top of page

തത്തമ്മ

Nov 13, 2025

1 min read

George Valiapadath Capuchin
Two vibrant green parrots with red beaks perched on a branch, surrounded by lush green foliage.

'ABCD' എന്ന മലയാള ചലച്ചിത്രം ഓർക്കുന്നില്ലേ? ഉത്തരവാദിത്തബോധമില്ലാതെ അമേരിക്കയിൽ വളർന്ന, കൂട്ടുകാരായ രണ്ട് മലയാളി യുവാക്കളെ അവരുടെ രക്ഷിതാവ് യാതൊരു സാമ്പത്തിക സുരക്ഷിത്വങ്ങളുമില്ലാതെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതാണ് ചിത്രത്തിൻ്റെ അടിസ്ഥാന പശ്ചാത്തലം. ഒരർത്ഥത്തിൽ ഒരു സർവൈവൽ മൂവിയാണത്. ഒട്ടും പരിചിതമല്ലാത്ത ദരിദ്രമായ സാഹചര്യങ്ങളിൽ ആ യുവാക്കൾ തങ്ങളുടെ അതിജീവന സാമർത്ഥ്യങ്ങൾ പുറത്തെടുത്ത് അമേരിക്കയിലേക്ക് തിരിച്ചു പോകുന്നതാണെന്നു പറയാം ചിത്രത്തിൻ്റെ പ്രമേയം. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, യാഥാർത്ഥ്യത്തിന്റെ അനുഭവങ്ങൾ തീരെ ഇല്ലാതെ വളർന്നു വന്നവർക്ക് അനുഭവങ്ങളുടെ കരുത്തുള്ള പേശികൾ സമ്മാനിക്കുന്നതാണ് നമുക്കുമുന്നിൽ വിരിയുന്ന കഥ.


പ്രസ്തുത തത്ത്വം ഏതു മേഖലയിലും പ്രസക്തമാണ്. കുട്ടികളുടെ ബോധനത്തിലും യുവതയുടെ പരിശീലനത്തിലും സന്ന്യസ്തരുടെയും സെമിനാരിക്കാരുടെയും അനുശീലനത്തിലും അത് സത്യമായിരിക്കും. യേശു തൻ്റെ ശിഷ്യർക്ക് നല്കിയ അനുശീലനത്തിൻ്റെ രീതിശാസ്ത്രവും അതു തന്നെയായിരുന്നു. കുറേ പാഠങ്ങൾ പറഞ്ഞു കൊടുക്കുക അഥവാ ക്ലാസ്സുകൾ കൊടുക്കുകയായിരുന്നില്ല അവിടന്ന് ചെയ്തത്. പാവപ്പെട്ടവരുടെ ചാളകളിലും മുക്കുവരുടെ വഞ്ചിയിലും ചുങ്കക്കാരുടെ വീടുകളിലും സമറായക്കാരുടെ പട്ടണങ്ങളിലും അവൻ ശിഷ്യരെ കൂട്ടിക്കൊണ്ടുപോയി. അവരിൽ നിന്നൊക്കെ സ്വീകരിക്കാനും തങ്ങൾക്കുള്ളത് അവർക്ക് നല്കാനും അവരെ ശീലിപ്പിച്ചു. വിശന്നുവലഞ്ഞ ഒരു ജനസഞ്ചയത്തിന് ഭക്ഷണം വിളമ്പാൻ മാത്രമല്ല സാബത്ത് ദിവസം വിശപ്പിൻ്റെ കാളലോടെ അവൻ അവരെ കൂടെ നടത്തുകയും ചെയ്തു. ഭക്ഷണവും പണവും എടുക്കരുതെന്ന നിർദ്ദേശത്തോടെ രണ്ടു പേരെ വീതം അവൻ പ്രസംഗിക്കാൻ പറഞ്ഞയച്ചു. മനുഷ്യരുടെ നന്മയിലാശ്രയിക്കാനും ഇല്ലായ്മയുടെ ആതിഥ്യം സ്വീകരിക്കാനും അവരെ പ്രാപ്തരാക്കി. രോഗത്തിൻ്റെ, ദാരിദ്ര്യത്തിൻ്റെ, അസ്വാതന്ത്ര്യത്തിൻ്റെ, ഒറ്റപ്പെടലിൻ്റെ, നഷ്ടത്തിൻ്റെ, മരണത്തിൻ്റെ, വേദനയുടെ മനുഷ്യരെ അവർ എല്ലാ ദിനവും കണ്ടു. അവർക്കുവേണ്ടി മനസ്സലിഞ്ഞു. തങ്ങൾക്കായി ദാനം കിട്ടിയ അഞ്ചപ്പവും രണ്ടു മീനും അവരെക്കൊണ്ട് ജനക്കൂട്ടത്തിന് നല്കിച്ചു. ചുരുക്കിപ്പറഞ്ഞാൽ ശിഷ്യരെ അവൻ വൾനറബ്ൾ ആക്കി.


അവൻ അവരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചില്ല. അവർ ആവശ്യപ്പെട്ടപ്പോഴാണ് പ്രാർത്ഥന പഠിപ്പിക്കുന്നത്. മനുഷ്യരുടെ വൾനറബിലിറ്റി കാണാനും കേൾക്കാനും അനുഭവിക്കാനും അനുദിനം അവൻ അവർക്ക് അവസരം നല്കി. അതെല്ലാം ഒന്നാം തലം മാത്രം. അതുകൊണ്ടുമാത്രം വലിയ പ്രയോജനമില്ല.


സ്നേഹം വൾനറബിലിറ്റിയാണ്.അടുത്തതായി, സ്വന്തം മാംസത്തിലും ജീവനിലും വൾനറബ്ൾ ആകുന്നത് എങ്ങനെയെന്ന് അവൻ്റെ ജീവിതത്തിൽ അവൻ അവർക്ക് കാട്ടിക്കൊടുത്തു. അതാണ് മാംസമാവുന്ന വൾനറബിലിറ്റി. മഹത്തായ രണ്ടാം തലം. ഈ രണ്ടാം തലമാണ് പ്രധാനം. ഈ രണ്ടാം തലത്തിൽ നിന്നേ മൂന്നാം തലത്തിലേക്ക് കടക്കാനാവൂ.


മരണത്തിന് അപ്പുറം പോകുന്ന - പോയി വരുന്ന -മഹിമയുടെ തലമാണ് മൂന്നാം തലം.


അനുഭവങ്ങൾ നല്കുന്നതാണ് യഥാർത്ഥ അനുശീലനത്തിൻ്റെ മാർഗ്ഗം. തത്തയെക്കൊണ്ട് "തത്തമ്മേ പൂച്ച പൂച്ച" എന്ന് പറയിക്കലല്ല അത് !

Recent Posts

bottom of page