

നാം നമ്മുടെ ഭൂതത്തെ സ്വീകരിക്കണമോ വേണ്ടയോ? ഉദ്ദേശിക്കുന്നത്, നമ്മുടെ ഭൂതകാലത്തിലെ നമ്മുടെ വീഴ്ചകൾ ഏറ്റു പറയണമോ, അതിൽ പശ്ചാത്തപിക്കണമോ വേണ്ടയോ?
കത്തോലിക്കാ സഭയുടെ നടപ്പും പാരമ്പര്യവും അനുസരിച്ച് വ്യക്തിപരമായും സഭാസമൂഹം എന്ന നിലയിലും നാം നമ്മുടെ ഭൂതകാലത്തെ, വന്നുപോയ പിഴവുകളെ ഏറ്റെടുക്കുകയും അത് ഏറ്റുപറയുകയും, ക്ഷമായാചനം നടത്തുകയും, ഇനി ആവർത്തിക്കില്ല എന്ന് വാക്കുകൊടുക്കുകയും ചെയ്യാറുണ്ട്. വ്യക്തിപരമായി കുമ്പസാരങ്ങളിൽ ഒരാൾ ചെയ്യുന്നത് അതാണ്. സഭാ സമൂഹത്തിൻ്റെ തലവൻ എന്ന നിലയിൽ ജോൺപോൾ II പാപ്പാ 2000 -ാം ആണ്ടിൽ ചരിത്രത്തിൽ സഭ ചെയ്തിട്ടുള്ള തെറ്റുകൾക്ക് ലോകത്തോടും തമ്പുരാനോടും പരസ്യമായി മാപ്പപേക്ഷിച്ചു. തൻ്റെ മരണത്തിനു മുമ്പ് 2022-ാം ആണ്ടിൽ ബനഡിക്റ്റ് XVI പാപ്പാ, താൻ മ്യൂണിക്കിൻ്റെ മെത്രാപോലീത്തയായിരിക്കേ വൈദീകരുടെ ലൈംഗിക കുറ്റകൾ കൈകാര്യം ചെയ്ത രീതി തെറ്റിപ്പോയി എന്ന് ഏറ്റുപറയുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. ഫ്രാൻസിസ് പാപ്പായാകട്ടെ, ഓരോരോ മേഖലകളിൽ സഭയുടെ ഭാഗത്തുനിന്ന് വന്നുപോയിട്ടുള്ള പിഴവുകൾക്കും തെറ്റുകൾക്കും പലതവണ പരസ്യമായി മാപ്പപേക്ഷിച്ചിട്ടുണ്ട്.
എന്നാൽ, ലോകത്തിന്റെ രീതി ഇതിൽനിന്ന് വ്യത്യസ്തമാണ്. ഒരു ജനത എന്ന നിലയിൽ തങ്ങളുടെ ഭൂതകാലത്തെ ഏറ്റെടുക്കാൻ രാഷ്ട്രീയ സ്വത്വബോധം ഇന്ന് പല നാട്ടുകാരെയും ജനതകളെയും അനുവദിക്കുന്നില്ല.
എന്ന് മാത്രമല്ല, അവ സംഭവിച്ചിട്ടില്ല എന്ന നിലയിൽ നിരാകരിക്കുവാനും അവർ താൽപര്യം കാട്ടുന്നു. അത്തരം നിലപാടെടുക്കുന്ന ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ ഒരു ജനതക്കോ മുന്നോട്ടു പോകാൻ ആകുമോ?





















