

അവനവൻ കുഴിയില്‍ നിന്നും ഒരു ഉയിർപ്പ് ആവശ്യമാണ്. ഉത്ഥാനം ചെയ്ത യേശു മനുഷ്യനെ സകല മരണങ്ങളില്‍ നിന്നും ഉയിർപ്പിക്കും. അഗാധമായ സ്നേഹാനുഭവമാണ് ഉത്ഥാനം.
സന്യാസ പരിശീലനത്തിന്‍റെ ആദ്യ വര്‍ഷം, മാസധ്യാനത്തില്‍ ഒരച്ചന്‍ പറഞ്ഞു: 'ദൈവാനുഭവത്തിനായി പ്രാര്‍ത്ഥിക്കണം. ദൈവാനുഭവം എന്നാല്‍ സ്നേഹാനുഭവം തന്നെ ആണ്.' അത്ഭുതകരമായി ഒരു പ്രത്യേക സമയത്ത് ദൈവം 'അനുഭവം' തരാനായി വരുമെന്നോ, അല്ലെങ്കില്‍ ഒരു പ്രത്യേക ദിവ്യാനുഭൂതി ഉണ്ടാകുമെന്നോ ഒക്കെയാണ് അന്ന് തോന്നിയത്. എന്നാല്‍ അത്ഭുതകരമായ ഒരു സംഭവം ഇതുവരെ ഉണ്ടായില്ല.
പക്ഷേ ഇന്നോളം സംഭവിച്ചതെല്ലാം തന്നെ അത്ഭുതങ്ങളായിരുന്നു. ഈ എഴുത്ത് ഉള്‍പ്പെടെ. എന്നെ ഗൗരവമായി എടുക്കുന്ന ഒരാളുണ്ടെന്ന തിരിച്ചറിവിലായിരുന്നു ഈ വഴി യാത്ര ആരംഭിച്ചത്. അതിങ്ങനെ ഓരോ ദിവസവും ബലപ്പെടുകയും ആഴപ്പെടുകയും ചെയ്യുന്നുണ്ട്. സ്നേഹിക്കുന്ന ഒരു കരം നിരന്തരം പിടിച്ചു നടത്തുന്നു. താണു പോകുമ്പോഴും ഇല്ലാതായി എന്നു തോന്നുമ്പോഴും തെറ്റുകുറ്റങ്ങളിലേക്കു പരാജയപ്പെടുമ്പോഴും തലയുയര്‍ത്തി നിര്‍ത്താന്‍ പിന്നില്‍ നില്‍ക്കുന്നു. ഭൗതീകവും ആത്മീയവുമായ ആവശ്യങ്ങളൊക്കെ ക്രമീകരിച്ച് വല്ലാതെ ഗൗരവമായി എടുക്കുന്നു. ആരൊക്കെ അകന്നുപോയാലും ഒരു തെല്ലും മാറാതെ കൂടെ തന്നെയുണ്ട് എന്ന് ജീവിതാനുഭവങ്ങളിലുടെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പൊതിഞ്ഞു നില്‍ക്കുന്ന സ്നേഹം. ഒരിക്കല്‍ പൊട്ടിയും തകര്‍ന്നും ഒക്കെ പോയ ജീവിതത്തെ സ്നേഹം കൊണ്ട് ചേര്‍ത്തു പിടിച്ചിരിക്കുന്നത് കൊണ്ടാവാം, തകര്‍ന്നും പരാജയപ്പെട്ടും തങ്ങള്‍ ഒന്നുമല്ല എന്നും കരുതി തലകുനിച്ച് നിരാശയോടെ നില്‍ക്കുന്ന മനുഷ്യരോട് ഈശോ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട് എന്നൊക്കെ പറയുമ്പോള്‍ മിഴി നിറയുന്നത് കാണുന്നത്. മനുഷ്യന്‍റെ എല്ലാത്തരം തകര്‍ച്ചകളില്‍ നിന്നും മരണങ്ങളില്‍ നിന്നും അവനെ ഉയിര്‍പ്പിക്കുന്നത് ആ സ്നേഹമാണ്; സ്നേഹാനുഭവമാണ്.
രാവേറെ അധ്വാനിച്ചിട്ടും തങ്ങളുടെ ജീവിതത്തിനാവശ്യമായവ കിട്ടാതെ നിരാശയോടെ നില്‍ക്കുന്ന ശിമയോനും കൂട്ടര്‍ക്കും ഒരു 'ചാകര' തന്നെയാണ് യേശു നല്കുന്നത്. തന്നോടിത്രയും കരുതല്‍ കാട്ടുന്ന ഒരു സ്നേഹം തിരിച്ചറിയുന്ന ശിമയോന്‍ പത്രോസ് അവന്‍റെ കാല്‍ക്കല്‍ വീഴുന്നു: 'കര്‍ത്താവേ എന്നില്‍ നിന്നും അകന്നു പോകണമെ, ഞാന്‍ പാപിയാണ്' (ലൂക്ക 5:8). പെട്ടെന്നുണ്ടായ ഒരു സമൃദ്ധി പത്രോസിന് ആഴമുള്ള ഒരു സ്നേഹാനുഭവമായി മാറി. ആ സ്നേഹത്തിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ തന്‍റെ സ്നേഹ ശൂന്യതകളെ കുറിച്ച്, അയാള്‍ക്ക് നല്ല ബോധ്യമുണ്ടാകുന്നു. ശരിയായ പാപബോധം, അനുതാപം ഉണ്ടായ പത്രോസാണ് അത് പറയുന്നത്. അത്തരം ഒരു സ്നേഹാനുഭവത്തില്‍ നില്‍ക്കുമ്പോഴാണ് പത്രോസിനെ ഈശോ വിളിക്കുന്നത്: 'എന്നെ അനുഗമിക്കുക.' എങ്ങനെയയാള്‍ ആ സ്നേഹത്തെ അനുഗമിക്കാതിരിക്കും. തങ്ങളുടെ ജീവിതത്തെ ഇത്രയും ഗൗരവമായി എടുക്കുന്ന മറ്റൊരാളെ ശിമയോനും കൂട്ടരും അന്നോളം കണ്ടിട്ടില്ല. ഇയാള്‍ ക്രിസ്തു തന്നെ. തന്‍റെ ജീവിത സാഹചര്യങ്ങളിലേക്കു കുരുങ്ങിപ്പോയ ശിമയോനെ ഈശോ ഉയിര്‍പ്പിക്കുന്നു. അയാളുടെ ജീവിതത്തില്‍ പിന്നീടും പരാജയങ്ങളും ഉയിർപ്പ് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വിധി വാചകങ്ങളുടെയും പരിഹാസത്തിന്‍റെയും മുന്‍വിധികളുടെയും കല്ലേറില്‍ പണ്ടേതന്നെ മരിച്ചു പോയ ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും ചേര്‍ന്നു ഈശോയുടെ മുമ്പില്‍ എത്തിക്കുന്നു. തന്‍റെ ഭൂതകാലത്തിന്‍റെ ഭാരത്തില്‍ തലകുമ്പിട്ടു പോയ ആ സ്ത്രീ അവന്‍റെ മുമ്പില്‍ നിന്നു തലയുയര്‍ത്തി പിടിച്ചു മടങ്ങിപ്പോയി. വിധിക്കാനും വധിക്കാനും വന്നവര്‍ അതിനുമുമ്പേ തന്നെ തലതാഴ്ത്തി മടങ്ങിയിരുന്നു. അത്രയും അഗാധമായ ഒരു സ്നേഹാനുഭവം അവളുടെ ഉയിർപ്പായിരുന്നു. ഇത്രയും തകര്‍ന്ന, മനുഷ്യരാല്‍ വെറുക്കപ്പെട്ടിരുന്ന തന്നെയും ദൈവം സ്നേഹിക്കുന്നു എന്ന സുവിശേഷത്തിന് സാക്ഷിയായി ആ സ്ത്രീ ഇന്നും ജീവിക്കുന്നു. ഭൂതകാലത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും, മരണങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും ഉയിര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സ്നേഹം ഉറ്റു നോക്കി കാത്തിരിപ്പുണ്ട്. ഇനിയും എത്രയെത്ര ഉദാഹരണങ്ങള്‍ ബൈബിളില്‍ നിന്നും പുറത്തുനിന്നും കണ്ടെത്താന്‍ കഴിയും.
ദൈവം തങ്ങളെ അഗാധമായി സ്നേഹിക്കുന്നു എന്ന ഒരു തിരിച്ചറിവ്, പ്രകാശം വീണുകിട്ടിയപ്പോഴാണ് ഇവരൊക്കെയും ഉയിര്‍പ്പിലേക്കു പ്രവേശിച്ചത്. തന്നെ ഗൗരവമായി എടുക്കുന്ന ഒരാളുണ്ട് എന്നതിനേക്കാള്‍ ഉപരിയായ എന്തു സ്നേഹാനുഭവമാണുള്ളത്? സ്നേഹിക്കുവര്‍ക്കു മാത്രമാണ് നമ്മള്‍ ഗൗരവമായ ഒരു കാര്യമാകുന്നത്. അല്ലാത്ത ഇടത്തൊക്കെ തീരെ നിസാരരായ വിലയില്ലാത്തവര്‍ തന്നെ. അയാള്‍ നമ്മളെ ഗൗരവമായി എടുത്തിട്ടുണ്ട്.
****
ആദരാഞ്ജലികള്‍

ഇന്ത്യന്‍ കത്തോലിക്ക മാധ്യമ പ്രവര്‍ത്തനത്തില്‍ എന്നും ഉന്നതമായ സ്ഥാനം വഹിച്ചിരുന്ന ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍(72), 1981 1983 കാലഘട്ടത്തില്‍ അസ്സീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വര്‍ഷങ്ങളില്‍ ചീഫ് എഡിറ്ററും ആയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്‍ഡ്യന്‍ കറന്‍റസ് ഏറ്റെടുത്ത് വിജയത്തിലെത്തിച്ചു. ജീവന്‍ ബുക്സ് (ഭരണങ്ങാനം),ജ്യോതി പ്രിന്‍റേഴ്സ്, മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനാണ്. മിക്കവാറും അന്ധത ബാധിച്ചിരുന്ന അദ്ദേഹം തന്‍റെ കുറവിനെ അതിജീവിച്ചു കൊണ്ടായിരുന്നു നിര്‍ഭയമായി മാധ്യമ പ്രവര്‍ത്തനംڔനടത്തിയത്.
മാര്‍ച്ച് 18-ാം തീയതി യു പി, ദാസ്ന, മസൂരിയിലെ ക്രിസ്തുരാജ ദൈവാലയത്തില്‍ നടന്ന, മൃതസംസ്കാര ശുശ്രൂഷയുടെ പ്രാര്‍ഥനകള്‍ക്കു ശേഷം, അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം, വൈദ്യ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനത്തിനായി ശരീരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (All India Institute of Medical Sciences -AIIMS)കൈമാറി.
ഫാ. സേവ്യര്‍ വടക്കേക്കരയുടെ വേര് പാടില് അസ്സീസി കുടുംബത്തിന്‍റെ ആദരാഞ്ജലികള്‍.

2025 ഒക്ടോബറിൽ അസ്സീസി മാസിക അക്ഷര തപസ്യയുടെ 72 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 1953 മുതൽ ആയിരക്കണക്കിന് വായനക്കാരുടെ ആത്മാവിലും മനസ്സിലും പ്രകാശം പരത്താൻ അസ്സീസി മാസികയ്ക്കു കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ കരുതലിലും ഉദാരതയിലുമാണ് മാസിക ഇവിടെ വരെ എത്തി നില്ക്കുന്നത്. നിരവധി വർഷങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുന്ന ഈ വെബ്സൈറ്റ് സൗജന്യമായാണ് ലഭ്യമാക്കിയിരിക്കുന്നത്. മാസികയുടെ നടത്തിപ്പിന് സാമ്പത്തീക പ്രതിസന്ധി നേരിടുകയാണ്. അതിനാൽ, അസ്സീസിയിലെ ഫ്രാൻസിസിനെ സ്നേഹിക്കുന്ന, അസ്സീസി മാസികയെ സ്നേഹിക്കുന്ന നിങ്ങളുടെ ഹൃദയ കവാടത്തിൽ ഞങ്ങൾ മുട്ടുന്നു. നിങ്ങളുടെ മനസ്സു നിറഞ്ഞ ഒരു സംഭാവന നൽകി ഈ യാത്രയിൽ പങ്കുചേരില്ലേ, ഞങ്ങളോടൊപ്പം.