top of page

ബലി...

Aug 7, 2017

5 min read

ഫാ. ജോസ് വെട്ടിക്കാട്ട്
jesus sacrifice

ഒരുപാടുനാളുകൂടി വടക്കന്‍കേരളത്തിലെ ഒരു പള്ളിയില്‍ ഒരു മരിച്ചടക്കിനുപോയി. പത്തുമുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനവിടെ ഉണ്ടായിരുന്നതുകൊണ്ട് സിമിത്തേരിയിലെ കര്‍മ്മങ്ങളുകഴിഞ്ഞ് രണ്ടുമൂന്നു വല്യച്ചന്മാരുടെകൂടെ പള്ളിമുറ്റത്തെത്തിയപ്പോള്‍ പഴയപരിചയക്കാരു പലരും കാണാനെത്തി. ക്ഷീണിച്ചുപോയല്ലോന്നു ചിലരു പറഞ്ഞു, പഴയതിലും തടിവച്ചെന്നു വേറെചിലര്, പണ്ടുകണ്ടതുപോലെതന്നെയിരിക്കുന്നെന്നു മറ്റുചിലര്, പഴയ പ്രസരിപ്പെല്ലാംപോയി വയസ്സന്‍റെ മട്ടായല്ലോന്നു പറഞ്ഞവരു വേറെ, ഇപ്പോഴും ഈ ചെറുപ്പത്തിന്‍റെ രഹസ്യമെന്താണെന്ന് അവസാനമെത്തിയ ഒരു സിസ്റ്ററു ചോദിക്കുകയുംകൂടെ ചെയ്തപ്പോള്‍, ഇപ്പറഞ്ഞതെല്ലാം ഈ എന്നെപ്പറ്റിത്തന്നെയാണല്ലോന്നോര്‍ത്തു ഞാനറിയാതെ പറഞ്ഞുപോയി: 'എല്ലാം പൂര്‍ത്തിയായി'.

"കണ്ണുപൊട്ടന്മാര് ആനെക്കാണാന്‍ പോയിട്ട്, ചെവിയേല്‍ തൊട്ടുനോക്കിയവന്‍ ആന മൊറംപോലെയാണെന്നും കാലേല്‍ തൊട്ടവന്‍ തൂണുപോലെയാണെന്നും വാലേല്‍ തൊട്ടവന്‍ ചൂലുപോലെയാണെന്നും പറഞ്ഞപോലെയുണ്ട്, അല്ലേയച്ചാ?" കൂടെയുണ്ടായിരുന്ന ഒരു വല്യച്ചന്‍.

"ഓരോരുത്തരും നോക്കിയ ആംഗിളിന്‍റെ വ്യതാസമാ. മുമ്പീന്നും പൊറകീന്നും സൈഡീന്നുമൊക്കെ ഓരോരുത്തരു നോക്കിയപ്പം കണ്ടതുവച്ച് അവരങ്ങുപറഞ്ഞു. അത്രതന്നെ." എന്നെ ഒന്നിരുത്തി നോക്കിയിട്ടു വേറൊരു വല്യച്ചന്‍.

"നമ്മളു വല്യച്ചന്മാരോടു പിന്നെ ആള്‍ക്കാരു വേറെ എന്നാ പറയാനാ അച്ചാ? ഭാര്യ വന്നിട്ടില്ലേ, മക്കളൊക്കെ എവിടെയാ, കൊച്ചുമക്കളെത്രയുണ്ട് എന്നൊക്കെ നമ്മളോടു ചോദിക്കാന്‍ പറ്റ്വോ? അപ്പോപ്പിന്നെ അവര് അച്ചനോട് എന്തെങ്കിലുമൊന്നു മിണ്ടണ്ടേന്നുകരുതി കറുത്തുപോയി, കഷണ്ടിയായി, വയറുചാടി എന്നുവല്ലോമൊക്കെ നമ്മളോടുപറയുന്നത് അത്ര കാര്യമാക്കാനൊന്നുമില്ലന്നേ. അച്ചനങ്ങോട്ടു വല്യച്ചനായി വരുന്നതല്ലേയുളളു, പരിചയക്കുറവുകൊണ്ടാ, കുറെക്കഴിയുമ്പം തഴക്കമായിക്കൊള്ളും. ഞങ്ങളിതൊക്കെ എന്നും കേട്ടുകൊണ്ടിരിക്കുന്നതല്ലേ." തമാശായിട്ടാണെങ്കിലും വല്യച്ചന്‍ പറഞ്ഞുതന്നത് അറിഞ്ഞിരിക്കേണ്ട ഒരു പുതിയ പാഠമായിരുന്നു.

അവരോടൊക്കെ യാത്രപറയുന്നതിനിടയില്‍ അടക്കിനു വന്ന ഒരച്ചന്‍ ഒരു ചെറുപ്പക്കാരനെയുംകൂട്ടി എന്‍റടുത്തുവന്നു. അച്ചന് അറിയാവുന്ന ചെറുപ്പക്കാരനാണ്, ഞാന്‍ തിരിച്ചുനാട്ടില്‍ ചെല്ലുമ്പോള്‍ അയാള്‍ക്കുവേണ്ടി ഒരു സഹായം ചെയ്യണമെന്നായിരുന്നു റിക്വസ്റ്റ്. അവനും ഭാര്യയും ജോലിക്കാരാണ്. അവരുടെ കല്യാണംകഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. ഇളയ മകനായതുകൊണ്ട് അപ്പന്‍റെയുമമ്മയുടെയുംകൂടെ താമസിക്കുന്നു. ചികിത്സിച്ചിട്ടും ഇതുവരെ മക്കളുണ്ടായില്ല. അപ്പനുമമ്മയുമടക്കം എല്ലാവരും അവനെയാണു കുറ്റപ്പെടുത്തുന്നത്. അപ്പന്‍റെ അവിവാഹിതനായ ജ്യേഷ്ഠന്‍ അവരുടെകൂടെ താമസിക്കുന്നുണ്ടായിരുന്നു. രണ്ടുകൊല്ലംമുമ്പ് ആളു വീടുവിട്ടുപോയി. മൂന്നാലു മാസത്തെ അന്വേഷണത്തിനുശേഷമാണ് ഒരു അഗതിമന്ദിരത്തില്‍ ആളെ കണ്ടെത്തിയത്. തിരിച്ചുചെല്ലുവാനുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും അയാള്‍ തള്ളി. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് ആരുമറിയാതെ അവിടെനിന്നും ആളു മുങ്ങി. അടുത്തനാളില്‍ നാട്ടില്‍ ഒരു ചെറുപ്പക്കാരന്‍ നടത്തുന്ന വൃദ്ധസദനത്തിലുണ്ടെന്നറിഞ്ഞ് അവിടെയുമെത്തി അവരെല്ലാവഴിയും നോക്കി. പക്ഷേ ആളു തിരിച്ചുചെല്ലാന്‍ കൂട്ടാക്കുന്നില്ല. ഏതെങ്കിലും തരത്തില്‍ ഇടപെട്ട് ആളിനെ തിരിച്ചെത്തിക്കാന്‍ ഞാന്‍ സഹായിക്കണം. ഇങ്ങനെയുള്ള മദ്ധ്യസ്ഥപണികളൊക്കെ പാടെ ഒഴിവാക്കി വളരെ അടങ്ങിയൊതുങ്ങിക്കഴിയുന്ന കാലമാണെന്നു പറഞ്ഞുനോക്കിയെങ്കിലും അങ്ങേരുടെ ശാപംകൊണ്ടാണ് മക്കളുണ്ടാകാത്തതെന്ന് കൗണ്‍സലിങ്ങു നടത്തിയവരും ധ്യാനിപ്പിച്ചവരും പറഞ്ഞെന്നുപറഞ്ഞ് അയാള്‍ കരയുന്നതുകണ്ടപ്പോള്‍ മനസ്സുമാറ്റി, ഒന്നു ശ്രമിച്ചുനോക്കാം എന്നു സമാധാനിപ്പിച്ചു. അച്ചനെമാത്രം മാറ്റിനിര്‍ത്തി വല്ല കോടതികേസ്സോ, സാമ്പത്തിക പ്രശ്നങ്ങളോ വല്ലതും ഉള്ള കേസുകെട്ടാണോ, കല്യാണംകഴിക്കാതെ നിന്നത് വല്ല മാനസികരോഗവുമുള്ളതുകൊണ്ടായിരുന്നോ, ഇടപെട്ടാല്‍ ഒടുവില്‍ ഞാനും കുടുക്കിലാകുമോ എന്നുചോദിച്ചു. അധികം ആരുമായി ഇടപെടാറില്ലായിരുന്നു എന്നതൊഴിച്ചാല്‍, ആള് എത്രയും മാന്യനും നാട്ടിലും വീട്ടിലും ഉപകാരിയുമായിരുന്നു. ആര്‍ക്കുമറിയാവുന്ന യാതൊരു പ്രശ്നങ്ങളും ഇല്ലെന്നു മാത്രമല്ല, ആളിന്‍റെ ഓഹരിയായി അപ്പന്‍ നേരത്തെ ആധാരംചെയ്തുകൊടുത്തിരുന്ന മൂന്നേക്കര്‍ വസ്തുവും അനുജന്‍റെ പേരില്‍ തീറെഴുതി, അപ്പന്‍റെ വില്‍പത്രപ്രകാരം ആ വീട്ടില്‍ ആയുഷ്ക്കാലംമുഴുവന്‍ താമസിക്കുവാനുള്ള അവകാശവും സ്വമനസ്സാലെ ഒഴിവാക്കിക്കൊണ്ടുള്ള സ്വന്തംവില്‍പത്രവും എഴുതി രജിസ്റ്റര്‍ചെയ്തു വച്ചിട്ടായിരുന്നു ആളു വീടുവിട്ടുപോയത്. 'പേരപ്പന്‍ പറയുന്നത് എന്തും ഞങ്ങള്‍ ചെയ്യാം, തിരിച്ചുവന്നാല്‍ മാത്രംമതി'യെന്ന് ആ ചെറുപ്പക്കാരന്‍ കണ്ണീരോടെ പറഞ്ഞപ്പോള്‍ കൂടുതലൊന്നും ചോദിക്കാതെ അഡ്രസ്സും വാങ്ങി ഞാന്‍ പോന്നു. തിരിച്ചുപോരുന്ന വഴിക്കാണ്, അച്ചനോടല്ല, അവനോടായിരുന്നു കുറച്ചുകൂടെ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടിയിരുന്നത് എന്നോര്‍ത്തത്. ഇനിയതു പറഞ്ഞിട്ടു കാര്യമില്ലല്ലോ. ആളിന്‍റെ പേരെന്താണെന്നുപോലും ചോദിക്കാനും മറന്നു.

കുറച്ചുദിവസങ്ങള്‍കൊണ്ട് അഡ്രസ്സിലുണ്ടായിരുന്ന വൃദ്ധമന്ദിരത്തെപ്പറ്റിയും നടത്തിപ്പുകാരനായ ചെറുപ്പക്കാരനെപറ്റിയും പലരുവഴി അന്വേഷിച്ചു. എല്ലാവരും വളരെനല്ല അഭിപ്രായമേ പറഞ്ഞുള്ളു. അത്രയും സമാധാനമായി. തിരക്കില്ലാത്ത ഒരുദിവസം ഞാനവിടെയെത്തി. വഴിയില്‍ കണ്ടപലരോടും വഴിഅറിയാനെന്നമട്ടില്‍ സ്ഥാപനത്തെപ്പറ്റി അന്വേഷിച്ചു. പലര്‍ക്കും അറിയേണ്ടത് അപ്പനെയോ മറ്റോ അവിടെക്കൊണ്ടെയാക്കാനാണോന്നായിരുന്നു. കാരണം രണ്ടുമൂന്നച്ചന്മാരുടെ അപ്പന്മാരവിടെയുണ്ട്, അത്ര നല്ല സ്ഥലമാണുപോലും. ഏതായാലും ബ. വികാരിയച്ചനെ കണ്ടിട്ടാകാം മദ്ധ്യസ്ഥശ്രമം എന്നുതീരുമാനിച്ചു. പള്ളിക്കടുത്തുതന്നെയാണു സ്ഥാപനം എന്നുമറിഞ്ഞതുകൊണ്ട് നേരെ പള്ളിയിലേക്കുപോയി. ബ. വികാരിയച്ചനെക്കണ്ട് ആ സ്ഥാപനത്തെപ്പറ്റിച്ചോദിച്ചു.

"നിങ്ങളു സന്യാസികള്‍ ആ പയ്യനു ശിഷ്യപ്പെടണം. ഞാന്‍ മിക്കവാറും ദിവസങ്ങളില്‍ അവിടെ പോകാറുണ്ട്. എട്ടുപത്തുകൊല്ലമായി അവനതു തുടങ്ങിയിട്ട്. ധ്യാനംകൂടി വെളിപാടുകിട്ടിയിട്ടൊന്നും തുടങ്ങിയതല്ല. ഈ നാട്ടില്‍ത്തന്നെയുള്ള തീരെ പാവപ്പെട്ട രണ്ടുകിടപ്പുരോഗികളെ അവന്‍ സ്വന്തംചെലവില്‍ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചു. അവരുടെ സ്വന്തംവീട്ടില്‍ അവര്‍ക്കു കിടക്കാന്‍പോലും തീരെ സൗകര്യമില്ലാതിരുന്നതിനാല്‍ അവനൊരു പണിചെയ്തു. അവന്‍റെ അപ്പനുമമ്മയും നല്ലവരായതുകൊണ്ട് അവരുടെ സമ്മതത്തോടെ, വീടിനോടുചേര്‍ന്ന് പണ്ട് അവര്‍ക്ക് വിതയും കൊയ്ത്തുമൊക്കെ ഉണ്ടായിരുന്നകാലത്ത്, നെല്ലും വളവും സൂക്ഷിക്കാന്‍ ഉണ്ടാക്കിയിരുന്ന ചെറിയ ഒരു ഔട്ടുഹൗസില്‍ അവരെ കൊണ്ടുവന്നു താമസിപ്പിച്ചു. ആദ്യമാദ്യം നാട്ടുകാരൊക്കെ അവനു വട്ടാണെന്നു പറഞ്ഞിരുന്നെങ്കിലും, പിന്നെപ്പിന്നെ ആ നാട്ടുകാരുതന്നെ അവനെ സഹായിക്കാന്‍തുടങ്ങി. നാട്ടുകാരുടെയും ഇടവകക്കാരുടെയും സഹകരണത്തോടെ കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കി. പല പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍നിന്നും അവനെ സഹായിക്കാന്‍ ആള്‍ക്കാരു വന്നുതുടങ്ങി. ഒത്തിരിപ്പേരു ചോദിച്ചുവരുന്നുണ്ടെങ്കിലും അവനു നോക്കാന്‍ പറ്റുന്ന വൃദ്ധരും, തീരെനിവൃത്തിയില്ലാത്തവരുമായ പത്തിരുപത്തഞ്ചു പുരുഷന്മാരെ മാത്രമേ അവന്‍ അവിടെ എടുക്കാറുള്ളു. അച്ചന്‍ ആരെയെങ്കിലും അവിടെയാക്കാനാണു വന്നതെങ്കില്‍ പോയിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല." അച്ചന്‍ തീര്‍ത്തുപറഞ്ഞു.

"അതുംകൂടെ അന്വേഷിക്കാനാണു വന്നതെങ്കിലും ഇനിയിപ്പം ഒന്നു കണ്ടിട്ടു പോകുന്നതെയുള്ളു. എന്നാലും ഇത്രയുംപേരുടെ ചികിത്സയ്ക്കുതന്നെ ദിവസവും എന്തുമാത്രം ചെലവുവരുമല്ലോന്നു ഞാനോര്‍ക്കുവാരുന്നു."

"ഇപ്പോള്‍ ഒത്തിരിപ്പേര് അവനെ പണമായും, സാധനങ്ങളായും സഹായിക്കുന്നുണ്ട്. അടുത്തുള്ള ആശുപത്രിയിലെ ഒരു ഡോക്ടറും ഭാര്യയും അപകടത്തില്‍മരിച്ച അവരുടെ മകന്‍റെ ഓര്‍മ്മയ്ക്കായി സൗജന്യമായി അവര്‍ക്കു മരുന്നും ചികിത്സയും കൊടുക്കുന്നുണ്ട്. ഒറ്റയ്ക്കിതെല്ലാം ചുമക്കാതെ ഒരു കല്യാണം കഴിക്കുന്നതിനെപ്പറ്റി ഞാന്‍ അവനോടു ചോദിച്ചതാണ്. കല്യാണംകഴിക്കാന്‍ താത്പര്യമുണ്ടെങ്കിലും അവന്‍റെ മനോഭാവം തന്നെയുള്ള ഒരു പെണ്ണിനെയല്ല കിട്ടുന്നതെങ്കില്‍, ഭാവിയിലുണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രശ്നങ്ങളോര്‍ത്ത് അവന്‍ അതേതാണ്ട് ഉപേക്ഷിച്ച മട്ടാണ്. എല്ലാ ബുധനും, വെള്ളിയും, ശനിയും ഞാനവിടെ വി. കുര്‍ബ്ബാന കൊണ്ടുപോയി കൊടുക്കുന്നുണ്ട്. പലരും അവിടെ താമസിച്ചു സൗജന്യമായി സേവനം ചെയ്യാനും വരുന്നുണ്ട്. അഞ്ചാറുമാസംമുമ്പു വന്നുകൂടിയ ഒരു ചേട്ടനുണ്ടിപ്പോളവിടെ. മലബാറിലെവിടെയോ ആണു വീടെന്നാണു പറഞ്ഞത്. കല്യാണം കഴിച്ചിട്ടില്ല. സ്വമനസ്സാലെ സേവനംചെയ്യാന്‍ എത്തിയതാണ്. വീട്ടുകാരുവന്നു നിര്‍ബ്ബന്ധിച്ചിട്ടും തിരിച്ചുപോയില്ല. അച്ചനവിടെ പോകുന്നുണ്ടെങ്കില്‍ അയാളെ ഒന്നു കാണുന്നതുനല്ലതാ. ഒരിക്കല്‍ സംസാരിക്കാന്‍ വന്നപ്പോള്‍ അയാള്‍ എന്നോടു ചോദിച്ച സംശയങ്ങള്‍ക്കൊന്നും എനിക്കു തൃപ്തികരമായ ഉത്തരം കൊടുക്കാന്‍ പറ്റിയില്ല."

തേടിയവള്ളി കാലില്‍ചുറ്റിയല്ലോ എന്നു ഞാനോര്‍ത്തു. പേരുപോലും അറിയാല്ലാത്ത ആ മനുഷ്യന്‍റെയടുത്ത് എന്തുപറഞ്ഞു ചെല്ലും എന്നു ശങ്കിച്ചിരുന്ന എന്‍റെമുമ്പില്‍ തമ്പുരാന്‍ വിശാലമായ റോഡു വെട്ടിത്തുറന്നതുപോലെ.

"ആളിന്‍റെ പേര് അറിഞ്ഞിരുന്നെങ്കില്‍ ചെന്നുപരിചയപ്പെടാന്‍ എളുപ്പമായിരുന്നു."

അച്ചന്‍ പേരുപറഞ്ഞു. ഞാനവിടെയെത്തുമ്പോള്‍ ഡോക്ടറവിടെയുണ്ടായിരുന്നു. ഏതോ ഒരു വൃദ്ധനെ ഡോക്ടറുകൂടെ താങ്ങി അദ്ദേഹത്തിന്‍റെ വണ്ടിയില്‍ കയറ്റുകയായിരുന്നു. അവരു പോയിക്കഴിഞ്ഞപ്പോള്‍ ഞാനവിടെ നില്‍ക്കുന്നതുകണ്ട് ഒരു ചെറുപ്പക്കാരന്‍ കൈയ്യുറയിട്ട കൈകൂപ്പി സ്തുതിചൊല്ലി. അവിടെ അടുത്തൊരാവശ്യത്തിനുവന്നപ്പോള്‍ ആ സ്ഥാപനത്തെപ്പറ്റികേട്ട് അതു നടത്തുന്ന ബ്രദറിനെ ഒന്നു കാണാന്‍വന്നതാണെന്നു പറഞ്ഞപ്പോള്‍ ആള്‍തന്നെയാണു ബ്രദറെന്നുപറഞ്ഞ് സന്തോഷത്തോടെ എന്നെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അത്യാവശ്യം കെട്ടുറപ്പുണ്ടെങ്കിലും താല്ക്കാലികനിര്‍മ്മിതികളായ രണ്ടുമൂന്നു ഷെഡ്ഡുകളില്‍ സജ്ജീകരിച്ചിരിക്കുന്ന കിടക്കകളും സംവിധാനങ്ങളും. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ പലയിടത്തുനിന്നും ഉയരുന്ന കരച്ചിലും, ചിലടത്തുനിന്നു ചീത്തവിളിയും കേള്‍ക്കാമായിരുന്നു. ആ സമയത്ത് ഒരു സ്റ്റീല്‍മഗ്ഗില്‍ വെള്ളവുമായിവന്ന ഒരുചേട്ടനോട് ബ്രദറു പറഞ്ഞു; "ഇതു പാച്ചുവേട്ടനു കൊടുക്കാനല്ലേ, ഞാന്‍ കൊടുത്തേക്കാം. ഈ അച്ചനിവിടമെല്ലാം കാണാന്‍വന്നതാ. ചേട്ടന്‍ അച്ചനേയുംകൊണ്ടൊന്നു കറങ്ങിവാ. ഞാനാ തുണിയൊന്നു പിഴിഞ്ഞിട്ടിട്ടുവരാം." വെള്ളവുംവാങ്ങി ബ്രദറുപോയി.

"ചേട്ടന്‍റെ പേര്  ....... ന്നല്ലേ?" നടക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

"അതേ, ബ്രദറു പറഞ്ഞായിരുന്നോ?"

"ഇല്ല, ഞാന്‍ വികാരിയച്ചനെ കണ്ടായിരുന്നു, അച്ചനാ പറഞ്ഞത്. ഞാനിനി സത്യമങ്ങു പറയാം. ഞാന്‍ ഇവിടം കാണാന്‍ വന്നതല്ല. ചേട്ടനെ കാണാന്‍വേണ്ടിത്തന്നെ വന്നതാ."

മരിച്ചടക്കിനുപോയിട്ടു പള്ളിമുറ്റത്തുവച്ച് അനുജന്‍റെമകനെ കണ്ടതുമുതലുള്ള സംഭവങ്ങളൊക്കെ ഞാനങ്ങേരോടു  പറഞ്ഞു. എല്ലാം കേട്ടിട്ടും ഒരു പ്രതികരണവുമില്ലാതെ ഇരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു:

"എന്തെങ്കിലും പറഞ്ഞുതീര്‍ക്കാവുന്ന കാര്യങ്ങളെ ഉള്ളെങ്കില്‍ ഞാന്‍ എന്നെക്കൊണ്ടു പറ്റുന്നതുചെയ്യാം." എന്നിട്ടും ഒരു മറുപടിയും പറയാതിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു:

"ആലോചിച്ചു പറഞ്ഞാല്‍മതി. ഞാന്‍ എന്‍റെഫോണ്‍നമ്പര്‍ തന്നിട്ടു പോകാം."

"ഞാന്‍ ഫോണ്‍ ഉപയോഗിക്കാറില്ലച്ചാ. ബ്രദറു തനിച്ചേ കാണൂ തുണികഴുകാന്‍, ഒന്നു കൂടിക്കൊടുത്തിട്ടു വരാം." അയാള്‍ പോയപിറകേ ഞാനും ചെന്നു. കുറച്ചുമാറി ഒരു വാട്ടര്‍ടാങ്കിനോടു ചേര്‍ന്നുള്ള സ്ലാബില്‍ കൂട്ടിയിട്ടിരുന്ന തുണി പിഴിയുകയായിരുന്ന ബ്രദര്‍ പറഞ്ഞു:

"തീരാറായച്ചാ, ചില ദിവസങ്ങളില്‍ ഒത്തിരികാണും കഴുകാന്‍, ഇന്നു കുറച്ചെയുള്ളു, എല്ലാം കിടപ്പുകാരല്ലെ."

"എന്നാല്‍ ഞാനീ അച്ചന്‍റെകൂടെ പുറത്തേയ്ക്കൊന്നു പോയിട്ടുവരട്ടെ ബ്രദറെ?" ചേട്ടന്‍ചോദിച്ചു.

ഉണ്ടിട്ടു പോകാമെന്നു പറഞ്ഞെങ്കിലും നന്ദിയോടെ ഞാന്‍ യാത്രപറഞ്ഞു. ചേട്ടനും കൂടെവന്നു. ഞാന്‍ വണ്ടിയില്‍ കയറി. ഒന്നും പറയാതെ ആളും കയറി. പള്ളിയിലേയ്ക്കു പോയേക്കാമെന്നായിരുന്നു എന്‍റെ മനസ്സില്‍. ചെറിയദൂരം പിന്നിട്ടപ്പോള്‍ ആളുചോദിച്ചു:

"വണ്ടി സൈഡാക്കാമോ അച്ചാ, വണ്ടിയിലിരുന്നു സംസാരിക്കാം."

ഞാന്‍ വണ്ടി സൈഡുചേര്‍ത്തുനിര്‍ത്തി.

"അച്ചാ, എനിക്കു ഡിമാന്‍റുകളൊന്നുമില്ല, തീരുമാനങ്ങളെയുള്ളു. വാശിയോ വൈരാഗ്യമോ ഇല്ല, ബോധ്യങ്ങളെയുള്ളു. ആരെയും തോല്‍പിക്കാനല്ല, ശരി ചെയ്യണമെന്നേയുള്ളു. എനിക്കിനി ഒരു തിരിച്ചുപോക്കില്ല, എന്‍റെ തീരുമാനവും എന്‍റെ ബോധ്യവും എന്‍റെ ശരിയും അതാണ്. എന്‍റെ വീട്ടുകാരു വന്നപ്പോഴൊക്കെ ഞാന്‍ പറയുന്നതൊന്നും അവര്‍ക്കു മനസ്സിലാകുന്നില്ല. ഏതായാലും അച്ചനിങ്ങനെയൊരു മദ്ധ്യസ്ഥനായി വന്നതുകൊണ്ട് ഇതിനൊരു തീര്‍പ്പുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുകയാണ്. അവനു മക്കളുണ്ടാകാത്തതും കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതും ഞാന്‍ വീടുവിട്ടതുകൊണ്ടാണെന്നും എന്‍റെ കണ്ണുനീരാണെന്നുമൊക്കെ ആരെങ്കിലും അവരെ പറഞ്ഞു ധരിപ്പിച്ചു എന്നുകരുതി അവരുടെ മനസ്സമാധാനത്തിനുവേണ്ടി എന്‍റെ മനസ്സമാധാനം ഞാന്‍ കളഞ്ഞുകുളിക്കണോ? ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പറഞ്ഞുകൊടുക്കുന്നതിനുപകരം ആരുടെയെങ്കിലും കണ്ണീരാ, ശാപമാ എന്നൊക്കെ ഇവരെ പറഞ്ഞുപേടിപ്പിക്കുന്നതാരാ അച്ചാ? ആരാണ്ടു ധ്യാനഗുരുക്കന്മാര്. ഞാന്‍ തിരിച്ചുചെന്നിട്ടും അവര്‍ക്കു മക്കളുണ്ടായില്ലെങ്കിലോ? അവര്‍ക്കു പിന്നെയും പ്രശ്നങ്ങളുണ്ടാകുമ്പോഴോ? അപ്പോപ്പറയും മനസ്സില്ലാതിരുന്ന എന്നെ നിര്‍ബ്ബന്ധിച്ചു തിരിച്ചുവിളിച്ചു കൊണ്ടുചെന്നതുകൊണ്ടുള്ള ശാപമാണെന്ന്. ഞാനിതൊക്കെ അവരോടു പറഞ്ഞതാണ്. ഞാനൊരിടത്തും ധ്യാനംകൂടി ആവേശത്തിനു പോന്നതല്ല, കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നതുമല്ല. എന്‍റെ ചെറുപ്പത്തില്‍ ആത്മാര്‍ത്ഥമായി നാലുകൊല്ലം സ്നേഹിച്ച് വിവാഹത്തിനു വാക്കുംതന്നിരുന്ന പെണ്‍കുട്ടി ഒരു സുപ്രഭാതത്തില്‍ മറ്റൊരാളെ കല്യാണം കഴിക്കുകയും അവള്‍ അയാളുമായി വര്‍ഷങ്ങളായി രഹസ്യബന്ധത്തിലായിരുന്നു എന്നറിയുകയും ചെയ്തപ്പോള്‍ ആദ്യമെനിക്കു പ്രതികാരചിന്തയുണ്ടായി. സത്യം ഞാനപ്പനോടും അമ്മയോടും മാത്രം പറഞ്ഞു. അവരെന്നെ വിലക്കി. എങ്കിലിനി കല്യാണക്കാര്യം എന്നോടു പറയരുതെന്നു ഞാന്‍ വാശിപിടിച്ചു. പ്രതികാരത്തെക്കാളും നല്ലതതാണതെന്നവരും പറഞ്ഞു. ഞാന്‍ വാക്കുപാലിച്ചു, പ്രതികാരംചെയ്തില്ല; അവരും വാക്കുപാലിച്ചു, എന്നെ കല്യാണത്തിനവരുപിന്നെ നിര്‍ബ്ബന്ധിച്ചില്ല. സഹോദരിമാരുടെ വിവാഹംനടന്നു. അനുജനും കല്യാണംകഴിച്ചു. നാലുവര്‍ഷംമുമ്പ് അപ്പനും, മൂന്നു വര്‍ഷംമുമ്പ് അമ്മയും മരിച്ചു. അനുജനും കുടുംബവും മക്കളുമായി യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല. പക്ഷെ മാതാപിതാക്കളു പോയിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഞാനൊറ്റപ്പെട്ടു എന്ന ചിന്ത, ഞാന്‍ കുടുംബത്തിനു ഭാരമാകുമെന്നൊരു തോന്നല്‍. വികാരിയച്ചനോടുമാത്രം എന്‍റെ മാനസികാവസ്ഥയെപ്പറ്റിയും, എന്‍റെ മനസ്സിലെ പ്ലാനുകളെപ്പറ്റിയും പറഞ്ഞു. ധ്യാനംകൂടാന്‍ പോകാനൊന്നും അച്ചന്‍ പറഞ്ഞില്ല. നല്ലതുപോലെ ആലോചിച്ചിട്ട്, പറ്റിപ്പോയി, തെറ്റിപ്പോയി എന്നൊന്നും പിന്നീടു തോന്നാത്ത തീരുമാനം മാത്രമേ എടുക്കാവൂ എന്നു മാത്രം അച്ചന്‍ പറഞ്ഞുതന്നു. ഞാനതു ചെയ്തു. രണ്ടു വര്‍ഷം കഴിഞ്ഞു. പറ്റിപ്പോയി, തെറ്റിപ്പോയി എന്ന് എനിക്കൊരു നിമിഷംപോലും തോന്നിയിട്ടില്ല. ഇനി അച്ചന്‍ പറ ഞാന്‍ തിരിച്ചു പോകണോ?"

ഞാനൊന്നു കുഴങ്ങി. ഇപ്പോള്‍ ഉത്തരംമുട്ടിയത് എനിക്കായിരുന്നു. ഞാന്‍ മറുപടി പറയാന്‍ പരുങ്ങുന്നതുകണ്ടപ്പോള്‍ അങ്ങേരു തുടര്‍ന്നു.

"എന്നാലും തിരിച്ചു പോകുന്നതുതന്നെയാ നല്ലതെന്നാണച്ചന്‍റെ മനസ്സു പറയുന്നതെന്ന് അച്ചന്‍റെ മുഖം കണ്ടിട്ടു തോന്നുന്നു. എങ്കില്‍ എനിക്കുപറയാന്‍ ബാക്കിയുള്ളതുകൂടെ അച്ചന്‍ കേള്‍ക്കണം. അച്ചന്‍ അച്ചനായിട്ട് ഒത്തിരിവര്‍ഷങ്ങളായിക്കാണുമല്ലോ. അച്ചനിത്രയുംനാളും കുര്‍ബ്ബാന ചൊല്ലിയിട്ടുണ്ടാകും പക്ഷെ ബലിയര്‍പ്പിച്ചിട്ടുണ്ടോ? എന്‍റെ ചോദ്യം ധിക്കാരമായിട്ടേ അച്ചനും തോന്നൂ. ധിക്കാരമല്ലച്ചാ, അനുഭവമാണ്. ഞാനടുത്തകാലംവരെയും കുര്‍ബ്ബാന കാണാറെ ഉണ്ടായിരുന്നുള്ളു, എന്നാലിപ്പോള്‍ ബലിയര്‍പ്പിക്കുന്നുണ്ട്. അച്ചനെപ്പോലെ അള്‍ത്താരയിലല്ലെന്നുമാത്രം. രണ്ടുമൂന്ന് അഗതിമന്ദിരങ്ങളില്‍ കുറെനാളുവീതം സഹായിച്ചതിനുശേഷമാണു ഞാനിവിടെ എത്തിയത്. അവിടെയൊക്കെ അതൊരു തൊഴിലോ ബിസിനസോപോലെ തോന്നി. അങ്ങനെ ഒരിടത്തുനിന്നും ഒരു പാവം കാരണവരെ ഒരു സഹായി ഭയങ്കരമായി വേദനിപ്പിക്കുന്നതു ഞാന്‍ കണ്ടു. അടുത്തദിവസം ആ പാവത്തിനെ കണ്ടില്ല. ആരുമതത്ര കാര്യമാക്കിയുമില്ല. അന്നു ഞാനവിടുന്നയാളെ അന്വേഷിച്ചിറങ്ങി. എത്തിപ്പെട്ടതിവിടെയാണ്. ആളിപ്പോളിവിടെയുണ്ട്. അങ്ങനെ ഞാനിവിടെത്തി, അല്ല ദൈവം എന്നെ എത്തിച്ചു എന്നു പറയുന്നതാകും ശരി. ആദ്യമൊക്കെ ബ്രദറിനും എന്നെ സംശയമായിരുന്നു. ഞാനെന്‍റെ പൂര്‍വ്വചരിത്രമൊന്നും പറയാനും പോയില്ല. ഇപ്പോളങ്ങേരെന്നെ അപ്പനെപ്പോലെതന്നെയാ കരുതുന്നത്. ബ്രദറിന്‍റെ അപ്പനുമമ്മയുമുണ്ട്. അപ്പനു നടക്കാന്‍ ബുദ്ധിമുട്ടുണ്ട്, അമ്മയ്ക്കും ആരോഗ്യം കുറവാണെങ്കിലും തുണിയലക്കാനൊക്കെ സഹായിക്കും. അപ്പനുമമ്മയ്ക്കും എല്ലാദിവസവും പള്ളീല്‍ പോകണമെന്നുണ്ടായിരുന്നെങ്കിലും രോഗികളുകാരണം എല്ലാദിവസവും അവരെയും കൊണ്ടു പോക്കു നടപ്പില്ലായിരുന്നു. ഞാന്‍ വന്നുകഴിഞ്ഞപ്പോള്‍ ബ്രദറിന് ഒത്തിരി ആശ്വാസമുണ്ട്. ദിവസവും മുടങ്ങാതെ കാറിന് അവരെയുംകൊണ്ടു പള്ളിയില്‍ പോകാം. ഞായറാഴ്ച മുടങ്ങാറില്ലായിരുന്നങ്കിലും പറ്റുന്ന മറ്റുദിവസങ്ങളിലും കുര്‍ബ്ബാനകാണുന്നത് എനിക്കു പണ്ടേ ശീലമായിരുന്നു. ബ്രദര്‍ പള്ളിയില്‍ പോകുമ്പോള്‍ കൂടെകാറിനു പോകാന്‍ വിളിക്കാറുണ്ടായിരുന്നെങ്കിലും ഞാന്‍ ഒരിക്കലും കയറാറില്ലായിരുന്നു. ഒരുമാസം മുമ്പൊരു ഞായറാഴ്ച. ബ്രദറ് അപ്പനേം അമ്മേംകൂട്ടി പള്ളിയില്‍ പോയിക്കഴിഞ്ഞിരുന്നു. രാവിലെ സഹായിക്കാന്‍ വരാറുള്ള ഒരു വേലക്കാരിയെ പതിവുപോലെ എല്ലാം പറഞ്ഞേല്‍പിച്ചിട്ടു ഞാന്‍ പള്ളിയിലേയ്ക്കു പോകാന്‍ തിരിഞ്ഞപ്പോള്‍ ഒരു നിലവിളികേട്ടു. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ ഒരു കൈതളര്‍ന്ന ഒരു രോഗി പാതി കിടക്കയിലും പാതിനിലത്തുമായി കിടക്കുന്നു. പെട്ടെന്നുണ്ടായ എന്തോ അസ്വസ്ഥതയില്‍ അയാള്‍ ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതാണ്. പെട്ടെന്നയാള്‍ ഛര്‍ദ്ദിച്ചു. അതൊന്നു വൃത്തിയാക്കിയപ്പോളേയ്ക്കും വയറ്റീന്നും പോയി അയാളെ വല്ലാതെ കിതയ്ക്കാനും വിറയ്ക്കാനും തുടങ്ങി. വേലക്കാരത്തിയെ ചൂടുവെള്ളമുണ്ടാക്കാന്‍ പറഞ്ഞുവിട്ട് അയാളെ നെഞ്ചില്‍ തടവി. എഴന്നേല്‍ക്കണമെന്ന് ആംഗ്യംകാണിച്ചു. ഞാന്‍ അടുത്തിരുന്ന് അയാളെ എന്‍റെ തോളില്‍താങ്ങി. അതുവരെയും ഞാന്‍ ശ്രദ്ധിക്കാതിരുന്ന, മൈക്കിലൂടെവന്ന പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ സ്വരം ഞാന്‍ നല്ലതുപോലെ കേട്ടു, 'ഇതെന്‍റെ ശരീരമാകുന്നു, ഇതില്‍നിന്നും വാങ്ങി ഭക്ഷിക്കുവിന്‍.' എന്‍റെ ശ്വാസം നിന്നുപോകുന്നതുപോലെ തോന്നി. പിന്നീട് ആ മനുഷ്യന്‍ വല്ലാതെ ഛര്‍ദ്ദിച്ചതു രക്തമായിരുന്നു. വീണ്ടും മൈക്കിലൂടെ വന്ന സ്വരം 'ഇതെന്‍റെ രക്തമാകുന്നു, ഇതില്‍നിന്നു വാങ്ങി പാനം ചെയ്യുവിന്‍'. അയാളെ കിടത്തുമ്പോഴേയ്ക്കും മരിച്ചിരുന്നു. മിനിറ്റുകള്‍ക്കുമുമ്പുവരെ ഞായറാഴ്ച രാവിലെ കുര്‍ബ്ബാനയ്ക്കു പോകാന്‍ സാധിക്കാഞ്ഞതില്‍ തോന്നിയിരുന്ന അസ്വസ്ഥതയ്ക്ക് തമ്പുരാന്‍തന്ന ഉത്തരം. അതാ അച്ചാ ഞാന്‍ മുമ്പേ ചോദിച്ചത്, അച്ചന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടോന്ന്. ഞാനിവിടെ ദിവസവും ബലിയര്‍പ്പിക്കുകയാണച്ചാ, ഇനി അച്ചന്‍ പറ ഞാന്‍ തിരിച്ചു പോണോ?"

അയാളുടെ കണ്ണകളിലൂടെ ഒഴുകിയതില്‍ കൂടുതല്‍ കണ്ണുനീര്‍ എന്‍റെ കണ്ണില്‍കൂടി ഒഴുകിക്കാണും.

"മുമ്പേ എന്‍റെ മുഖത്തുനോക്കി ചേട്ടന്‍ വായിച്ച ഉത്തരമാണോ ഇപ്പോളെന്നു നിങ്ങളുതന്നെ വായിച്ചെടുത്തുകൊള്ളൂ. നിങ്ങളുടെ കാലൊന്നു മുത്താന്‍ ഞാന്‍ ശ്രമിച്ചാല്‍ നിങ്ങളനുവദിക്കില്ലെന്നെനിക്കറിയാം. ആ കൈകളെങ്കിലും നീട്ടൂ എനിക്കൊന്നു ചുംബിക്കാന്‍." കൈവലിക്കുംമുമ്പ് എനിക്കടുത്തായിരുന്ന അയാളുടെ വലതുകൈ ചുംബിക്കുമ്പോള്‍ തമ്പുരാന്‍റെ സാന്നിദ്ധ്യമറിഞ്ഞു.

ഫാ. ജോസ് വെട്ടിക്കാട്ട്

0

0

Featured Posts