top of page

പെണ്ണിന്‍റെ കണ്ണില്‍ നോക്കാന്‍ പഠിപ്പിച്ച അച്ചന്‍

Jan 14, 2017

4 min read

ഷക
Dr. Felix Podimattom OFM Cap.
Dr. Felix Podimattom OFM Cap.

ഓര്‍മ്മവച്ച നാള്‍ മുതല്‍ കേള്‍ക്കുന്നതാണ് കള്ളം പറയരുത് എന്ന കാര്യം. ആദ്യകുര്‍ബാന സ്വീകരണത്തിനുമുമ്പ് നടത്തിയ കുമ്പസാരത്തില്‍ പറഞ്ഞ ഏറ്റവും വലിയ പാപവും കള്ളം പറഞ്ഞു എന്നതായിരുന്നു. കള്ളമല്ലാതെ മറ്റൊന്നും പറയാനാവാത്ത സാഹചര്യങ്ങളില്‍ കള്ളം പറഞ്ഞതിന്‍റെ പേരില്‍പോലും കുറ്റബോധം കനംതൂങ്ങി മനസ്സില്‍ കിടന്നിട്ടുണ്ട്. അങ്ങനെയങ്ങു പോകവേയാണു എന്തുകൊണ്ടു കള്ളം പറയാമെന്ന കൃത്യമായ ചില ബോധ്യങ്ങളിലേക്ക് സാവധാനം കൈപിടിച്ചു നടത്തപ്പെട്ടത്. അതിനു ഞാനുള്‍പ്പെടുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ സഹായിച്ചതു ഫെലിക്സച്ചനായിരുന്നു - കപ്പൂച്ചിന്‍ സന്ന്യാസിയായിരുന്ന റെവ. ഡോ. ഫെലിക്സ് പൊടിമറ്റം. അച്ചന്‍ പറഞ്ഞ ഉദാഹരണം ഇന്നും മനസ്സിലുണ്ട്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഐ. സി. യുവില്‍ കഴിയുന്ന ഒരമ്മ. അമ്മയെ  കാണാനായി പുറപ്പെട്ട മകന്‍ റോഡ് ആക്സിഡന്‍റില്‍പെട്ട് പൊടുന്നനവേ മരിക്കുന്നു. "എന്‍റെ മോനെത്തിയോ?" എന്ന ഐ.സി. യുവില്‍ കിടന്നുള്ള അമ്മയുടെ ചോദ്യത്തിനുത്തരം സത്യമാകാന്‍ പാടുണ്ടോ? ആ ഐ. സി. യുവില്‍ വച്ച് നാം കൊടുക്കുന്ന സത്യസന്ധമായ ഉത്തരം ആ സാഹചര്യത്തില്‍ ചെയ്യാവുന്ന ഏറ്റവും വലിയ തിന്മയും നാം പറയുന്ന കള്ളം ഏറ്റവും വലിയ നന്മയുമാകുന്നു.

ഫെലിക്സച്ചന്‍ പറഞ്ഞ ഈ ഉദാഹരണം അദ്ദേഹമെഴുതിയ പുസ്തകങ്ങളില്‍നിന്നു വായിച്ചെടുത്തതല്ല, ഓര്‍മയില്‍നിന്നു പറഞ്ഞതാണ്. അച്ചന്‍  അങ്ങനെയായിരുന്നു, ഗഹനമായ ധാര്‍മിക നിലപാടുകളെ മനസ്സില്‍  കോറിയിട്ടു തരും. കനംതൂങ്ങിയ കണ്ണുകളും വരണ്ട മനസ്സുമായി ദൈവശാസ്ത്രപഠനകാലത്ത് പല ക്ലാസുകളിലും ഇരിക്കേണ്ടിവന്നിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു മഴപ്പെയ്ത്തുപോലെ അച്ചന്‍ വരുന്നത്. ഇത്രയും ആര്‍ത്തിയോടെ മറ്റൊരു ക്ലാസിനുവേണ്ടിയും ഞങ്ങള്‍ കാത്തിരുന്നിട്ടില്ലെന്ന്  ഉറപ്പുണ്ട്. പറക്കുന്ന കിളിയും വിടരുന്ന പൂവും അമ്മ കുഴയ്ക്കുന്ന മാവും അടയിരിക്കുന്ന തള്ളക്കോഴിയും വിതയ്ക്കപ്പെടുന്ന വിത്തും എല്ലാം ഉപയോഗിച്ചു പഠിപ്പിച്ച നസ്രത്തിലെ ഗുരുവിന്‍റെ ശൈലി വലിയൊരളവുവരെ സ്വന്തമാക്കിയിരുന്നു ഫെലിക്സച്ചന്‍.

മുന്‍പറഞ്ഞ ഉദാഹരണത്തിലെ ഐസിയുവില്‍ വച്ചു പറയപ്പെടുന്ന കള്ളം എന്തുകൊണ്ടാണു സത്യത്തെക്കാള്‍ സുന്ദരമാകുന്നത്? അതിനുത്തരമായി ഇതാ അച്ചന്‍ പറഞ്ഞ മറ്റൊരുദാഹരണം. (അച്ചനെഴുതിയ പുസ്തകങ്ങളില്‍ നിന്നല്ല, ഓര്‍മ്മയില്‍ നിന്നാണ് ഇതും പറയുന്നത്). മദ്യം കൊണ്ടുനടക്കുന്നതു കുറ്റകരമാണെന്നു സങ്കല്പിക്കുക. രണ്ടു വ്യക്തികള്‍, 'A' യും 'B' യും, അഞ്ചുകുപ്പി കള്ളുവീതം കൊണ്ടുപോകുന്നു. അവരെ പിടികൂടുന്ന പോലീസ് രണ്ടുപേരെയും അഞ്ചുദിവസം വീതം ജയിലിലിടുന്നു. ഒരേ തെറ്റിന് ഒരേ ശിക്ഷ. ഇതാണു  പൊതുവേ നമ്മുടെ നിലപാട്. പക്ഷേ ഇതു ശരിയോ എന്നാണ് ഫെലിക്സച്ചന്‍റെ ചോദ്യം. അച്ചന്‍റെ വിശദീകരണം. 'A'യ്ക്ക് 75 വയസുണ്ട്. പണ്ട് അയാള്‍ ഒരു ദിവസം പത്തുകുപ്പി കള്ളു കുടിച്ചിരുന്നതാണ്. ഇപ്പോള്‍ മാനസാന്തരപ്പെട്ട്, സാവധാനം കുടിക്കുന്ന കള്ളിന്‍റെ അളവു കുറച്ചുകൊണ്ടുവരികയാണ്. അങ്ങനെയാണ് അന്ന് അയാള്‍ അഞ്ചുകുപ്പിയുമായി പോയത്. ഇനി 'B' യെ എടുക്കുക. 20 വയസ്സ്. കോളേജുകുമാരന്‍. വീട്ടില്‍വച്ച് കള്ളിന്‍റെ മണംപോലും കിട്ടിയിട്ടില്ല. അടുത്തയിടെ കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ 'കമ്പനി'യില്‍ പെട്ടു. സാവധാനം കുടിക്കുന്നതിന്‍റെ അളവും കൂട്ടിക്കൂട്ടിവരികയാണ്. 1. 2, 3, 4, 5.... അങ്ങനെയാണ് അയാളും അന്നേദിവസം അഞ്ചു കുപ്പിയുമായി പോലീസിന്‍റെ കൈയില്‍ പെടുന്നത്. രണ്ടുപേരും ചെയ്തത് പ്രവൃത്തിയില്‍ ഒന്നാണെങ്കിലും അര്‍ത്ഥത്തില്‍ രണ്ടാണ്. 'A'യുടെ കാര്യത്തില്‍ അഞ്ചുകുപ്പി കള്ള് എന്നത് ഉയര്‍ച്ചയുടെ അടയാളം; 'B'യുടെ കാര്യത്തില്‍ അതു വീഴ്ചയുടെ അടയാളം. ഒരു പ്രവൃത്തിയെ നന്മയെന്നോ തിന്മയെന്നോ കേവലമായ അര്‍ത്ഥത്തില്‍ വിളിക്കാനാവില്ല. സാഹചര്യങ്ങളെ പരിഗണിക്കാതുള്ള വിധിതീര്‍പ്പുകള്‍ ശുദ്ധഭോഷ്ക്കാണ്.

ഇനി ഇത്തരം ഉദാഹരണങ്ങള്‍ പറയാന്‍ ഫെലിക്സച്ചനുണ്ടാവില്ല. 82 കൊല്ലത്തെ ജീവിതത്തിനും 45 കൊല്ലത്തെ അധ്യാപനജീവിതത്തിനുമൊടുക്കം അച്ചന്‍ ഡിസംബര്‍ 17 നു പുലര്‍ച്ചേ മടങ്ങിപ്പോയി. അച്ചന്‍റെ ജീവിതത്തിലെ ഏററവും വലിയ ആവേശം അധ്യാപനമാണെന്ന് അച്ചന്‍തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. ഈ മണ്ണിലില്ലാത്തപ്പോഴും തലമുറകളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് അച്ചന്‍ എഴുതിക്കൊണ്ടേയിരുന്നത്. കോട്ടയമടുത്ത് തെള്ളകത്തെ കപ്പൂച്ചിന്‍ വിദ്യാഭവനിലെ അച്ചന്‍ ജീവിച്ച കുടുസുമുറിയിലെ ആകെയുള്ള ആഡംബരം നാലു ട്യുബുലൈറ്റുകളാണ്. അവയുപയോഗിച്ചാണ് അച്ചന്‍ ഇരവുകളെ പകലുകളാക്കിയത്. 137 പുസ്തകങ്ങളും അത്രത്തോളം തന്നെ ലേഖനങ്ങളും എഴുതിയത്. ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ അച്ചന്‍ ഇടം നേടിയത് അങ്ങനെയാണ്. അച്ചനു സമശീര്‍ഷരില്ലായിരുന്നു എന്നതിനു ഈയൊരു തെളിവു മതി. ലോക റെക്കോര്‍ഡ് ഇടാന്‍ ചിലര്‍ മീശ വളര്‍ത്തുന്നതുപോലെയല്ല ഇത്. അതങ്ങു സംഭവിച്ചുപോയതാണ്. അച്ചന് പറയാന്‍ ഏറെയുണ്ടായിരുന്നു. പൊള്ളത്തരങ്ങളെ പൊളിച്ചുനീക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് അച്ചന്‍ പഠിപ്പിച്ചുകൊണ്ടേയിരുന്നു, ഇന്ത്യയിലെ 20-ല്‍പരം സെമിനാരികളില്‍, CBCI, KCBC, CRI തുടങ്ങിയവയിലെ അംഗങ്ങളെ, അച്ചന്മാരെ, കന്യാസ്ത്രീകളെ... ബാക്കി മുഴുവന്‍ സമയവും നിര്‍ത്താതെ എഴുതി. അച്ചനൊന്നു വിശ്രമിച്ചതു 2015  ഏപ്രില്‍ മുതലാണ്. പക്ഷേ അത് അധികനാള്‍ നീണ്ടുനിന്നില്ല.

 A man and woman talking

ഫെലിക്സച്ചന്‍റെ ആദ്യത്തെ പുസ്തകം അച്ചന്‍റെ ഡോക്ടറേറ്റ് പ്രബന്ധം തന്നെയാണ്.  The Relativity of Natural Law. 1970 ല്‍ തുടങ്ങിയ ആ എഴുത്ത് അവസാനം വരെ നിശിതമായി വിമര്‍ശിച്ചത് ധാര്‍മിക ദൈവശാസ്ത്രമേഖലയിലെ പരീശ നിലപാടായ നിരപേക്ഷത വാദത്തെയായിരുന്നു. പഠിച്ചു പതിഞ്ഞുപോയ ചില പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മാത്രം എങ്ങനെയാണു സങ്കീര്‍ണതയും വൈവിധ്യമുള്ള ജീവിതങ്ങളിലെ നിലപാടുകള്‍ക്കു നേര്‍ക്ക് വിധി കല്പിക്കാനാകുക? അത്തരം ധാര്‍മിക ധാര്‍ഷ്ട്യങ്ങളെ ഫെലിക്സച്ചന്‍ വെറുതെ വിട്ടില്ല. അതിനെക്കുറിച്ച് ഒരു ഏകദേശരൂപം കിട്ടാന്‍ സ്വവര്‍ഗലൈംഗികതയെക്കുറിച്ചുള്ള അച്ചന്‍റെ പുസ്തകം വായിച്ചാല്‍ മതി. നമ്മുടെ പ്രമാണം വായിച്ചു കേട്ട, ആരോ എന്നോ പറഞ്ഞുവച്ച, ചില കാര്യങ്ങള്‍ മാത്രമാണ്. മനുഷ്യന്‍, അവന്‍റെ സങ്കീര്‍ണത, സംഘര്‍ഷം, വേദന ഒന്നുമല്ല നമ്മുടെ പ്രമാണങ്ങള്‍. സ്വവര്‍ഗാനുരാഗികളെ കുറ്റം വിധിക്കാന്‍ ഞാനാര് എന്ന് ഒരു മാര്‍പാപ്പാപോലും ചേദിച്ചിട്ടും നമ്മള്‍ നടത്തുന്ന വിധിതീര്‍പ്പുകളെക്കുറിച്ച് നമുക്കു സംശയമേതുമില്ല.

പക്ഷേ ഫെലിക്സച്ചന് സംശയങ്ങളേറെയുണ്ടായിരുന്നു. അതിനു കാരണം അച്ചന്‍റെ അടിത്തറ സ്വന്തം പ്രമാണങ്ങളല്ല, ചരിത്രത്തില്‍ ഇടപെട്ട ദൈവമായിരുന്നു എന്നതാണ്. അച്ചന്‍റെ 59-ാമത്തെ പുസ്തകത്തിന്‍റെ തലക്കെട്ടു തന്നെ അതു വ്യക്തമാക്കുന്നുണ്ട്: 'God is very fond of me'.അച്ചനെ സ്നേഹിച്ച, അച്ചന്‍ സ്നേഹിച്ച ദൈവം ഗണികയോട് ഇടപെട്ടത് തോറാഗ്രന്ഥം  വായിച്ചിട്ടല്ല, അവളുടെ മിഴികളിലെ വേദന വായിച്ചിട്ടായിരുന്നല്ലോ. ആ ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശനം കിട്ടുമെന്ന് അവന്‍ പറഞ്ഞ ഒരാളെങ്കിലും നിരപേക്ഷ ധാര്‍മികതയുടെ വിലയിരുത്തലില്‍ യോഗ്യത നേടുമോ? ഫെലിക്സച്ചന്‍ പരീശന്മാരുടെ കാര്‍ക്കശ്യത്തിനൊപ്പമല്ല, ക്രിസ്തുവിന്‍റെ കാരുണ്യത്തിനൊപ്പമാണു നിലയുറപ്പിച്ചത്. കൂട്ടത്തില്‍ പറയട്ടെ, ക്രിസ്തുവും അവന്‍റെ നിലപാടുകളും മാത്രമായിരുന്നില്ല അച്ചന്‍ ആശ്രയിച്ചത്. മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദമുണ്ടായിരുന്ന അദ്ദേഹം കാലത്തിന്‍റെ ഗതിവിഗതികള്‍ വായിക്കുന്നതിലും വിവിധ വൈജ്ഞാനിക മേഖലകളില്‍നിന്നു പ്രചോദനം സ്വീകരിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. കൂപത്തില്‍ കിടന്നുള്ള മണ്ഡൂക ജല്പനമായിരുന്നില്ല അച്ചന്‍റെ വാക്കുകളെന്നു സാരം.

സ്വയംഭോഗത്തെക്കുറിച്ചുള്ള അച്ചന്‍റെ ധാര്‍മിക നിലപാടുകളാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്. അക്കാലത്ത് അച്ചന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്‍റെ ഏകദേശരൂപം കിട്ടാന്‍ ഒരു വസ്തുത പരിഗണിച്ചാല്‍ മതി: റീ പ്രിന്‍റ് ചെയ്യാന്‍ അച്ചന്‍ അനുവാദം കൊടുക്കാതിരുന്ന ഒരേയൊരു പുസ്തകം അതാണ്. വരും തലമുറയ്ക്ക് അതു വായിക്കാന്‍ കിട്ടില്ല. "ഞാന്‍ മാത്രം ശരി" വാദങ്ങള്‍ പലയിടത്തും തെഴുക്കുകയാണല്ലോ. ഞാന്‍ പറയുന്നതിനപ്പുറത്ത് ഒന്നും മറ്റുള്ളവര്‍ സംസാരിക്കാനോ, കേള്‍ക്കാനോ ചര്‍ച്ച ചെയ്യാനോ പാടില്ലത്രേ. ആരാണു യഥാര്‍ത്ഥ ഇന്ത്യാക്കാരന്‍ എന്നു നരേന്ദ്രമോദി പറയുന്നകണക്ക് ആരാണു യഥാര്‍ത്ഥ വിശ്വാസി എന്നു പറയുന്നവര്‍ സഭയിലും കുറവല്ല. ഫെലിക്സച്ചന്‍ തന്‍റെ നിലപാടുകളിലെത്തിയത് ലോകത്തുള്ള അനേകം പണ്ഡിതരുടെ വീക്ഷണങ്ങള്‍ ഉറങ്ങാതിരുന്നു പരിശോധിച്ചും എല്ലാ ദിവസവും രാവിലെ നാലുമണിക്ക് അരമണിക്കൂര്‍ ഏകാന്തധ്യാനത്തി ലേര്‍പ്പെട്ടും ബുദ്ധിയെക്കൊണ്ട് ഒരു ദാക്ഷിണ്യവുമില്ലാതെ പണിയെടുപ്പിച്ചുമാണ്. അദ്ദേഹത്തെ എതിര്‍ത്തവരില്‍ മിക്കവരും ഒരു ധ്യാനഗുരുവിന്‍റെ പ്രഭാഷണത്തിനോ, പത്താം ക്ലാസുവരെയുള്ള വേദപാഠക്ലാസുകളില്‍ കേട്ടതിനോ അപ്പുറത്തേക്കു പോകാന്‍ വേണ്ടി മെനക്കെടാന്‍ സാധ്യതയില്ലാത്തവരുമാണ്. ചില വിമര്‍ശനക്കൊടുങ്കാറ്റില്‍ അച്ചന്‍ ആടിയുലഞ്ഞെങ്കിലും ഒടുക്കം അതൊക്കെ വേരുകള്‍ ആഴ്ത്താനും പടര്‍ന്നുപിടിക്കാനും അദ്ദേഹത്തിനു കരുത്തേകുക തന്നെ ചെയ്തു. തന്‍റെ എഴുപത്തഞ്ചാമത്തെ വയസ്സില്‍ അച്ചനെഴുതിയ "What has Life Taught Me "എന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നു: "ഞാന്‍ നിശ്ശബ്ദത പുലര്‍ത്തിയിരുന്നെങ്കില്‍ എന്‍റെ ജീവിതം  കുറെക്കൂടി സുഗമമാകുമായിരുന്നു. പക്ഷേ അതിനുവേണ്ടിയല്ല ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഞാന്‍ ഉപരിപഠനം നേടിയത്. എന്‍റെ എഴുത്ത് എത്ര അലോസരം സൃഷ്ടിച്ചാലും എഴുതാതിരിക്കാന്‍ എനിക്കാവില്ല. എന്‍റെ രചനകളെ പിന്തുടരുന്ന ചിലരുടെ ജീവിതത്തിലെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് അവര്‍ എന്നോടു പറഞ്ഞത്."

തങ്ങളുടെ വൈകാരിക ഭാവത്തെ ആവുന്നത്ര മൂടിവയ്ക്കുക, സാധിക്കുമെങ്കില്‍ അങ്ങനെയൊന്നില്ലെന്നു നടിക്കുക ഇതൊക്കെ ആത്മീയമനുഷ്യര്‍ എന്നറിയപ്പെടുന്ന പലരുടെയും പുറംപൂച്ചുകളാണ്.  അത്തരം അസത്യങ്ങള്‍ക്കു കൂട്ടുനില്ക്കാന്‍ ഫെലിക്സച്ചനാകില്ലായിരുന്നു.  സ്ത്രീ സുഹൃത്തുക്കളുമായി ഗാഢമായ ബന്ധം താന്‍ സൂക്ഷിക്കുന്നുവെന്ന് തന്‍റെ വിദ്യാര്‍ത്ഥികളോടു പച്ചക്കു പറയാന്‍ മടിയില്ലാതിരുന്ന ഒരു ഗുരുവായിരുന്നു അദ്ദേഹം. കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മാത്രമാണു സ്നേഹമെന്നും സ്ത്രീയെ സ്പര്‍ശിക്കുന്നതു സ്നേഹമല്ലെന്നുമുള്ള വാദഗതികള്‍ പുസ്തകത്തിലും ജീവിതത്തിലും അച്ചന്‍ തള്ളിക്കളഞ്ഞു. സ്ത്രീകളുടെ സൗഹൃദം തേടിപ്പോകുകയും സ്വന്തം ശിഷ്യസമൂഹത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും ചെയ്ത നസ്രായനെ ധ്യാനിച്ചതുകൊണ്ടാകണം സ്ത്രീയെക്കുറിച്ചും സന്ന്യാസത്തിലുണ്ടാകേണ്ട ആണ്‍-പെണ്‍ സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ അച്ചന്‍ പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരുന്നത്. പരസ്പരപൂരകങ്ങളായ ലിംഗവിവേചനങ്ങളില്ലാത്ത സൗഹൃദങ്ങളാണ് ആരോഗ്യപരമായ ഒരു ജനതയ്ക്ക് രൂപം കൊടുക്കുന്നതെന്നും ആത്മബന്ധമുള്ള സൗഹൃദങ്ങള്‍ ഒരു വ്യക്തിയുടെ പൂര്‍ണതയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പഠിപ്പിച്ചു. സ്ത്രീ-പുരുഷ സൗഹൃദങ്ങളെ മഞ്ഞക്കണ്ണാടിയിലൂടെ മാത്രം കണ്ടിരുന്ന ഒരു സമൂഹത്തില്‍ ഗാഢമായ ആത്മബന്ധങ്ങളുടെ പ്രസക്തിയെ ഊന്നിപ്പറയുകയും Companionship എന്നത് വര്‍ണവര്‍ഗലിംഗവിവേചനങ്ങള്‍ക്ക് അതീതമാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തതാണ് ഫെലിക്സച്ചന്‍റെ മൗലികമായ സംഭാവന. തന്‍റെ ശിഷ്യസമൂഹത്തില്‍ അച്ചന്‍ ചെലുത്തിയ സ്വാധീനം ഏറ്റവും സരളമായി പറഞ്ഞത് അധ്യാപികയും വീട്ടമ്മയുമായ ഒരുവളാണ്. അവരുടെ വാക്കുകള്‍:

"ശെമ്മാശന്മാരെ സ്ത്രീകളുടെ കണ്ണുകളില്‍ നോക്കാന്‍ പഠിപ്പിച്ചയാളാണ് ഫെലിക്സച്ചന്‍."

ഫെലിക്സച്ചന്‍ തന്നെത്തന്നെ നിര്‍വചിക്കുന്നത് ഒരു ഫ്രാന്‍സിസ്കന്‍ വൈദികന്‍ എന്നാണ്. തന്‍റെ ഉടയവനുമായുള്ള ഗാഢമായ ബന്ധത്തില്‍നിന്ന് ഉറപൊട്ടിയതാണ് അച്ചന്‍റെ എല്ലാ അന്വേഷണങ്ങളും ക്ലാസുകളും എഴുത്തുകളും. അവയ്ക്കൊക്കെ അംഗീകാരമെന്നവണ്ണം 1988 മുതല്‍ '97 വരെ Association of moral theology of India യുടെ പ്രസിഡന്‍റായും 15 കൊല്ലം ജീവധാരയുടെ സെക്ഷണല്‍ എഡിറ്ററായും അച്ചന്‍ വര്‍ത്തിച്ചു. അപ്പോഴും ഒരു ഫ്രാന്‍സിസ്കന്‍ ശൈലി അഭംഗുരം അദ്ദേഹം സൂക്ഷിച്ചു. പുസ്തകങ്ങളല്ലാതെ മറ്റൊന്നുമില്ലായിരുന്നു അദ്ദേഹത്തിന്‍റെ മുറിയില്‍. കോട്ടഗിരിയിലുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ പ്രൊഫസറായി ജോലി ചെയ്യുമ്പോള്‍ തന്നെ മിക്കദിവസവും മണിക്കൂറുകള്‍ നിന്ന് വിറകു കീറുമായിരുന്നു. ഒന്നരക്കൊല്ലം രോഗശയ്യയില്‍ കിടന്നപ്പോഴും ഒരു പരാതിയുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. കൂടെയുള്ള സഹോദരന്മാരില്‍ നിന്നും കിട്ടുന്ന ചെറിയ സഹായങ്ങള്‍ക്കുപോലും നന്ദി പറഞ്ഞ്, അവര്‍ക്കു താനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച്, ശാന്തതയോടെ, സാവധാനം അദ്ദേഹം വിടവാങ്ങിക്കൊണ്ടിരുന്നു. ചെങ്ങളത്ത് പ്രകൃതിചികിത്സയിലായിരിക്കേ കൂട്ടത്തിലുള്ള സഹോദരനോട് അച്ചന്‍ പറഞ്ഞു: "ഞാനൊന്നും കാര്യമായി ചെയ്തതായി തോന്നുന്നില്ല." അസ്സീസിയിലെ ഫ്രാന്‍സിസ് മരണക്കിടക്കിയില്‍ കിടന്നുകൊണ്ട് ഏകദേശം ഇതേ വാക്കുകളാണ് പറഞ്ഞത്: "സഹോദരന്മാരേ, നമ്മളൊന്നും ചെയ്തിട്ടില്ലല്ലോ. വരൂ, നമുക്കാരംഭിക്കാം." എത്ര സ്നേഹിച്ചാലാണ് സ്നേഹം സ്നേഹിക്കപ്പെടുന്നത്, അല്ലേ? എത്ര അലഞ്ഞാലാണ് ഒരാള്‍ക്കു ഫ്രാന്‍സിസാകാന്‍ പറ്റുന്നത്? എത്ര മുറിവേറ്റാലാണു ഒരാള്‍ക്കു ക്രിസ്തുവാകാന്‍ പറ്റുന്നത്?

വിശ്വപ്രസിദ്ധ ധാര്‍മിക ദൈവശാസ്ത്രജ്ഞനായ ബെര്‍നാര്‍ഡ് ഹെയറിംഗിന്‍റെ ശിഷ്യനായ ഡോ. ഫെലിക്സ് പൊടിമറ്റം ഒരിക്കല്‍ ഇങ്ങനെ കുറിച്ചു: "ഒരാളെഴുതിയ പുസ്തകങ്ങളുടെയും രൂപപ്പെടുത്തിയ തത്ത്വങ്ങളുടെയും പേരില്‍ മാത്രം അയാള്‍ ഓര്‍മ്മിക്കപ്പെട്ടാല്‍ മതിയെന്ന് ഇന്നെനിക്കു തോന്നുന്നില്ല. നാം ശരിക്കും ഓര്‍മ്മിക്കപ്പെടേണ്ടതു മറ്റുള്ളവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പേരിലാകണം." ഫെലിക്സച്ചാ, അങ്ങ് ഓര്‍മ്മിക്കപ്പെടും, ഞങ്ങളുടെ നൂറുകൂട്ടം സംശയങ്ങള്‍ക്ക് അങ്ങ് രാത്രികളെ പകലാക്കിയതിന്, കണ്ണുംപൂട്ടി ദൈവത്തെയും മനുഷ്യനെയും സ്നേഹിച്ചതിന്, ഞങ്ങളുടെ ശരാശരി ജീവിതങ്ങളെ നിരന്തരം പ്രചോദിപ്പിച്ചതിന്.

  അങ്ങേയ്ക്കു വിട, വീണ്ടും നാം കണ്ടുമുട്ടുന്നതുവരെ.


Featured Posts