top of page

ആദ്യത്തെ പ്രധാനപുരോഹിതന്‍ അഹറോന്‍

Aug 11

5 min read

ഡോ. മൈക്കിള്‍ കാരിമറ്റം

പുരോഹിതാ -6

Moses and Aron

"ലേവീഗോത്രജനും മോശയുടെ സഹോദരനും അവരെപ്പോലെതന്നെ വിശുദ്ധനുമായ അഹറോനെ അവിടുന്ന് ഉയര്‍ത്തി. അവിടുന്ന് അവനുമായി നിത്യഉടമ്പടി ചെയ്യുകയും ജനത്തിന്‍റെ പൗരോഹിത്യം അവനു നല്‍കുകയും ചെയ്തു" (പ്രഭാ 45, 6-7).

ബൈബിളില്‍ കാണുന്ന ആദ്യത്തെ അഭിഷിക്ത പുരോഹിതനാണ് അഹറോന്‍. മെല്‍ക്കിസെദേക്കാണ് പേരെടുത്തു പറയുന്ന ആദ്യപുരോഹിതനെങ്കിലും അയാളെ 'അഭിഷിക്തന്‍' എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്നില്ല. ലേവീഗോത്രജരായ അമ്രാം - യോക്കെബെദ് ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് അഹറോന്‍; മിരിയാം മൂത്തസഹോദരി, മോശ ഇളയസഹോദരന്‍(പുറ 6, 20; 15,20). മോശയുടെ സഹായകനായി രംഗപ്രവേശം ചെയ്യുന്ന അഹറോന്‍ ഉപദേഷ്ടാവും പ്രവാചകനും പുരോഹിതനുമായി വര്‍ത്തിക്കുന്നു. 342 തവണ അഹറോന്‍റെ പേര് ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതില്‍ അധികപങ്കും പഞ്ചഗ്രന്ഥത്തിലാണ്. പുതിയ നിയമത്തില്‍ നാലു തവണ മാത്രമേ അഹറോന്‍ പരാമര്‍ശവിഷയമാകുന്നുള്ളൂ (ലൂക്കാ 1, 5; അപ്പ 7, 40; ഹെബ്രാ 5, 4; 7, 11).

ബൈബിള്‍ അവതരിപ്പിക്കുന്ന അഹറോന്‍റെ ചിത്രത്തില്‍ കാലക്രമത്തിലുള്ള വളര്‍ച്ച കാണാം. ഇസ്രായേല്‍ ജനത്തെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച്, മരുഭൂമിയിലൂടെ നയിച്ച്, സീനായ് മലയുടെ അടിവാരത്തെത്തിക്കുകയും അവിടെവച്ച് ഉടമ്പടിയിലൂടെ ദൈവം അവരെ സ്വന്തം ജനമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ആദ്യ ഘട്ടത്തില്‍ അഹറോന്‍ മോശയുടെ സഹായകനും സഹപ്രവര്‍ത്തകനും വക്താവുമായി പ്രത്യക്ഷപ്പെടുന്നു. സീനായ് ഉടമ്പടിക്കുശേഷം ദൈവാരാധനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പുരോഹിതവസ്ത്രങ്ങള്‍, അഭിഷേകം, ബലിയര്‍പ്പണങ്ങള്‍ മുതലായവ വിവരിക്കുമ്പോള്‍ രാജഭരണകാലത്തും പ്രവാസാനന്തരം നിലവില്‍ വന്ന പുരോഹിതഭരണകാലത്തും ഇസ്രായേലില്‍ രൂപം പ്രാപിച്ചു വളര്‍ന്ന കാഴ്ചപ്പാടിന്‍റെയും ആചാരാനുഷ്ഠാനങ്ങളുടെയും സ്വാധീനം കാണാന്‍ കഴിയും. പൗരോഹിത്യത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച്, പ്രധാനപുരോഹിതനായ അഹറോനുമായി ബന്ധപ്പെട്ട്, ബൈബിള്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ചുരുക്കമായി വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.


മോശയുടെ സഹായകന്‍ - വക്താവ്

"അപ്പോള്‍ കര്‍ത്താവ് മോശയോടു കോപിച്ചു പറഞ്ഞു: നിനക്ക് ലേവ്യനായ അഹറോന്‍ എന്നൊരു സഹായകനുണ്ടല്ലോ. അവന്‍ നന്നായി സംസാരിക്കും എന്ന് എനിക്കറിയാം... പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്‍റെയും അവന്‍റെയും നാവിനെ ശക്തിപ്പെടുത്തും... അവന്‍ നിനക്കുപകരം ജനത്തോടു സംസാരിക്കും. അവന്‍ നിന്‍റെ വക്താവായിരിക്കും" (പുറ. 4, 14-15).

ഇസ്രായേല്‍ ജനത്തെ അടിമത്തത്തില്‍നിന്നു വിട്ടയയ്ക്കണം എന്നു ഫറവോയോട് ദൈവനാമത്തില്‍ കല്പിക്കാനായി വിളിക്കപ്പെട്ട മോശ പല ഒഴിവുകഴിവുകളും പറഞ്ഞു. അവസാനം തനിക്കു സംസാരപാടവമില്ല എന്നു പറയുമ്പോഴാണ് ദൈവം അഹറോനെ സഹായകനായി നല്കുന്നത്. അഹറോന്‍ എന്ന വാക്കിന് 'ശക്തന്‍', 'ഉന്നതന്‍', 'അലറുന്ന സിംഹം', 'കരുത്തിന്‍റെ മല' എന്നൊക്കെ അര്‍ത്ഥമുണ്ട്. രാജാവിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ ഭയന്നു നില്‍ക്കുന്ന മോശയ്ക്കു സഹായകനായി ദൈവം നല്‍കുന്ന വ്യക്തിക്ക് ആവശ്യമായ ഗുണഗണങ്ങള്‍ ആ പേരില്‍ത്തന്നെ കാണാം. മോശയ്ക്കു പകരം സംസാരിക്കും, മോശയോടു ചേര്‍ന്നുനിന്ന് ശക്തിപകരും. എന്തു പറയണം എന്നു ദൈവം മോശയ്ക്കു വെളിപ്പെടുത്തും; മോശ അത് അഹറോനോടു പറയും. അഹറോന്‍ അതു പരസ്യമായി പ്രഘോഷിക്കും.

മുഖ്യമായും പ്രവാചകദൗത്യമാണ് ഇവിടെ പ്രകടമാകുന്നത്. ദൈവത്തിന്‍റെ വചനം പ്രഘോഷിക്കുക. ഇവിടെ വചനത്തിന്‍റെ രണ്ടു മാനങ്ങള്‍ ദൃശ്യമാകുന്നു. മോശയും അഹറോനും കൂടി ആദ്യം ഇസ്രയേല്‍ ജനത്തെയും തുടര്‍ന്ന് ഫറവോയെയും ദൈവവചനം അറിയിക്കുന്നു. ജനത്തിന് അതു സദ്വാര്‍ത്തയായിരുന്നു, ആസന്നമായിരിക്കുന്ന വിമോചനം. വാക്കു കേള്‍ക്കുകയും അടയാളങ്ങള്‍ കാണുകയും ചെയ്ത ജനം സന്തോഷിച്ചു, കര്‍ത്താവിനു നന്ദി പറഞ്ഞു, തല കുനിച്ച് ആരാധിച്ചു. (പുറ 4, 30). ഇതാണ് അഹറോന്‍റെ പ്രവാചകദൗത്യത്തിന്‍റെ ആദ്യമാനം. ജനത്തെ വിമോചനത്തിന്‍റെ സദ്വാര്‍ത്ത അറിയിക്കുക.

രണ്ടാമത്തേത് ഫറവോയുടെ മുമ്പിലുള്ള ദൗത്യമാണ്. "നീ ഫറവോയോടു പറയണം, കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്‍റെ പുത്രനാണ്. എന്‍റെ ആദ്യജാതന്‍... എന്നെ ആരാധിക്കാനായി എന്‍റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്‍റെ പുത്രനെ, നിന്‍റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും" (പുറ 4, 23). അടിമകള്‍ക്കു മോചനം നല്‍കുക, അതിനായി ജനത്തെ അടിമകളാക്കി വച്ചിരിക്കുന്ന ആധിപത്യശക്തികളെ ദൈവനാമത്തില്‍ നേരിട്ട് ദൈവകല്പന അറിയിക്കുക. അനുസരിച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചു മുന്നറിയിപ്പു നല്‍കുക. ഇതാണ് പ്രവാചകദൗത്യത്തിന്‍റെ മറുവശം. ആദ്യത്തേത് സന്തോഷകരവും എളുപ്പവുമായിരുന്നു. എന്നാല്‍ രണ്ടാമത്തേത് തികച്ചും അപകടകരമാണ്. അടിമകള്‍ക്കു വിടുതല്‍ നല്‍കാന്‍ ഉടമകള്‍ വിസമ്മതിക്കും. തന്നെയുമല്ല, വിമോചനത്തിനു ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്തെന്നും വരും.

എളുപ്പമായിരുന്നില്ല ഈ ദൗത്യം. അടിമകളെ വിട്ടയയ്ക്കാന്‍ ഫറവോ സമ്മതിച്ചു. ഒന്നിനൊന്ന് ശക്തമായ അടയാളങ്ങള്‍ അവര്‍ വഴി ദൈവം പ്രവര്‍ത്തിച്ചു. വടി സര്‍പ്പമാകുന്നതില്‍ തുടങ്ങി പത്തു മഹാമാരികള്‍ ഈജിപ്തിന്‍റെ മേല്‍ ആഞ്ഞടിച്ചു. ഇവിടെയെല്ലാം അഹറോന്‍ ദൈവത്തിന്‍റെ ഉപകരണവും മോശയുടെ സഹായകനുമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഫറവോയുടെ ഹൃദയം കൂടുതല്‍ കഠിനമാകുകയാണ് ചെയ്തത് (പുറ 10,11). പത്താമത്തെ മഹാമാരിയെക്കുറിച്ചുള്ള താക്കീതു കിട്ടിയപ്പോള്‍ ക്രുദ്ധനായ ഫറവോ പറഞ്ഞു: "ഇനി എന്നെ കാണാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. ഇനി എന്നെ കാണുന്ന ദിവസം നീ മരിക്കും"(പുറ 10, 28). വിമോചനത്തിന്‍റെ സദ്വാര്‍ത്ത പ്രഘോഷിക്കുന്ന പ്രവാചകദൗത്യം പ്രവാചകന്‍റെ ജീവഹാനിക്കു കാരണമാകാം എന്നൊരു മുന്നറിയിപ്പ് ഈ ഭീഷണിയില്‍ കാണാം. എന്നാല്‍ ഭയന്നു പിന്മാറുന്നവനല്ല പ്രവാചകന്‍. തന്നെ ദൗത്യം ഏല്പിച്ചയച്ച ദൈവം എന്നും കൂടെ ഉണ്ടായിരിക്കും, സംരക്ഷിക്കും എന്ന് അവന്‍ ഉറച്ചു വിശ്വസിക്കും. ഏല്പിക്കപ്പെട്ട ദൗത്യം പൂര്‍ണവിശ്വസ്തതയോടെ നിറവേറ്റും. ഇപ്രകാരം ഒരു പ്രവാചകനായി അഹറോന്‍ അവിടെ പ്രത്യക്ഷപ്പെട്ടു.


ജനത്തിനു സംരക്ഷണം

ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് മോചിക്കപ്പെട്ട് അത്ഭുതകരമായി കടല്‍ കടന്ന ജനം പ്രവേശിച്ചത് തേനും പാലും ഒഴുകുന്ന വാഗ്ദത്തഭൂമിയിലേക്കല്ല, ചുട്ടുപൊള്ളുന്ന, വഴിയും നിഴലും ഇല്ലാത്ത, മരുഭൂമിയിലേക്കായിരുന്നു. അവര്‍ക്കു വഴികാട്ടാനും സംരക്ഷണം നല്‍കാനും ദൈവം മോശയോടൊപ്പം അഹറോനെയും ഉപകരണമാക്കി. ഏതാനും ചില ഉദാഹരണങ്ങള്‍ എടുത്തു കാട്ടട്ടെ.


മന്ന

വിശന്നുവലഞ്ഞ ജനത്തിന് ദൈവം ആകാശത്തുനിന്ന് അത്ഭുതകരമായി അപ്പം വര്‍ഷിച്ചു. അത് എന്താണെന്ന് അറിയാതിരുന്നവര്‍ അതിനെ മന്ന എന്നു വിളിച്ചു. (പുറ 16, 31). മരുഭൂമിയിലൂടെ യാത്ര ചെയ്ത നാല്പതുവര്‍ഷവും അവര്‍ക്കു മുടങ്ങാതെ മന്ന ലഭിച്ചു. ഇതിന്‍റെ ഓര്‍മ്മയ്ക്കായി ഒരു ഓമര്‍ (നാലര ലിറ്റര്‍) മന്ന എടുത്ത് ഉടമ്പടിയുടെ പേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു. അഹറോനെയാണ് മോശ വഴി കര്‍ത്താവ് ഈ ദൗത്യം ഏല്പിച്ചത് (പുറ 16, 31-36). ദൈവം നല്‍കിയ, എന്നും നല്‍കുന്ന സംരക്ഷണത്തെക്കുറിച്ച് ജനത്തെ ബോധവാന്മാരാക്കണം, നിരന്തരം അനുസ്മരിപ്പിക്കണം. മന്ന ഒരു ഉദാഹരണമാണ്. മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങളുടെയും പ്രതീകമാണത് - അപ്പം. ദൈവമാണ് അപ്പം നല്‍കുന്നത് എന്ന കാര്യം മറക്കരുത്. ഉടമ്പടിയുടെ പേടകത്തില്‍ സൂക്ഷിച്ച മന്ന ദൈവം തരാനിരുന്ന നിത്യജീവന്‍റെ അപ്പത്തിലേക്കു വിരല്‍ചൂണ്ടുന്നു. ഇവിടെ അപ്പം സൂക്ഷിക്കുന്ന പുരോഹിതനായ അഹറോന്‍ സ്വയം അപ്പമായി മാറിയ നിത്യപുരോഹിതനായ യേശുവിന്‍റെ മുന്നോടിയും പ്രതീകവുമായി നില്‍ക്കുന്നു.


പാറയില്‍ നിന്നു ജലം

അപ്പംപോലെതന്നെ, ഒരു പക്ഷേ അതിനേക്കാള്‍ കൂടുതല്‍, ജീവന്‍റെ നിലനില്‍പ്പിനാവശ്യമാണു ജലം.  മരുഭൂമിയിലൂടെ യാത്ര ചെയ്ത ജനത്തിന് കുടിവെള്ളം കിട്ടാതായി. ഈ സാഹചര്യത്തിലാണ് പാറയില്‍നിന്ന് ജലം പുറപ്പെടുവിച്ച് ജനത്തിനു ദാഹശമനം വരുത്താന്‍ ദൈവം മോശയോടു കല്പിച്ചത്. മോശ കല്പന അനുസരിച്ചു. പാറയില്‍നിന്നു വെള്ളം ഒഴുകി. ജനത്തിനു തൃപ്തിയായി(പുറ 17, 1-7). ഈ സംഭവത്തിന്‍റെ മറ്റൊരു വിവരണം സംഖ്യ 20, 7-12ല്‍ കാണാം. ഇവിടെ മോശയോടൊപ്പം അഹറോനുമുണ്ട്. ഇരുവരും ദൈവകല്പന അനുസരിച്ചു; ജനത്തിനു കുടിക്കാന്‍ വെള്ളം കിട്ടുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും പ്രതികരണവും പ്രവര്‍ത്തനവും ദൈവത്തിന് ഇഷ്ടമായില്ല.

"കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേലില്‍ എന്‍റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നത് നിങ്ങളായിരിക്കുകയില്ല"(സംഖ്യ 20, 12). എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ് എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കളുടെ ഇടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കര്‍ത്താവില്‍ ഉറച്ചുവിശ്വസിച്ചില്ല അതിന്‍റെ തെളിവാണ് മോശ രണ്ടുപ്രാവശ്യം വടികൊണ്ട് പാറയില്‍ അടിച്ചത്.  വെള്ളം പുറപ്പെടുവിക്കാന്‍ പാറയോടു കല്പിക്കണം എന്നായിരുന്നു ദൈവം അവരോട് ആവശ്യപ്പെട്ടത് (സംഖ്യ 20, 7). എന്നാല്‍ ഇവിടെ വടികൊണ്ട് അടിക്കുന്നു; അതും ഒന്നല്ല, രണ്ടു തവണ. ഇതാണ് അവരുടെ തെറ്റ് എന്നു കരുതുന്നവരുണ്ട്.

മറ്റൊരു വ്യാഖ്യാനവും ഇതിനു നല്‍കാറുണ്ട്. അത് മോശയുടെയും അഹറോന്‍റെയും സംസാരത്തില്‍ തെളിയുന്ന അതിരുകടന്ന ആത്മപ്രശംസയാണ്."മോശയും അഹറോനും കൂടി പാറയ്ക്കു മുമ്പില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടി. മോശ പറഞ്ഞു: ധിക്കാരികളെ കേള്‍ക്കുവിന്‍, നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്ന് ഞങ്ങള്‍ വെള്ളം പുറപ്പെടുവിക്കണമോ?"(സംഖ്യ 20, 10). ദൈവമാണ് നയിക്കുന്നത്, ആവശ്യമായതെല്ലാം തരുന്നുണ്ട് എന്നു ജനത്തെ ഓര്‍മ്മിപ്പിക്കുന്നതിനു പകരം ഇവിടെ മോശയും അഹറോനും ദൈവത്തിന്‍റെ സ്ഥാനത്തു കയറിനില്‍ക്കുന്നതുപോലെ തോന്നുന്നു. "ഞങ്ങള്‍ പാറയില്‍നിന്ന് ജലം പുറപ്പെടുവിക്കണമോ" എന്ന ചോദ്യത്തിലെ ധ്വനി അതാണല്ലോ. ദാഹിച്ചു വലഞ്ഞ ജനം ജലത്തിനുവേണ്ടി യാചിച്ചത് ധിക്കാരമായി പരിഗണിക്കുമ്പോള്‍ നേതാക്കന്മാര്‍ക്കു വലിയ വീഴ്ച സംഭവിക്കുന്നതായി കാണാം. ജനം ധിക്കാരികള്‍, ഞങ്ങള്‍ പാറയില്‍ നിന്നു ജലം പുറപ്പെടുവിക്കാന്‍ കഴിവുള്ള ശക്തരായ അധികാരികള്‍. അതിന്‍റെ പ്രകടനമായി കാണാം രണ്ടു തവണ വടികൊണ്ട് പാറയില്‍ അടിക്കുന്നത്. തങ്ങളുടെ അടിയുടെ ശക്തികൊണ്ടാണ് പാറ പിളര്‍ന്ന് ജലം ഒഴുകുന്നത് എന്ന സൂചനയും ഇവിടെ കാണാം.

ഇതെല്ലാം ദൈവഹിതത്തിനു വിരുദ്ധമായിരുന്നു. ജലത്തിനുവേണ്ടിയുള്ള ജനത്തിന്‍റെ വിലാപം ന്യായമായ യാചനയായിരുന്നു. അതിന് അവരെ ശാസിക്കുന്നതു ശരിയല്ല. പാറ തുറന്ന് ജലം ഒഴുക്കുന്നത് തങ്ങളല്ല, ദൈവമാണ്, തങ്ങള്‍ ദൈവകരങ്ങളിലെ ഉപകരണങ്ങള്‍ മാത്രമാണ് എന്ന കാര്യവും അവര്‍ മറന്നു. ഇത് ഇരുവരുടെയും വലിയൊരു വീഴ്ചയായി ബൈബിള്‍ അവതരിപ്പിക്കുന്നു. മോശയും അഹറോനും വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ, യാത്രാമധ്യേ, മരുഭൂമിയില്‍ വച്ചു മരിച്ചതിന്‍റെ കാരണം ഈ അവിശ്വസ്തതയായിരുന്നു എന്ന് ഇവിടെ എടുത്തുപറയുന്നു. "കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേലില്‍ എന്‍റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത് ഇവരെ എത്തിക്കുന്നത് നിങ്ങളായിരിക്കുകയില്ല"(സംഖ്യ 20, 12).

പ്രതിനിധികള്‍ സ്വന്തം സ്ഥാനം മറന്ന് അധികാരികളും ഉടമസ്ഥരുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് വലിയ നാശം വരുത്തിവയ്ക്കും. ഇവിടെ മോശയ്ക്കും അഹറോനും സംഭവിച്ചത് എന്നും പ്രസക്തമായ പാഠമായി നില്‍ക്കുന്നു. പുരോഹിതന്‍ ദൈവമല്ല, ജനത്തിനുമുമ്പില്‍ ദൈവത്തിന്‍റെ പ്രതിനിധി മാത്രം; ദൈവത്തിനു മുന്‍പില്‍ ജനത്തിന്‍റെ പ്രതിനിധിയും. ഈ പ്രാതിനിധ്യസ്വഭാവം മറന്നതാണ് മരുഭൂമിയിലെ പാറയ്ക്കു മുന്നില്‍വച്ച് അഹറോനു സംഭവിച്ച വലിയ വീഴ്ച. അകാരണമായി ജനത്തെ ശാസിക്കുകയും ജനത്തിനു മുമ്പില്‍ വലിയവനെന്നു ഭാവിക്കുകയും ചെയ്യാതിരിക്കാന്‍ പുരോഹിതര്‍ക്കു ദൈവം നല്‍കുന്ന  താക്കീതായും ഈ സംഭവത്തെ കാണണം.


യുദ്ധത്തില്‍ ജയം - മാധ്യസ്ഥം

ശത്രുക്കളുടെ ആക്രമണത്തില്‍ ജനത്തിനു സംരക്ഷണം നല്‍കാന്‍ ദൈവത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതാണ് അഹറോന്‍റെ മറ്റൊരു പുരോഹിതധര്‍മ്മം. മരുഭൂമിയിലൂടെയുള്ള യാത്രാമധ്യേ അമലേക്യര്‍ ഇസ്രായേല്‍ജനത്തെ ആക്രമിച്ചു. യുദ്ധം ചെയ്യാന്‍ ജോഷ്വായെ ചുമതലപ്പെടുത്തിയതിനുശേഷം മോശ പ്രാര്‍ത്ഥിക്കാന്‍ മലമുകളിലേക്കു പോയി. കൈകള്‍ വിരിച്ച് മോശ പ്രാര്‍ത്ഥിച്ചപ്പോള്‍ ഇസ്രായേല്‍ക്കാര്‍ക്കായിരുന്നു വിജയം. എന്നാല്‍ കൈകള്‍ കുഴഞ്ഞു താഴ്ന്നപ്പോള്‍ ശത്രുക്കള്‍ മുന്നേറി. ഈ സാഹചര്യത്തില്‍ അഹറോനും ഹൂറും കൂടി മോശയുടെ കൈകള്‍ താഴാതെ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ ജനം യുദ്ധം ജയിച്ചു (പുറ 17, 8-13). യുദ്ധം നയിക്കുന്ന ജോഷ്വായും കൈവിരിച്ചു പ്രാര്‍ത്ഥിക്കുന്ന മോശയും അതിനു സഹായിക്കുന്ന അഹറോനും എന്നും പ്രസക്തമായ മാതൃകകളാണ്. പുരോഹിതന്‍റെ  മുഖ്യധര്‍മ്മമാണ് മധ്യസ്ഥ പ്രാര്‍ത്ഥന എന്ന് ഈ സംഭവത്തിലൂടെ പഠിപ്പിക്കുന്നു.


മലമുകളില്‍

"അപ്പോള്‍ കര്‍ത്താവ് മോശയോടു കല്പിച്ചു: നീ ഇറങ്ങിച്ചെന്ന് അഹറോനെയും കൂട്ടി കയറിവരിക" (പുറ 19, 24). ഈജിപ്തില്‍ നിന്നും മോചിപ്പിച്ച ജനത്തെ ദൈവം സീനായ് മലയില്‍വച്ച് ഉടമ്പടിയിലൂടെ സ്വന്തം ജനമായി സ്വീകരിച്ചു. ഉടമ്പടിയുടെ പ്രമാണങ്ങള്‍ സ്വീകരിക്കാനായി മലമുകളിലേക്കു കയറിയ മോശയുടെ കൂടെ അഹറോനും (പുറ 19,  24) മക്കളായ നാദബും അബിഹുവും(പുറ 24, 1) ഉണ്ടായിരുന്നു എന്ന സൂചനയാണ് ഇവിടെ ലഭിക്കുന്നത്. എന്നാല്‍ മോശ മലമുകളില്‍ നാല്പതു ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചപ്പോള്‍ അഹറോന്‍ ജനത്തിന്‍റെ കൂടെ താഴ്വരയിലായിരുന്നു എന്ന് മറ്റൊരു വിവരണത്തില്‍ കാണാം (പുറ 32,1).  പഞ്ചഗ്രന്ഥത്തിനു പിന്നിലുള്ള വ്യത്യസ്തലിഖിത പാരമ്പര്യങ്ങളാണ് ഈ വ്യത്യാസങ്ങള്‍ക്കു കാരണം എന്ന് ബൈബിള്‍ വ്യാഖ്യാതാക്കള്‍ കരുതുന്നു. ദൈവത്തിന്‍റെ വചനം സ്വീകരിക്കാനും അതു ജനത്തെ അറിയിക്കാനുമുള്ള പുരോഹിതന്‍റെ ദൗത്യം ഈ വിവരണങ്ങളില്‍ കാണാന്‍ കഴിയും.

(തുടരും)

Featured Posts