

കുറച്ചു നാളുകള്‍ക്കുമുമ്പ് വിദേശത്തുനിന്നും ഒരു മാസത്തെ അവധിക്കു വന്ന ദമ്പതികളാണ്, തിരിച്ചുപോകുന്നതിനു മുമ്പ് രണ്ടു പേര്‍ക്കും കൂടെ മൂന്നാലു ദിവസങ്ങള്‍ ശാന്തമായിട്ടിരുന്നു പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്, വന്നാല്‍ സൗകര്യം കൊടുക്കുമോ എന്നു ചോദിച്ച് ഒരു സ്ത്രീ വിളിച്ചു. ബ. വികാരിയച്ചന്‍റെ കത്തുമായി വന്നാല്‍ പരിഗണിക്കാം എന്നു മറുപടി കൊടുത്തു. അവരുടെ സഹോദരങ്ങള്‍ ബാംഗ്ലൂരായതു കൊണ്ട് അവിടെയാണവരുള്ളത്, അതുകൊണ്ട് വികാരിയച്ചന്‍റെ കത്തു കൊണ്ടുവരാന്‍ നിവൃത്തിയില്ല എന്നവരു പറഞ്ഞു. ഏതായാല ും വരാന്‍ ഞാന്‍ സമ്മതിച്ചു. പറഞ്ഞിരുന്ന ദിവസം അവരുവന്നു. വന്ന അന്നുതന്നെ കുമ്പസാരവുമൊക്കെ നടത്തി, നാലുദിവസം അവരു ശാന്തമായിട്ടിരുന്നു പ്രാര്‍ത്ഥിച്ചു.
ഇവിടെ വരുന്നവരൊക്കെ സ്വസ്ഥമായിരുന്നു പ്രാര്‍ത്ഥിക്കാന്‍ വരുന്നവരായതു കൊണ്ട് ഇങ്ങോട്ട് സംസാരിക്കാന്‍ താത്പര്യം അറിയിച്ചാലല്ലാതെ, അങ്ങോട്ടുകയറി ഒരുപാടു കാര്യങ്ങളൊന്നും ആരോടും ചോദിക്കുന്ന പതിവില്ല. ഏതായാലും അവരു തിരിച്ചുപോകുന്ന അന്ന് യാത്ര പറയാന്‍ വന്നപ്പോള്‍ ഒരു ഉപചാരത്തിനുവേണ്ടി വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ചു. നാലുമക്കളുണ്ട്; രണ്ടുപേരു ജോലിയായി. രണ്ടുപേരു പഠിക്കുന്നു.
അയാള്‍ വിവാഹത്തിന ു മുമ്പുതന്നെ ഗള്‍ഫില്‍ ജോലിയായിരുന്നു. ജോലികിട്ടി, മൂന്നുനാലു കൊല്ലങ്ങള്‍ കൊണ്ട് കടമെല്ലാം വീട്ടുന്ന സമയത്ത് ഇടവകയിലെ പള്ളിപണി നടക്കുകയായിരുന്നു. അതിനു ചോദിച്ച വന്‍തുക സംഭാവന കൊടക്കാഞ്ഞതിന്‍റെ പേരില്‍ പള്ളിയില്‍ അതു കുടിശിക എഴുതിയിട്ടു. അയാള്‍ തിരിച്ചുപോയി അവിടെത്തന്നെ ജോലിയുണ്ടായിരുന്ന ഒരു യാക്കോബായ നേഴ്സുമായി വിവാഹത്തിന് തീരുമാനിച്ചു. പിറ്റത്തെവര്‍ഷം നാട്ടിലെത്തിയപ്പോഴേക്കും ഇടവകയില്‍ പ്രശ്നം രൂക്ഷമായിരുന്നു.
പള്ളിപണി കഴിഞ്ഞ് പള്ളിയുടെ അള്‍ത്താരയുടെ മുകളില്‍ കുരിശുരൂപം വയ്ക്കുന്നതിന്‍റെ പേരില്‍ തര്‍ക്കമുണ്ടായി. പള്ളിവെഞ്ചരിപ്പ് നടന്നില്ല. വികാരിയച്ചനും ഒരുവിഭാഗവും മാർത്തോമാ കുരിശുവയ്ക്കുന്നതിനും, മറുഭാഗം പഴയ പള്ളിയിലുണ്ടാ യിരുന്നതു പോലെ കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപം വയ്ക്കുന്നതിനുമുണ്ടായ തര്‍ക്കത്തില്‍ ഇയാളുടെ വീട്ടുകാരെല്ലാം വികാരിയച്ചന്‍റെ എതിര്‍ ചേരിയിലായിരുന്നു. വിവാഹം നടത്താന്‍ സാധിക്കാതിരുന്ന അവസ്ഥയില്‍ ഇരുവീട്ടുകാരുടെയും അറിവോടെ അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടു തിരിച്ചുപോയി. തിരിച്ച് ജോലിസ്ഥലത്തെത്തിക്കഴിഞ്ഞ് രണ്ടുപേരുടെയും പള്ളികളില്‍ ചെന്ന് വിവരം പറഞ്ഞ് അച്ചന്മാരെക്കൊണ്ടു പ്രാര്‍ത്ഥിപ്പിച്ചു.
ഒരു കുട്ടിയുമായിക്കഴിഞ്ഞാണ് അവരു ചെറിയ ഒരവധിക്കു പിന്നീടു നാട്ടിലെത്തിയത്. അതുകഴിഞ്ഞ് അവരുപോയത് ഇംഗ്ലണ്ടിലേക്കായിരുന്നു. ഇപ്പോഴും അവിടെത്തന്നെ. നാലുകുട്ടികളും അവിടെത്തന്നെയാണ്. ഇവരു നല്ല കത്തോലിക്കാ കുടുംബമായും, മക്കള്‍ നല്ല കത്തോലിക്കാ വിശ്വാസികളുമായി ജീവിക്കുന്നു. പ്രത്യേക സാഹചര്യം കാരണം പള്ളിയില്‍വച്ചുള്ള കല്യാണം നടന്നില്ല. അതുകൊണ്ട് ഒരു പള്ളിയിലും രേഖയുമില്ല. ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കൊക്കെ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റു മതിയായിരുന്നു. അക്കാലത്തോ പിന്നീടോ ആരും അക്കാര്യത്തില്‍ വലിയ ചോദ്യവും പറച്ചിലും ഒന്നുമുണ്ടാകാതിരുന്ന കാരണം, ഇവരും അതിനെ ഗൗരമായി എടുത്തില്ല. മക്കള്‍ക്കുപോലും ഇക്കാര്യം അറിയത്തുമില്ല.
നാട്ടില്‍ വല്ലപ്പോഴും വരുമ്പോള്‍ വീട്ടില്‍ ഒന്നോ,രണ്ടോ ദിവസങ്ങള്‍ മാത്രം ചെലവിടും. ബാക്കി ദിവസങ്ങള്‍ സാധാരണ മാതാപിതാക്കളെയും കൂട്ടി ബാംഗ്ളൂരുള്ള രണ്ടു സഹോദരങ്ങളുടെയടുത്താണ് ചെലവഴിക്കാറ്. ഇടവകയില്‍ ഒന്നിനും സഹകരിക്കാറില്ല. കാരണം, പണ്ടു പള്ളിപണിയുടെ കാലം മുതലുള്ള പള്ളിക്കുടിശികയുടെ പേരില്‍ കുടുംബത്തിലെ പല ആവശ്യങ്ങളും അച്ചന്മാരു നിരസിച്ചു. അതുകൊണ്ട് സഹോദരങ്ങള്‍ ജോലിയുമായി നാടിനു പുറത്തേക്കു പോയപ്പോള്‍ നാട്ടില്‍ അപ്പനുമമ്മയും തനിച്ചായി. താമസിയാതെ അവരെയും ബാംഗ്ലൂരിലേക്കു മാറ്റും.
"പ്രത്യേക സാഹചര്യത്തില്‍ പള്ളിയില്‍വച്ചു കല്യാണം നടന്നില്ലെങ്കിലും യാതൊരു കുറ്റബോധവും തോന്നുന്നില്ല. കാരണം, കുടുംബമായി ജീവിക്കാന്‍ തുടങ്ങിയിട്ട് 23 വര്‍ഷം കഴിഞ്ഞു. വളരെ സമാധാനത്തില്‍ നല്ല വിശ്വാസത്തില്‍ ജീവിക്കുന്നു. പള്ളിയുമായിട്ട് അടുത്തപ്പോഴൊക്കെയുണ്ടായ അനുഭവങ്ങള്‍ അത്ര സുഖകരമല്ലായിരുന്നു. അതുകൊണ്ട് ഒരകലമിട്ട് ജീവിക്കുന്നു. അതുകൊണ്ട് സഭേലെ പ്രശ്നങ്ങളൊന്നും ബാധിച്ചിട്ടില്ല. അതൊക്കെ അച്ചന്മാരുടെയും മെത്രാന്മാരുടെയും വിഷയമായിട്ടേ തോന്നിയിട്ടുള്ളു. മക്കളുടെ കാര്യം പറഞ്ഞാല്‍ പള്ളിക്കാര്യത്തിലൊക്കെ അവരു വളരെ സജീവമാണ്. നന്നായിട്ടു സഹകരിച്ചു പോകുന്നു. എന്നാലും അവരുടെ കല്യാണത്തിന്‍റെയോ എന്തിന്‍റെയെങ്കിലും കാര്യത്തില്‍ ഞങ്ങള്‍ക്കു സംഭവിച്ചതുപോലെ എന്തിന്‍റെയെങ്കിലും പേരില്‍ തടസ്സം വന്നാല്‍ പള്ളിയെക്കാളും ഞങ്ങളാശ്രയിക്കാന്‍ പോകുന്നത് മനസ്സാക്ഷിയെ ആയിരിക്കും. മക്കള്‍ വിവാഹപ്രായമായി വരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ച് ഒരുങ്ങാന്‍ വന്നത്.
പണ്ടൊക്കെ ഏതുകാര്യത്തിനും പള്ളിയില്‍ ചെല്ലാം, അച്ചനോടു ചോദിക്കാം എന്നൊരു വിശ്വാസമുണ്ടായിരുന്നു. അക്കാലം പോയി എന്ന് അനുഭവിച്ചറിഞ്ഞവരാണു ഞങ്ങള്‍. അതുകൊണ്ട് പള്ളിയെയും അച്ചന്മാരെയും അധികം ആശ്രയിക്കേണ്ട എന്നും, മനസ്സാക്ഷിക്കു നിരക്കുന്ന നിലപാടുകളെടുക്കണമെന്നും മക്കള്‍ക്കും പറഞ്ഞുകൊടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ വന്നതായിരുന്നു. ഞങ്ങള്‍ നന്നായിട്ട് പ്രാര്‍ത്ഥിച്ചൊരുങ്ങി. പോകട്ടെയച്ചാ, നന്ദി."
മറുപടി പറയാന്‍ ഒന്നും കിട്ടാഞ്ഞതു കാരണം തലയാട്ടി യാത്ര പറഞ്ഞു. 'പണ്ടൊക്കെ ഏതുകാര്യത്തിനും പള്ളിയില്‍ ചെല്ലാം, അച്ചനോടു ചോദിക്കാം എന ്നൊരു വിശ്വാസമുണ്ടായിരുന്നു. അക്കാലം പോയി' എന്നയാള്‍ പറഞ്ഞത് ഇന്നത്തെ ഒരു ശരാശരി വിശ്വാസിയുടെ മനസ്സിലിരിപ്പ് ആണെന്നു തോന്നി.
അക്കാലം പോയി
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക, ഒക്ടോബർ, 2025





















