ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
ജലന്തര്‍ രൂപതയുടെ മെത്രാന് ഫ്രാങ്കോ അദ്ദേഹത്തിന്റെ തന്നെ രൂപതയുടെ സന്ന്യാസിനീസമൂഹത്തിലെ ഒരു സന്ന്യാസിനിയെ ബലാല്‍സംഗം ചെയ്തു എന്ന കേസും അതേത്തുടര്ന്നുളള വിവാദങ്ങളും കേരള ക്രൈസ്തവ ജനതയുടെ മനസ്സിനെ വ്രണപ്പെടുത്തുകയും വിഭജിക്കുകയുമാണ്. ഈ കേസിന്റെ ഇര ഒരു സിസ്റ്ററാണ് എന്നാണു പറയുന്നത്. പക്ഷേ, മെത്രാന് താന്‍ നിരപരാധിയാണ് എന്ന് അവകാശപ്പെടുന്നു. ഒരേസമയം രണ്ടുപേരും ശരിയല്ല, ഒരാള്‍ പറയുന്നത് നുണയാണ്. അതു കന്യാസ്ത്രീയാണ് എന്നു കരുതുന്നവര്‍ ധാരാളമുണ്ട്, ധാരാളം കന്യാസ്ത്രീകളും അങ്ങനെ കരുതുന്നു. അതില്‍ കേരളത്തിലെ മെത്രാന്‍സമിതിയും ഉണ്ട് എന്നതാണു സമിതിയുടെ രണ്ടു പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, കന്യാസ്ത്രീകള്‍ സമരം നടത്തിയതിനെയും അതില്‍ പങ്കെടുത്തതിനെയും സഭാവിരുദ്ധ നടപടികളായി അവര്‍ കാണുന്നു. മെത്രാനാണ് ഇവിടെ ഇരയായി മാറിയിരിക്കുന്നത് എന്ന പ്രതീതിയും ജനിപ്പിക്കുന്നു. ഒരു സന്ന്യാസിനീസമൂഹത്തിന്റെ അധികാരി ഇതില്‍ അനുകൂലമോ പ്രതികൂലമോ ആയി നിലപാടുകള്‍ എടുക്കരുത് എന്ന് അംഗങ്ങളോടു പറയുന്നു.
ഹൈക്കോടതിയുടെ മുമ്പില്‍ നടന്ന സമരത്തിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ എനിക്കൊരു പങ്കുമില്ല. പക്ഷേ, അവിടെ പോയി എന്റെ നിലപാടു വ്യക്തമാക്കി. അതു സഭാവിരുദ്ധ നടപടിയായിരുന്നില്ല. നിലവിളിക്കുന്ന കന്യാസ്ത്രീകളുടെ നിലവിളി സമൂഹവും സഭയും കേള്‍ക്കണമെന്നും അവര്‍ക്കു നീതി നടത്തിക്കൊടുക്കണമെന്നും പറഞ്ഞു. 1990-ല്‍ ഗജ്റൗളയില് കന്യാസ്ത്രീകള്‍ മാനഭംഗപ്പെടുത്തപ്പെട്ടപ്പോള് സമരത്തിനിറങ്ങിയവരില്‍ ഞാനും ധാരാളം വൈദികരും സന്ന്യാസിനികളുമുണ്ടായിരുന്നു. ആ സമരത്തില്‍ മെത്രാന്മാരും പങ്കെടുത്തു. എത്രയേറെ സമരങ്ങള്‍ അങ്ങനെ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദങ്ങള്‍ ആയിരുന്നു.
ഇവിടെ മൗലികപ്രശ്നം സത്യം എന്താണ് എന്നതു മാത്രമല്ല എങ്ങനെ സത്യത്തിലേക്കു യാത്ര ചെയ്യാം എന്നതുമാണ്. വസ്തുതയും മനസ്സും തമ്മിലുള്ള യോജിപ്പിലാണു സത്യം എന്നു തോമസ് അക്വിനാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ വിവാദപരമാകുന്നതു രണ്ടു കക്ഷികളും പരസ്പര വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നു എന്നതിലാണ്. ആരോ നുണ പറഞ്ഞ് ആത്മവഞ്ചന നടത്തുന്നു. സൂസന്ന വ്യഭിചാരം ചെയ്തു എന്ന് ഉറപ്പാക്കി അവളെ കല്ലെറിയാന്‍ തുടങ്ങുമ്പോഴാണ് ഒരു ചെറുപ്പക്കാരന് ഇടപെട്ടത്. അയാളുടെ അധികാരം സ്ഥാനമാനങ്ങളുടെയായിരുന്നില്ല, സത്യത്തിന്റെ മാത്രമായിരുന്നു. സത്യം ജനം വിചാരിച്ചതായിരുന്നില്ല. ഡാനിയേല്‍ അന്വേഷിച്ചതു ജനഹിതമായിരുന്നുമില്ല. ഞാന്‍ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇര കന്യാസ്ത്രീയാണ് എന്ന നിലപാട് എടുത്തത്?
1. ഈ വിഷയം ജലന്തര്‍ രൂപതയില്‍ പുകയാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ നാലെങ്കിലുമായി. അതു പരിഹരിക്കുകയോ പരിഹരിപ്പിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്വം പ്രധാനമായും ആ രൂപതയിലെ മെത്രാന്റേതായിരുന്നു. അതു ചെയ്തില്ല; അതു വീഴ്ചയാണ് - ഉത്തരവാദിത്വരാഹിത്യമാണ്.
2. വിവാദപരമായിരിക്കുന്ന സിസ്റ്ററിനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയെന്നും അതു താന്‍ അന്വേഷിപ്പിച്ചു എന്നും ബിഷപ് ഒരു ചാനലില്‍ പറയുന്നതു കേട്ടു. ആരോപണം ശരിയാണ് എന്നു മനസ്സിലാക്കി എന്നും പറയുന്നു. അവര്‍ എന്നിട്ടും എന്തുകൊണ്ടു സന്ന്യാസസമൂഹത്തില്‍ തുടര്‍ന്നു എന്നതിന് ഉത്തരമില്ല. മാത്രമല്ല ഈ ആരോപണം അദ്ദേഹം 2018-ല്‍ പരസ്യമായി ചാനലില്‍ പറയുന്നു. ഇതു ഒരു വീഴ്ചയല്ലേ? ഇങ്ങനെയാണോ ഒരു സഭാദ്ധ്യക്ഷന് വ്യക്തികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്?
3. ഇരയായി എന്നു പറയുന്നവള്‍ വികാരി മുതല്‍ പല മെത്രാന്മാര്ക്കും നുണ്‍ഷ്യോയ്ക്കും പരാതി നല്കി. പ്രശ്നം ആരും ശ്രദ്ധിച്ചില്ല, പഠിച്ചില്ല, പരിഹാരമുണ്ടായില്ല. അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. ആരാണ് ഇതിന് ഉത്തരവാദി? എഴുപതു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ല. പ്രശ്നം മാധ്യമലോകം ഏറ്റെടുത്തു. കന്യാസ്ത്രീകള്‍ സമരപന്തലിലായി.
4. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം കുറ്റകൃത്യം നടന്നു എന്നുതന്നെയാണ്; ഫലമായി അറസ്റ്റും നടന്നു.
ഇങ്ങനെയൊരു പ്രശ്നത്തില്‍ കുറ്റത്തിന്റെ മാത്രമല്ല ധാര്‍മ്മികതയുടെ പ്രശ്നങ്ങളുമുണ്ട്. സഭയുടെ ഉള്ളില്‍ നടന്ന കാര്യങ്ങളുമാണ്. അതില്‍ കന്യാസ്ത്രീകളും അച്ചന്മാരും എങ്ങനെയാണു നിഷ്പക്ഷരാകുന്നത് എന്നതു മനസ്സിലാകുന്നില്ല. കാരണം നിഷ്പക്ഷത പക്ഷപാതമാകും. ഈ വര്‍ഷം ആഗസ്റ്റ് 20-ന് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയിലെ ലൈംഗിക പ്രതിസന്ധിയെ സംബന്ധിച്ചു പുറപ്പെടുവിച്ച "ദൈവജനത്തിനുളള എഴുത്ത്" എന്നതില്‍ എഴുതി:
"നിശ്ശബ്ദമാക്കാനും കുറ്റത്തില്‍ പങ്കുകാരാക്കുന്ന ഗൗരവതരമായ തീരുമാനങ്ങള്‍ അന്വേഷിക്കാനുമുള്ള എല്ലാ ശ്രമങ്ങളേക്കാള്‍ അവരുടെ നിലവിളി ശക്തമായിരുന്നു. കര്‍ത്താവ് ആ വിളി കേട്ടു. വീണ്ടും കര്‍ത്താവ് ഏതു ഭാഗത്തു നില്ക്കുന്നു എന്നു കാണിച്ചിരിക്കുന്നു."
ആ ഭാഗത്തു ഞാനും നിന്നു. നില്‍ക്കുമ്പോഴും കാലുകള്‍ വഴുതുന്ന മണ്ണിലാണ് എന്ന് എനിക്കറിയാം. വഞ്ചിതനാകാം. മറുവശത്തു കുറ്റംവിധികളും വെല്ലുവിളികളും ഉയരുന്നു. അവിടെയൊന്നും സംശയങ്ങള്‍ അശേഷമില്ല. ഈ സംശയരഹിതര്‍ നടത്തിയ അന്വേഷണവും സത്യം കണ്ടെത്തലും എന്തായിരുന്നു? അന്ധമായ വിശ്വാസമോ? പൊലീസിനെ അവര്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ഒരാളെ മെത്രാനായി ജലന്തറില്‍ പ്രതിഷ്ഠിക്കണമെന്നു നിര്‍ബന്ധം പിടിക്കണോ? അവരോട് അനുകമ്പ കാണിച്ചവരെ ശിക്ഷിക്കണമെന്ന വാശി വേണോ? ശരിയുടെയും തെററിന്റെയും നിശ്ചയങ്ങള്‍ സത്യത്തിന്റെ ആധികാരികതയില്‍ നിശ്ചയിക്കപ്പെടട്ടെ. സത്യത്തിന്റെ വഴി വേദനയുടെയും ദുഃഖത്തിന്റെയുമാണ്. അതു കുരിശിന്റെ വഴിയാണ് എന്നതാണു ക്രിസ്തീയത. അവന് സത്യത്തിന്റെ കുരിശിലാണു മരിച്ചത്. കണ്ണീരോടെ സത്യം കാണാനും സത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു നീങ്ങാനും കേരളസഭയ്ക്കു കഴിയട്ടെ. കോപവും കുറ്റാരോപണവും വെടിഞ്ഞു പശ്ചാത്താപത്തോടെ സത്യത്തിന്റെ അഗ്നിശുദ്ധിയില്‍ സഭ പവിത്രമാകട്ടെ.