top of page

ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ ഫ്രാന്‍സിസ്കന്‍ അല്മായരുടെ പങ്ക്

Oct 2, 2017

2 min read

ഡവ
father is teaching about the christ

ഒക്ടോബര്‍ നാലാം തീയതി വിവിധ ഫ്രാന്‍സിസ്കന്‍ സഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷപ്രദവും അഭിമാനകരവുമായ ഒരു സുദിനമാണ്. ഈയവസരത്തില്‍ ദൈവവിളി പ്രോത്സാഹനത്തില്‍ അവര്‍ക്കുള്ള പങ്കിനെപ്പറ്റി അല്പം ചിന്തിക്കുന്നത് ഉചിതമായിട്ടു തോന്നുന്നു. അടിസ്ഥാനപരമായി എല്ലാ സമൂഹങ്ങളും - സമര്‍പ്പിതരും വൈദികരും മെത്രാന്മാരും മാര്‍പാപ്പയും - അല്മായരാകുന്ന വന്‍വൃക്ഷത്തില്‍നിന്നും പൊട്ടിപ്പുറപ്പെടുന്നതാണ്. ദൈവശാസ്ത്രത്തിന്‍റെ വീക്ഷണത്തില്‍ യേശു വച്ചുപിടിപ്പിച്ച വൃക്ഷത്തില്‍നിന്നും പൊട്ടിപ്പുറപ്പെടുന്നതാണ് ഈ സമൂഹങ്ങള്‍. 


ആദിമസഭയിലെ അല്മായര്‍

ആദിമസഭയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം അല്മായര്‍ ഗണ്യമായ പങ്ക് വഹിച്ചിരുന്നു. ആദിമസഭയില്‍ അവരുടെ ദൗത്യത്തെക്കുറിച്ച് പ്രധാനമായ അവബോധം ഉണ്ടായിരുന്നു. സഭാധികാരികളെ നിയമിക്കുന്നതിനുപോലും മധ്യയുഗത്തില്‍ അല്മായര്‍ക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഭൗതികാധികാരവും ആദ്ധ്യാത്മികാധികാരവും തമ്മിലുണ്ടായ വടംവലിയില്‍ വൈദികരില്‍നിന്ന് അല്മായരും അല്മായരില്‍ നിന്ന് വൈദികരും പരസ്പരം അകന്നുപോയി. പതിമൂന്നാം നൂറ്റാണ്ടോടുകൂടി അല്മായരുടെ ചരിത്രം ഇരുളടഞ്ഞതായിട്ടാണ് കാണുക. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടി ഈ സ്ഥിതിവിശേഷത്തില്‍ മാറ്റം സംഭവിച്ചു. ഫ്രഞ്ചുകാരനായ ഷിറ്റോ  ബ്രിയാഴ്, മയീന്ദ്ര ്, ഫ്രെഡറിക് ഓസാനാം തുടങ്ങിയ അല്മായ നേതാക്കള്‍ രംഗത്തുവന്നു. ഇതില്‍ ഫ്രെഡറിക് ഓസാനാം ഒരു ഫ്രാന്‍സിസ്കന്‍ സഭാംഗമായിരുന്നു. 


ഫ്രാന്‍സിസ്കന്‍ അല്മായസഭയുടെ ഉദയം,പശ്ചാത്തലം

ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ വഴി അവരുടെ ചൈതന്യം ക്രിസ്തീയ കുടുംബങ്ങളിലേക്കു കടന്നുവന്നു. അവര്‍ ഈ ലോകത്തിലാണെങ്കിലും ഈ ലോകത്തിന്‍റേതല്ലായെന്ന തത്വം വി. ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തില്‍കൂടി പഠിച്ചു. ക്രമേണ ഫ്രാന്‍സിസ്കന്‍ അല്മായ സംഘടന സഭാചരിത്രത്തിന്‍റെ ഒരു ഭാഗമായിത്തീര്‍ന്നു. 

റോമാസാമ്രാജ്യം ചിന്നഭിന്നമായപ്പോള്‍ ചെറുരാഷ്ട്രങ്ങള്‍ ആവിര്‍ഭവിച്ചു. സ്വയരക്ഷയ്ക്കുവേണ്ടി രാഷ്ട്രീയവും യുദ്ധസംബന്ധവുമായ ആവശ്യങ്ങളെ മുന്‍നിറുത്തി ഫ്യുഡലിസം എന്ന ഭൂനയവ്യവസ്ഥിതി നിലവില്‍ വന്നു. അതായത് ഭൂമി മുഴുവനും രാജാവിന്‍റേത്; പ്രഭുക്കന്മാര്‍, ഇടപ്രഭുക്കന്മാര്‍, കൃഷിക്കാര്‍, അടിമകള്‍ എന്നീ വിഭാഗങ്ങളുണ്ടായി. കൃഷിക്കാര്‍ക്കും അടിമകള്‍ക്കും എന്നും ദുരിതവും പട്ടിണിയും. രാജാവ് എന്തുചെയ്താലും ചോദ്യംചെയ്യപ്പെടാന്‍ പറ്റാത്ത ഒരു അവസ്ഥ നിലവില്‍ വന്നു. ദൈവത്തിനു മാത്രമേ രാജാവിനുമേല്‍ അധികാരം ഉണ്ടായിരുന്നുള്ളൂ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചു. ഈ കാലഘട്ടത്തിലാണ് വി. ഫ്രാന്‍സിസ് അസ്സീസിയുടെ രംഗപ്രവേശം. 


ആദ്യത്തെ അല്മായ മൂന്നാംസഭ

തിരുസഭാചരിത്രത്തില്‍ മാര്‍പാപ്പയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി ആദ്യമായി ആരംഭിച്ച അല്മായ സഭ, ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയാണ്. യൂറോപ്യന്‍ മഹാകവി ഡാന്‍റേ, കലാകാരന്മാരായ മൈക്കള്‍ ആഞ്ചലോ, റാഫേല്‍, ഫ്രഞ്ചുരാജാവ് ലൂയിസ്, ഹംങ്കറിയിലെ രാജകുമാരി എലിസബത്ത് തുടങ്ങിയവരും വി. ഇഗ്നേഷ്യസ് ലെയോള, വിന്‍സെന്‍റ് ഡി പോള്‍, വി. ജോണ്‍ മരിയ വിയാനി തുടങ്ങിയവരും ഉള്‍പ്പെടെ നിരവധി മാര്‍പാപ്പാമാരും മെത്രാന്മാരും വൈദികരും ഈ സഭയിലെ അംഗങ്ങളായിരുന്നു. മൂന്നു കാര്യങ്ങള്‍ക്ക് അവര്‍ ഊന്നല്‍ കൊടുത്തു - ദൈവത്തെ സ്തുതിക്കുക, മനുഷ്യനു സേവനം ചെയ്യുക, വ്യക്തിപരമായി പൂര്‍ണരാകാന്‍ ശ്രമിക്കുക. സന്ന്യാസജീവിതത്തെ ക്രൈസ്തവഭവനങ്ങളിലേക്കു നയിക്കുന്നതാണ് ആദര്‍ശം. ഇതൊരു ഭക്തസംഘടന മാത്രമല്ല. ഈ അവസരത്തില്‍ പതിമൂന്നാം ബനഡിക്ട് മാര്‍പാപ്പയുടെ വാക്കുകള്‍ സ്മരണീയമാണ്. "ഇത് ഒരു സന്ന്യാസ സഭ തന്നെയാണ്. പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് അംഗീകാരവും നവസന്ന്യാസപരിശീലനവും ഉണ്ട്. കൂടാതെ വ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും ഉള്‍പ്പെടുന്നു."


 ദൈവവിളി

ദൈവവിളി ദൈവത്തിന്‍റെ ഒരു ദാനമായിട്ടാണല്ലോ നാം കാണുന്നത്. "നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലമുളവാക്കാനും നിങ്ങളുടെ ഫലം നിലനിര്‍ത്തുവാനുമായി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു..." (യോഹ15:16). ക്രിസ്തുവിന്‍റെ ദൗത്യം സഭയില്‍ പിന്തുടരുന്നത് ദൈവവിളിയിലൂടെയാണ്. പൗരോഹിത്യത്തിലേക്കും സമര്‍പ്പണജീവിതത്തിലേക്കും മാത്രമല്ല, വിശാലമായ അര്‍ത്ഥത്തില്‍ കുടുംബജീവിതത്തിലേക്കും ഉള്ള വിളി, ദൈവവിളി തന്നെയാണ്. ഒരു മനുഷ്യനായി, ക്രിസ്ത്യാനിയായി, പിന്നീട് വിവാഹജീവിതത്തിലൂടെ കുടുംബജീവിതത്തില്‍ പ്രവേശിച്ചിരിക്കുന്നവരുടെ കടമ ദൈവവിളിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കൂടെക്കൂടെ കൂദാശകള്‍ സ്വീകരിച്ചുകൊണ്ട്, സഭയുടെ കല്പനകള്‍ അനുസരിച്ചുകൊണ്ട്, സഭാപഠനങ്ങളെ കുടുംബജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതശൈലിയില്‍ക്കൂടി ക്രിസ്തുവിനെ അനുധാവനം ചെയ്യുന്ന സംഘടനയാണ് ഫ്രാന്‍സിസ്കന്‍ അല്മായ സഭ. 


ദൈവവിളിയില്‍ മൂന്നാംസഭാംഗങ്ങളുടെ പങ്ക്

പൗരോഹിത്യത്തിലേക്കും സമര്‍പ്പണജീവിതത്തിലേക്കും ഉള്ള ദൈവവിളിയില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അല്മായ പ്രേഷിതത്വം എന്ന ഡിക്രിയില്‍ ആറാം അദ്ധ്യായം അല്മായരുടെ സഭയിലുള്ള ഉത്തരവാദിത്വത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. എല്ലാവരും ക്രിസ്തുവിന്‍റെ രക്ഷണീയകര്‍മ്മത്തില്‍ പങ്കാളികളാണ്. ക്രിസ്തീയജീവിതത്തിലേക്കുള്ള വിളിയാണ് ഒന്നാമതായിട്ടുള്ളത്. രണ്ടാമതായി പൗരോഹിത്യത്തിലേക്കും അര്‍പ്പണജീവിതത്തിലേക്കും. ഇതിലേക്കുള്ള വിളി വിവേചിച്ചറിയേണ്ടത് കുടുംബങ്ങള്‍, വിദ്യാലയങ്ങള്‍, യുവജനസംഘടനകള്‍ തുടങ്ങിയവയില്‍ക്കൂടിയാണ്. ശരീരത്തില്‍ പല അവയവങ്ങള്‍ ഉള്ളതുപോലെയാണ് സഭയില്‍ ക്രിസ്ത്യാനികള്‍. പലവിധത്തിലുള്ള ദൗത്യങ്ങളാണ് ഓരോരുത്തര്‍ക്കുമുള്ളത്. പക്ഷേ ലക്ഷ്യം ഒന്നുതന്നെ. ഓരോരുത്തരുടെയും ദൗത്യം വിജയപ്രദമാക്കാന്‍ മൂന്നുകാര്യങ്ങള്‍ അനുപേക്ഷണീയമാണ്- അടിയുറച്ച വിശ്വാസം, നിറഞ്ഞ പ്രതീക്ഷ, ആത്മാര്‍ത്ഥമായ സ്നേഹം. 

പൗരോഹിത്യത്തിലേക്കും സന്ന്യസ്തസഭകളിലേക്കും മറ്റുമുള്ള ദൈവവിളിയുടെ ഉറവിടം കുടുംബമാകയാല്‍ മാതൃകാപരമായ കുടുംബജീവിതം നയിക്കുവാന്‍ സഭാംഗങ്ങള്‍ പരിശ്രമിക്കണം. ശരിയായ ഭാര്യാഭര്‍തൃബന്ധവും അടിസ്ഥാനമൂല്യങ്ങളും ജീവിതദര്‍ശനങ്ങളും വചനാഭിമുഖ്യവും ക്രൈസ്തവാന്തരീക്ഷവും കുടുംബങ്ങളില്‍ ഉണ്ടാകണം. കുട്ടികളെ നല്ല പൗരബോധമുള്ളവരും സത്യസന്ധതയുള്ളവരുമായി വളര്‍ത്തണം. മാത്രവുമല്ല, ദയ, കാരുണ്യം തുടങ്ങിയ പുണ്യങ്ങളും അവരില്‍ വളര്‍ത്തണം. വിശുദ്ധ ഫ്രാന്‍സിസിന്‍റെ ശൈലിയിലും ചൈതന്യത്തിലും ജീവിക്കുവാന്‍ കിട്ടിയ അവസരം വേണ്ടവിധത്തില്‍ വിനിയോഗിക്കണം. തങ്ങളുടെ കൂട്ടായ്മയിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാന്‍ സഹായിക്കണം. പൗരോഹിത്യത്തിലേക്കും സമര്‍പ്പണജീവിതത്തിലേക്കും പരിശീലനം നടത്തുന്നവര്‍ ഇടവകകളില്‍ അവധിക്കു വരുമ്പോള്‍ അവരുമായി ബന്ധപ്പെട്ട് നല്ല പ്രോത്സാഹനവും തീക്ഷ്ണതയും കൊടുക്കുക. എല്ലാത്തിനുമുപരിയായി ദൈവവിളി കുറഞ്ഞുവരുന്ന ഈ അവസരത്തില്‍ തങ്ങളുടെ ഇടവകയില്‍ ധാരാളം ദൈവവിളികള്‍ ഉണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഫ്രാന്‍സിസിന്‍റെ ജീവിതശൈലിയും ലാളിത്യവും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കുന്നതോടൊപ്പം ഫ്രാന്‍സിസ്കന്‍ അല്മായരുടെ ആഴമായ ആദ്ധ്യാത്മിക ജീവിതം വഴി ദൈവവിളി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.     

ഡവ

0

0

Featured Posts