

യേശു പറഞ്ഞിട്ടുള്ള ഉപമകളിൽ ഒരുപക്ഷേ ഏറ്റവും പ്രശ്നജഡിലമെന്ന് എനിക്ക് തോന്നിയിട്ടുള്ള ഉപമ ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമയാണ്.
'രണ്ടു പേർ പ്രാർത്ഥിക്കാൻ ദേവാലയത്തിൽ പോയി: ഒരാൾ ഫരിസേയനും മറ്റെയാൾ ചുങ്കക്കാരനും.' എന്നു പറഞ്ഞാണ് യേശു ഉപമ ആരംഭിക്കുന്നത്. അവരുടെ ശരീരഭാഷകളെക്കുറിച്ച് സൂചിപ്പിച്ച ശേഷം അവർ ഇരുവരുടെയും പ്രാർത്ഥനകൾ ചുരുക്കം വാക്കുകളിൽ പറയുകയാണ് അവൻ. കുറേയധികം പ്രശ്നങ്ങൾ ഉള്ളതാണ് ഫരിസേയൻ്റെ പ്രാർത്ഥന. ചുങ്കക്കാരൻ്റേത് ഒറ്റവരി പ്രാർത്ഥനയായിരുന്നു. അവരുടെ പ്രാർത്ഥനയെ വിശകലനം ചെയ്യാൻ പോയാൽ ഏറെ പറയേണ്ടതായിവരും.
അതവിടെ നില്ക്കട്ടെ.
യേശുവിൻ്റെ കാലത്ത് ആരായിരുന്നു ചുങ്കക്കാരൻ?
യൂദയാ, ഇസ്രായേൽ എന്നിങ്ങനെ രണ്ടുരാജ്യങ്ങളായി തിരിഞ്ഞ യഹൂദ നാടിനെ ആക്രമിച്ച് കീഴടക്കി ഭരിക്കുകയായിരുന്നു വിദൂരസ്ഥമായ അന്യരാജ്യത്തിലെ ചക്രവർത്തി. അങ്ങനെയുള്ള അധിനിവേശ ജനതയായിരുന്നു റോമാക്കാർ. ചക്രവർത്തി നിശ്ചയിച്ച തലക്കരം യഹൂദരിൽ നിന്ന് പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുത്ത, യഹൂദർ തന്നെയായ വ്യക്തികളായിരുന്നു അക്കാലത്തെ ചുങ്കക്കാർ. പട്ടാളക്കാർ റോമൻ സൈനികർ തന്നെ ആയിരുന്നെങ്കിലും, ചുങ്കം പിരിക്കാനായി അവർ ഏർപ്പാടാക്കിയത് യഹൂദരെത്തന്നെയായിരുന്നു. യഹൂദരാകുമ്പോൾ അവർക്ക് സ്വന്തം നാട്ടുകാരെയും അവരുടെ ഭാഷയും അറിയാം. പിരിച്ചെടുക്കുന്ന യഹൂദരുടെ പണം അവിടെ ചെലവഴിക്കപ്പെടുന്നില്ല. പ്രാദേശിക വികസനത്തിന് ചെലവഴിച്ച വളരെ തുച്ഛമായ തുകയൊഴികേ ബാക്കി പണമത്രയും റോമിലേക്ക് കൊണ്ടുപോവുകയാണ്. സ്വന്തക്കാരുടെ പണം പിടിച്ചുപറിച്ചെടുത്ത് വിദേശികൾക്ക് കൈമാറുന്ന രാജ്യദ്രോഹികൾ. അതുകൊണ്ടുതന്നെ യഹൂദ മതനേതൃത്വം അവരെ കരിങ്കാലികൾ എന്നു വിളിച്ചു. അവരെ സാമൂഹിക ഭ്രഷ്ടരും മതഭ്രഷ്ടരുമാക്കി. എല്ലാവരാലും ചീത്തയായി പരിഗണിക്കപ്പെടാൻ തുടങ്ങിയപ്പോൾ അവർ കൂടുതൽ ചീത്തയായി. നിശ്ചിത തുകയക്കൊൾ കൂടുതൽ അവർ പിടുങ്ങാൻ തുടങ്ങി. മതം പുറത്താക്കിയപ്പോഴാണ് അവർ അത്രയും അഴിമതിക്കാരായത്. പണം ഉണ്ട്. എന്നാൽ സമൂഹത്തിൽ നിലയില്ല. ലൈംഗികത്തൊഴിലാളികളോടൊപ്പമാണ് സമൂഹം അവരെ എണ്ണിയത്. നോക്കൂ, അയാളാണ് യേശുവിൻ്റെ കഥയിലെ ചുങ്കക്കാരനായ നായകൻ.
എന്നാൽ, ആരാണ് ഫരിസേയൻ? പിടിച്ചുപറിക്കില്ല, അഴിമതി ചെയ്യില്ല. ഒരു ദൈവഭക്തൻ; സമുദായ സ്നേഹി; ദേശസ്നേഹി. സ്ഥിരമായി ദേവാലയത്തിൽ പോകും; ദൈവവചനം വായിക്കും; ഉപവസിക്കും; പ്രാർത്ഥിക്കും; ദാനധർമ്മം ചെയ്യും. ശരിക്കും ഒരു ആദർശവാൻ.
സാമ്പത്തികമായി ഒരുപക്ഷേ രണ്ടുപേരും ഒരേനിലയിലാണ്. ചുങ്കക്കാരനാണ് അല്പം മേല്ക്കൈ ഉണ്ടാകാൻ സാധ്യത! (അത്തരം ചിത്രങ്ങൾ ഒന്നും ലഭ്യമല്ല!). സ്ഥിരമായി ആഴ്ചയിൽ രണ്ടു ദിവസം ഉപവസിക്കുന്നതിനാൽ ഫരിസേയൻ ശരിക്കും മെലിഞ്ഞയാളും ചുങ്കക്കാരൻ തടിയും വയറുമൊക്കെ ഉള്ള ആളുമാകാം എന്ന് സങ്കല്പിക്കൂ. പക്ഷേ, രണ്ടുപേരും സാമൂഹികമായി രണ്ടറ്റത്തുള്ളവരാണ്. സമൂഹത്തിലെ ഏറ്റവും നല്ല വ്യക്തിയും ഏറ്റവും മോശം വ്യക്തിയും. എന്നിട്ടോ? കഥയുടെ പര്യവസാനമാണ് ഏറ്റവും പ്രശ്നം. "ഞാൻ നിങ്ങളോട് പറയുന്നു, ഇയാൾ ആ ഫരിസേയനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് മടങ്ങിപോയി" എന്നാണ് യേശു പറയുന്നത്. ഒരു വരി കൂടിയുണ്ട്. "എന്തെന്നാൽ തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും."
അതൊക്കെ സമ്മതിക്കാം. പക്ഷേ, അതിന് ഇങ്ങനെ രണ്ട് ഉദാഹരണങ്ങൾ കൊണ്ടുവന്നാൽ; ചുങ്കക്കാരനെ നായകനും ഫരിസേയനെ വില്ലനുമാക്കിയാൽ - ഇക്കാലത്താണെങ്കിൽ പോലും നമ്മളെന്തുപറയും?
സമൂഹത്തെ തകർക്കുന്നവൻ; അധാർമ്മികതക്ക് കൂട്ടുനില്ക്കുന്നവൻ; ഇരുട്ടിനെ വെളിച്ചം എന്നു പറയുന്നവൻ; സാമ്രാജ്യത്വത്തിന് ചൂട്ടുപിടിക്കുന്നവൻ; സമുദായത്തെ ഒറ്റുകൊടുക്കുന്നവൻ; കുലംകുത്തി; രാജ്യദ്രോഹി.
അതേയതെ. അങ്ങനെ വായിച്ചാൽ അതെല്ലാമായിരുന്നു യേശു!





















