

ഫോണിലൂടെയുള്ള സംസാരത്തില്‍നിന്നും പത്തോ പതിനഞ്ചോ വയസ്സുള്ള കുട്ടിയായിരിക്കും എന്ന് ഊഹിച്ചു. വളരെ ഭവ്യതയോടെ സ്തുതിയൊക്കെ ചൊല്ലിയതിനുശേഷം ആരോ പറഞ്ഞുകൊടുത്തു പറയിക്കുന്നതുപോലെ പേടിച്ചു പേടിച്ചായിരുന്നു സംസാരം. വിശ്രമ സമയമായിരുന്നതിനാല്‍ വലിയ തിരക്കില്ലായിരുന്നു. അതുകൊണ്ട് ഞാനങ്ങോട്ടു സംസാരിക്കാന്‍ തുടങ്ങി. പേരും സ്ഥലവും ചോദിച്ച്, എന്തുചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ എന്‍റെ ഊഹം ശരിയായിരുന്നു, പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയായിരുന്നു. സ്കൂളിനെപ്പറ്റിയും വീടിനെപ്പറ്റിയുമൊക്കെ ചോദിച്ചുപറഞ്ഞ് അവന്‍റെ ടെന്‍ഷന്‍ മാറ്റിയെടുത്തു.
വീട്ടിലുള്ളവരെപ്പറ്റിയൊക്കെ പറയാന്‍ അവനു വലിയ ഇഷ്ടമായിരുന്നു. എന്തിനാണു വിളിച്ചതെന്നു ചോദിച്ചപ്പോള്‍, അവന് ഏറ്റവും ഇഷ്ടം അവന്‍റെ വല്യവല്യപ്പനെയാണ്. അദ്ദേഹം പറഞ്ഞിട്ടാണു വിളിച്ചതെന്നായിരുന്നു മറുപടി. അപ്പന്‍ വിദേശത്തു ജോലി ചെയ്യുന്നു. അപ്പന്‍റെയപ്പന്‍ വല്യപ്പനാണു വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത്. ആ വല്യപ്പന്‍റെയും അപ്പന്‍റെ കാര്യമായിരുന്നു അവന്‍ പറഞ്ഞത്. പ്രായം ചോദിച്ചപ്പോള്‍ അവനറിയില്ല. ഒത്തിരി പ്രായമുണ്ടെന്നറിയാം. അങ്ങേരുടെ മുറിയില്‍നിന്ന് അമ്മയുടെ ഫോണിലാണു വിളിക്കുന്നത്.
സംസാരിക്കുന്നതിനിടയില്‍ അവന്‍ അടുത്തെവിടെയോ ഉണ്ടായിരുന്ന അമ്മയെ വിളിക്കുന്നതു കേട്ട ു. അമ്മയെത്തിയപ്പോള്‍ അവന്‍ അമ്മയ്ക്കു ഫോണ്‍ കൈമാറി. അവരു ഹോസ്പിറ്റലിലാണെന്ന് അപ്പോഴാണറിഞ്ഞത്. 93 വയസ്സുണ്ട് കാരണവര്‍ക്ക്. പ്രൈമറി സ്കൂള്‍ മാഷായിരുന്നു. കണ്ണിനും ചെവിക്കുമൊന്നും കുഴപ്പമൊന്നുമില്ല. പനിയായിട്ട് ആശുപത്രിയില്‍ വന്നതാണ്. കുറവായി വരുന്നു. ഇവരാണ് വല്യപ്പനു കൂട്ട്. വായനയാണിഷ്ടം. ആശുപത്രിയിലെ മുറിയില്‍ വായിക്കാന്‍ അസ്സീസി മാസിക കിട്ടി. അതിലെ ഇടിയും മിന്നലും വായിച്ചു. ഏതോ അച്ചന്‍റെ ശാപം ഭയന്ന് രോഗിയായ ഒരാളിനെപ്പറ്റിയായിരുന്നു ഞാനതിലെഴുതിയിരുന്നത്. അതുവായിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ അതെഴുതിയ എന്നെ കാണുകയോ മിണ്ടുകയോ ചെയ്യണമെന്നു അദ്ദേഹത്തിനു വലിയ ആഗ്രഹം.
അങ്ങനെ സിസ്റ്റേഴ്സിനോടു നമ്പര്‍വാങ്ങി എന്നെ വിളിച്ചതാണുപോലും. കൈ വിറയലുള്ളതുക ൊണ്ട് ഫോണ്‍ പിടിച്ചു സംസാരിക്കാന്‍ സാധിക്കില്ല. ഒത്തിരി ദൂരെയല്ലെങ്കില്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജുചെയ്തു പോകുന്നവഴി വന്നുകാണാനാണ് ആഗ്രഹം. കാണാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു വിളിച്ചത്. ബുദ്ധിമുട്ടേണ്ട, അടുത്തദിവസം തന്നെ ആ വഴി ഞാന്‍ ചെല്ലുന്നുണ്ട്, അപ്പോള്‍ ആശുപത്രിയില്‍ കയറാമെന്നുറപ്പുകൊടുത്തു. സത്യംപറഞ്ഞാല്‍ ഇങ്ങനെയുള്ളവരെ കിട്ടിയാല്‍ എനിക്കെഴുതാനുള്ളതെന്തെങ്കിലും വീണുകിട്ടുമല്ലോ എന്നോര്‍ത്തായിരുന്നു ഞാനാ ഔദാര്യം കാണിച്ചത്. ഏതായാലും നിരാശപ്പെടേണ്ടി വന്നില്ല.
അടുത്ത ദിവസം തന്നെ ഞാന്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ വല്യവല്യപ്പന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. മകന്‍റെ മകന്‍റെ ഭാര്യയും അടുത്തുണ്ടായിരുന്നു. ഫോണ്‍ വിളിച്ച അച്ചന് തന്നെയാണെന്നു പരിചയപ്പെടുത്തി. പെട്ടെന്ന് ഊണുകഴിച്ച് അങ്ങേരു റെഡിയായി. തീരെ ശോഷിച്ച ശരീരമുള്ള ഒരു കൊച്ചുമനുഷ്യന്‍. കണ്ടാല്‍ എന്നെക്കാളും ചെറുപ്പമാണെന്നുതോന്നും.
"അച്ചനിത്രപെട്ടെന്നു വരുമെന്നു പ്രതീക്ഷിച്ചില്ല. സത്യത്തില്‍ വല്യപ്പച്ചനിന്നലെ മുതല്‍ വഴിനോക്കിയിരിക്കുകയായിരുന്നു." ഫ്ളാസ്കില്‍ നിന്നും ഒരു ഗ്ലാസ് ചൂടുവെള്ളം എന്‍റെ മുമ്പില്‍വച്ചിട്ട് അവരു പറഞ്ഞു.
"എനിക്ക് അച്ചന്മാരോട് വലിയ സ്നേഹമൊന്നും ഒള്ളയാളല്ല കേട്ടോ അച്ചാ."
ചുമ കാരണം വളരെ വിഷമിച്ചാണ് അങ്ങേരു സംസാരിച്ചത്. അതുകൊണ്ടു പറയാന്‍വന്ന കാര്യങ്ങളു പലതും മരുമകളായിരുന്നു പറഞ്ഞു പൂര്‍ത്തിയാക്കിയത്. അച്ചന്മാരെ വിഷമിപ്പിച്ചാല്‍ ദൈവശിക്ഷയുണ്ടാകുമെന്നും അവരു ശപിച്ചാല്‍ അതു ഫലിക്കുമെന്നും മറ്റും പറയുന്നത് അന്ധവിശ്വാസമാണെന്ന് സ്വന്തം അനുഭവത്തില്‍നിന്നും പറയാനാണ് എന്നെ കാണാന്‍ ആഗ്രഹിച്ചതുപോലും.
"അദ്ധ്യാപകനായിരുന്ന കാലത്ത് പള്ളി പൊതുയോഗത്തില്‍ പള്ളിവക സ്കൂളിലെ ജീവനക്കാരനായിരുന്നിട്ടും വികാരിയച്ചനെ ചോദ്യം ചെയ്തതു വലിയ വിഷയമായി. അന്നൊക്കെ സാധാരണ വികാരിയച്ചന്‍ തീരുമാനിച്ചതു പറയാനും അറിയിക്കാനുമുള്ളതായിരുന്നു പൊതുയോഗം. മിക്കവാറും പറയാതെതന്നെ അച്ചന്മാരങ്ങു ചെയ്യുകയായിരുന്നു പതിവ്. ആരും ഒന്നും ചോദ്യം ചെയ്യാറുമില്ലായിരുന്നു. സ്കൂളില്‍ അടിയന്തിരമായി ചെയ്യേണ്ടിയിരുന്ന പലതിനെപ്പറ്റിയും മാനേജരെന്ന നിലയില്‍ അച്ചനെ അറിയിച്ചിരുന്നെങ്കിലും അതൊന്നും ചെയ്യാതെ സര്‍ക്കാരീന്നു സ്കൂളിനു കിട്ടിയ മെയിന്‍റനന്‍സ് ഗ്രാന്‍റ് മുഴുവന്‍ അച്ചന്‍ പള്ളിയാവശ്യത്തിനുവേണ്ടി ചെലവാക്കിയതിനെയായിരുന്നു ഇദ്ദേഹം ചോദ്യം ചെയ്തത്. അച്ചനെ അനുകൂലിച്ചും ഇദ്ദേഹത്തെ അനുകൂലിച്ചും യോഗക്കാര്‍ ഏറ്റുമുട്ടി. ഇതിനു ന്യായമായ തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ പുറത്തറിയിച്ച് പ്രശ്നമാക്കുമെന്ന് ഇദ്ദേഹം വെല്ലുവിളിച്ചതോടെ പ്രശ്നം മൂര്‍ഛിച്ചു. പള്ളിയേയും അച്ചനെയും എതിര്‍ത്താല്‍ ദൈവശാപമുണ്ടാകുമെന്നുവരെ യോഗത്തില്‍ പ്രഖ്യാപിച്ചവരുണ്ടായിരുന്നു. ഇദ്ദേഹമതു കാര്യമാക്കിയില്ല.
ശാപോം കോപ്പുമൊന്നും പേടിയില്ലെന്നും പറഞ്ഞ്, അന്നു ഞാന്‍ പോതുയോഗത്തില്‍ നിന്നിറങ്ങിപ്പോയി. പിറ്റത്തെ ഞായറാഴ്ച വികാരിയച്ചന്‍ എല്ലാ കുര്‍ബ്ബാനയുടെയും പ്രസംഗത്തില്‍ പേരെടുത്തു പറയാതെ എന്നെ ഭയങ്കരമായി ശപിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ സര്‍വ്വത്ര കോലാഹലം അച്ചനോടുപോയി ക്ഷമപറയാതെ എന്നെ വീട്ടില്‍കേറ്റുകേലെന്ന് അപ്പനുമമ്മയും. സന്ധ്യവരെ അതിലെയുമിതിലെയും നടന്നിട്ട് ഇരുട്ടിയപ്പോള്‍ പള്ളിമുറീച്ചെന്നു. അച്ചന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
ക്ഷമ ചോദിക്കാന്‍ ചെന്നതാണെന്നു പറഞ്ഞു. പരസ്യമായിട്ടാണ് അച്ചനെ അപമാനിച്ചത് അതുകൊണ്ടു പരസ്യമായിട്ടു തന്നെ മാപ്പു പറയണമെന്നച്ചന്‍ പറഞ്ഞു. ആരെയും അപമാനിക്കാനല്ല എതിര്‍ത്തതെന്നും അച്ചന്‍ ചെയ്തത് സര്‍ക്കാരിനോടു വഞ്ചനയും സ്കൂളിനോട് അനീതിയുമാണ് അതിനെയാണ് എതിര്‍ത്തതെന്നും പറഞ്ഞപ്പോള്‍ വീണ്ടും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോകാന്‍ അച്ചന്‍ പറഞ്ഞു. ഞാന്‍ ധര്‍മ്മസങ്കടത്തിലായി, ക്ഷമ ചോദിക്കാതെ വീട്ടില്‍കേറ്റത്തില്ല, കാരണം അല്ലെങ്കില്‍ എനിക്കുമാത്രമല്ല, വീടിനും കുടുംബത്തിനും ശാപമുണ്ടാകുമെന്നാണ് അപ്പന്‍ പറഞ്ഞത്.
'ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്നെനിക്കുറപ്പാണ്, എന്നാലും അച്ചനു വിഷമമുണ്ടായതില്‍ ക്ഷമിക്കണം' എന്നുപറഞ്ഞു ഞാന്‍ മുട്ടുകുത്തി. 'എഴുന്നേറ്റു പോടാ, നീ ഒരിക്കലും ഗുണംപിടിക്കത്തില്ലടാന്നൊരു പ്രാക്കും'. അതുകേട്ടപ്പോള്‍ എനിക്ക് അരിശോം വെറുപ്പും സങ്കടോം എല്ലാം കൂടെ വന്നു. എഴുന്നേറ്റു നിന്ന് ഞാനും ഒറ്റ ശാപമങ്ങുകൊടുത്തു. 'എന്നെ ശപിച്ച അച്ചന്‍റെ നാക്കു പുഴുത്തു പോകത്തെയുള്ളെന്ന്'. ചങ്കുപൊട്ടി പറഞ്ഞുപോയതാണ്. 'അതുകാണാന്‍ നീ ഇരുന്നിട്ടു വേണ്ടേ,' അച്ചന്‍റെ അടുത്ത പ്രാക്ക് ഞാന്‍ ഉടനെ തട്ടിപ്പോകുമെന്ന്. "അച്ചനെ അടക്കിയിട്ടേ ഞാന്‍ പോകൂ' എന്ന് അന്നേരത്തെ അരിശത്തിനു ഞാനും പറഞ്ഞു. അറിയാതെ പറഞ്ഞു പോയതാണ്. അപ്പോത്തന്നെ ഇറങ്ങിപ്പോന്നു. ഞാന്‍ നേരെ പള്ളീലെത്തി. അപ്പോഴേക്കും കപ്യാര് പള്ളിപൂട്ടിയിരുന്നു. കുരിശിന്‍ തൊട്ടിയിലെ മാതാവിന്‍റെ മുമ്പില്‍ചെന്ന് എന്‍റെമേല്‍ ശാപമുണ്ടെങ്കില്‍ മാറ്റിത്തരണമെന്നു പ്രാര്‍ത്ഥിച്ചു.
നേരെ വീട്ടിലേക്കുനടന്നു. നടന്നതെല്ലാം അതുപോലെ പറഞ്ഞു. ഞാന്‍ കാരണം കുടുംബം നശിക്കും എന്നെല്ലാവര്‍ക്കും പേടി. എന്നോട് എല്ലാവര്‍ക്കും വല്ലാത്ത അരിശവും. ഞാനതെല്ലാം വീട്ടില്‍ പറഞ്ഞതല്ലാതെ ഒരുത്തരോടും പറഞ്ഞില്ല. പക്ഷേ, ആരു പറഞ്ഞെന്നറിയില്ല, നാട്ടിലെല്ലാം അതു വാര്‍ത്തയായി. അന്നെനിക്കു 31 വയസ്സ്. ഇപ്പോള്‍ 93. എല്ലാവരും ഭയപ്പെട്ടതൊന്നും എനിക്കു സംഭവിച്ചില്ല. വല്ലപ്പോഴും വല്ല പനീം വരുന്നതല്ലാതെ സ്ഥിരം മരുന്നു കഴിക്കേണ്ട യാതൊരസുഖവും വന്നിട്ടില്ല. എന്‍റെ വീട്ടില്‍ ഒരനര്‍ത്ഥവും സംഭവിച്ചില്ല. എന്‍റെ മകന്‍റെ മകന്‍റെ മകനാണ് കഴിഞ്ഞദിവസം അച്ചനു ഫോണ്‍ ചെയ്തത്. സാധാരണ കുടുംബത്തിലൊക്കെയുണ്ടാകുന്ന അല്ലറചില്ലറ അലോരസങ്ങളല്ലാതെ വളരെ സമാധാനമാണ് എന്‍റെ കുടുംബത്തില്‍. ഇവരൊക്കെ എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്.
പക്ഷേ ഒന്നച്ചനു കേള്‍ക്കണോ, അന്നെന്നെ ശപിച്ച ആ അച്ചനുണ്ടല്ലോ, അവിടേന്നു പോയി അധികം കഴിയാതെ അദ്ദേഹത്തിനു നാക്കിനു ക്യാന്‍സര്‍ വന്നു. അറുപത്തേഴാം വയസ്സില്‍ മരിച്ചു. എന്‍റെ ശാപം ഫലിച്ചെന്നൊന്നും ഞാന്‍ പറയുന്നില്ല, കാരണം ഞാന്‍ ശപിച്ചില്ല, വേദനകൊണ്ടു പറഞ്ഞുപോയതായിരുന്നു. അച്ചന് അസുഖമാണെന്നു കേട്ടയുടനെ അപ്പനാണെന്നെ അറിയിച്ചത്. അച്ചനെ പോയി കാണണമെന്നും അപ്പന്‍ പ്രത്യേകം പറഞ്ഞു. ആരുമടുത്തില്ലാതിരുന്ന സമയംനോക്കി ഞാനച്ചനെച്ചെന്നു കണ്ടു. തീരെ അവശനായിരുന്നു.
കണ്ടയുടനെ ആദ്യമൊന്നു മുഖംതിരിച്ചു. ഞാന്‍ മൃദുവായി കൈയ്യിലൊന്നു തൊട്ടപ്പോള്‍ നാവുമുറിച്ചുമ ാറ്റിയിരുന്നതുകൊണ്ട് സംസാരിക്കാനാകാതെ എന്‍റെ കണ്ണിലേക്കു നോക്കി. ഞാന്‍ മുട്ടുകുത്തി അച്ചന്‍റെ കൈ എന്‍റെ തലയില്‍വച്ചു. എത്രനേരം അങ്ങനെ നിന്നെന്നറിയില്ല. അച്ചന്‍റെ കൈ ഊര്‍ന്ന് എന്‍റെ തോളിലേക്കുവിണപ്പോള്‍ ഞാനെഴുന്നേറ്റു. ഞങ്ങളു രണ്ടുപേരും കരഞ്ഞു. അക്ഷരം പോലും മിണ്ടാനാവാതെ സ്തുതിയും ചൊല്ലിപോന്നു. അച്ചന്‍റെ അടക്കിനും ഞാന്‍ പോയിട്ടുണ്ടായിരുന്നു.
ശാപോം പ്രാക്കുമൊന്നും ആരുടെയും കുത്തകയല്ലച്ചാ. ആരുമൊട്ടു ശപിക്കുകേം വേണ്ട, തെറ്റുചെയ്യാത്തവന്‍ നെഞ്ചുരുകി പറഞ്ഞാല്‍മതി. ഇടവകജനത്തിനു വേണ്ടി ജീവിച്ചിരുന്ന അച്ചന്മാരെയൊക്കെ തെറ്റില്ലാത്തവരും തെറ്റു പറ്റാത്തവരുമായിട്ടായിരുന്നു സാധാരണ വിശ്വാസികള്‍ കരുതിയിരുന്നത്. അതുകൊണ്ട് അവരെ വേദനിപ്പിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്ന സിംപിള്‍ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഏതായാലും നല്ല പ്രായത്തിലെ ആ അനുഭവത്തിനുശേഷം പള്ളീം അച്ചന്മാരുമായി ഞാന്‍ അടുക്കാന്‍ പോയിട്ടില്ല. ഞാന്‍ വല്യ യോഗ്യനാണെന്നു സ്ഥാപിക്കാനല്ല ഞാനിതെല്ലാം പറഞ്ഞത്. അച്ചനല്‍പം കൂടെ ചെറുപ്രായക്കാരനായിരിക്കുമെന്നായിരുന്നു ഞാനോര്‍ത്തത്. അതുകൊണ്ട് വല്ലവര്‍ക്കും പറഞ്ഞുകൊടുക്കാന്‍ ഉപകാരപ്പെടുമല്ലോന്നോര്‍ത്തായിരുന്നു പറയണമെന്നാഗ്രഹിച്ചത്."
"വയസ്സനാണെന്നു കരുതി തള്ളണ്ടാ, ഇനിയുമൊരങ്കത്തിനുള്ള ചെറുപ്പം ബാക്കിയുണ്ട്. അതറിയണമെങ്കില്‍ അസ്സീസി മാസിക വരുത്തുക, അടുത്തമാസത്തിലെ ഇടിയും മിന്നലും വായിക്കുക."
നെഞ്ചുപൊട്ടി പറഞ്ഞാല്‍മതി, ഇടിയും മിന്നലും
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക സെപ്റ്റംബർ 2025





















