top of page
സഭയ്ക്കുവേണ്ടി മാധ്യമങ്ങളില്‍ വാദിക്കേണ്ട ജോലി കുറെക്കാലമായി ചെയ്യുന്നു. സഭയെ പ്രതിക്കൂട്ടില്‍ നിറുത്തി സമൂഹമോ, പാര്‍ട്ടിക്കാരോ, സംഘങ്ങളോ, മാധ്യമ പ്രവര്‍ത്തകരോ, ക്രൈസ്തവര്‍ തന്നെയോ കുറ്റാരോപണങ്ങള്‍ നടത്തുന്ന വിഷയങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഴിമതികള്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍, അധ്യാപക നിയമനങ്ങളിലെ കോഴ, സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ നീതിയില്ലായ്മ, അധികാരികളുടെ അഹന്ത, മെത്രാന്മാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ജീവിതത്തിലെ പുഴുക്കുത്തുകള്‍, ഉതപ്പുകള്‍, ക്രൈസ്തവരുടെ ഇടയിലെ തമ്മില്‍ത്തല്ല്, സഭയ്ക്കുള്ളിലെ ചേരിപ്പോരുകള്‍ ഇങ്ങനെ ആരോപണങ്ങളുടെ ലുത്തിനിയ നീളുന്നു. ഈ ലുത്തിനിയായില്‍ സഭയുടെ പാരമ്പര്യങ്ങളും മാമൂലുകളും അനുഷ്ഠാനങ്ങളും കര്‍മ്മാദികളും കാലഹരണപ്പെട്ടു എന്ന വിമര്‍ശനവും കേള്‍ക്കാറുണ്ട്. ഈ ആരോപണങ്ങള്‍ക്കു മറുപടി പറയേണ്ടി വരുമ്പോഴൊക്കെ മനസ്സിനെ മഥിക്കുന്ന ഒരു ആകുലതയുണ്ട്. ഉപ്പിന് ഉറ കെട്ടുപോയി എന്നതാണ് എല്ലാ ആരോപണങ്ങളുടെയും പിന്നിലുള്ളത്.
വിമര്‍ശനാരോപണങ്ങളില്‍ ഉപയോഗിക്കുന്ന മാനദണ്ഡം സഭ തന്നെ പ്രഘോഷിക്കുന്ന മൂല്യവ്യവസ്ഥിതിയും ധര്‍മ്മ ചിന്തയുമാണ്. ഈ മൂല്യവ്യവസ്ഥിതി സഭ പ്രയോഗിക്കാത്തതിന്‍റെ തെളിവുകളായിട്ടാണ് ഇവയെല്ലാം മാധ്യമങ്ങളിലെത്തുന്നത്. സഭ പ്രഘോഷിക്കുന്ന ക്രിസ്തുവിന്‍റെ അടിസ്ഥാനമൂല്യങ്ങളോട് ആര്‍ക്കും എതിരില്ല, ആരും അതു നിഷേധിക്കുന്നില്ല. എതിര്‍ക്കുന്നതു സഭയുടെ ധര്‍മ്മമൂല്യങ്ങളല്ല. ആ മൂല്യവ്യവസ്ഥിതിയുടെ കണ്ണാടി സഭയുടെ നേരേ പിടിച്ച് സഭയുടെ വികൃതരൂപം കാണിക്കുന്നു. ക്രൈസ്തവികത തന്നെ ക്രിസ്തുസഭയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സന്ന്യാസ വൈദിക ജീവിതാദര്‍ശമല്ല ചോദ്യം ചെയ്യപ്പെടുന്നത്. ഈ ആദര്‍ശങ്ങള്‍ പാലിച്ചില്ലെന്ന ആരോപണങ്ങളുടെ പ്രതിക്കൂട്ടില്‍ സഭ നിറുത്തപ്പെടുകയാണ്.
ചരിത്രത്തിലെ സഭയുടെ ഏറ്റവും വലിയ ശത്രു എന്നു വിശേഷിപ്പിക്കാവുന്ന നിഷേ എഴുതി: "വിശ്വാസസത്യം എന്ന വിധത്തിലുള്ള ക്രൈസ്തവികത എന്ന ധാര്‍മ്മിക വ്യവസ്ഥിതി തന്നെ വിനാശത്തിന്‍റെ വഴിയിലാണ്." ക്രൈസ്തവികത തന്നെ ക്രൈസ്തവ സഭയെ നശിപ്പിക്കുകയും അവസാനം ക്രൈസ്തവികത മനുഷ്യന് കൊള്ളില്ല എന്ന നിഗമനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. സഭയുടെ ശത്രു ക്രൈസ്തവികത തന്നെയായി മാറുന്നു എന്ന വൈരുദ്ധ്യമാണിത്. സഭയെ പ്രതിക്കൂട്ടിലാക്കുന്നതു മറ്റാരുമല്ല, സഭ പ്രഘോഷിക്കുന്ന ക്രിസ്തു തന്നെയെന്നു വരുന്നു.
ഈ വൈരുദ്ധ്യത്തിനു മറ്റൊരു പരിപ്രേക്ഷ്യമുണ്ട്. മതങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷ്യന്‍റെ തന്നെ ധര്‍മ്മ ബോധമാണെന്ന സിദ്ധാന്തം. ഈ ധര്‍മ്മബോധം പലപ്പോഴും മതങ്ങള്‍ തന്നെ പ്രദാനം ചെയ്യുന്നതും; എന്നാല്‍, മതങ്ങള്‍ തന്നെ സ്വന്തം മാമൂലുകള്‍, അനുഷ്ഠാനങ്ങള്‍, പാരമ്പര്യങ്ങള്‍, വിശ്വാസങ്ങള്‍ ഇവയില്‍ ധര്‍മ്മബോധം പ്രയോഗിക്കാന്‍ സാധിക്കാത്തതുമാകുന്നു. ഞാനും നീയും ബ്രഹ്മാവാണ് എന്നു പഠിപ്പിക്കുന്ന മതം തന്നെ തൊട്ടുകൂടായ്മയും ജാതീയതയും വളര്‍ത്തുകയും, മനുഷ്യനെ പശുവിനെക്കാളും കുരങ്ങിനെക്കാളും മോശമാണ് എന്നു കരുതുന്ന മാമൂലുകള്‍ കൊണ്ടു നടക്കുകയും ചെയ്യുന്നു. ഉദാത്തമായ ധാര്‍മ്മിക ബോധം ആചാരാനുഷ്ഠാനബന്ധിയായി മതത്തെ ഇല്ലായ്മ ചെയ്യുന്ന മറ്റൊരു മതരൂപമായി മാറുന്നു. എന്നാല്‍ അതൊരു മതപ്രത്യക്ഷമായി ആരും പരിഗണിക്കുന്നുമില്ല. മതനിഷേധകരായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന പലരും അധാര്‍മ്മികരല്ല, ധര്‍മ്മത്തിന്‍റെ പേരില്‍ മതത്തെ ധിക്കരിക്കുന്നവരാണ്.
"ക്രൈസ്തവ ദൈവത്തില്‍ വിജയശ്രീലാളിതമായത് ക്രൈസ്തവധാര്‍മ്മികത തന്നെയാണ്." നിഷേ തുടരുന്നു, "സത്യത്തിനായുള്ള സഹജവാസന അവസാനം ദൈവവിശ്വാസം എന്നു നുണയെ നിഷേധിക്കുന്നു." മതം പഠിപ്പിക്കുന്ന സത്യാന്വേഷണം അവസാനം മതത്തിന്‍റെ അടിസ്ഥാനമായ ദൈവം നുണയാണെന്നു കണ്ടെത്തുന്ന വൈപരീത്യം. പ്രകടമായ ദൈവനിഷേധികളില്‍ പലരും ഒരുതരം താപസര്‍ തന്നെയാണെന്നതും ചിന്തനീയമല്ലേ? ആത്മനിഷേധത്തിന്‍റെ താപസ ജീവിതത്തിനു ദൈവം വേണോ, മതം വേണോ, അനുഷ്ഠാനങ്ങള്‍ വേണോ, പള്ളിയില്‍ പോകണോ എന്നു ചോദിക്കുന്നവര്‍ കുറവായിരിക്കാം. പക്ഷേ, മതത്തിന്‍റെ പ്രയോക്താക്കള്‍ക്കെതിരെ 'അധാര്‍മ്മികത'യുടെ ആരോപണങ്ങള്‍ നടത്തുന്നവര്‍ കൂടുന്നു.
ക്രൈസ്തവ ജീവിതാദര്‍ശത്തോട് ആരും എതിരല്ല. അതിനര്‍ത്ഥം എല്ലാവരും അത് അനുധാവനം ചെയ്യുന്നു എന്നല്ല. വ്യഭിചാരിണികളും കന്യാസ്ത്രീയുടെ അവിശ്വസ്തതയില്‍ കോപിക്കുന്നു. വലിയ അഴിമതി വീരന്മാര്‍ വരെ വൈദികര്‍ അഴിമതി മുക്തരായിരിക്കണം എന്നു ശഠിക്കുന്നു. അഴിമതിയുടെ ലോകമാണ് സഭയെ അഴിമതിയുടെ പേരില്‍ പ്രതിക്കൂട്ടിലാക്കുന്നത്. മലമുകളില്‍ നാട്ടപ്പെട്ടവര്‍ മാനുഷിക ബലഹീനതകള്‍ പറഞ്ഞ് തടിതപ്പാന്‍ അനുവദിക്കുന്നില്ല. ആകാശനക്ഷത്രങ്ങള്‍ കണ്ണടയ്ക്കുന്നത് പൊറുക്കാത്ത ലോകം.