

ഈയ്യിടെ നരവംശശാസ്ത്രപരമായ കുറേ ലേഖനങ്ങൾ വായിക്കാനിടയായി. ആദിമ മനുഷ്യരുടെ സാമൂഹിക വല്ക്കരണത്തെക്കുറിച്ച് ശാസ്ത്രലോകം എത്തിയിരുന്ന നിഗമനങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമായ കണ്ടെത്തലുകളിലേക്കും നിലപാടുകളിലേക്കും അവർ ഇന്ന് നീങ്ങുന്നുണ്ട്. നരവംശശാസ്ത്രത്തിൽ മിക്കവാറും ഘട്ടങ്ങളിൽ ഉള്ളത് തിയറികളല്ല, ഹൈപോതിസിസുകളാണ് എന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. മനുഷ്യകുലം അതിൻ്റെ ആരംഭ ഘട്ടത്തിൽ ഒറ്റതിരിഞ്ഞോ ഇണകളായോ നടക്കുകയായിരുന്നെന്നും സമൂഹമാവാൻ ആരംഭിച്ചിട്ട് ഏറെക്കാലം ആയില്ല എന്നുമായിരുന്നു പൊതുവേ കരുതപ്പെട്ടിരുന്നത്. മനുഷ്യർ ഗോത്ര ജീവിതം ആരംഭിച്ചിട്ട് ഏകദേശം മുപ്പതിനായിരം വർഷമേ ആയിട്ടുണ്ടാകൂ. (ഒരുമിച്ച് ജീവിക്കുന്ന, പരസ്പരം ബന്ധമുള്ള ആയിരം പേരെങ്കിലും ഉണ്ടെങ്കിലേ ഗോത്രം എന്ന് പറയാനാകൂ). എങ്കിലും മനുഷ്യജാതിയുടെ ആരംഭം മുതൽ മനുഷ്യർ അമ്പതോ നൂറോ പേർ അടങ്ങുന്ന ചെറു സംഘങ്ങളായാണ് എക്കാലവും ജീവിച്ചിട്ടുള്ളത് എന്നാണ് ഈയ്യിടെ പുറഞ്ഞുവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. പരസ്പരം ബന്ധമുള്ള പെണ്ണുങ്ങളും പരസ്പരം നേരിട്ട് ബന്ധമുള്ളതും ഇല്ലാത്തതുമായ ആണുങ്ങളും, അവർ ചേർന്ന് നിർമ്മിക്കുന്ന കുടുംബങ്ങളും ഉൾപ്പെടുന്ന സംഘങ്ങൾ.
പ്രകൃതിയിലെ മറ്റെല്ലാ ജീവിവർഗ്ഗത്തിലുമെന്ന പോലെ വർഗ്ഗത്തിൻ്റെ നിലനില്പ് എന്നതായിരുന്നു എക്കാലത്തും മനുഷ്യവംശത്തിൻ്റെയും മുഖ്യ താല്പര്യം. കുഞ്ഞിനോട് സ്വാഭാവേനയും വൈകാരികമായും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് അമ്മമാരാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ ഏതുവിധേനയും സംരക്ഷിക്കാനും വളർത്തി പാകപ്പെടുത്തിയെടുക്കാനും അമ്മമാർ ഏറ്റവും മുൻഗണന നല്കി. തനിക്ക് ഒറ്റക്ക് അതിന് കഴിയില്ല എന്ന് തിരിച്ചറിഞ്ഞ പെണ്ണുങ്ങൾ അതിന് അവരെ സഹായിക്കാൻ കഴിയുന്ന ആണുങ്ങളെ ഇണകളാക്കാൻ കൂടുതൽ താല്പര്യപ്പെട്ടു. ഏതൊരു സമൂഹത്തിലും രണ്ടു തരം ആണുങ്ങൾ ഉണ്ടായിരുന്നു. 'ആക്രമണാത്മക മത്സരികളും' (aggressive competitors), പരിപാലിക്കുന്ന തേടൽകാരും (caring foragers). കരുത്തും സൗന്ദര്യവും, സമാനമായ ഇതര ആകർഷകത്വങ്ങളുമുള്ള ആണുങ്ങളായിരുന്നു ആദ്യ കൂട്ടർ. ആരോഗ്യവും ബുദ്ധിശക്തിയും സൗന്ദര്യവുമുള്ള സ്ത്രീകളെ എങ്ങനെയും ആകർഷിക്കാനും അവരുമായി ചേരാനും തങ്ങളുടെ എല്ലാ ആകർഷക മികവും അവർ പുറത്തെടുത്തു. മേല്പറഞ്ഞ തരം ആളുകളോട് മത്സരിക്കാൻ തക്ക ശാരീരികക്ഷമതയോ ആകർഷകത്വങ്ങളോ ഇല്ലെങ്കിലും സ്നേഹവും പരിപാലന വൈഭവവും കൂടുതലുള്ളവരെ പെണ്ണുങ്ങൾ കൂടുതൽ താല്പര്യപ്പെട്ടു.
ഇതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതായി അവർ കുഞ്ഞുങ്ങളോട് താല്പര്യം കാണിക്കുന്നു എന്നതായിരുന്നു. അഗ്രസ്സീവ് കംപറ്റീറ്റേഴ്സ് ലൈംഗിക ബന്ധത്തിന് കൂടുതൽ താല്പര്യപ്പെട്ടതിനാൽ, അമ്മയെ കുഞ്ഞിൽ നിന്ന് അകറ്റാനോ വേർപെടുത്താനോ, പലപ്പോഴും കുഞ്ഞിനെ അപായപ്പെടുത്താനോ അവർ ശ്രമിച്ചു. മറ്റേ കൂട്ടാവട്ടെ, തേടി നടന്ന് (foraging) എവിടെ നിന്നെങ്കിലും പഴമോ കിഴങ്ങോ തേനോ മാംസമോ തനിക്കും തൻ്റെ കുഞ്ഞിനും എത്തിച്ചുനല്കും എന്നതായിരുന്നു മറ്റേ കൂട്ടരെ സ്ത്രീകൾ താല്പര്യപ്പെടാൻ കാരണം. തനിക്കും കുഞ്ഞിനും ഭക്ഷണവും കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും പ്രദാനം ചെയ്യും രണ്ടാമത്തെ കൂട്ടർ എന്നത് സ്ത്രീകൾക്ക് കൂടുതൽ അഭിലഷണീയമായി തോന്നി. അങ്ങനെ, അഗ്രസ്സീവ് കംപറ്റീറ്റേഴ്സിനെക്കാളും കെയറിങ് ഫൊറേജേഴ്സിന് കുടുംബങ്ങളും കൂടുതൽ മക്കളും ഉണ്ടായി. അഗ്രസ്സീവ് കംപറ്റീറ്ററിനെ ഇഷ്ടപ്പെട്ട് അയാളോട് ഒരിക്കൽ ചേർന്ന പെണ്ണും താമസിയാതെ അയാളെ തള്ളി കൂടുതൽ കരുതലുള്ള ഇണയെ തേടി.
അങ്ങനെ നോക്കുമ്പോൾ മനുഷ്യകുലം ആദിമുതലേ താത്ത്വികമായി ഏകപതിവ്രതരോ ഏകപത്നീവ്രതരോ ആയിരുന്നില്ലെങ്കിലും കുടുംബമാവാനുള്ള താല്പര്യം ആദിമുതലേ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്.
ബുദ്ധിയുള്ളവരായിരുന്നു മനുഷ്യർ എന്നതിനാൽ, ഹിംസ്രജന്തുക്കളിൽ നിന്ന് അകലം പാലിക്കാനും അവയെ പ്രകോപിപ്പിക്കാതെ മാറി നടക്കാനും, സസ്യഭോജികളായ മൃഗങ്ങളെ ഒളിഞ്ഞിരുന്ന് കൂട്ടംചേർന്ന് വേട്ടയാടാനും അവർക്ക് കഴിയുമായിരുന്നു. കായികബലത്തെക്കാൾ ബുദ്ധിയും കരുതലും സംഘബലവുമായിരുന്നുവത്രേ അവരുടെ കരുത്ത് !





















