

ലോകത്തൊരിടത്തും കുടുംബത്തിന് ഒരു ഏകീകൃത രൂപമില്ല. ഒരേ അയൽപക്കങ്ങളിലെ പത്ത് കുടുംബം എടുത്താൽ പത്തും പത്ത് വിധമായിരിക്കാം. വളരെ ഇടുങ്ങിയ കുടുംബ മൂല്യങ്ങളും കർക്കശമായ നിയമങ്ങളും ഉള്ള കുടുംബം മുതൽ വളരെ സുതാര്യതയും ജനാധിപത്യസ്വഭാവവും പുരോഗമനപരതയുമുള്ള കുടുംബങ്ങൾ വരെ അവയിൽ ഉണ്ടാകാം. വളരെ പുരുഷാധിപത്യ സ്വഭാവമുള്ള കുടുംബങ്ങൾ മുതൽ സ്ത്രീ പുരുഷ തുല്യതയും ഉഭയപങ്കാളിത്തവുമുള്ള കുടുംബങ്ങൾ വരെ ഉണ്ടാകാം. 'കുടുംബം' എന്നത് ഒരു കാലത്തും ഏകതാനതയുള്ളതായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ "കുടുംബം" എന്ന സ്ഥാപനത്തെക്കുറിച്ചുള്ള സാമാന്യവല്ക്കരിച്ച പ്രസ്താവനകൾ സൂക്ഷ്മതക്കുറവുള്ളതായിരിക്കും. ഓരോരോ സമൂ ഹങ്ങളിലും പൊതുവായ ചില രൂപമാതൃകകൾ ഉണ്ടാകാം എന്നുമാത്രം.
മുൻകാലങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി സമകാലിക ലോകത്ത് കുടുംബം എന്നത് ഒരു നിശ്ചിത രൂപത്തിലുള്ള നിശ്ചിത ബന്ധങ്ങളുടെ ആകത്തുകയായല്ല പരിഗണിക്കപ്പെടുന്നത്. അതിൽ സ്ത്രീ-പുരുഷന്മാർ ചേർന്ന് നടത്തിയിട്ടുള്ള വിവാഹ ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന കുടുംബങ്ങൾ ഉണ്ടാകാം; ഔദ്യോഗികമായ വിവാഹ ഉടമ്പടികളില്ലാതെ സ്ത്രീപുരുഷന്മാർ ദാമ്പത്യ ഭാവത്തിൽ സഹവസിക്കുന്ന കുടുംബങ്ങൾ കണ്ടേക്കാം; മേല്പറഞ്ഞ ഇരുവിഭാഗത്തിലും പെട്ട - ഉഭയസമ്മതപ്രകാരം ശിശുരഹിതമായ കുടുംബങ്ങൾ കണ്ടേക്കാം; വിവാഹം കഴിച്ചതോ, ഔദ്യോഗികമല്ലാതെ സഹവസിക്കുന്നതോ ആയ ഒരേ ലിംഗ പങ്കാളികളുടെ കുടുംബങ്ങൾ കണ്ടേക്കാം; സ്വന്തം തീരുമാനപ്രകാരം കുട്ടികളുള്ള ഏക രക്ഷിതാക്കളുടെ കുടുംബങ്ങൾ കണ്ടേക്കാം; ഓമന മൃഗങ്ങളെ കുടുംബമായിക്കണ്ട് ജീവിക്കുന്നവർ കണ്ടേക്കാം. മതങ്ങൾക്കകത്ത് ഇവയൊന്നും കുടുംബങ്ങളായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും പൊതു സമൂഹത്തിൽ ഇത്തരം കുടുംബങ്ങൾ എല്ലാം ഉണ്ട്. ഇവയ്ക്ക് പുറമേ രണ്ട് വംശങ്ങളിലുള്ളവർ ചേർന്നുള്ള വംശാന്തര കുടുംബങ്ങളും, മത-ഭാഷ-സംസ്കാരാന്തര കുടുംബങ്ങളും കണ്ടേക്കാം.
രക്തബന്ധങ്ങൾക്കുപരി സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ അടിസ്ഥാനമാക്കി പരസ്പര പിന്തുണയും സ്വീകാര്യതയും നല്കുന്ന സ്നേഹ സമൂഹങ്ങൾ ആകാനാണ് പുതിയ കാലത്തിൻ്റെ താല്പര്യം.
ഇണചേരലിൽ മാത്രമായി ചുരുങ്ങിയിരുന്നു മുൻകാല കുടുംബങ്ങളിലെ പങ്കാളിത്തം പലപ്പോഴും. പരസ്പര പങ്കാളിത്തമോ തുല്യതയോ കൂട്ടത്തരവാദിത്വമോ ആശയസംവേദനമോ, സ്നേഹം പോലുമോ ഇല്ലാത്ത കുടുംബങ്ങൾ അന്യംനിന്നു പോകേണ്ടതുതന്നെയായിരുന്നു. ആദരവ് ആയിരുന്നു അത്തരം കുടുംബങ്ങളിലെ ആദ്യത്തെ കഷ്വാലിറ്റി. എല്ലാ കാലത്തും എല്ലാ ദേശത്തും അതത് ഇടത്തിന്റെ പ്രവാചകർ അതിനെതിരെ ശബ്ദിച്ചിട്ടുണ്ടായിരുന്നു.
കാര്യങ്ങൾക്ക് വന്ന മാറ്റം ചെറുതല്ല. എല്ലാം വർണ്ണമനോഹരമായിത്തീർന്നു എന്നുമല്ല. കൊറോണക്കു ശേഷം ലോകത്ത് തങ്ങളുടെ മക്കളോടൊപ്പം സമയം ചെലവഴിക്കുന്ന പുരുഷന്മാരുടെ സംഖ്യയിൽ 58% വർധനവ് ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. കുടുംബം പോറ്റുന്നതിൽ സ്ത്രീകളും പങ്കാളികളാണ് എന്ന് പൊതുവേ അംഗീകാരം ഉണ്ടായി. കുട്ടികളുടെ അനുശീലനം, വീടിൻ്റെ നടത്തിപ്പ്, വീട്ടുജോലികൾ എന്നിവയിലെല്ലാം ഇരുപങ്കാളികളുടെയും പങ്കാളിത്തം വർദ്ധിച്ചിട്ടുണ്ട്.
ദാമ്പത്യാടിസ്ഥിത കുടുംബങ്ങളിലും പരസ്പര ബഹുമാനമുള്ള ചർച്ചകൾ ആവശ്യമാണ്. ജീവിതത്തിൽ നിന്ന് നമുക്ക് എന്താണ് വേണ്ടത്? അതിന് പരസ്പരം നമുക്ക് എങ്ങനെ സഹായിക്കാം? എന്നിങ്ങനെയുള്ള ചർച്ചകളിലൂടെയും ആശയ സംവേദനങ്ങളിലൂടെയും ജീവിത പങ്കാളികൾ പൊതുവായ ലക്ഷ്യങ്ങൾ കണ്ടെത്തി നിർവ്വചിക്കണം. എങ്ങനെ നമുക്കൊരുമിച്ച് പ്രസ്തുത ലക്ഷ്യങ്ങളിൽ എത്തിച്ചേരാം എന്നത് കൂട്ടായി കണ്ടെത്താനായാൽ കാര്യങ്ങൾ എളുപ്പമാകും.
ഏതു തരം കുടുംബം അഥവാ അടിസ്ഥാന സമൂഹം ആണെന്നിരിക്കിലും, സ്നേഹവും സ്വീകാര്യതയും ഉണ്ടായിരിക്കുക; അംഗങ്ങൾക്കന്യോന്യം വൈകാരികവും സാമൂഹികവുമായ പിന്തുണ ലഭിക്കുക; കുടുംബ ഘടനയിലും നിയമങ്ങളിലും വഴക്കം ഉണ്ടായിരിക്കുക; തുല്യതയുണ്ടായിരിക്കുക; ആഴത്തിലുള്ള ആശയവിനിമയം ഉണ്ടായിരിക്കുക; തീരുമാനമെടുപ്പുകളിൽ കുട്ടികളെപ്പോലും പങ്കാളികളാക്കുക എന്നതെല്ലാം പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളാണ്.





















