

"മരുഭൂമിയിൽ നിലവിളിക്കുന്ന ശബ്ദമാണ് ഞാൻ" എന്ന പ്രയോഗം ബൈബിളിലുണ്ട്. മരുഭൂമിയിൽ ആരെങ്കിലും നിലവിളിച്ചാൽ, അതാരു കേൾക്കാൻ! ആരും കേൾക്കുന്നില്ല എന്നതിനാൽത്തന്നെ പ്രതികരണമൊന്നും ഉണ്ടാകുന്നുമില്ല. മലയാളത്തിൽ വനരോദനം എന്നും പറയാം.
ഇക്കാലത്ത് ചില ശബ്ദങ്ങൾ മരുഭൂമിയിൽ നിലവിളിക്കുന്ന ശബ്ദമായി തോന്നുന്നുണ്ട്. ആരും പ്രതികരിക്കുന്നില്ലെങ്കിലും, നമുക്കത് ചെയ്യാതിരിക്കാൻ ആവാത്ത ഒരനിവാര്യതയാണ്.
ഫ്രാൻസിസ് മാർപ്പാപ്പയുടെയോ ലിയോ മാർപ്പാപ്പയുടെയോ സമാധാനത്തെക്കുറിച്ചുള്ള വാക്കുകൾ മരുഭൂമിയിൽ നിലവിളിക്കുന്നവന്റെ ശബ്ദമായി തോന്നിപ്പോകുന്നുണ്ട്.
ഇന്നലെ പോപ്പ് ലിയോ ലോകത്തോട് പറഞ്ഞ ഈ വാക്കുകൾ നോക്കൂ:
"വലിയ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ ഈ ദിവസങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതി ഗുരുതരമായി വഷളായിരിക്കുന്നു. അതീവ ലോലമായ ഈ സാഹചര്യത്തിൽ, ഉത്തരവാദിത്തത്തോടും യുക്തിയോടും അതേ അഭ്യർത്ഥന ശക്തമായി പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
"ആണവ ഭീഷണികളില്ലാത്ത, ശാശ്വതമായ സമാധാനം നിലനില്ക്കുന്ന, സുരക്ഷിതമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന്, നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായി ആദരപൂർവ്വകമായ ആഭിമുഖ്യങ്ങളുടെയും ആത്മാർത്ഥമായ സംഭാഷണങ്ങളുടെയും പാതയാണ് പിന്തുടരേണ്ടത്."
ഇങ്ങനെകൂടി അദ്ദേഹം കൂട്ടിച്ചേർത്തു:
"ഒരാളും മറ്റൊരാളുടെ നിലനിൽപ്പിനെ ഒരിക്കലും ഭീഷണിപ്പെടുത്തരുത്." (സ്പോർട്ട് ജൂബിലി ആഘോഷ സദസ്സിനോട്, ജൂൺ 14, 2025).
അദ്ദേഹം ചൂണ്ടിക്കാണിച്ച മൂന്ന് അടിസ്ഥാനങ്ങൾ തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടവയാണ്. നീതിയും സാഹോദര്യവും പൊതുനന്മയും!.
ഏതാണ്ട് ഒരു മാസം മുമ്പ് -മെയ് 16-ന് അദ്ദേഹം പറഞ്ഞ വാക്കുകൾ നോക്കൂ: "സമാധാനം ഹൃദയത്തിലാണ് നിർമ്മിക്കപ്പെടേണ്ടത്, ഹൃദയത്തിൽ നിന്നാണ് വരേണ്ടത്. അഹങ്കാരവും പ്രതികാരബുദ്ധിയും ഇല്ലാതാക്കുകയും, ഉപയോഗിക്കുന്ന വാക്കുകൾ നാം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും ചെയ്താൽ മാത്രമേ അതുണ്ടാകൂ." (നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്ത് പറഞ്ഞത്).
നാം ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പിന് അദ്ദേഹം നൽകുന്ന പ്രാധാന്യം ശ്രദ്ധിക്കുക!
അല്ല, അത് മനഃപൂർവമല്ലാതെ പറഞ്ഞുപോയതല്ല. ന്തതിനും മൂന്നു ദിവസം മുമ്പ് 2025 മെയ് 12-ന് അദ്ദേഹം പറഞ്ഞത് നോക്കൂ: "നമുക്ക് നമ്മുടെ വാക്കുകളെ നിരായുധീകരിക്കാം, അങ്ങനെ, സ്വയം നിരായുധീകരിക്കാൻ ലോകത്തെ നമുക്ക് സഹായിക്കാം." (മാധ്യമ പ്രതിനിധികളെ അഭിസംബോധന ചെയ്ത് പറഞ്ഞത്). അതേ, അദ്ദേഹം മാധ്യമപ്രവർത്തകരോട് തന്നെയാണ് ഇത് പറഞ്ഞത്. അതിനാൽ സോഷ്യൽ മീഡിയയിലുള്ള നാമെല്ലാവരും അതിൽ ഉൾപ്പെടും. അതേ അഭിസംബോധനയിൽ, ആശയവിനിമയം നടത്തുന്നവരോട് അദ്ദേഹം ഇങ്ങനെയും പറഞ്ഞു: "ആശയവിനിമയം വിവരങ്ങളുടെ കൈമാറ്റം മാത്രമല്ല, അത് ഒരു സംസ്കാരത്തിന ്റെ നിർമ്മിതി കൂടിയാണ്."
ഹിംസാത്മകമായ നമ്മുടെ വാക്കുകളിലൂടെ എത്ര ഭീകരമായ ഒരു സംസ്കാരമാണ് നാം മനഃപൂർവ്വം സൃഷ്ടിച്ചെക്കുന്നത്!





















