

ലിയോ XIV മാർപാപ്പാ Dilexi Te (ദിലെക്സി തേ = ഞാൻ നിങ്ങളെ സ്നേഹിച്ചു) എന്ന പേരിൽ തൻ്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുകയാണ്. ലോകത്തിലെ ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരോടുള്ള സഭയുടെയും ലോകത്തിൻ്റെയും ഉത്തരവാദിത്തത്തെക്കുറിച്ചുമാണ് ലേഖനത്തിലെ പ്രധാന പ്രതിപാദ്യം. പ്രബോധന രേഖ വായിക്കാൻ സാവകാശം കിട്ടിയില്ല. ലിയോ പാപ്പാ വളരെ ധീരമായ നിലപാടുകൾ എടുത്തിട്ടുള്ളതായാണ് പ്രാഥമിക നിരീക്ഷണത്തിൽനിന്ന് മനസ്സിലാകുന്നത്. ഏതായാലും അതിന് മുന്നോടിയായി ഒന്നു രണ്ട് കാര്യങ്ങൾ പങ്കുവക്കണം എന്ന് തോന്നി.
ദരിദ്രരെ സംബന്ധിച്ച് ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ രണ്ട് പ്രധാന ഉൾക്കാഴ്ചകളുണ്ട്.
ദരിദ്രർ നമ്മുടെ അധ്യാപകരാണ് എന്നതാണ് അതിൽ ഒന്നാമത്തേത്.
1 ക്രിസ്തുവിൻ്റെ മനുഷ്യാവതാരത്തിൻ്റെ മുദ്രകൾ സ്വജീവിതത്തിൽ അവർ പേറുന്നു. കാലിത്തൊഴുത്തിലെ ജനനം മുതൽ കുരിശിലെ മരണം വരെ യേശു കടന്നുപോയ വഴികൾ നമുക്കുചുറ്റുമുള്ള ദരിദ്രരുടെ അനുദിനമുള്ള നടവഴികളാണ്.
2 അക്കാരണങ്ങളാൽത്തന്നെ സുവിശേഷങ്ങളെക്കുറിച്ചും ദൈവസ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനുള്ള വളരെ ഋജുവായ ഒരു മാർഗ്ഗം നമുക്ക് തുറന്നുതരുന്നത് ദരിദ്രരാണ്.
3 ദൈവാഭിമുഖ്യത്തിനായുള്ള ഒരു പ്രമുഖ മാർഗ്ഗമാണ് ദരിദ്രരുടെ ജീവിതത്തിൽ നാം കാണുന്ന മുറിവേല്ക്കപ്പെടാനുള്ള സാധ്യത (vulnerability). നാം നമ്മെത്തന്നെ വൾനറബ്ൾ ആക്കുമ്പോൾ ദൈവത്തോട് നാം ചേർന്നുവരുന്നതായി അനുഭവപ്പെടും.
4 നാം നമ്മിൽത്തന്നെ മതിയായവരാണ് (self-sufficient) എന്ന മിഥ്യാബോധം ചീന്തിയെറിയാൻ ദരിദ്രർ നമ്മെ സഹായിക്കുന്നു.
ഈവക കാരണങ്ങളാൽ നമുടെയെല്ലാം ആത്മീയ ഉപദേഷ്ടാക്കളും അധ്യാപകരുമാണ് ദരിദ്രർ.
ദരിദ്രർ നമ്മുടെ ആത്മീയ അധ്യാപകർ മാത്രമല്ല, അവർ നമ്മുടെ വിധിയാളർ കൂടിയാണ് എന്നതാണ് ദരിദ്രരെ സംബന്ധിക്കുന്ന രണ്ടാമത്തെ പ്രധാന ഉൾക്കാഴ്ച.
മത്തായിയുടെ സുവിശേഷം 25-ാം അധ്യായത്തിൽ യേശു സുദീർഘമായി അന്ത്യവിധിയെക്കുറിച്ച് പറയുന്നുണ്ട്. "എനിക്ക് വിശന്നു: നിങ്ങൾ എനിക്ക് ഭക്ഷണം തന്നില്ല; എനിക്ക് ദാഹിച്ചു: നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല; ഞാൻ നഗ്നനായിരുന്നു: നിങ്ങളെന്നെ ഉടുപ്പിച്ചില്ല..." എന്നിങ്ങനെ തുടരുന്നു കുറ്റാരോപണങ്ങൾ. ദരിദ്രരായിരിക്കും തത്സമയം വിളിക്കപ്പെടുന്ന സാക്ഷികൾ. ചുരുക്കത്തിൽ നമ്മുടെ വിധികർത്താക്കൾ ദരിദ്രരായിരിക്കും.
ഒരാൾ എത്രത്തോളം ക്രിസ്തുവിനെ ധരിച്ചിട്ടുണ്ട് എന്നതിൻ്റെ ഉരകല്ല് അയാൾക്കു മുന്നിലുള്ള ദരിദ്രർ തന്നെയാണ്. തിയറി പേപ്പർ വളരെ നന്നായി ചെയ്യാൻ കഴിയുന്നവർ പോലും പ്രാക്റ്റിക്കൽ പരീക്ഷയിൽ അമ്പേ പാളിപ്പോകുന്നു!





















