ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4
"നിനക്കെന്നോട് അത്ര താല്‍പര്യമില്ലെന്ന് എനിക്ക് തോന്നുന്നുണ്ട്. പലകാര്യങ്ങളിലും നിന്ന് ഞാനത് മനസ്സിലാക്കുന്നു.... പക്ഷേ, ഒരു കാര്യം നീ മനസ്സിലാക്കണം. ഞാനാണ് നിന്‍റെ ഉടമ.... ഞാനാണ് നിനക്കു വേണ്ടി പണം മുടക്കിയത്, ഇപ്പോഴും വേണ്ടിവന്നാല്‍ അങ്ങനെ തന്നെയാണ്... അതു ഞാന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണമാണ്... ഗതികെട്ടൊരു അവസ്ഥയില്‍ നിന്ന്, വളരെ കുലീനവും സമൃദ്ധവുമായ ചുറ്റുപാടില്‍ ഗാംഭീര്യത്തോടും ഭംഗിയോടും കൂടി നീ നിലകൊള്ളുന്നത് എന്‍റെ പണം കൊണ്ടാണ്. പക്ഷേ, നീയത് മറന്നു പോയോ എന്നെനിക്ക് സംശയമുണ്ട്... നിനക്കെന്നോടു തീരെ മര്യാദയില്ല, വകവയ്പില്ല, എന്നെക്കാണുമ്പോള്‍ നിനക്കത്ര സന്തോഷമില്ല; എന്നെ സ്വീകരിക്കുമ്പോള്‍ നിനക്കൊരു തെളിമയില്ല...
ഇടയ്ക്കൊക്കെ, നീയെന്നെ ഒറ്റപ്പെടുത്തുന്നു... ചിലപ്പോള്‍ നീയെന്നെ ഭയപ്പെടുത്തുക വരെ ചെയ്യുന്നുണ്ട്... വല്ലാത്ത ബോറിങ്ങ് മാത്രമാണ് നീയെനിക്കായി ഇപ്പോള്‍ കരുതി വയ്ക്കുന്നത്...
പക്ഷേ, ചിലരൊക്കെ വരുമ്പോള്‍, ... അതെ, അങ്ങനെ തന്നെ പറയുകയാണ്. ചിലര്‍ വരുമ്പോള്‍ നീ കുറേക്കൂടി കുലീനമായും പ്രകാശിതമായും നിലകൊള്ളുന്നുണ്ടല്ലോ... നിനക്കപ്പോള്‍ സന്തോഷമുണ്ടെന്ന് നിന്‍റെ ഐശ്വര്യം കാണുമ്പോള്‍ അറിയാം... അപ്പോള്‍ നിനക്കത് അറിയാഞ്ഞിട്ടല്ല, എനിക്കു മനസ്സിലാകുന്നില്ല, സത്യത്തില്‍ നീ എന്നെയല്ലേ ഏറ്റവും സ്നേഹിക്കേണ്ടത്..? എന്നെക്കുറിച്ചല്ലേ സന്തോഷിക്കേണ്ടത്..? പക്ഷേ, നീ അങ്ങനെയല്ല, എനിക്കറിയാം, എന്താ നീ ഒന്നും മിണ്ടാത്തത്?...."
അപ്പോള്‍ മറുപടി അയാള്‍ ഇങ്ങനെ കേട്ടു.
"കൊള്ളാം, നിങ്ങള്‍ക്ക് പ്രായമേറെയായി, എങ്കിലും നിരീക്ഷിക്കാന്‍ അറിയാം. സത്യത്തില്‍ നിങ്ങളൊരു വയസനായി ഇടറി നടക്കുന്ന ഒരു വൃദ്ധന്‍."
അയാള്‍ ഒന്നു ഞെട്ടി, എങ്കിലും പറഞ്ഞു... ഇടര്‍ച്ചയോടെ, "ശരിയാണ്... ഞാന്‍ വൃദ്ധനായി... എന്‍റെ കാലടികള്‍ക്ക് ഇപ്പോള്‍ പഴയ ആവേശമില്ല, എന്‍റെ കൈപിടുത്തങ്ങള്‍ക്ക് ഇപ്പോള്‍ പഴയ മുറുക്കമില്ല, നിന്‍റെ ഓരോ അണുവിലും എങ്ങനെ ചിത്രപ്പണി ചെയ്യണമെന്ന് എനിക്കിപ്പോളത്ര നിശ്ചയമില്ല; എന്നാലും നിന്നെ മോടി പിടിപ്പിക്കാന്‍ വേണ്ടതൊക്കെ തരാന്‍ എനിക്കു കഴിയും, എനിക്ക് പണമുണ്ട്....
പക്ഷേ, ഇങ്ങനെ പറയാന്‍ .....നീ എത്ര ക്രൂരയാണ്.... ഒന്നു നീ ഓര്‍ക്കണം. ഞാനിപ്പോള്‍ നിന്നെ ഒട്ടും അലങ്കോലപ്പെടുത്താതെ, ഒട്ടും ചിതറിക്കാതെ, നോക്കുന്നില്ലേ, എത്ര സൂക്ഷ്മതയോടെയാണ് ഞാന്‍ നിന്നിലൂടെ കടന്നു പോവുന്നത്... ചിതറിച്ചാല്‍ വീണ്ടും ക്രമപ്പെടുത്താന്‍ എനിക്കിപ്പോള്‍ ആവതില്ലാത്തതു കൊണ്ടല്ലേ.... ഒരിക്കല്‍ ഞാന്‍ തന്നെയാവണം, നിന്നെ ഇപ്രകാരം ക്രമീകരിച്ചത്... അല്ലേ? എന്നിട്ടിപ്പോള്‍ നിനക്കെന്താണ്? അയാള്‍ വീണ്ടും മറുപടി കേട്ടു;
"ഇതൊക്കെയെനിക്ക് മടുത്തു.... എന്നെ ഇടയ്ക്കെല്ലാം ചിതറിക്കുകയും പിന്നെയും ക്രമപ്പെടുത്തുകയും ചെയ്യുന്നവരെയാണെനിക്കിഷ്ടം...."
അയാള്‍ മിണ്ടിയില്ല, ഉള്ളിലെന്തൊക്കെയോ ചിതറിപ്പോകുന്നത് അയാളറിഞ്ഞു. കുറേക്കൂടി താന്‍ കൂനിപ്പോകുന്നു എന്നയാള്‍ക്കു തോന്നി....
"എനിക്കറിയാം നിങ്ങള്‍ക്ക് മടങ്ങാറായിട്ടുണ്ട്. ഞാനാവട്ടെ, പുതിയ ഉടമയെ കാത്തിരിക്കുകയാണ്....ആരെങ്കിലുമൊക്കെ വരുമ്പോള്‍ ഞാന്‍ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. ആരായിരിക്കും എന്‍റെ പുതിയ ഉടമ എന്ന്... "
ആ വൃദ്ധന്‍ പെട്ടെന്ന് ദുഃഖിതനും കോപിഷ്ഠനുമായി പറഞ്ഞു: "നീ ക്രൂരയാണ്... വല്ലാത്ത തരം ക്രൂരതയായിരുന്നു നിന്‍റെ ഉള്ളില്‍... ഞാനതറിഞ്ഞില്ല... നീ കണ്ടോ, എന്‍റെ കാലശേഷം, ഞാന്‍, നിന്നെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു പൊളിച്ച് നിരപ്പാക്കണമെന്ന് വില്‍പ്പത്രം എഴുതി വയ്ക്കും. തകര്‍ന്ന് തരിപ്പണമായി നീ ചിതറിക്കിടക്കണമെന്നാണ് എന്‍റെ അന്ത്യാഭിലാഷമെന്ന് ഞാന്‍ എഴുതും....." അപ്പോള്‍ അയാളുടെ വീട് മെല്ലെ, എന്നാല്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു;
"നിങ്ങളാണ് ക്രൂരന്‍ ... തികച്ചും ക്രൂരന്‍ ... നിങ്ങള്‍ക്കെന്നെ മനസ്സിലായിരുന്നില്ല, പക്ഷേ, നിങ്ങളെ ഞാന്‍ നന്നായി മനസ്സിലാക്കിയിരുന്നു... നിങ്ങളാണെന്നെ പണിതത് എന്നതു ശരിതന്നെ, പക്ഷേ, നിങ്ങളുടെ നല്ല പ്രായം മുഴുവന്‍ നിങ്ങള്‍ മറ്റെന്തിന്‍റെയൊക്കെയോ പുറകേ നടന്നു.... രാവിലെ തന്നെ, കുളിച്ച് സുന്ദരനായി, എന്നെ ഒരു താഴിട്ട് പൂട്ടിയിട്ട് നിങ്ങള്‍ ഓടിപ്പോയി.. എവിടേക്കൊക്കെയോ പോകാനായിരുന്നു, നിങ്ങള്‍ക്ക് വ്യഗ്രത, പണത്തിന്‍റെയും പ്രശസ്തിയുടെയും ഒക്കെ പിറകേ.... എന്നിട്ട് വൈകിയെപ്പോഴോ നിങ്ങളെത്തി....നിങ്ങളുടെ വിഴുപ്പും മദ്യക്കുപ്പിയും കൂര്‍ക്കം വലിയും കൊണ്ടെന്‍റെ ശ്വാസകോശം നിറച്ചിട്ട്, പിന്നെയും പിറ്റേന്ന് രാവിലെ, കുളിച്ച് സുന്ദരനായി നിങ്ങള്‍ യാത്ര പോയി.... അന്ന് നിങ്ങളുടെ കാലുകള്‍ക്ക് ആവേശമുണ്ടായിരുന്നു. നിങ്ങളുടെ കൈപിടുത്തങ്ങള്‍ക്ക് മുറുക്കവും ചടുലതയും ഉണ്ടായിരുന്നു...."
"നീ... എന്താണീ പറയുന്നത്...."?
"അതെ, സത്യം തന്നെ. എന്നെക്കുറിച്ച് നിങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അഭിമാനിച്ചിരുന്നു എന്നതു ശരിതന്നെ.... പക്ഷെ, എന്‍റെ മനോഹരമായ ഇടങ്ങളിലൊന്നും നിങ്ങള്‍ ഇത്തിരി നേരം ഇരുന്നില്ല. എന്നോടൊപ്പമിരുന്ന് നിങ്ങള്‍ സ്വപ്നം കണ്ടില്ല. നിങ്ങള്‍ക്ക് തിരക്കായിരുന്നു. എപ്പോഴും.... എനിക്ക്, അതായത് നിങ്ങളുടെ വീടിന് ഒരു ശ്വാസകോശമുണ്ടെന്ന് നിങ്ങളറിഞ്ഞില്ല.... എനിക്കിതിനുള്ളില്‍ സ്നേഹത്തിന്‍റെ ഭാഷ കിട്ടിയില്ല, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെയോ മക്കളെയോ സ്നേഹിച്ചില്ല... സ്വാര്‍ത്ഥനായ നിങ്ങള്‍ അവരെയൊക്കെ എന്നില്‍ നിന്ന് ദൂരത്താക്കി..... "
വീട് ഒന്നു നിര്‍ത്തി ഗദ്ഗദത്തോടെ പറഞ്ഞു....
"കുഞ്ഞിക്കാലുകള്‍ എന്‍റെ ഉള്ളിലൂടെ ഓടി നടക്കുന്നതിന് ഞാന്‍ എത്ര കൊതിച്ചതാണ്. പക്ഷെ, നിങ്ങള്‍ അതൊന്നും അനുവദിച്ചില്ല. അവരെയൊക്കെ നിങ്ങള്‍ ഹോസ്റ്റലുകളിലാക്കി. എനിക്ക് നിങ്ങളെ തീരെയും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല, എന്നിട്ടും അവധിക്കാലം മുതല്‍ അവധിക്കാലം വരെ ഞാന്‍ കാത്തുനിന്നു. കുഞ്ഞുങ്ങള്‍ക്കു വേണ്ടി... അവര്‍ക്കെന്നോടൊപ്പം ചിലവഴിക്കാന്‍ സമയമുണ്ടായിരുന്നു.... "
അയാള്‍ക്ക് തന്‍റെ ശ്വാസകോശം നിലയ്ക്കുന്നുണ്ടെന്ന് തോന്നി.... അയാള്‍ കിതപ്പോടെ പറഞ്ഞു,
"നിര്‍ത്തൂ, നീ എന്‍റെ വീടാണ്. ഞാന്‍ പണിത വീട്....
ഇതിനുള്ളില്‍ ഞാനാണുണ്ടാവേണ്ടത്... നീ... നിന്‍റെ ഉള്ളില്‍ ഇങ്ങനെയായിരുന്നു, അല്ലേ.. ഇത് ഞാന്‍ മുമ്പേ അറിയേണ്ടതായിരുന്നു, എത്രയോ മുമ്പേ...."
പിന്നെയും... നിങ്ങളുടെ നീണ്ട വിദേശയാത്രകളും നീണ്ട Trip കളും ... അതോടെ. നിങ്ങളെ ഞാന്‍ വെറുത്തു. എന്നിട്ടും ഞാന്‍ കാത്തുനിന്നു. ഇടിഞ്ഞുപൊളിഞ്ഞു വീഴാതെ.... ക്ഷുദ്ര ജീവികളോട് സന്ധി ചെയ്യാതെ.. മണ്ണിനോടും ഈര്‍പ്പത്തോടും വീട്ടുവീഴ്ച ചെയ്യാതെ...
പക്ഷേ, അതു നിങ്ങളെ പ്രതിയല്ല... ഒരിക്കലും നിങ്ങളെ പ്രതിയല്ല... പുതിയ ഉടമയെ പ്രതീക്ഷിച്ചാണ്..."
അയാള്‍ക്കപ്പോള്‍ കോപം വന്നു.
"ദുഷ്ടേ, സത്യമായും എന്‍റെ വില്‍പ്പത്രത്തില്‍... നിന്നെ... നിന്നെ ഞാന്‍.. ബുള്‍ഡോസര്‍ കൊണ്ടു വന്ന്..."
അയാള്‍ക്ക് ശ്വാസം മുട്ടി...
വീട് അയാളിലേക്ക് കുനിഞ്ഞു കൊണ്ടു പറഞ്ഞു;
"അതൊന്നും വേണ്ടി വരില്ല, നിങ്ങള്‍ക്കതിനൊന്നും നേരമില്ല, നിങ്ങള്‍ നിങ്ങളുടെ മടക്കയാത്രയിലാണ് നിങ്ങള്‍ക്കതു മനസ്സിലായില്ലേ... പതിവ് പോലൊരു ദുഃസ്വപ്നമല്ല, ഇത്... ഇതില്‍ നിന്ന് നിങ്ങള്‍ ഞെട്ടിയെഴുന്നേല്‍ക്കാനും പോണില്ല, ഇത് തിരിച്ചുവരാത്ത യാത്രയാണ്. അതു കൊണ്ടാണല്ലോ, നിങ്ങള്‍ക്കെന്നെ കേള്‍ക്കാനാവുന്നത്.."
വീട് ചിരിക്കുകയാണെന്ന് അയാള്‍ക്കു തോന്നി. അയാള്‍ക്കു കരയണമെന്നും... പക്ഷേ... വീട് പിന്നെയും തുടര്‍ന്നു....
"നിങ്ങളെന്നെ നിശ്ശബ്ദതയ്ക്കിട്ടു, ഒരു വീടിന്‍റെ ഭക്ഷണം ശബ്ദമാണെന്ന് നിങ്ങള്‍ക്കറിയാമോ...? പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ശബ്ദങ്ങള്‍... ഉള്ളില്‍ സംഗീതം നിറഞ്ഞ് തേനറ പോലെയുള്ള ശബ്ദങ്ങള്‍... അതെങ്ങനെ... മുഴുവന്‍ നേരം മദ്യം വിഴുങ്ങി, ഭ്രാന്തന്‍ പാട്ടും കേട്ട്, കച്ചവടവും കൂത്താട്ടവുമായി നടന്ന നിങ്ങള്‍ക്കെങ്ങനെ സ്നേഹത്തിന്‍റെ ഭാഷ മനസ്സിലാവും...? നിങ്ങള്‍ക്കതു മനസ്സിലാവില്ല.... നിങ്ങള്‍ അല്‍പായുസാണ്... നിങ്ങളെ പോലെ അഞ്ചോ ആറോ മനുഷ്യായുസുകളെ എന്നെപ്പോലൊരു വീട് സഹിക്കും, വഹിക്കും... ഒരു പക്ഷേ, അതിനേക്കാളേറെ.. അത്ര കേമത്തിലൊക്കെ നിങ്ങളെന്നെ പണിതിട്ടുണ്ടല്ലോ... എല്ലാ സെക്യൂരിറ്റിയോടും കൂടി....ഞങ്ങള്‍ മരങ്ങളും വീടുകളുമൊക്കെ, നിങ്ങളേക്കാള്‍ എത്രയേറെക്കാലം ഭൂമിയെ കാണുന്നവരാണ്.... എത്ര മനുഷ്യായുസുകളെ മറികടക്കുന്നവരാണ്...! "
അയാള്‍ക്ക് ശ്വാസം മുട്ടിക്കൊണ്ടേയിരുന്നു, വീടയാളെ ഞെരുക്കുകയാണെന്ന് അയാള്‍ക്ക് തോന്നി...
'കൊല്ലരുത്' എന്നയാള്‍ ദയനീയമായി ഞരങ്ങി...
അപ്പോഴാണയാള്‍ കണ്ടത്, തന്‍റെ വീടിന് താന്‍ ശ്രദ്ധയോടെ ഇഴപാകിയ മെടഞ്ഞു ചേര്‍ത്ത മരത്തിന്‍റെ ഭാഗങ്ങള്‍ക്കെല്ലാം അരികെ, അതതു മരങ്ങളുടെ ജീവന്‍ വന്നു നില്‍ക്കുന്നത്. അയാള്‍ ഞെട്ടി... അപ്പോള്‍ അവ പറഞ്ഞു.
"വീടായും പുസ്തകമായും മേശയും കസേരയും കട്ടിലും ഒക്കെയായും രൂപപ്പെടുത്തുന്നുണ്ട്, മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കനുസൃതം. ഞങ്ങളും പ്രതീക്ഷിക്കുന്നത് നല്ല മനുഷ്യരെയാണ്... പുസ്തകങ്ങളായി മറുരൂപപ്പെടുമ്പോള്‍ ഞങ്ങള്‍, നല്ല വാക്കുകളെ, നല്ല അക്ഷരങ്ങളെ, ജ്ഞാനികളെ, സ്നേഹമുള്ളവരെ, പ്രസാദമുള്ളവരെ, ഒക്കെ പ്രതീക്ഷിക്കുന്നു. കസേരയും കട്ടിലുമായി രൂപപ്പെടുമ്പോള്‍, ഞങ്ങള്‍ കരുതലും കരുണയുമുള്ള മനുഷ്യരെ പ്രതീക്ഷിക്കുന്നു.... " അയാളുടെ ബോധം മറഞ്ഞതുപോലെ തോന്നി. അപ്പോള്‍ മരം മറ്റൊരു മരത്തിലേക്ക് വിരല്‍ ചൂണ്ടി, അയാള്‍ കണ്ടു, ഒരു കുരിശു മരം.... എന്നിട്ടാ മരം അയാളോട് പറഞ്ഞു;
"കണ്ടു പഠിക്കുക, ഒരു ദൈവിക മനുഷ്യന്‍ ഇത്തിരി നേരം തൊട്ടതേയുള്ളൂ... കുരിശുമരം ഇന്ന് ആരാണെന്നറിയാമോ...
ഉവ്വ്, അയാള്‍ കണ്ടു, നിറയെ പൂത്തുലഞ്ഞ കുരിശുമരം....ഇതിലിത്ര പൂക്കളുണ്ടായിരുന്നുവോ എന്നയാള്‍ അതിശയിച്ചു.. താനിതുവരെ കണ്ടിട്ടില്ലല്ലോ... ലോകത്തിലെ ഏറ്റവും പ്രശസ്തമായ സുശക്തമായ മരം, ഏറ്റവും അഭയവും രക്ഷയുമായ മരം.... എന്നിട്ട് അയാളോട് ആ മരാത്മാക്കളെല്ലാം കൂടി കോറസായി ആക്രോശിച്ചു.
"നിങ്ങള്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല, എന്തുകൊണ്ട്....?
അപ്പോള്‍ അയാളുടെ കതകും ജനലും തീര്‍ത്ത മരത്തിന്‍റെ ആത്മാക്കള്‍ അയാളോടു പറഞ്ഞു.....
"സ്നേഹത്തോടെ തുറന്ന്, പ്രകൃതിയിലെ വിസ്മയങ്ങള്‍ കണ്ട് ദൈവത്തിന് നന്ദി പറയുകയും ഞങ്ങള്‍ക്ക് ശുദ്ധവായു തരികയും ചെയ്യുന്ന മനുഷ്യരെ, ആര്‍ദ്രതയോടെ വാതില്‍ തുറന്ന് പുഞ്ചിരിയോടെ അതിഥിയെ സ്വീകരിക്കുന്ന മനുഷ്യരെ ഞങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്നാണോ വിഡ്ഢീ, നീ കരുതിയത്...?"
അയാള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു, ഭീകരമായ ഒരു കോറസുപോലെ... പക്ഷേ, അയാള്‍ക്ക് ഒന്നും മിണ്ടാനാവുന്നില്ല.....
കോറസ് തുടര്‍ന്നു....
"ജാലകം, നിങ്ങള്‍ തുറന്നേയില്ല. മാറാല കെട്ടി, ശ്വാസം മുട്ടി, അതു നരകിച്ചു. അതു തുറന്ന് ഈ വീടിന് നിങ്ങള്‍ ഒരു സൂര്യോദയമോ കുളിര്‍ കാറ്റോ നല്‍കിയില്ല, ദുഷ്ടന്‍...! എന്നിട്ടോ, ഈ കതകുകള്‍ നിങ്ങള്‍ എല്ലായ്പ്പോഴും ആഞ്ഞടച്ചു. നിങ്ങളുടെ കലിപ്പും കോപവും തീര്‍ക്കാന്‍, എത്ര തവണ നിങ്ങളെന്നെ അടച്ചും തുറന്നും കൊല്ലാക്കൊല ചെയ്തു. അതിന്‍റെ ശബ്ദത്തില്‍ ഈ വീടി നടുങ്ങി. നിങ്ങളുടെ പണിക്കാരുടെയും അയല്‍വക്കത്തെ പാവപ്പെട്ടവന്‍റെയും അവന്‍റെ കുഞ്ഞുങ്ങളുടെയും ഉറക്കം ഞെട്ടി... നിങ്ങള്‍ക്ക് കലിയിളകുന്നത് നാട്ടുകാരെ അറിയിക്കാനുള്ള മരണമണിയായിരുന്നോ മനുഷ്യാ, വാതിലും ജനലും.... ? ഞാന്‍ നിങ്ങള്‍ക്ക് കാവലായും കവാടമായും നിന്നിട്ട് നിങ്ങള്‍ എന്നോട് ചെയ്തതെന്താണ്?! നിങ്ങള്‍ ഒരു കശ്മലനായിരുന്നു, കശ്മലന്‍."
പിന്നെ, വീടിന്‍റെയും മരത്തിന്‍റെയും ആത്മാക്കള്‍ അതിഭീകരമായ ഒരു കോറസു പോലെ പറഞ്ഞു....
"അതുകൊണ്ടാണ,് ഞങ്ങള്‍ പുതിയ ഉടമയെ പ്രതീക്ഷിക്കുന്നത്. കരുണാര്‍ദ്രനായ ഒരു ഉടമയെ അകക്കണ്ണുള്ള ഉടമയെ, അന്നാ കുരിശു മരത്തെ തൊട്ട, ആളോട് സദൃശനായ ഒരു ഉടമയെ... ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്. പ്രതീക്ഷയോടെ....
നിങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമല്ല, പ്രതീക്ഷിക്കാനുള്ളത്....
പിന്നെ, അയാള്‍ കേട്ടതൊക്കെ, വലിയ മുഴക്കങ്ങളാണ്. ഭൂകമ്പവും പേമാരിയും വന്ന് തന്‍റെ മേല്‍ എന്തൊക്കയോ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നുണ്ടെന്ന് തോന്നി അയാള്‍ക്ക്... അപ്പോള്‍ വീട് മയപ്പെട്ട സ്വരത്തില്‍ പറഞ്ഞു.
"ഒന്നുമില്ല, നിങ്ങള്‍ മാത്രമാണ് അവസാനിക്കുന്നത്, നിങ്ങള്‍ മാത്രം..."
അപ്പോള്‍ അകലെയെങ്ങോ ആരോ വായിച്ച വി. ലിഖിതത്തിന്‍റെ പൊരുള്‍ അയാള്‍ക്കരികിലേക്ക് ഒഴുകിയെത്തി....
"അവസാന നാളില്‍, നിങ്ങളുടെ വീടിന്‍റെ ഉത്തരങ്ങളും കഴുക്കോലുകളും നിങ്ങള്‍ക്കെതിരേ സാക്ഷ്യം നല്‍കും..."
അതോ പണ്ട് താന്‍ തന്നെ വായിച്ചതോ... എവിടെയായിരുന്നു അത്, പഴയ നിയമമോ, പുതിയ നിയമമോ, അയാള്‍ക്ക് ഓര്‍മ്മയില്ല...
അങ്ങനെ അയാളെ മറവിയിലേക്ക് കളഞ്ഞിട്ട്, വീട് കാത്തുനിന്നു, പുതിയ ഉടമയെ, മനുഷ്യനെ... പ്രതീക്ഷയോടെ....
"എനിക്കറിയാം നിങ്ങള്‍ക്ക് മടങ്ങാറായിട്ടുണ്ട്.
ഞാനാവട്ടെ, പുതിയ ഉടമയെ കാത്തിരിക്കുകയാണ്....
ആരെങ്കിലുമൊക്കെ വരുമ്പോള്‍ ഞാന്‍
പ്രതീക്ഷയോടെ നോക്കുന്നുണ്ട്.
ആരായിരിക്കും എന്‍റെ പുതിയ ഉടമ എന്ന്... "