top of page

വേളി

Jun 18

1 min read

George Valiapadath Capuchin

കെണൺഡ്രം (conundrum) എന്നൊരു ഇംഗ്ലീഷ് പദമുണ്ട്. നിർദ്ധാരണം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രശ്നം എന്നാണർത്ഥം. ഇപ്പറഞ്ഞ സംഭവം ഉണ്ടാക്കാൻ വളരെ വൈദഗ്ധ്യമുള്ളവരാണ് നമ്മളൊക്കെ ചേർന്ന മനുഷ്യഗണം.


'അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം' എന്ന് പണ്ടുള്ളവർ പറയുമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അമ്മയെ ഒരുകാരണവശാലും തല്ലിക്കൂടാ. അത്രതന്നെ. അമ്മയെ തല്ലിയവനെ ന്യായീകരിക്കുന്ന ഒരാളെങ്കിലും സമൂഹത്തിൽ ഉണ്ടായി വരുന്ന കാലത്താവണം അത്തരമൊരു ശൈലീപ്രയോഗം ഉണ്ടായി വരുന്നത്. കാലം മാറി. ഇക്കാലത്താണെങ്കിൽ രണ്ടല്ല, ഒരു നൂറു പക്ഷമെങ്കിലും ഉണ്ടായിരിക്കും. അതുകൊണ്ടാണല്ലോ ഇക്കാലത്ത് ആധികാരികതയുടെ ഇടം കുറഞ്ഞ് കുറഞ്ഞുവരുന്നത്!


മനുഷ്യരുടെ ഏറ്റവും പ്രബലമായ പ്രലോഭനങ്ങളിലൊന്നാണ് അധികാരം (രാഷ്ട്രീയം). മരുഭൂമിൽ യേശു നേരിട്ട പ്രലോഭനങ്ങളിൽ ഒന്ന് അതായിരുന്നു എന്നാണ് വേദപുസ്തകം പറയുന്നത്. യേശു ആ പ്രലോഭനത്തെ ജയിച്ചുവെങ്കിലും യേശുവിൻ്റെ പേരിലുള്ള സഭ അതിനെ ജയിച്ചില്ല. മധ്യശതകങ്ങളിൽ സഭയും സ്റ്റേറ്റും തമ്മിലുള്ള ബാന്ധവം യൂറൊപ്പിൽ അതിൻ്റെ പാരമ്യത്തിലെത്തി. "സീസറോപേപ്പസി" എന്ന പരിഹാസ പദം പോലും അത്തരം സാഹചര്യത്തിലാണ് ഉണ്ടായിവരുന്നത്. അവിടെ നിന്നാണ് സഭയും സ്റ്റേറ്റും ഒന്നായിക്കൂടാ എന്ന വലിയ അവബോധം പൊതുബോധമാകുന്നതും സഭയുടെ അവബോധമാകുന്നതും. എന്നുവച്ച്, സഭയിൽ ഈ അവബോധം ഉണ്ടായിരുന്നില്ല എന്നോ, പൊതുബോധ നിർമ്മിതിയിൽ സഭാംഗങ്ങൾക്ക് പങ്കുണ്ടായിരുന്നില്ല എന്നോ അർത്ഥമില്ല. അക്കാലത്തും എക്കാലത്തും പ്രവാചക ശബ്ദമുള്ള ധാരാളം പേർ സഭയിൽ ഉണ്ടായിരുന്നു. സഭയും സ്റ്റേറ്റും തമ്മിൽ ബാന്ധവമുണ്ടായാൽ സ്റ്റേറ്റിനാണ് ലാഭം. സഭക്ക് വലിയ നഷ്ടമാണ് സംഭവിക്കുക. ഏതായാലും, അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് യൂറൊപ്പിലും യൂറൊപ്പിൻ്റെ പുതിയ ആവാസ മേഖലകളിലും സഭയും സ്റ്റേറ്റും ചേർന്നുവരാതിരിക്കാൻ ബന്ധപ്പെട്ടവർ എപ്പോഴും ശ്രദ്ധിച്ചു.


എന്നാൽ, അനുഭവങ്ങളുടെ അത്തരം ചരിത്രപാഠങ്ങൾ ഇല്ലാത്തവർ നിർബാധം മതത്തെയും സ്റ്റേറ്റിനെയും തമ്മിൽ വേളി കഴിപ്പിക്കുകയാണ്.

അതിൻ്റെ ഭവിഷ്യത്തുകൾ ദൂരവ്യാപകങ്ങളായിരിക്കും.


Recent Posts

bottom of page