ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
'അവധൂതരുടെ അടയാളങ്ങള്‍' എന്ന നോവലിലൂടെ ശ്രദ്ധേയയായ നിഷ അനില്‍കുമാറിന്റെ ഓര്‍മ്മപ്പുസ്തകമാണ് 'ജലംകൊണ്ട് മുറിവേറ്റവര്‍'. 'ഓര്‍ക്കാന്‍ ഒന്നുമില്ലെങ്കില്‍ ജീവിതം എത്ര വ്യര്‍ത്ഥം' എന്നതാണ് എഴുത്തുകാരിയുടെ നിലപാട്. തന്റെ ജീവിതവുമായ ബന്ധപ്പെട്ട ചില വ്യക്തികളെ ആര്‍ദ്രതയോടെ, സ്നേഹത്തോടെ ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരി. അഗാധമായ മനുഷ്യപ്പറ്റാണ് ഈ കുറിപ്പുകളെ സാന്ദ്രമാക്കുന്നത്. മുറിവേറ്റവരെ ചേര്‍ത്തുനിര്‍ത്തുന്ന നനവ് വാക്കുകളെ തഴുകി നില്ക്കുന്നു. ലോര്‍ക്കയുടെ കവിതയില്‍ നിന്നാണ് ജലംകൊണ്ടു മുറിവേല്ക്കാമെന്ന് നാമറിയുന്നത്.
'ഒരു പെണ്‍കുട്ടിക്ക് സ്വന്തമെന്നു പറയാന്‍ ഭൂമിയിലൊരിടവും ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് ഞാന്‍ അക്ഷരങ്ങളെ കൂട്ടുപിടിച്ചത്; ഭൂമിയില്‍ എനിക്കൊരിടം വേണമെന്ന ആഗ്രഹംകൊണ്ട്, ഞാനില്ലാതായ ശേഷവും എന്റെ അടയാളങ്ങള്‍ നിലനില്ക്കണമെന്ന അടങ്ങാത്ത ആഗ്രഹംകൊണ്ട്...' എന്ന് നിഷ കുറിക്കുന്നുണ്ട്. ഈ കുറിപ്പുകളില്‍ വന്നു നിറയുന്ന പെണ്‍ജീവിതങ്ങളാണ് എന്നത് യാദൃശ്ചികമല്ല. മുറിവുകളിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന സ്ത്രീജന്മങ്ങള്...
"നമ്മള് ചേര്‍ത്തുപിടിക്കുകയും നമ്മളെ ചേര്‍ത്തുപിടിക്കുകയും ചെയ്ത മനുഷ്യര്‍ക്ക് മാത്രമല്ല ഈ ഭൂഗോളത്തിലെ എല്ലാ മനുഷ്യാത്മാക്കളും മുറിവേറ്റവരാണെന്ന തിരിച്ചറിവാണ് മനുഷ്യനെ തികഞ്ഞ ജ്ഞാനികളാക്കുന്നത്" എന്ന് നിഷ വിശ്വസിക്കുന്നു. ചേര്‍ത്തുനിര്‍ത്തലിന്റെ ലാവണ്യമാണ് ഈ അക്ഷരങ്ങളെ ദീപ്തമാക്കുന്നത്. നമ്മുടെ കാലം ചേര്‍ത്തുനിര്‍ത്തലുകളുടെ വസന്തം സൃഷ്ടിക്കാന്‍ മടിക്കുന്നു. അപരത്വത്തെ അടയാളപ്പെടുത്താനും മാറ്റിനിര്‍ത്താനും ഉത്സാഹം കാണിക്കുന്ന കാലമാണിത്. എന്നാല്‍ ഈ എഴുത്തുകാരി സഹജവാസനയെന്നപോലെ ആരെയൊക്കെയോ തന്നോടണച്ചു പിടിക്കുന്നു. 'നമ്മളറിഞ്ഞതും അനുഭവിച്ചതും മാത്രമല്ല ജീവിതമെന്ന' തിരിച്ചറിവാണ് നിഷയെ വഴിനടത്തുന്നത്.
'കാഴ്ചയില്‍ നിന്നാണ് നാം കാഴ്ചപ്പാടിലേക്ക്' മുതിരുന്നത്. ചുറ്റും നോക്കിയാല്‍ കാഴ്ചകള്‍ ഉണ്ട്. അവയെ കാഴ്ചപ്പാടാക്കി വികസിപ്പിക്കുന്ന മനസ്സും ഹൃദയവും വേണമെന്നുമാത്രം. തന്റെ ജോലിസ്ഥലത്തു വച്ചാണ് എഴുത്തുകാരി ഇവിടെ അവതരിപ്പിക്കുന്ന കൂടുതല്‍ ആളുകളെയും കാണുന്നത്. 'പണമുണ്ടാക്കാന്‍വേണ്ടി മാത്രം ജോലി ചെയ്യുമ്പോള്‍ ആ ജോലിയില്‍ മനുഷ്യത്വം ഇല്ലാതായിപ്പോകും' എന്നതാണ് നിഷയുടെ ദര്‍ശനം. തന്റെ ജോലിയെ മനുഷ്യത്വത്താല്‍ പ്രകാശപൂരിതമാക്കാന്‍ ശ്രമിക്കുന്നവള്‍ ഇവിടെ മറ്റുള്ളവരുടെ മുറിവുകളെ തിരിച്ചറിയുന്നു.
ഓരോ വ്യക്തിയും വൃദ്ധയാകുന്നത് സ്നേഹവും പരിഗണനയും കിട്ടാതാവുമ്പോഴാണ്. ജീവിതത്തെ സുന്ദരമാക്കുന്നത് ഇവയെല്ലാമാണ് എന്ന് എഴുത്തുകാരിക്കറിയാം. 'ജീവിതത്തില്‍ തിരിച്ചുപിടിക്കാവുന്ന ചില ആത്മവിശ്വാസങ്ങള്‍, വാര്‍ന്നുപോയ ആ തിളക്കങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്ന് മിക്കവാറും പുരുഷന്മാര് എന്തുകൊണ്ടോ മനസ്സിലാക്കാറില്ല' എന്ന സത്യം നിഷ കുറിക്കുന്നുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്ക്കാന് ആഗ്രഹിക്കുന്നവള്‍ കൂടിയായി സ്ത്രീ മാറുന്നുണ്ട്. സുമിയുടെ 'എനിക്ക് നിങ്ങളെ വിശ്വാസമാണ്' എന്ന വാക്കുകള്‍ നല്കിയ ആത്മവിശ്വാസവും കരുത്തും എഴുത്തുകാരി ഓര്‍ക്കുന്നുണ്ട്. 'ജീവിതകാലത്ത് അന്നോളം കേട്ട ഏറ്റവും മനോഹരമായ വാക്കുകളായിരുന്നു അത്. വിശ്വാസം എന്ന വാക്കിനെ കാഴ്ചയുമായി ബന്ധിപ്പിക്കരുതെന്ന് ഞാന്‍ പഠിച്ചത് അന്നാണ്' എന്നു നിറമനസ്സോടെ കുറിക്കുന്നത്.
ഓരോ സൗഹൃദവും പുതിയ ഒരുപാടു മനുഷ്യരിലേക്കുള്ള യാത്രയാണെന്നാണ് നിഷയുടെ അഭിപ്രായം. അങ്ങനെയാണ് നാം വളരുന്നത്, നമ്മുടെ ലോകം വിശാലമാകുന്നത്. ദീപയുമായുള്ള സൗഹൃദത്തെ അപ്രകാരമാണ് എഴുത്തുകാരി കാണുന്നത്. തന്റെ ജോലിസ്ഥലത്തെ ചങ്ങാതി ആത്മാവിന്നയല്ക്കാരിയായി മാറുന്നു. ജോലിയില്‍ കാണിക്കുന്ന അന്തസ്സും മര്യാദയുമെല്ലാം ലോകത്തെ മനോഹരമാക്കാന്‍ ഉപകരിക്കുന്നതാണെന്ന് നാമറിയുന്നു. ആരൊക്കെയോ നമ്മെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍, നാം മറ്റുള്ളവരെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍, ലോകവും ജീവിതവും ചേതോഹരമാണെന്നു തോന്നും. ലോകത്തെ അസുന്ദരമാക്കുന്നത് സ്നേഹരാഹിത്യമാണെന്ന തിരിച്ചറിവും കൂട്ടത്തില്‍ ഉണ്ടാകുന്നു.
ചില വ്യക്തികള്‍ 'വഴിവിളക്കുകളാ'ണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ചെറിയ കര്‍മ്മങ്ങളിലൂടെ അവര്‍ വലിയ പ്രകാശലോകം തുറക്കുന്നു. അത് നമ്മുടെ സ്നേഹത്തിന്റെ വെളിച്ചമാണ്. അച്ചനെക്കുറിച്ചും കാളിമൂപ്പത്തിയെക്കുറിച്ചുമുള്ള നിഷയുടെ ഓര്‍മ്മകള്‍ ദീപ്തമാകുന്നത് ഇത്തരത്തിലാണ്. ' അറിവിന്റെ നിലവിളക്കുകള്‍ ഹൃദയത്തില്‍ കൊളുത്തിവയ്ക്കുകയും അനേകംപേര്‍ക്ക് വെളിച്ചമേകുകയും ചെയ്തു എന്നാണ് നിഷ എടുത്തുപറയുന്നത്. ചില മുദ്രകള്‍ മനസ്സില്‍ നിന്ന് മായാത്തത് അവയില്‍ നന്മയുള്ളതുകൊണ്ടാണ്; സ്വാര്‍ത്ഥത തീണ്ടാത്തതുകൊണ്ടാണ്.
'സങ്കീര്‍ത്തനം പോലെ ഒരു മനുഷ്യന്' എന്നാണ് പെരുമ്പടവം ശ്രീധരനെ ഗ്രന്ഥകാരി വിശേഷിപ്പിക്കുന്നത്. ഒരു സങ്കീര്‍ത്തനത്തിലൂടെ വളര്‍ന്ന ഇഷ്ടം നേരില്‍ക്കണ്ടപ്പോള്‍ കൂടുകയാണ്. പുസ്തകങ്ങളുടെ ഗന്ധം ജീവിതത്തെ സുഗന്ധപൂരിതമാക്കിയ കാലത്ത് മനസ്സില്‍ ഇടംനേടിയ എഴുത്തുകാരനെ നേരില്‍ക്കണ്ട സന്ദര്‍ഭം ഹൃദ്യമായി നിഷ ആവിഷ്കരിക്കുന്നു. "നിര്‍ലോഭം സ്നേഹവാത്സല്യങ്ങള്‍ നല്കിയ ഈ മനുഷ്യനല്ലാതെ മറ്റാര്‍ക്കാണ് ഹൃദയത്തിന്റെ അടയാളങ്ങള്‍ പതിയുംവിധം കഥകളും നോവലുകളും എഴുതാന്‍ സാധിക്കുക!" എന്നാണ് എഴുത്തുകാരി പറയുന്നത്.
"...അന്നുമുതല്‍ കണ്ടതും അറിഞ്ഞതുമായ ഓരോ സ്ത്രീയും ഓരോ അനുഭവമായിരുന്നു. ജീവിതമെന്ന പാഠശാലയിലേക്ക് കടന്നുവന്ന മഹാവിസ്മയങ്ങള്‍". തന്റെ ജീവിതത്തിലേക്ക് കടന്നുവന്നവരില്‍ നിന്ന് പഠിച്ച പാഠങ്ങളാണ് ഈ കുറിപ്പുകളെ അനുഭവവേദ്യമാക്കുന്നത്. 'വെറുപ്പിന്റെ രാഷ്ട്രീയം' തിരിച്ചറിയുന്ന എഴുത്തുകാരിയെ രൂപപ്പെടുത്തിയത് 'സൗന്ദര്യത്തെക്കുറിച്ചുള്ള പഠിപ്പാണ്'. "സൗന്ദര്യംകൊണ്ടല്ല, വ്യക്തിത്വവും നന്മയുംകൊണ്ടുമാത്രമേ മനുഷ്യര്‍ക്കും മനുഷ്യരോട് ഇഷ്ടം തോന്നൂ എന്ന തിരിച്ചറിവാണ് അന്നുമുതല്‍ കാഴ്ചയെ അര്ത്ഥമുള്ളതാക്കിയത്" എന്ന് നിഷ കുറിക്കുന്നു.
സ്നേഹിക്കാതെ പോയ എന്റെ സ്നേഹ'ങ്ങളുടെ കാര്യത്തിലാണ് ഈ എഴുത്തുകാരി ഖേദിക്കുന്നത്. 'സ്നേഹത്തെക്കുറിച്ചും ആശയെക്കുറിച്ചും പറയുമ്പോള്‍ ജീവിതത്തില്‍ ഒഴിവാക്കിക്കളഞ്ഞ മനുഷ്യരെക്കുറിച്ച് ഇടക്കെങ്കിലും ഓര്‍ക്കണം!, എന്നു കൂടി എഴുത്തുകാരി ഓര്‍മ്മിപ്പിക്കുന്നു. കണ്ണില്‍നിന്നു വീണ കണ്ണീര് ഹൃദയത്തില്‍ വീണു പൊള്ളുന്നത് ഈ കരുതല്‍ ഉള്ളതുകൊണ്ടാണ്. 'പ്രപഞ്ചം ഓരോ മനുഷ്യനുവേണ്ടിയും കരുതിവയ്ക്കുന്ന കരുണയുടെ പേരുകൂടിയാണ് പ്രണയം' എന്നു വിശ്വസിക്കുന്നവള്ക്ക് ഇങ്ങനെയേ പ്രവര്‍ത്തിക്കാനാവൂ.
ഓര്‍മ്മയുടെ ഈ വാക്കുകള്‍ പ്രകാശമുള്ളതാകുന്നത് വാക്കുകളില്‍ നിറയുന്ന മനുഷ്യത്വംകൊണ്ടാണ്; കരുതല്‍കൊണ്ടും സ്നേഹംകൊണ്ടുമാണ്. മനസ്സുകളില്‍ മരുഭൂമി പടരുന്ന കാലത്ത് നനവിന്റെ സന്ദേശമാണ് നിഷയുടെ കുറിപ്പുകള്‍ നല്‍കുന്നത്. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും വഹിക്കുന്ന ഭാരങ്ങള്‍ നാം കാണാതെ പോകുന്നു. എല്ലാവരെയും കുറെക്കൂടി ആഴത്തില്‍ കാണാന്‍ നിഷ പ്രചോദിപ്പിക്കുന്നു. "ഈ പുതിയ പുസ്തകം ഞാന്‍ തൊട്ട കുറെ മനുഷ്യരുടെ ജീവിതമാണ്. കഥയാക്കി മാറ്റാന്‍ പറ്റാതെ ജീവിതത്തോട് പറ്റിച്ചേര്ന്നിരിക്കുന്നവരുടെ കഥകള്‍. ഇവരൊക്കെച്ചേര്‍ന്നാണ് എന്നെ എഴുതാന്‍ പഠിപ്പിച്ചത്. നിങ്ങളോടുള്ള നന്ദിയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍" എന്നു പറയുന്ന എഴുത്തുകാരി നമ്മിലേക്ക് നനവിന്റെ ഒരു ലോകം പകരുന്നു.