Delicia Devassy
Oct 21
ദൈവത്തിനും മതത്തിനുമെതിരായ ഏറ്റവും വലിയ രൂപകമാണ് ഡോസ്റ്റോവ്സ്ക്കിയുടെ കരമസോവ് സഹോദരന്മാരില്‍ ഇവാന്‍ സങ്കല്പിച്ചു പറയുന്ന മഹാ കുറ്റവിചാരകന്‍റെ കഥ.
സഹോദരനും ഭക്തനും വിശ്വാസിയുമായ അലോഷ്യയോട് പറയുന്ന കഥ തീര്‍ന്നപ്പോള്‍ കഥാകാരനോട് അലോഷ്യ പറഞ്ഞു: "നിന്‍റെ കാവ്യം ക്രിസ്തുവിന്‍റെ മഹത്ത്വീകരണമാണ്, നീ ഉദ്ദേശിച്ചതുപോലെ അതൊരു കുറ്റാരോപണമല്ല." അതിലെ കര്‍ദ്ദിനാളിനെക്കുറിച്ച് "അരസികനായ അധികാരക്കൊതിയന്‍" എന്നാണ് ആ വിശ്വാസി വിശേഷിപ്പിച്ചത്. മതത്തിന്‍റെ ആവരണത്തിനുള്ളില്‍ അരസികരായ അധികാരക്കൊതിയന്മാര്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അവരുടെ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങളും കഥകളും പിറന്നുകൊണ്ടിരിക്കുന്നു. ദൈവത്തെക്കൊണ്ട് പൊറുതിമുട്ടി ദൈവത്തെ കൊന്നു എന്ന് അവകാശപ്പെട്ടവരുമുണ്ട്.
മതമണ്ഡലത്തിലെ ഏറ്റവും ഗൗരവമായ കാര്യം ദൈവം എന്നതുകൊണ്ട് നിങ്ങള്‍ എന്തര്‍ത്ഥമാക്കുന്നു എന്നതുതന്നെയാണ്. ദൈവം എന്ന പദം പലരും ഉപയോഗിക്കുന്നുണ്ട്. ആ പദംകൊണ്ട് എന്തര്‍ത്ഥമാക്കുന്നു എന്നന്വേഷിച്ചാല്‍ വളരെ ഭിന്നവും പരസ്പരവിരുദ്ധവുമായ ഉത്തരങ്ങളാണ് ലഭിക്കുക. ആദിമക്രൈസ്തവ നൂറ്റാണ്ടിലെ ജസ്റ്റിന്‍, മാക്സിമൂസ് എന്നിവരുടെ ലിഖിതങ്ങളില്‍ ക്രൈസ്തവരെ നിരീശ്വരരായി വിശേഷിപ്പിച്ചിരുന്നു എന്നു പറയുന്നു. ക്രൈസ്തവരെ ദൈവനിഷേധികളായ എപ്പിക്കൂറിയന്‍ വിഭാഗത്തിന്‍റെ ഗണത്തോട് ചേര്‍ത്താണ് കണ്ടിരുന്നത്. ദൈവത്തിന്‍റെ പേരുകളെക്കുറിച്ച് ഡയനീഷ്യസ് എന്ന പേരിലറിയപ്പെട്ട ചിന്തകന്‍ അന്വേഷിക്കുന്നു. ദൈവത്തിനു പേരില്ല എന്നതാണ് ബൈബിള്‍ വെളിപ്പെടുത്തിയത്. എങ്കിലും ദൈവം എന്ന പേരു നാം ഉപയോഗിക്കുന്നു.
സ്രഷ്ടാവായ ദൈവം എല്ലാ സൃഷ്ടികള്‍ക്കും പേരിടാന്‍ മനുഷ്യനോട് ആവശ്യപ്പെടുന്ന കഥയുണ്ടല്ലോ. പക്ഷേ, അവിടെ ദൈവത്തിനു പേരിടാന്‍ ദൈവം അനുവദിക്കുന്നില്ല. യാക്കോബിനു ഇസ്രായേല്‍ എന്നു പേരിട്ടവന്‍, സ്വന്തം പേര് പറയാത്തവനായിരുന്നു. ദൈവത്തിനു പേരിട്ട് അവനെ ആരുടെയും സ്വകാര്യസ്വത്താക്കാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് വി. അഗസ്റ്റിന്‍ പറഞ്ഞു: "നീ മനസ്സിലാക്കിയെങ്കില്‍ അതു ദൈവമല്ല." നിന്‍റെ മനസ്സിന്‍റെ ചാക്കിലാക്കിക്കൊണ്ടു നടക്കാവുന്ന ഒന്നല്ല ദൈവം.
അപ്പോള്‍ ദൈവത്തെക്കുറിച്ചു പറയുന്നവന്‍ ആരെക്കുറിച്ചാണ് പറയുന്നത്? സ്വന്തം സങ്കല്പത്തിലെ ദൈവം -അവരുണ്ടാക്കിയ അവരുടെ ദൈവം. പതിമൂന്നാം നൂറ്റാണ്ടിലെ ജര്‍മ്മനിയിലെ മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് പ്രസംഗത്തില്‍ പറഞ്ഞു: "പശുവിനെ കാണുന്നതുപോലെ ദൈവത്തെ കാണാനും സ്നേഹിക്കാനും ചിലര്‍ ആഗ്രഹിക്കുന്നു. പാലിനും വെണ്ണയ്ക്കും ലാഭത്തിനും വേണ്ടിയാണല്ലോ ഈ സ്നേഹം." ദൈവത്തെ കറവപ്പശുവാക്കുന്നതില്‍ നാം വിദഗ്ദ്ധരാണ്.
ദൈവനാമത്തില്‍ വ്യാപരിക്കുന്നവര്‍ ദൈവത്തെ അറിഞ്ഞവരാണ് എന്ന വ്യാമോഹമാണ് ദൈവികമേഖലയുടെ ഏറ്റവും വലിയ പ്രലോഭനം പ്രത്യേകിച്ചും കമ്പോള സംസ്കാരത്തില്‍. കമ്പോളത്തില്‍ എല്ലാം ചരക്കുകളാണ്. ദൈവവും കമ്പോളത്തിലെ ചരക്കാക്കപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ ദൈവദോഷം. പള്ളികളും ധ്യാനകേന്ദ്രങ്ങളും ദൈവിക ജീവിതത്തിന്‍റെ പ്രഭവങ്ങളാകാതെ ദൈവത്തിന്‍റ കച്ചവടകേന്ദ്രങ്ങളാകുന്ന ഭീഷണി നിസ്സാരമല്ല. ദൈവാലയത്തെ കച്ചവടസ്ഥലമാക്കി എന്ന ആരോപണത്തിലാണ് യേശു ചാട്ടയെടുത്തത്. അപാരമായ ശങ്കയും വിറയലുമുണ്ടാകേണ്ട ദൈവവേദികളില്‍ കച്ചവടക്കാരുടെ അഹന്ത ഭരിക്കാന്‍ തുടങ്ങിയാലോ?
യഹൂദമതത്തിന്‍റെ ചരിത്രപരമായ അനന്യത ദൈവനാമം ഉപയോഗിക്കാന്‍ കാണിച്ച വൈമുഖ്യവും ഭയവും വിറയലുമായിരുന്നു. ദൈവത്തെ വിഗ്രഹമാക്കാന്‍ പറ്റില്ലെന്ന കര്‍ശമായ കല്പന ആ മതത്തിന്‍റെ തനിമയുടെ ഭാഗമാണ്. ഇങ്ങനെയൊരു കല്പന മറ്റൊരു മതത്തില്‍ ഉണ്ട് എന്നു കരുതുന്നില്ല. ഹിന്ദുമതത്തിന്‍റെ വിഗ്രഹാരാധനയ്ക്കെതിരായ ബുദ്ധന്‍റെ നിഷേധം നിരീശ്വരത്വത്തിന്‍റേതായി. എന്നാല്‍ ആ നിരീശ്വരത്വം ആത്മീയവുമായിരുന്നു.
ബഹിരാകാശത്തേക്ക് സോവ്യറ്റ് യൂണിയന്‍ അയച്ച ആദ്യ വ്യക്തി യൂറി ഗഗാറിനാണ്. അദ്ദേഹം പറഞ്ഞു: "ഞാന്‍ അവിടെയൊന്നും ദൈവത്തെ കണ്ടില്ല." ഈ വാചകത്തെ വളരെ സാധകമായി സ്വീകരിച്ച യഹൂദ ചിന്തകനാണ് എമ്മാനുവേല്‍ ലെവിനാസ്. അവിടെയോ ഇവിടെയോ ദൈവത്തെ കണ്ടില്ല എന്നതു ദൈവത്തോട് തീര്‍ത്തും നീതിപുലര്‍ത്തുന്ന പ്രസ്താവനയാണ്. ദൈവത്തെ അവിടെയോ ഇവിടെയോ കുടിയിരുത്തുന്നതു വലിയ പേഗനിസമാണ് അദ്ദേഹത്തിന്. ദൈവം ഒരു സ്ഥലത്തിന്‍റെയോ സമുദായത്തിന്‍റെയോ അല്ല. ദൈവമില്ല എന്നു പറയുന്ന നിരീശ്വരരില്‍ പലരും ദൈവത്തിന്‍റെ വിഗ്രഹങ്ങളെയും ദൈവനാമത്തിന്‍റെ കൗശലപൂര്‍ണമായ ദുരുപയോഗത്തേയുമാണ് നിഷേധിക്കുന്നത്. ദൈവത്തിന് അസ്തിത്വമില്ലായെന്നു എക്കാര്‍ട്ടിനെപ്പോലെ പലരും പറഞ്ഞിട്ടുണ്ട്. ആധുനിക ഫ്രഞ്ച് ചിന്തകനായ ലൂക് മാറിയോണിന്‍റെ ഗ്രന്ഥത്തിന്‍റെ പേര് 'അസ്തിത്വമില്ലാത്ത ദൈവം' എന്നാണ്. ലെവിനാസും ഡെറീഡയും ഇതിനോട് യോജിക്കും. അസ്തിത്വമുള്ളതൊക്കെ ഈ ലോകവും അതിലെ സര്‍വ്വചരാചരങ്ങളുമാണ്. അവയില്‍ ഒന്നായോ അവ മുഴുവനുമായോ ദൈവത്തെ എണ്ണാനാവില്ല. എണ്ണാവുന്നതില്‍ ഒന്നല്ല ദൈവം. ഇതാണ് യഹൂദമതം വ്യക്തമാക്കിയത്. മനുഷ്യഭാഷകളിലൊരു പേരും ദൈവത്തിനു പറ്റില്ല. ഇങ്ങനെ ദൈവത്തെ ഏതോ ഒന്നാക്കുന്നതു വിഗ്രഹാരാധനയാകും. എക്കാര്‍ട്ട് അതുകൊണ്ട് എഴുതി: "നമുക്ക് ദൈവത്തോടു പ്രാര്‍ത്ഥിക്കാം, 'ദൈവത്തില്‍' നിന്ന് നമ്മെ വിമോചിപ്പിക്കാന്‍." അവിടെ ദൈവം എന്ന പദം രണ്ടര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ സങ്കല്പത്തിന്‍റെയും ആശയങ്ങളുടെയും 'ദൈവ'ത്തില്‍ നിന്നു വിമോചിപ്പിക്കാനും പ്രാര്‍ത്ഥിക്കുന്നു.
ഫ്രഞ്ച് ചിന്തകനായ ഡറീഡയുടെ വീക്ഷണത്തില്‍ യഹൂദമതത്തിന്‍റെ വെളിപാട് ദൈവത്തെക്കുറിച്ചല്ല. മറിച്ച് മനുഷ്യന് ബന്ധപ്പെടാന്‍ കഴിയാത്തതിനോടുള്ള ബന്ധത്തിന്‍റെ ഇടമായ ഭാഷയുടെ വെളിപാടാണ്. ബന്ധപ്പെടാന്‍ കഴിയാത്തതിനോട് ബന്ധിക്കുക - വൈരുദ്ധ്യമാണ്. അതിന്‍റെ ഭാഷ എന്താണ്? ദൈവശാസ്ത്രഭാഷയാണോ? അല്ലെന്ന് അദ്ദേഹം പറയുന്നു. അത് മനുഷ്യനെക്കുറിച്ചും മാനവികതയെക്കുറിച്ചുമുള്ള ഭാഷയാണ്. മനുഷ്യന്‍റെ ഉന്നതവും ഉദാത്തവുമായ ഒരു ഭാഷണത്തിന്‍റെ പ്രത്യേക ഭാഷ. അതു കാവ്യഭാഷയാണ്. ഇല്ലാത്തത് പറഞ്ഞുണ്ടാക്കുന്നതാണ് കാവ്യം. അത് അസാന്നിദ്ധ്യമാണ് പറഞ്ഞുണ്ടാക്കുന്നത്. ദൈവം ഈ ലോകത്തില്‍ ഒരു അസാന്നിദ്ധ്യമാണ്. പക്ഷേ, അത് അടയാളപ്പെടുത്തുന്ന അസാന്നിദ്ധ്യമാണ്. ലോകം ദൈവത്തിന്‍റെ അസാന്നിദ്ധ്യമാണ് വിളിച്ചുപറയുന്നത്. ഈ ഭാഷ ഇല്ലാത്തതിന് ഇടംകൊടുക്കുന്നു. ഗ്രന്ഥം ഗ്രന്ഥകാരന്‍റെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്നില്ലേ?
സാഹിത്യഭാഷ സാധാരണ വ്യവഹാര ഭാഷയല്ല. 'മേരി അടുക്കളയിലേക്കു പോയി' എന്ന സാധാരണ ഭാഷയുടെ ഘടനയും വ്യാകരണവും പേറുന്നതാണ് മേരി സ്വര്‍ഗ്ഗത്തിലേക്കു പോയി എന്ന വാചകവും. പക്ഷേ രണ്ടാമത്തെ വാചകം കാവ്യഭാഷയാണ് -അതില്ലാത്തതാണ് പറഞ്ഞു വയ്ക്കുന്നത്. ഇല്ലാത്തതിനു പേരു കൊടുത്തു ഉള്ളതായി തോന്നിപ്പിക്കുകയും കിള്ളിപൊളിച്ചുനോക്കിയാല്‍ സൂചിതം നിഷേധിക്കുകയും ചെയ്യു ന്നു. "വീണപൂവ്" എന്ന കവിതയില്‍ പൂവില്ലാത്തതുപോലെ. പക്ഷെ, എന്തോ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, അതെന്ത് എന്നു പറയനാവില്ല. എന്നാല്‍ അതിലേക്കു ചൂണ്ടുന്ന ചൂണ്ടല്‍ ശൂന്യതയിലേയ്ക്കായി വരുകയും ചെയ്യുന്നു. ഏതോ അസാന്നിദ്ധ്യത്തിനു വാക്കുകളില്‍ അഭയം നല്കുന്നു. മോസസ്സ് മുള്‍പ്പടര്‍പ്പില്‍ കണ്ടതു കാഴ്ചയാണോ? കാണാന്‍ പറ്റുന്നതല്ല കണ്ടത്; അതു കാഴ്ചയുമല്ല. കാണാനാകുന്നത് കണ്ടപോലെ, കാണാനാവാത്തതിന് ഭാഷയില്‍ ആതിഥ്യം നല്കുന്നു. അഗസ്റ്റിന്‍ പറഞ്ഞിട്ടുള്ളതുപോലെ ആ കാഴ്ച അകക്കണ്ണിന്‍റെയാണ്. പക്ഷേ, ആ കാഴ്ചയ്ക്ക് വസ്തുവും വേണ്ട, വെളിച്ചവും വേണ്ട.
"ഞാന്‍ എന്‍റെ ആത്മാവിനോടു പറഞ്ഞു; അടങ്ങ്, നിന്നിലേക്ക് ഇരുട്ട് കയറട്ടെ; അതു ദൈവത്തിന്‍റെ ഇരുട്ടായിരിക്കട്ടെ." എലിയറ്റിന്‍റെ ഈ കാവ്യത്തിന്‍റെ സ്വഭാവം ഇരുട്ടിനു പേര് കൊടുത്തു ഭാഷയില്‍ പിടിച്ചിരുത്തുകയാണ്. "ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്ധകാരം സൃഷ്ടിച്ചു" എന്ന് ഏശയ്യ എഴുതി (4:5-9). ദൈവിക വെളിപാടിന്‍റെ ഭാഷ കവികള്‍ക്കും പ്രവാചകര്‍ക്കുമുള്ളതാണ്. അവരാണ് ഇല്ലാത്തത് ഭാഷയില്‍ കാണിക്കുന്നവര്‍, അവരാണ് നാമാരും ഇല്ലാതിരുന്ന ആദിയുടെ കഥ പറയുന്നത്, അവര്‍ ഇല്ലാത്തത് കണ്ട്, കാണിക്കാന്‍ ശ്രമിക്കുന്നു. അവരുടെ രാത്രിയില്‍ പ്രത്യക്ഷപ്പെടുന്നത് പ്രത്യക്ഷത്തിന്‍റെ രാത്രിയാണ്. കണ്ടു മതിവരാത്ത അദൃശ്യത കാഴ്ചയാക്കുന്നു. രാത്രി ഒന്നുമില്ലാതിരിക്കെ പേര് കൊടുത്ത് എന്തോ ആക്കുന്നു.
എന്നാല്‍ ഈ ഭാഷയില്‍ കാപട്യത്തിന്‍റെ നാട്യം കടന്നുകൂടാം. ദൈവം വെളിപ്പെടുത്തി എന്നു പറഞ്ഞു നടക്കുന്ന നടനക്കാര്‍ ഇപ്പോഴും എപ്പോഴുമുണ്ട്. അവരുടെ അവകാശവാദം അഹത്തിന്‍റെ ആധിപത്യജ്വരം സൃഷ്ടിക്കുന്ന കിനാവുകളാണ്. ഇതെങ്ങനെ അറിയും?
ഭാഷ സാഹിത്യമാകുന്നത്എഴുത്തുകാരന്‍റെ മരണത്തിലാണ് എന്നാണ് പറയുക. മരണവും മരിക്കലും രണ്ടാണ്. മരിക്കുക എന്ന പ്രക്രിയ ജീവിതത്തിനുള്ളിലാണ് - അതിന്‍റെ അവസാനക്രിയയാണ് മരണം. ജനിച്ച നിമിഷം മുഴുവന്‍ നാം മരിക്കുകയാണല്ലോ. എന്നാല്‍ ഇതിനു സമാനവും എന്നാല്‍ വ്യത്യസ്തവുമായ ഒരു മരണമാണിവിടെ അര്‍ത്ഥമാക്കുന്നത്. എഴുത്തുകാരന്‍റെ അഹം പിന്‍വാങ്ങി അയാളുടെ ബോധം അപരസാന്നിദ്ധ്യത്താല്‍ നിറയുമ്പോള്‍ ജനിക്കുന്നതു സാഹിത്യമാണ്. എഴുത്തുകാരന്‍ എഴുതുന്നതു തന്നെയല്ല - തന്നിലെ താനല്ലാത്തതാണ്. എഴുത്ത് ഒരു പുറപ്പാട് യാത്രയാണ്. തന്നില്‍നിന്ന് ഇറങ്ങിപ്പോകുന്നു, തന്നെക്കുറിച്ച് നിശ്ശബ്ദനാകുന്നു. സുവിശേഷം എഴുതിയവര്‍ തങ്ങളെക്കുറിച്ച് പൂര്‍ണ്ണ നിശബ്ദരാണ്. അവര്‍ അവരുടെ കഥയല്ല പറയുന്നത്, അപരന്‍റെ കഥയാണ്. എഴുത്തുകാരന് ലക്ഷ്യമുണ്ട്. വഴിയുണ്ടോ എന്നത് വ്യക്തമല്ല - വഴി വല്ലാത്ത വിറയലാണ്. ഇവിടം വിടുക എന്നതാണ് യാത്രയില്‍ പ്രധാനം. ഇവിടം വിടുന്നത് ഒരു കാത്തിരിപ്പിലാണ്. എന്‍റെ ഇറങ്ങിപ്പോക്കിലാണ് അപരന് ഇടം കിട്ടുന്നത്.
ചിന്തിച്ചതില്‍ ചിന്തിക്കാത്തതും സങ്കല്പിച്ചതില്‍ സങ്കല്പിക്കാവുന്നതും നോക്കിയുള്ള യാത്ര. ജീവിതത്തിന്‍റെ ഒഴുക്കില്‍ നിന്നു കരകയറി നില്‍ക്കുന്നതുപോലെ കാലത്തില്‍ ഒഴുകാതെ നില്‍ക്കുന്നു. അതു ഒരു തരം മരണമാണ് - അത് ഏതോ വെളിവിനുവേണ്ടിയുള്ള കാത്തുനില്‍പ്പാണ്. അവിടെ ഭാഷ എന്‍റെയല്ല, അകലത്തില്‍നിന്നു വരുന്ന അപരന്‍റെ ഭാഷയാണ്. പറയാനാവാത്തതും കാണാനാവാത്തതും അര്‍ത്ഥമറിയാത്തതും എഴുതപ്പെടുന്നു. നക്ഷത്രങ്ങള്‍ വാക്കുകളില്‍ അതിഥികളായി വരുന്ന അസാദ്ധ്യമായ എഴുത്ത്. ഉള്ളതിനപ്പുറത്തേക്കു നോക്കിയാണ് എഴുതുന്നത്. നിശ്ശബ്ദതയെ എഴുത്തില്‍ കുടിയിരുത്തുന്നു. എഴുതാപ്പുറമാണ് അപ്പോള്‍ എഴുതുന്നത്.
ഭാഷ സംഭവിക്കുകയാണ്. അവിടെ വിശുദ്ധമായതു സംഭവിക്കുന്നു. ഡയനീഷ്യസ് എഴുതിയതുപോലെ "നാമമില്ലാത്തതും ഉച്ചരിക്കാനാവാത്തതുമായ ദൈവത്തെ ഉപകാരപ്രദവും യോഗ്യവുമായ പല നാമങ്ങളില്‍ പ്രഖ്യാപിക്കാന്‍ കനിയണമേ എന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു." മിന്നാട്ടം പോലെ മലിനമാകാന്‍ സാധ്യതയിലേയ്ക്കുള്ള എത്തിനോട്ടമില്ലാതെ പ്രാര്‍ത്ഥനപോലും സാദ്ധ്യമാകില്ല. ശുദ്ധമായ പ്രാര്‍ത്ഥന തന്നെ സാധ്യമാണോ? എങ്കില്‍ മതവും ദൈവശാസ്ത്രവും വേണ്ടിയിരുന്നില്ല. മലിനീകരണത്തിന്‍റെ ഭീകരമായ സാദ്ധ്യതയുടെ മുമ്പിലാണ് പ്രാര്‍ത്ഥനപോലും സാധ്യമാകുന്നത്. അതേസമയം അപ്പുറത്തുള്ള അസാദ്ധ്യമായതിനുവേണ്ടിയുള്ള വികാരം ഒഴിവാക്കാനാവാതെ നില്‍ക്കുന്നു എന്നതാണ് മനുഷ്യന്‍റെ അസ്തിത്വ സ്വഭാവം. പുറത്തേക്കു നോക്കുന്ന പാഷന്‍ ഒരുവിധത്തിലും മെരുക്കാനോ അടക്കാനോ കഴിയാത്തതാണ്. യാത്ര ചെയ്യാനാകാത്തിടത്തേക്കുള്ള യാത്രയാണ്. ശരിയായ സാഹിത്യകാരന്‍ സൗന്ദര്യത്തില്‍ തൃപ്തനല്ല. അയാള്‍ അപ്പുറത്ത് ഉദാത്തതയിലേക്കു നോക്കുന്നു. കവിയുടെ ഏകാന്തത തകര്‍ക്കപ്പെടാത്തതല്ല, പുറത്തിന്‍റെ ശല്യത്തില്‍ അയാള്‍ അശാന്തനാകും. മനുഷ്യന്‍റെ അടങ്ങാത്ത ഉത്തരവാദിത്വബോധം ഇറക്കിക്കളയാന്‍ പറ്റുന്നില്ല. അപരനാണ് ദൈവം അത് ഏതു രൂപമെടുത്താലും. അതു തീര്‍ത്തും അപരനാകുമ്പോള്‍ ദൈവത്തിന്‍റെ ബിംബമാകും.
അതുകൊണ്ട് എക്കാര്‍ട്ട് എഴുതി "നമ്മുടെ രക്ഷയുടെ അടിസ്ഥാന കാരണം ശൂന്യതയിലാണ്, സ്വന്തം അഹന്ത വെട്ടിമാറ്റുക... നിനക്കപ്പുറത്തേക്കു പോയി നീ നിന്നെ നിഷേധിക്കുക." അപ്പോള്‍ നോവാലിസ് എഴുതിയതു പോലെ ദൈവം സംഭവിക്കും. എപ്പോഴും മറഞ്ഞിരിക്കുന്ന ദൈവത്തെ സംഭവിപ്പിക്കാം. അസ്തിത്വമുള്ളത് ആ ദൈവിക സംഭവത്തിനാണ്, ദൈവത്തിനല്ല. അസ്തിത്വമുള്ള ദൈവം അപ്രസക്തമാകാം, കാരണം അതിന്‍റെ ദൈവികത പരിമിതമാണ് - മലിനമായതാകും.
അസ്തിത്വമുള്ള ദൈവമല്ല നമുക്കു വേണ്ടത്. അസിസ്ത്വമില്ലാത്ത സ്നേഹമാണ്. ഇത് വിധിയെ സ്നേഹിക്കുന്നതല്ല, സ്നേഹത്തെ വിധിയാക്കി സ്വയം അഴിച്ചു പണിയുന്നതാണ്. അപരനെ സനേഹിക്കുന്നത് മരണകരമാണ്. ദൈവത്തിന്‍റെ അസാന്നിദ്ധ്യം അടയാളപ്പെടുത്തി ക്കൊണ്ടിരിക്കുന്ന - ദൈവിക ഭാഷണങ്ങളില്‍. അടയാളങ്ങളെ നിഷേധിക്കേണ്ടതു അസ്സലിനുവേണ്ടിയുള്ള ദാഹത്തിന്‍റെ അനിവാര്യതയാണ്. ദൈവനാമത്തിന്‍റെ നിഷേധം അസന്നിഹിതമായ ദൈവത്തോടുള്ള ഭാഷണത്തിന്‍റെ ഭാഗമാകും. ദൈവത്തെക്കുറിച്ചു പറയാതെ പറയുകയും പറയാനാവാത്തത് പറയുകയും ചെയ്യുന്നതു ഉദാത്ത ഭാഷയിലാണ്. ഈ ഭാഷണമാണ് മനുഷ്യന് മഹത്ത്വം നല്കുന്നത്. ഈ ഭാഷ എപ്പോഴും ദൈവത്തിനു വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും ഉടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കും.
ഏതു ദൈവഭാഷണത്തേയും സംശയിക്കേണ്ടിയിരിക്കുന്നു. ദേവഭാഷ പിശാചുപോലും പറയുന്ന വൈരുദ്ധ്യമുണ്ട്. നടന്‍തന്നെ കാണിയുമാകുന്ന അനിവാര്യതയുണ്ട്. സംശയ സാധ്യത ജീവിതത്തിന്‍റെ അനിവാര്യതയായിരിക്കുന്നു. തത്ത്വശാസ്ത്രം സംശയത്തില്‍ തുടങ്ങുന്നതുപോലെ സത്യസന്ധമായ ജീവിതം വ്യാജോക്തിയില്‍ തുടങ്ങുന്നു എന്നു കീര്‍ക്കെഗോര്‍ എഴുതി. നിര്‍വ്യാജമായ ജീവിതം വ്യാജോക്തിയില്‍ നിന്നു ഒഴിവാകുന്നില്ല. വ്യാജോക്തി അര്‍ത്ഥവും ഭാഷയും തമ്മിലുള്ള ഇടര്‍ച്ചയാണ്. പ്രത്യക്ഷവും പരോക്ഷവും തമ്മിലും അകവും പുറവും തമ്മിലും ഇടയുന്നു. ശരീരത്തിന്‍റ മോഹം ആത്മാവ് പരിഹസിക്കുമ്പോള്‍ ലോകത്തിന്‍റെ ആഗ്രഹം വചനം വെറുക്കുന്നു. ഇത് അസ്തിത്വം നേരിടുന്ന നിതാന്ത വിഭജനത്തിന്‍റെ ഇരട്ടസ്ഥിതിയുടെ വൈരുദ്ധ്യമാണ്.
സോക്രട്ടീസ് പറഞ്ഞതുപോലെ സ്വയം പരിശോധിക്കാത്ത ജീവിതം വിലപ്പെട്ടതല്ല. പരിശോധിക്കുമ്പോള്‍ കാണുന്നത് ബോധത്തിനുള്ളിലെ വൈരുദ്ധ്യമാണ്. ബോധമാണ് സത്യം - പക്ഷേ, അതില്‍ അഹവും അപരനുമുണ്ട്. അഹത്തിന്‍റെ ലക്ഷ്യം അപരന്‍റെ ഭാഷയിലും, അപരന്‍റെ താത്പര്യം അഹത്തിന്‍റെ ഭാഷണത്തിലും പറഞ്ഞാല്‍ നിതാന്തമായ വ്യാജോക്തിയുടെ വൈപരീത്യം നേരിടേണ്ടി വരുന്നു. കാമഭാഷയില്‍ ദൈവസ്നേഹവും നിത്യത നൈമിഷികതയുടെ ഭാഷയിലും പറയുമ്പോഴത്തെ വിരുദ്ധോക്തിയുടെ പ്രശ്നമാണ് ആത്മീയ മതമണ്ഡലവും നേരിടുന്നത്. ദൈവഭാഷണം ലോകഭാഷയില്‍ വിരുദ്ധോക്തിയാകാം. ദൈവനിഷേധത്തിന്‍റെ ഭാഷ ദൈവികതയുടേതുമാകാം.