top of page

ഉയിര്‍പ്പിന്‍റെ സ്പന്ദനങ്ങള്‍

Apr 1

3 min read

മാത്�യു പൈകട കപ്പൂച്ചിൻ
ree

നന്മയുടെയും നീതിയുടെയും കരുണാര്‍ദ്ര സ്നേഹത്തിന്‍റെയും മൂര്‍ത്തീഭാവമായ ഒരു ദൈവസങ്കല്പത്തില്‍ നിലയുറപ്പിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. മതഭേദചിന്തകള്‍ക്ക് അതീതമാണ് ഈ ദൈവചിന്തയെങ്കിലും അങ്ങനെയൊരു സങ്കല്പത്തിനു പ്രസക്തി കല്പിക്കാത്തവരും നമ്മോടൊപ്പമുണ്ട്. സ്നേഹവാത്സല്യങ്ങളോടെ നമ്മെ കാത്തു പരിപാലിക്കുന്ന ദൈവം, സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായിരുന്നിട്ടും, എന്തിന് ഈ ലോകത്തില്‍ വേദനയും സഹനവും കഷ്ടനഷ്ടങ്ങളും അനുവദിക്കുന്നു? ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം കണ്ടെത്തുക ഇന്നും ഒരു പ്രഹേളികയായി അവശേഷിക്കുന്നു. വെറുമൊരു ബൗദ്ധിക വ്യായാമത്തിനപ്പുറം ജീവിതത്തിന്‍റെ തന്നെ സമഗ്ര അര്‍ത്ഥവും ലക്ഷ്യവും നിര്‍ണ്ണയിക്കുന്ന ഒരു പ്രക്രിയയാണ് ഇത്. ഉദാത്തമായ ഒരു മാനസിക - ആദ്ധ്യാത്മിക വീക്ഷണവും അതിന്‍റെ സാമൂഹ്യ - സാംസ്കാരിക പരിപ്രേഷ്യവും ഇവിടെ പ്രസക്തമാകുന്നു. വേദനയുടെയും ദുഃഖത്തിന്‍റെയും സഹനത്തിന്‍റെയും വേരുകള്‍ തേടിയുള്ള പ്രയാണം നന്മയുടെ നിറവായ ദൈവസങ്കല്പത്തിന് കോട്ടം തട്ടാതെയുള്ള അന്വേഷണമാകണം. അത് ആയാസരഹിതമല്ല, പ്രത്യേകിച്ചും നിരപരാധികളുടെ സഹനത്തിന്‍റെ ഉത്തരവാദികളെ തേടിയിറങ്ങുമ്പോള്‍. അല്ലെങ്കില്‍ ക്രൂരനായ ഒരു സാഡിസ്റ്റിക് ദൈവത്തിന് ഇടം കൊടുക്കേണ്ടിവരും. അതുമല്ലെങ്കില്‍ ഈ ദൈവം നിസ്സംഗനോ ദുര്‍ബ്ബലനോ ആണെന്ന് പറയേണ്ടി വരും. അങ്ങനെയൊരു ദൈവസങ്കല്പം സ്വയം വൈരുദ്ധ്യമാവുമല്ലൊ?


സങ്കടങ്ങളും സഹനങ്ങളും രണ്ടു വിധത്തിലാവാം: കാരണങ്ങള്‍ കണ്ടെത്താനാവുന്നതും അല്ലാത്തതും. മനുഷ്യര്‍ സഹമനുഷ്യരുടെ മേല്‍ ഏല്പിക്കുന്ന അസഹിഷ്ണുതയുടെയും അക്രമത്തിന്‍റെയും ഫലമായി ഉളവാകുന്ന വേദനകളും ദുഃഖങ്ങളും ഒരു വശത്ത്, അതേ സമയം ചില മാറാരോഗങ്ങളും പ്രകൃതിദുരന്തങ്ങളും ഉളവാക്കുന്ന യാതനകള്‍ മറുവശത്ത്. ബൈബിളിലെ അന്വേഷണം മിക്കപ്പോഴും പര്യവസാനിക്കുന്നത് വേദനയുടെയും കഷ്ടപ്പാടിന്‍റെയും കാരണങ്ങള്‍ സ്വയം ഏറ്റെടുത്ത് പാപപ്പരിഹാരം ചെയ്ത് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിലാണ്. എന്നാല്‍, ഇതും സ്വന്തം ശക്തിയാല്‍ ആര്‍ജ്ജിക്കാനാവില്ല എന്നും, കര്‍ത്താവിന്‍റെ കൃപാവര്‍ഷം, കാരുണ്യത്തിന്‍റെ കരുതല്‍, അനിവാര്യമാണെന്നതും നമ്മുടെ അനുഭവം തന്നെ. വേദനയുടെയും സഹനത്തിന്‍റെയും മുഴുവന്‍ ഉത്തരവാദിത്വം മനുഷ്യനെ ഏല്പിക്കാതെ, അവന് നിയന്ത്രിക്കാനാവാത്ത തിന്മയുടെ ഒരു ശക്തി നമ്മെ പ്രലോഭിപ്പിക്കയും നുണയിലൂടെയും ചതിയിലൂടെയും നമ്മെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുമെന്നും ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.


തിന്മയെയും പാപത്തെയും വ്യക്തിഗതമായി മാത്രം കണ്ട് പരിഹാരം അന്വേഷിക്കുമ്പോള്‍ മാനവസമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന തിന്മയുടെ ശക്തിയെ തിരുത്തുവാനും തുരത്തുവാനും അസാദ്ധ്യമാണ്. മനുഷ്യപ്രകൃതിയുടെ ബലഹീനത മൂലം ചെയ്തുപോകുന്ന പാപങ്ങളെക്കാള്‍ ഭീകരമായത് സ്വാര്‍ത്ഥലാഭത്തിനും സുഖത്തിനും വേണ്ടി മറ്റുള്ളവരെ കരുവാക്കുന്നതും ചതിക്കുന്നതും ചൂഷണം ചെയ്യുന്നതും നശിപ്പിക്കുന്നതുമാണ്. ലൈംഗികചിന്തകളെപ്പോലും മാരക പാപമായി കരുതുകയും അസത്യവും അനീതിയും കൈക്കൂലിയും സ്വജനപക്ഷപാതവും അവിശ്വസ്തതയും അക്രമവും എല്ലാം നിസ്സാരമാക്കുകയും ചെയ്യുന്ന ആത്മീയതയ്ക്ക് കാതലായ തകരാറുണ്ട്. വിശുദ്ധിയുടെ മാര്‍ഗ്ഗം യേശുവിന്‍റെ മാര്‍ഗ്ഗം തന്നെയാണ്.


വി. ഗ്രന്ഥത്തിലൂടെ നമുക്കു ലഭ്യമായ ഈശ്വരസങ്കല്പവും മനുഷ്യസങ്കല്പവും നമ്മുടെ ആരാധനകളിലും ആഘോഷങ്ങളിലും നമുക്കു പരിചിതമായ ദൈവ-മനുഷ്യ സങ്കല്പങ്ങളുമായി കാതലായ മാറ്റമുള്ളതായി കാണാം. യേശു ആര്‍ക്കെതിരെ ചാട്ടവാറെടുത്തുവോ അവരെ ഇന്ന് ദേവാലയത്തിന്‍റെ അകത്തളങ്ങളില്‍ കാണാം. വിശപ്പും ദാഹവുമായി വലയുന്നവരും അഭയാര്‍ത്ഥികളായി അലയുന്നവരും രോഗസൗഖ്യത്തിനായി കേഴുന്നവരും കൊള്ളപ്പലിശക്കാരുടെ ചതിയില്‍ വീഴുന്നവരും ഇന്നും രക്ഷകന്‍റെ വരവിനായി കാത്തിരിക്കയാണ്. കലാലയ രാഷ്ട്രീയ കലാപങ്ങളില്‍ മക്കളെ നഷ്ടപ്പെട്ട മാതപിതാക്കളും മയക്കുമരുന്നു മാഫിയകളുടെ കരാളഹസ്തങ്ങളില്‍ പെട്ട് അന്തസും അഭിമാനവും മാത്രമല്ല, ഭാവി തന്നെ നഷ്ടമായ മക്കളും നിരാശയുടെ പടുകുഴിയിലാണ്ടു കഴിഞ്ഞു. പ്രഭാതം ഇനിയും അകലെയാണ് ഇവര്‍ക്ക്. ഇവര്‍ക്കിനിയും ഒരു ഉയിര്‍പ്പ് സാധ്യമാണോ? സാധ്യമാവണം. അതാണ് ഉയിര്‍പ്പ് തിരുനാള്‍ നല്‍കുന്ന സന്ദേശവും ഉറപ്പും.


"ഇനിയുമൊരു സാധ്യതയില്ല" (There is no alternative) എന്ന ചിന്തയുമായി നിസ്സംഗതയിലും നിരാശയിലും പെട്ടുപോയവരോട് "ഇനിയുമൊരു സാധ്യതയുണ്ട്" (There is an alternative) എന്ന് തെളിയിച്ചു കൊടുത്ത യേശുവിന്‍റെ അനുയായികള്‍ ഇനിയുമുണ്ടാകണം. മദര്‍ തെരേസയും മാക്സ് മില്യന്‍ കോള്‍ബെയും ഓസ്കാര്‍ റൊമെറോയും മാത്രമല്ല പി. യു. തോമസും, കോച്ചേരിയച്ചനും കയ്പന്‍പ്ലാക്കലച്ചനും ഫ്രാന്‍സിസ് ഡൊമിനിക്കച്ചനും ഫോര്‍ത്തുനാത്തൂസ് ബ്രദറും നൂറുകണക്കിന് സന്ന്യാസിനികളും ഉയിര്‍പ്പിന്‍റെ അടയാളങ്ങളായി തീര്‍ന്നവരാണ്. മനുഷ്യനിലെ നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ല. ഈശ്വരന്‍റെ പ്രകാശം ഇനിയും അണഞ്ഞിട്ടില്ല.


ആഗോള കത്തോലിക്കാസഭയില്‍ മാത്രമല്ല, ലോകമനസ്സാക്ഷിയുടെ തന്നെ സ്വരമായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രത്യാശയുടെ പ്രകാശമാണ് ചൊരിയുന്നത് - വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ സാന്നിദ്ധ്യവും ഇടപെടലുകളും ഉയിര്‍പ്പിന്‍റെ അടയാളങ്ങളായി മാറുകയാണ്.


1. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പേപ്പല്‍ പാലസിനു പകരം അവിടത്തെ ഗസ്റ്റ്ഹൗസിലാണ് ഫ്രാന്‍സിസ് പാപ്പ ജീവിക്കുന്നത്.


2. ചുവന്ന ഷൂസും കിരീടവും രാജകീയ വസ്ത്രങ്ങളും ധരിക്കാതെ സാധാരണ പുരോഹിതവേഷമാണ് മാര്‍പ്പാപ്പ ധരിക്കുന്നത്.


3. പെസഹാദിവസം യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്‍റെ ഓര്‍മ്മ ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ പതിവിനു വിരുദ്ധമായി, പുരുഷന്മാരും സ്ത്രീകളും അന്യമതസ്ഥരും ഉള്‍പ്പെടുന്ന തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിക്കയാണ് ചെയ്യുന്നത്.


4. ഏതു ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗത്തില്‍പ്പെട്ടവരായാലും അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാനും ഒഴിഞ്ഞു കിടക്കുന്ന സന്ന്യാസ ഭവനങ്ങള്‍ അവര്‍ക്കു കൊടുക്കുവാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവത്തിച്ച് ആഹ്വാനം ചെയ്തു.


5. ഇതുവരെ കര്‍ദ്ദിനാള്‍മാരെ മാത്രം ഏല്പിച്ചിരുന്ന വത്തിക്കാനിലെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ (അത്മായരെയും സന്ന്യാസിമാരെയും) നിയമിച്ചു. ഉദാ: സന്ന്യസ്തര്‍ക്കായുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രീഫെക്ടായി Rev. Sr. Raffaella Petrini നിയമിതയായി. അതുപോലെ സുപ്രസിദ്ധമായ വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഡയറക്ടറായി Barbera Jutta നിയമിക്കപ്പെട്ടു.


6. പ്രകൃതിസംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും നീതിയ്ക്കും സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തുവാനും ഇതരമതങ്ങളുമായി സഹകരിക്കാനും നിരന്തരം ശ്രമിക്കുന്നു. (Laudato Si, Fratelli tutti).


7. നീതിയായുള്ള യുദ്ധത്തെയും നീതിക്കായുള്ള യുദ്ധത്തെയും പരിപൂര്‍ണ്ണമായി തള്ളിക്കളയുകയും ഭ്രൂണഹത്യ, ദയാവധം, വധശിക്ഷ എന്നിവയെ ഒരിക്കലും നീതീകരിക്കാനാവില്ല എന്നു ശക്തമായി പഠിപ്പിക്കയും ചെയ്യുന്നു. 2019 UAE യിലെയും 2024 ഇന്തോനേഷ്യയിലെയും സന്ദര്‍ശനവേളയില്‍ മുസ്ലീങ്ങളുമായുള്ള സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ശ്രീനാരായണഗുരുവിന്‍റെ ശിഷ്യരുമായി വത്തിക്കാനില്‍വച്ച് സംഭാഷണം നടത്തി ഹൈന്ദവമതത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഫ്രാന്‍സീസ് പാപ്പ ശ്രദ്ധിച്ചതും നമുക്കെല്ലാം മാതൃകയാവേണ്ടതാണ്.


8. ആഗോളസഭയക്ക് ആഗോള നേതൃത്വം എന്ന നിലയില്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന് പ്രാദേശിക പ്രാതിനിധ്യം ഉറപ്പു വരുത്തി യേശുവിന്‍റെ മനോഭാവത്തിലേക്കുള്ള കത്തോലിക്കാസഭയുടെ ഉയിര്‍പ്പിന്‍റെ സൂചനകളും അടയാളങ്ങളുമാണ് ഇവയെല്ലാം. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള പ്രാദേശിക പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നതും ശ്രദ്ധേയമാണ്.

കത്തോലിക്കാസഭയുടെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ സൂചനകളാണിവയെല്ലാം. ക്രൈസ്തവ വിശ്വാസികള്‍ കേവലം യേശുവിന്‍റെ ഉയിര്‍പ്പ് ആഘോഷിച്ചാല്‍ പോരാ. യേശുവിന്‍റെ മനോഭാവത്തിലേയ്ക്കും പ്രവര്‍ത്തനശൈലിയിലേക്കുമുള്ള ഒരു ഉയിര്‍പ്പിനായി വേണം നമ്മള്‍ പരിശ്രമിക്കുവാന്‍.


Recent Posts

bottom of page