ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
നിത്യതയുടെ തേജസുകള്‍ പേറുന്ന ഉത്ഥിതന്‍റെ ശരീരത്തെ സ്പര്‍ശിക്കാന്‍, നേരിട്ട് ക്ഷണം ലഭിച്ച ഒരേ ഒരു മനുഷ്യന്‍. സംശയക്കടലുകള്‍ നീന്തിക്കയറി വിശ്വാസതീരത്ത് കാലുകള്‍ ഉറപ്പിച്ചവന്‍.
ഒത്തിരിയേറെ ഗൃഹാതുരതകള്‍ പകര്‍ന്നുകൊണ്ട് മറ്റൊരു ജൂലൈ മൂന്നുകൂടി കടന്നുവരുമ്പോള്‍, മനസ്സില്‍ തെളിയുന്നത് ദേശാനടപക്ഷികളെപ്പറ്റി വായിച്ചപ്പോള്‍ മനസ്സില്‍ത്തറഞ്ഞ നായകപ്പക്ഷിയുടെ ചിത്രമാണ്.
ദിക്കുകള്‍ ഒരിക്കലും തെററാതെ അനേകായിരം കാതങ്ങള്‍ ദൂരെയുള്ള അയര്‍ലണ്ടിലേക്ക്, സൈബീരിയായില്‍നിന്നും നിരവധി ദേശാടനപക്ഷിക്കൂട്ടങ്ങള്‍ ഒരു മുടക്കവും വരുത്താതെ വര്‍ഷംതോറും ദേശാടനം നടത്താറുണ്ട്.
ദിശകള്‍ തെല്ലും തെറ്റിക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് അവയെ നയിച്ചുകൊണ്ട്, ഈ പക്ഷിക്കൂട്ടങ്ങളുടെ മുമ്പില്‍ ഒരു പക്ഷി എപ്പോഴും (മുന്‍പേ) പറക്കും. കര്‍മ്മംകൊണ്ട് അവനു ലഭിച്ച വിളിപ്പേരാണ് നായകപ്പക്ഷി. ആരവങ്ങളില്ലാതെ എത്തിച്ചേരണ്ടിടത്തുമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവന്‍ അനുസ്യൂതം കൂട്ടത്തിന്‍റെ മുന്‍പില്‍ പ്രയാണം തുടരുന്നു. തന്‍റെ മുന്‍ഗാമികളുടെ അനുഭവത്തില്‍നിന്നും അവന് നന്നായറിയാം, മാര്‍ഗ്ഗമദ്ധ്യേ തന്നെ കാത്തിരിക്കുന്നത് വേടന്‍റെ മൂര്‍ച്ച വരുത്തിയ അമ്പിന്‍ മുനകളും നായാട്ടുകാരന്‍റെ ഉന്നം പിഴയ്ക്കാത്ത വെടിയുണ്ടകളുമാണെന്ന്.
കാത്തിരിക്കുന്ന അപകടങ്ങളുടെ പരമ്പരകള്‍ അവനെ ഒരിക്കലും സംഭ്രമിപ്പിക്കാറില്ല. തന്‍റെ ദൗത്യത്തില്‍നിന്ന് -അനുഗമിക്കുന്നവരെ എത്തിക്കേണ്ടിടത്ത് എത്തിക്കുക എന്നതില്‍നിന്ന്- ഒന്നിനും പിന്തിരിപ്പിക്കാന്‍ സാധ്യമല്ല. സ്വന്തം ജീവന്‍ ത്യജിച്ച് അവന്‍ കടമ നിറവേറ്റും. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നായകപ്പക്ഷികളെ ഒന്നൊന്നായി കെണികളും കൂരമ്പുകളും അപഹരിക്കും. വകവരുത്തപ്പെട്ടവന്‍റെ സ്ഥാനത്തേക്ക് ഇരട്ടി ഊര്‍ജ്ജത്തോടെ ദൗത്യം തുടരാനായി പുതിയവന്‍ കടന്നുവരും.
അവസാനം നിരവധി ജീവനുകള്‍ പൊലിഞ്ഞതിന്‍റെ ഫലമായി. അന്യനാട്ടില്‍ അനേകരുടെ ആഹ്ലാദമായി, ദേശാടനപ്പക്ഷിക്കൂട്ടങ്ങള്‍ പറന്നിറങ്ങും. നായകപ്പക്ഷിയുടെ ജീവാര്‍പ്പണത്തിന്‍റെ സുകൃതഫലമായി ഇത്തരത്തില്‍ സ്വന്തം ജീവത്യാഗം വഴിയായി അനേകരെ വിശ്വാസതീരങ്ങളില്‍ എത്തിച്ച ഒരു നായകപ്പക്ഷിയാണ് തോമാശ്ലീഹാ. ഈ നായകപ്പക്ഷിയുടെ സജീവസ്മരണയുടെ ദിനമാണ് 'ദുക്റാന'. ഓര്‍മ്മപ്പെരുന്നാള്‍ എന്ന് വിവക്ഷ.
കുഞ്ഞുന്നാള്‍ മുതല്‍ ഒത്തിരിയേറെ ആകര്‍ഷിച്ച വിശുദ്ധനാണ്. തോമസ് എന്ന പേരിനോട് വല്ലാത്തൊരു ഇഷ്ടം. ഒരു പക്ഷേ ഏറെ സ്നേഹം പകര്‍ന്നു കടന്നുപോയ അപ്പച്ചന്‍റെ നാമവും തോമസായതുകൊണ്ടാവാം. സ്കൂളിന് അവധിയായ 'ദുക്റാന' രാവിലെ വീട്ടുകാരും അയല്‍ക്കാരുമൊത്ത് വയനാട്ടിലെ പെരുമഴയത്ത് കുടയും ചൂടി തണുത്തുവിറച്ച് കാതങ്ങള്‍ ദൂരെയുള്ള പള്ളിയിലേക്ക് ഒരു യാത്ര.
ആദിമക്രൈസ്തവരുടെ വിശ്വാസാവിഷ്കാരങ്ങളായ സുവിശേഷത്താളുകളിലൂടെ ധ്യാനാത്മകമായി കടന്നുപോകുമ്പോള്‍ മൂന്നിടങ്ങളിലായി തോമസിന്‍റെ വ്യക്തിത്വം ഇതള്‍വിരിയുന്നതായി കാണാം.
ചങ്കുറപ്പിന്‍റെ മനുഷ്യന്‍
തോമസിനെ കണ്ടെത്തുന്ന ആദ്യ ഭാഗം യോഹ. 11:8 ആണ്. തന്നെ കാത്തിരിക്കുന്ന ഘോരവേദനകളെക്കുറിച്ചു പ്രതിപാദിക്കുന്ന യേശു. കുരിശിലൂടെയുള്ള യാത്രയെപ്പറ്റി വിവരിച്ചപ്പോള്‍, സഹനത്തിലൂടെ രക്ഷയെന്ന തിരിച്ചറിവ് വെളിപ്പെട്ടുകിട്ടാത്ത ശിഷ്യഗണം അവനെ പിന്തിരിപ്പിക്കാന്‍ ഉദ്യമിക്കുന്നു. ഗുരുവിനെ കാത്തിരിക്കുന്ന വിപത്തുകള്‍ മുന്‍കൂട്ടി കണ്ടവര്‍ ഓരോരുത്തരായി പിന്‍വലിയാന്‍ ആരംഭിച്ചപ്പോള്‍ 'വരുവിന്‍ നമുക്കും അവന്‍റെ മരണത്തിന്‍റെ ഓഹരി പറ്റാം' എന്നു ചങ്കുറപ്പോടെ ഉദ്ഘോഷിച്ച് മറ്റുളളവരെ ധൈര്യപ്പെടുത്തുന്ന, ഭയരാഹിത്യത്തിന്‍റെ ശിഷ്യന്‍.
ഗുരുവിന്‍റെ ഐശ്വര്യങ്ങളിലും സഹനങ്ങളിലും ഒരുപോലെ സഹകാരിയാകുന്ന ഉത്തമ അനുയായി. മരണത്തിന്‍റെ പോലും ഗുരുമാര്‍ഗം പിന്തുടരാന്‍ തയ്യാറാവുന്നവന്‍. ഗുരുവിനൊപ്പം ആയിരിക്കാന്‍ എന്തുവില കൊടുക്കാനും മടിയില്ലാത്തവന്‍.
തുറവിയുടെ മനുഷ്യന്‍
ഗുരുവിന്‍റെ യാത്രാമൊഴിയെക്കുറിച്ചുള്ള പരമാര്‍ശവേളയാണ് തോമസിനെ കണ്ടുമുട്ടന്ന രണ്ടാമത്തെ ഭാഗം(യോഹ14:6).
മൂന്നുവര്‍ഷങ്ങള്‍ ഉള്ളിന്‍റെയും ഉള്ളതിന്‍റെയും നാഥനായി ശരണമര്‍പ്പിച്ചതാണ് നസ്രസിലെ നന്മയായ യേശുവില്‍. പക്ഷേ നിനച്ചിരിക്കാത്ത അവസരത്തില്‍ വിടവാങ്ങല്‍ മുന്നറിയിപ്പ് ഗുരു നല്കുകയാണ്. "പിതാവിന്‍റെ സവിധത്തില്‍ നിങ്ങള്‍ക്ക് വാസ സ്ഥലമൊരുക്കാനായി ഞാന്‍ പോകുകയാണ്."
ചങ്കുതകര്‍ക്കുന്ന വേര്‍പിരിയല്‍ പ്രഖ്യാപനം. ഒത്തിരി പ്രതീക്ഷകളോടു കൂടിയാണ് കൂടെ കൂടിയതും ഏറെ വിയര്‍പ്പൊഴുക്കി സ്വായത്തമാക്കിയതെല്ലാം ഉപേക്ഷിക്കുക എന്ന ആഹ്വാനമനുസരിച്ച് എല്ലാം വിട്ടെറിഞ്ഞു - ഉളിയും ചുങ്കം പിരിവും വലയും വള്ളവും എല്ലാം. എന്നിട്ട് ഇപ്പോള്‍! എല്ലാം ഉപേക്ഷിച്ച തങ്ങളെ അനാഥരാക്കി, ആശ്രയമായവന്‍ തനിയേ യാത്രയാകുകയാണ്.
വിട്ടെറിയാന്‍ കല്പിച്ചവന്‍ വിട്ടെറിഞ്ഞവരെ വിട്ടുപോകുന്നു. "ഹൃദയം അസ്വസ്ഥമാകേണ്ട എന്നില്‍ വിശ്വസിക്കുവിന്‍" എന്നുറപ്പു പറഞ്ഞവന്‍റെ അഭാവം സൃഷ്ടിക്കുന്ന സംഭ്രമങ്ങള്‍, നാളെയെക്കുറിച്ചുള്ള ഭയാശങ്കകള്‍.
ഭയവിഹ്വലരായ ശിഷ്യഗണത്തിന്‍റെ ആശങ്കകള്‍ തോമസിന്‍റെ അധരങ്ങളിലൂടെ വാക്കുകളായി പുറത്തേക്ക് "കര്‍ത്താവേ, നീ പോകുന്ന വഴി ഞങ്ങള്‍ക്കറിഞ്ഞുകൂടാ, പിന്നെ വഴി എങ്ങനെ ഞങ്ങള്‍ അറിയും?"
ഈ ചോദ്യത്തില്‍ നേരായ വഴി തേടുന്ന ഒരു സന്ദേഹിയെ കണ്ടെത്താന്‍ കഴിയും. സത്യവഴികള്‍ ദര്‍ശിക്കാന്‍ വെമ്പുന്ന ഒരു തുറവിയുടെ മനുഷ്യനെ ഇവിടെ തോമസ് പ്രതിനിധീകരിക്കുന്നു. ഉള്ളിന്‍റെ ആധികള്‍ മൂടിവയ്ക്കാതെ എപ്പോഴും നേരിന്‍റെ പാതകള്‍ തേടുന്ന സുതാര്യത.
ഗുരുവിന്‍റെ അസാന്നിദ്ധ്യത്തിലും ഗുരുമാര്‍ഗം തേടുന്ന സത്യാന്വേഷി
തോമാശ്ലീഹായുടെ വ്യക്തിത്വത്തിന്‍റെ മാറ്റ് ഏറ്റവും ഉജ്ജ്വലമായ രീതിയില്‍ വെളിപ്പെടുത്തുന്ന ഭാഗമാണ് യോഹ. 20:28. വ്യക്തിപരമായ വിശ്വാസാനുഭവത്തിന്‍റെ ഔന്നത്യങ്ങള്‍ ദൃശ്യമാക്കുന്ന സന്ദര്‍ഭം. പ്രതീക്ഷകളുടെ കൂടാരങ്ങള്‍ ഹൃദയത്തില്‍ പടുത്തുയര്‍ത്തിയവന്‍. ഏറ്റവും നിസ്സഹായനായി, തികഞ്ഞ പരാജയമായി കുരിശില്‍ മിഴികള്‍ പൂട്ടിയപ്പോള്‍, കുനിഞ്ഞ ശിരസ്സുകളോടെ പഴയതാവളങ്ങളിലേക്ക് പിന്‍വാങ്ങുന്ന ശിഷ്യഗണങ്ങള്‍. ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നോടൊപ്പം എന്നു വിളിച്ചു പറഞ്ഞവന്‍. പാറപോലെ ഉറച്ചവനെന്നു വിശേഷണം ലഭിച്ചവന്‍ ചേറുപോലെ കുഴഞ്ഞുപോകുന്നു. നാണക്കേടുകൊണ്ട് കൂരകളുടെ ചുമരുകള്‍ക്കുള്ളില്‍ മുഖം മറച്ചവരുടെ മധ്യത്തില്‍ ഉത്ഥിതരൂപത്തില്‍ സന്നിഹിതനാകുന്ന ഗുരു. ഗുരു സാന്നിധ്യവേളയില്‍ തോമസ് ഉപജീവനങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു. തിരിച്ചെത്തിയ തോമസിനോട് ഗുരുവിനെ ദര്‍ശിച്ചവര്‍ ആനന്ദങ്ങള്‍ പങ്കുവയ്ക്കുന്നു.
തെളിവുകളിലും അടയാളങ്ങളിലും വേരൂന്നിയ ജീവിതത്തിനുടമായ തോമസിന് മൃത്യുകരങ്ങളെ ഗുരു അതിജീവിച്ചെന്ന് കൂട്ടുകാരുടെ സാക്ഷ്യങ്ങള്‍ വിശ്വസനീയമായിരുന്നില്ല. തോമസിന്‍റെ യുക്തിക്കതീതമായിരുന്നു, ഗുരു മരണത്തെ തരണം ചെയ്തുവെന്ന വാദങ്ങള്‍.
തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനിന്ന കൂട്ടുകാരോട്, "ഉത്ഥിതന്‍റെ ആണിപ്പഴുതുകളുടെ ആഴങ്ങള്‍ തന്‍റെ വിരലുകള്‍ ഒപ്പിയെടുത്താല്‍ മാത്രമേ വിശ്വസിക്കൂ" എന്നു ശഠിക്കുന്ന തോമസ്. ശാഠ്യം പിടിച്ചവന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് "നിന്‍റെ വിരലുകള്‍ കൊണ്ട് എന്‍റെ ആണിപ്പഴുതുകളുടെ ആര്‍ദ്രത തൊട്ടറിയുക" എന്ന് ആവശ്യപ്പെടുന്ന ഗുരുനാഥന്‍. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ ഗുരുസന്നിധ്യം അരികത്തായപ്പോള്‍ തോമസ് എല്ലാം മറന്നു - തെളിവിനായുള്ള ശാഠ്യങ്ങള്‍, വിരല്‍സ്പര്‍ശനത്തിനായുള്ള പിടിവാശികള്‍, സന്ദേഹങ്ങള്‍, കരുണക്കടലുകള്‍ തിരതല്ലുന്ന ഗുരുകടാക്ഷം അവനെ വിശ്വാസത്തിന്‍റെ ഗിരിശൃംഗങ്ങളിലേക്കുയര്‍ത്തി. നേരിട്ടുള്ള ഉത്ഥിതദര്‍ശനമവന്‍റെ കാഴ്ചവട്ടങ്ങളെ വിപുലമാക്കി. അവന്‍റെ ഉണ്മ വിശ്വാസത്തിന്‍റെ പുതിയ വിബോധങ്ങള്‍ക്കുറവിടമായി.
ഈശ്വരദര്‍ശനം കണ്‍മുന്‍പില്‍ കൃപയായി ലഭിച്ചവന്‍റെ ഹൃദയനിറവുകള്‍ വാക്കുകളായി പ്രവഹിക്കുകയാണ്. "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമെ" എന്നു പ്രപഞ്ചം സാക്ഷ്യം വഹിച്ച വിശ്വാസചരിത്രത്തിലെ ഏറ്റവും ഉറച്ച വിശ്വാസപ്രഘോഷണം. ഈശ്വരനെ ഹൃദയത്തില്‍ സ്വന്തമാക്കിയവന്‍റെ ആഹ്ലാദപ്രകടനം.
തലനാരിഴ കീറിയുള്ള ദൈവശാസ്ത്രാപഗ്രഥനത്തിന്‍റെ പരിണതഫലമായിരുന്നില്ല ഈ ഏറ്റുപറച്ചില്‍, മറിച്ച് വ്യക്തിപരമായ ഈശ്വരദര്‍ശനത്തില്‍ നിന്നുരുവായ ഹൃദയത്തിന്‍റെ നിറഞ്ഞുതുളുമ്പലായിരുന്നു.
ഒന്നിലും അന്ധമായി വിശ്വസിക്കുന്നത് ഒരു യോഗ്യതയായി തോമസ് കാണുന്നില്ല. സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മാത്രം വിശ്വസിക്കുന്ന പ്രകൃതം. പക്ഷേ, ഒരിക്കല്‍ സ്വയം ബോധ്യപ്പെട്ടാല്‍ വിശ്വസിച്ചതിനുവേണ്ടി ജീവന്‍വരെ ബലികഴിക്കുന്ന വ്യക്തിത്വം.
ഉത്ഥിതന്‍ ഹൃദയത്തില്‍ തെളിച്ച വിശ്വാസാഗ്നി മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാനായി വിദൂരനാടുകളുടെ അരക്ഷിതാവസ്ഥകളിലേക്ക് യാത്ര തിരിക്കുന്നവന്‍. ഉത്ഥാനമൊരു വിശ്വാസാനുഭവമാണെന്ന തിരിച്ചറിവ് ലഭിച്ചവന്‍ തന്‍റെ ജീവിതം വഴി ഉദ്ബോധിപ്പിക്കുകയാണ് അടയാളങ്ങള്‍ തേടാതെ വിശ്വസിക്കാന്‍. ഇന്നു വിശ്വാസജീവിതത്തെ ഗ്രസിച്ചിരിക്കുന്ന തെറ്റായ പ്രവണതയാണ്. പ്രത്യക്ഷമായ അത്ഭുതങ്ങള്‍ക്കും തെളിവുകള്‍ക്കും വേണ്ടിയുള്ള പരക്കംപാച്ചിലുകള്‍. ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി വിശ്വാസാനുഷ്ഠാനങ്ങള്‍ മാറുന്നവര്‍, രോഗശാന്തികളുള്ളിടത്തേക്ക് ഇടിച്ചുകയറുന്നവര്‍, അത്ഭുതങ്ങള്‍ സംഭവിക്കുന്നിടത്തേക്ക് തിങ്ങിക്കൂടുന്നവര്‍,എല്ലാം വിശ്വാസജീവിതത്തിലെ വ്യതിചലനങ്ങള്‍. തോമസ് ഒരു സാധ്യതയാണ്. നാമോരോരുത്തരും ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു സാധ്യത, വിശ്വാസത്തിന് തെളിവുകളുടെ സാധൂകരണങ്ങള്‍ തേടുന്നവരുടെ ഉള്ളില്‍ അടയാളങ്ങള്‍ തേടിയ തോമസുണ്ട്. ഈശ്വരസാന്നിധ്യങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ സാക്ഷ്യങ്ങള്‍ തള്ളിക്കളഞ്ഞ് 'നേരിട്ടനുഭവിച്ചാല്‍ മാത്രം വിശ്വസിക്കും' എന്നു വിശ്വസിക്കുന്നവരുടെ ഉള്ളില്‍ വിശ്വസിക്കാന്‍ ദര്‍ശനത്തിനൊപ്പം സ്പര്‍ശം കൂടെ തേടിയ തോമസുണ്ട്.
സന്ദേഹിയായ തോമസില്‍നിന്ന് സംശുദ്ധനായ വിശുദ്ധനായ തോമസ് രൂപം കൊണ്ടത് ഉത്ഥിതദര്‍ശനെ മൂലമാണ്. സത്യത്തിന്‍റെ ആണിപ്പാടുകളെ നിത്യതയുടെ വിരല്‍സ്പര്‍ശനം കൊണ്ട് അറിയാന്‍ ശ്രമിച്ചവന്‍ ആഴമേറിയ വിശ്വാസപ്രഘോഷകനായി. വിശ്വാസക്കടലുകളുടെ ആഴങ്ങള്‍ തൊട്ടറിഞ്ഞ തോമസിന്‍റെ ഓര്‍മ്മത്തിരുനാളുകളുടെ ആചരണങ്ങള്‍ ആഴമായ ഈശ്വരാനുഭവവേളകളാകട്ടെ.