആ കല്ലുരുട്ടി മാറ്റി. ജീവൻ്റെ പെരുത്ത ആവിഷ്‌ക്കാരങ്ങൾ ഇപ്പുറമല്ല, അപ്പുറമാണെന്ന് അങ്ങനെ അവൻ നമുക്ക് കാട്ടിത്തന്നു.
ഇപ്പുറത്തെ ജീവനും അപ്പുറത്തെ ജീവനും ഒരേ അനുസ്യുതിയാണെന്നും!
മനുഷ്യരുടെ രണ്ട് ഭയങ്ങളായിരുന്നു ദൈവവും മരണവും. ചുകപ്പും രക്തവും ചേർന്ന് ഭയത്തിന് രഹസ്യാത്മകതയുടെ അലകുകൾ ചാർത്തി. അങ്ങനെ മതം മനുഷ്യരെ ഭയത്തിൽ പൊതിഞ്ഞു സൂക്ഷിച്ചു. അതാണ് അവരുടെ സുരക്ഷക്ക് നല്ലതെന്ന് മതം ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. എന്നാൽ, ഒരു ശനിയാഴ്ചക്ക് തൊട്ടുമുമ്പും തൊട്ടുപിമ്പുമായി അവൻ രണ്ടും വലിച്ചുകീറി. ആദ്യത്തേത് ദൈവത്തെ ഭയത്തിൽ മറച്ചിരുന്ന വലിയ വിരിയായിരുന്നു. രണ്ടാമത്തേത് മരണത്തെ ഭീതിയാൽ മറച്ചിരുന്ന വലിയ കല്ലായിരുന്നു. രണ്ടും ചേരുന്നത് പഴയ മതം തന്നെയായിരുന്നു!
സിംഹാസനത്തിൽ നിന്ന് വലിയൊരു സ്വരം ഞാൻ കേട്ടു: "ഇതാ ദൈവത്തിൻ്റെ കൂടാരം മനുഷ്യോടുകൂടെ!"
















































































































