

ഒരു വ്യാഴവട്ടം പൂർത്തിയാവുന്നു. ഫ്രാൻസിസ് പാപ്പായുടെ പേപ്പസിയെക്കുറിച്ചാണ്. പ്രശ്നസങ്കീർണ്ണമായ നാല്ക്കൂട്ടപ്പെരുവഴിയിലായിരുന്നു നാം. വളരെ ശ്രദ്ധിച്ച്, അവധാനതയോടെ ഓരോ ചുവടും വച്ചില്ലായിരുന്നുവെങ്കിൽ മാനവരാശി നൂറ്റാണ്ടുകളിലൂടെ പടുത്തുയർത്തിയ മാനവികതയുടെ സ്വപ്നഗോപുരം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുപോയേനേ! ഒരുപക്ഷേ, ദൈവിക സാന്നിധ്യം അതിശക്തമാംവിധംലോക ജനത അനുഭവിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദൈവമല്ല ലോക നിയന്താവെങ്കിൽ കാര്യങ്ങൾ ഒന്നും ഇങ്ങനെ ചേരുംപടി ചേർന്ന് ചരിത്രമായി വാർന്നുവീഴില്ലായിരുന്നു.
സോഷ്യൽ മീഡിയയും കോവിഡ് പാൻഡെമി ക്കും നിർമ്മിതബുദ്ധിയും വലതുപക്ഷ ജനകീയതയും നാലുദിക്കിൽ നിന്നായി നമ്മുടെ ചരിത്ര മുഹൂർത്തത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അവ നാലും നാല് വിധത്തിലുള്ള വെല്ലുവിളികളാണ് നമുക്ക് മുമ്പിൽ ഉയർത്തിയത്. കോവിഡെന്ന ലോകവ്യാധിയെ നാം അതിജീവിച്ചു. വലതുപക്ഷ ജനകീയതയെയും നാം അതിജീവിക്കും. അതിന് ഇനി പത്തുവർഷം പോലും ആയുസ്സ് ഇല്ല എന്ന സൂചനകൾ കാണാനുണ്ട്. സോഷ്യൽ മീഡിയയും നിർമ്മിത ബുദ്ധിയും നമ്മോടൊപ്പം യാത്ര ചെയ്യും.
ദരിദ്രലോകത്തെ തൃണവൽഗണിക്കുന്ന സമ്പത്തിൻ്റെ വിഗ്രഹാരാധന, സമാധാന സംസ്ഥാപനത്തിൻ്റെ പേരിൽ നടത്തുന്ന ആയുധക്കച്ചവടം, കുടിയേറ്റങ്ങളുടെ പേരിൽ നടത്തുന്ന അതിർത്തികളടയ്ക്കൽ, ദരിദ്രരാജ്യങ്ങളെ ആശ്രിതരായി നിലനിർത്തുന്ന അന്താരാഷ്ട്ര കടക്കെണി എന്നീ സാമ്പത്തിക തിന്മകളും ന ാലുപാടും നിന്ന് ഒരേ സന്ധിയിയിലേക്കാണ് ഒഴുകിയെത്തിയത്. ഇപ്പറഞ്ഞ നാല് പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ നിരന്തരമായി അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു.
പരിസ്ഥിതി സന്തുലനത്തിനായുള്ള ദാഹം, ലിംഗനീതിക്കായുള്ള അഭിനിവേശം, കേന്ദ്രീകൃതമായ അധികാര രൂപങ്ങളോടുള്ള വിപ്രതിപത്തി, അപരമതവിദ്വേഷം, എന്നിങ്ങനെ നാലു ധാരകൾ കൂടി ശക്തമായ പ്രവാഹങ്ങളായി ഇതേ സന്ധിയിലേക്ക് വന്നു ചേർന്നിരുന്നു.
ഇത്തരം സന്ധികളിലെല്ലാം അതിജീവനത്തിന് ഉപയുക്തമാകേണ്ട ഹാർഡ്‌വെയർ നമ്മുടെ കൈവശം ഉണ്ടാകണമെന്നില്ല. ഹാർഡ്‌വെയറിനെക്കാൾ പ്രധാനം സോഫ്റ്റ്‌വെയറാണ്. ഇത്തരുണത്തിൽ ലോകത്തിനാവശ്യമുള്ള സോഫ്റ്റ്‌വെയർ ആത്മീയ ദർശനത്തിൽ ഊന്നിയ ദീർഘവീക്ഷണമാണ്. കിരാതത ്വം മലീമസമാക്കിയ ഒരു ലോകത്തിൽ പ്രത്യേകിച്ചും. അന്ധർ അന്ധരെ നയിക്കുന്ന കുഴച്ചിലിൻ്റെ ഒരു കാലത്ത് വേണ്ടത് ദർശന വ്യക്തതയും ആഴമുള്ള ഗ്രൗണ്ടിങ്ങും നിലപാടിലുള്ള ധീരതയും ആണ്. ദൈവം ഈ കാലഘട്ടത്തിനുവേണ്ടി പ്രത്യേകമായി മുൻകൂട്ടിയൊരുക്കി സഭയ്ക്കും ലോകത്തിനും സമ്മാനമായി നല്കിയതാണ് അദ്ദേഹത്തെ. ഈ ദൈവിക സമ്മാനം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, നാമും നമ്മുടെ കാലവും നമ്മുടെ ലോകവും വളരെ ദരിദ്രവും ശുഷ്കവുമായി പോയേനെ എന്നാണ് ഞാൻ കരുതുന്നത്.





















