

"പരിച്ഛേദനം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം." (ഗലാ. 6:15).
ഈയൊരൊറ്റ വാക്യത്തിന്റെ വ്യാപ്തിയും പ്രഹര ശേഷിയും എത്രയെന്ന് ഊഹിച്ചിട്ടുണ്ടോ?
ഒന്നാം നൂറ്റാണ്ടിൽ യഹൂദമതത്തിൽ നിന്ന് ക്രിസ്തു വിശ്വാസം സ്വീകരിച്ച യഹൂദ-ക്രൈസ്തവരോടാണ് പൗലോസിൻ്റെ ഈ പ്രസ്താവം. യഹൂദ മതത്തിൽ ജനിച്ച്, ഇത്രത്തോളം മതം പാലിച്ച് വന്നവരെ സംബന്ധിച്ചിടത്തോളം, പരിഛേദനം എന്നത് മതത്തിലേക്കുള്ള കേവലം ഒരു പ്രവേശന കർമ്മം മാത്രമായിരുന്നില്ല. അവർക്കത് രക്ഷയായിരുന്നു, ഒരാളിലെ പവിത്രതയുടെ അടയാളമായിരുന്നു, ജീവൻ്റെ അച്ചാരമായിരുന്നു. പരിഛേദനത്തിൻ്റെ അഭാവത്തിൽ ഒരാൾ വിജാതീയമായിരുന്നു, പ്രൊഫെയ്ൻ ആയിരുന്നു. തങ്ങൾ അംഗങ്ങളായ സമൂഹവുമായി ഏതെങ്കിലും വിധത്തിലുള്ള ചാർച്ചയോ ഉൾച്ചേരലോ സാധ്യമാക്കുന്ന രഹസ്യമുദ്രയായിരുന്നു അത്.
അത്തരം ഒരു സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് പൗലോസ് പറയുന്നത്, "പരിഛേദനം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല" എന്ന്. അത്രകണ്ട് അപ്രധാനമാണത് എന്നാണയാൾ പറഞ്ഞുവക്കുന്നത്. അവരുടെ ജീവിതത്തിന്റെ ആണിക്കല്ലുതന്നെ അപ്രധാനമാക്കിക്കളയുകയാണ് അയാൾ. പിന്നെ, എന്താണ് പ്രധാനമായിട്ടുള്ളത്? "ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം." ഒരു "പുതിയ സൃഷ്ടിയാവുക" എന്ന് പൗലോസ് പറയുമ്പോൾ, 'ക്രിസ്തുവിൽ ആകുക' എന്നുതന്നെയാവണം അതിനർത്ഥം. ("ക്രിസ്തുവിൽ ആയിരിക്കുന്നയാൾ ഒരു പുതിയ സൃഷ്ടിയാണ്" -2 കോറി. 5:17).
നമ്മുടെ കാലത്ത് ഈ വചനത്തിന് സമാന്തരങ്ങൾ ഉണ്ടാക്കിയാൽ, അപ്പോഴറിയാം ഈ പ്രസ്ഥാവത്തിൽ ഉള്ളടങ്ങിയ വിപ്ലവാത്മകത!
'ക്രിസ്ത്യാനിയായോ ഇല്ലയോ എന്നതിൽ വലിയ കാര്യമില്ല. ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം'
'ഈ സഭാപാരമ്പര്യം പിന്തുടരുന്നോ ആ സഭാപാരമ്പര്യം പിന്തുടരുന്നോ എന്നതിൽ കാര്യമില്ല. ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം'
-എന്നും മറ്റും വായിച്ചാലോ?!





















