top of page

ചിന്തനമാറ്റം

Apr 1

1 min read

ജോര്‍ജ് വലിയപാടത്ത്



യേശു പറഞ്ഞിട്ടുള്ള ഉപമകളെ ആധാരമാക്കി, ആത്മീയമായി ഏറ്റവും നെഗറ്റീവ് ആയ കഥാപാത്രം അവയിൽ ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള എന്റെ ഉത്തരം ധൂർത്ത പുത്രന്റെ ഉപമയിലെ 'മൂത്ത പുത്രൻ' എന്നായിരിക്കും. കഴിഞ്ഞൊരു ദിവസം കുറിച്ചതുപോലെ തൻ്റെ പിതാവിന്റെ സവിധത്തുനിന്ന് പുറപ്പെട്ടുപോകാത്ത ആളാണ് മൂത്ത പുത്രൻ. എല്ലാ നിയമങ്ങളും പാലിക്കുന്നവൻ. പിതാവിന്റെ വയലുകളിൽ അധ്വാനിക്കുന്നവൻ; സമ്പത്ത് നോക്കിനടത്തുന്നവൻ. ഭയമാണോ അയാളെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കുന്നത്? ഭയം കൂടി ആവാം. അയാൾ ഒരു നൈയാമികവാദിയാണ്. ചട്ടമനുസരിച്ച് പ്രവർത്തിക്കൽ മാത്രമാണ് അയാൾക്കെല്ലാം. അയാൾ പിതാവിനോടൊപ്പം വീട്ടിൽത്തന്നെ നിൽക്കുന്നതും, വയലിൽ പോയി അധ്വാനിക്കുന്നതും അയാൾക്ക് പിതാവിനോട് സ്നേഹം ഉള്ളതുകൊണ്ടല്ല. അയാൾ ആരെയും സ്നേഹിക്കുന്നില്ല. അയാൾ പിതാവിനെ സ്നേഹിച്ചിട്ടില്ല. അയാൾ തന്റെ സഹോദരനെ ഒരിക്കലും സ്നേഹിച്ചിട്ടില്ല. ചട്ടങ്ങളോടും ശീലങ്ങളോടും ഒരുതരം അടിമ-മനോഭാവമാണ് അയാൾക്കുള്ളത്. അതുകൊണ്ടുതന്നെ അയാൾ സ്വതന്ത്രനല്ല.


അയാൾക്ക് കൂട്ടുകാർ ഉണ്ടെന്നു പറയുന്നു. തന്നിലെ 'താൻ' തന്നെയാണ് മിക്കവർക്കും കൂട്ടുകാർ. ആ കൂട്ടുകാരോടൊപ്പം സൗഹൃദം ആഘോഷിക്കാൻ അയാൾ തൻ്റെ പിതാവിനോട് പണമോ ഒരു ആടിനെ പോലുമോ ഇന്നോളം ചോദിച്ചിട്ടില്ല. ചോദിക്കേണ്ട കാര്യമൊന്നുമില്ല. അയാൾക്കത് എടുക്കാവുന്നതേയുള്ളൂ. എന്നിട്ടും അയാൾ എടുത്തിട്ടില്ല. കാരണം അയാൾ സ്വതന്ത്രനല്ല. ചുരുക്കത്തിൽ സ്വാതന്ത്ര്യം ഉപയോഗിക്കാൻ അറിയാത്ത, സത്യത്തിൽ ആരെയും സ്നേഹിച്ചിട്ടില്ലാത്ത ഒരു നെഗറ്റീവ് കഥാപാത്രമാണ് അയാൾ.


ചുങ്കക്കാരെയും പാപികളെയും താൻ സ്വീകരിക്കുന്നു എന്നതിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തിയ ഫരിസേരോടും നിയമജ്ഞരോടുമായിട്ടാണ് യേശു ഈ ഉപമ പറയുന്നത്. സ്വത്തിനോടുള്ള സ്നേഹത്തിന്റെ പേരിൽ, ഘടനയോടുള്ള സ്നേഹത്തിന്റെ പേരിൽ, സമുദായത്തോടുള്ള സ്നേഹത്തിന്റെ പേരിൽ - ഒക്കെ നന്നേച്ചെറിയ പ്രശ്നങ്ങളെ പോലും ഊതിവീർപ്പിക്കുകയും വലിയ ക്ഷോഭപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ സഭയുടെയോ മതത്തിന്റെയോ വിശ്വസ്ത ശരീരമായി കാണുന്നത് തികച്ചും അബദ്ധമായിരിക്കും.


ആദ്യം സ്വാതന്ത്ര്യം ദുരുപയോഗിച്ചതിനു ശേഷം പതുക്കെയാണെങ്കിലും യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് വരുന്നവരാണ് ധൂർത്ത പുത്രർ. പരീക്ഷണങ്ങൾക്കും പിഴവുകൾക്കും ശേഷം സ്വാതന്ത്ര്യത്തിൽ എത്തിച്ചേരുന്നവർ തീർച്ചയായും അടിമകളല്ല. അവർ അന്വേഷണങ്ങൾ നടത്തുന്നവരാണ്; തങ്ങളിൽ നിന്ന് പുറത്തേക്ക് പോകുന്നവരുമാണ്. തെറ്റ് തിരുത്തലിന് അവർ ഒരുക്കമാണ് എന്നതിനാൽ അവരിൽ നല്ലൊരളവ് എളിമയുണ്ടാവും എന്നതും വ്യക്തം. അവർ ഓർമ്മകൾ സൂക്ഷിക്കുന്നവരാണ്; തിരിച്ചു നടക്കുന്നവരാണ്, ക്ഷമപറയുന്നവരുമാണ്. അക്കാരണങ്ങളാലും അതിനുമപ്പുറം, അപ്പനെ 'അപ്പാ' എന്ന് വിളിക്കുന്നതിനാലും അവരിൽ കുറച്ചെങ്കിലും സ്നേഹം ഉണ്ട് എന്നും നാം തിരിച്ചറിയുന്നു. അവരാണ് സഭ. അവരായിരിക്കണം സഭ / മതം. അവരായിരിക്കും ചരിത്രത്തെയും സമൂഹത്തെയും മുന്നോട്ട് കൊണ്ടുപോകുന്നവർ!


ധൂർത്ത മക്കൾക്ക് പുത്രിത്വവും പുത്രത്വവും നല്കാനും അവരുടെ തിരിച്ചുവരവ് ആഘോഷമാക്കാനും സഭകളും മതങ്ങളും ഇനിയെങ്കിലും ശീലിക്കണം. ഇന്നോളം നാം ചെയ്തുപോരുന്നത് അവരെ ദാസരായി കാണുക എന്നതുമാത്രമാണ്. സമ്പത്തിനെ മുഖ്യ മൂല്യമായി കരുതിയാൽ മച്ചികളും മച്ചന്മാരുമായ ഇപ്പറഞ്ഞ നൈയ്യാമികവാദികൾ തന്നെ വീട് ഭരിക്കും. കുടുംബം അവരിൽ അവസാനിക്കുകയും ചെയ്യും!

Apr 1

ജോര്‍ജ് വലിയപാടത്ത്

0

185

Cover images.jpg

Recent Posts

bottom of page