

സത്യത്തിൽ ബൈബിൾ ചരിത്രം ആരംഭിക്കുന്നത് അബ്രാമിൽ നിന്നാണ്. ദൈവം അദ്ദേഹത്തെ തൻ്റെ പിതൃക്കളുറങ്ങുന്ന പിതൃദേശത്തുനിന്നും സ്വന്തക്കാരിൽ നിന്നും വിളിച്ചിറക്കുന്നിടത്താണ് ബൈബിൾ ചരിത്രത്തിൻ്റെ ആരംഭം എന്നുപറയാം.
ബാക്കിയെല്ലാം മാറ്റി നിറുത്തിയാൽ ഒറ്റക്കാര്യത്തിലേക്ക് നമുക്കാ ചരിത്രാരംഭത്തെ ചുരുക്കാം. സ്വന്തത്തെ നിർണ്ണയിക്കുന്ന മണ്ണിൽ നിന്ന്, സംഘചേതനയിൽ നിന്ന്, സംസ്കാരത്തിൽ നിന്ന്, അവനവനിൽ നിന്ന് പുറത്തിറങ്ങാനുള്ള ഒരു ക്ഷണം.
പിന്നീട് പല തവണ ഇതേ പ്രതിപാദ്യം ആവർത്തിക്കപ്പെടുന്നത് നാം കാണും.
കാഴ്ചവെക്കാൻ ആദ്യഫലങ്ങളുമായി ദേവാലയത്തിൽ (സിനഗോഗിലും) പുരോഹിതൻ അത് സ്വീകരിച്ചു കഴിയുമ്പോൾ കാഴ്ചവെക്കുന്നയാൾ യാക്കോബിനെ സ്മരിച്ചുകൊണ്ട് സ്വയം ഏറ്റുപറയേണ്ട പ്രാർത്ഥനയുടെ ആരംഭം ഇങ്ങനെയായിരുന്നു: "അലയുന്ന ഒരു അറമായനായിരുന്നു എൻ്റെ പിതാമഹൻ." ആശ്രയമപേക്ഷിച്ച് ഏതാനും പേരോടൊപ്പം ഈജിപ്തിൽ ചെന്നു എന്നും മറ്റുമാണ് ശേഷം. ഹെബ്രായ ജനതയുടെ ദേവാലയ കേന്ദ്രിത ചരിത്രത്തിലുടനീളം അവരിങ്ങനെ ചെയ്യുമായിരുന്നു. തങ്ങൾ അഗതികളായിരുന്നു എന്ന ഏറ്റുപറച്ചിലാണ്. ഇന്നെന്തെങ്കിലുമാണെങ്കിൽ ദൈവമാണ് ഇവിടെ വരെ എത്തിച്ചത് എന്ന പ്രഖ്യാപനം. നിയമാവർത്തനം 26:5 -ൽ ആ നിർദ്ദേശം കാണാം.
ഇറങ്ങിപ്പോരലിൽ, അലച്ചിലിൽ ഒക്കെ വിസ്തൃതമാകുന്ന ഒന്നാണ് ദർശനം. സ്ഥിരമാവലും അടച്ച ുപൂട്ടലും സ്വന്തം സംസ്കാരത്തിലേക്ക് ഉൾവലിയലും ആരംഭിക്കുമ്പോൾത്തന്നെ ആകാശം ചെറുതാകാൻ തുടങ്ങുന്നുണ്ട്.






















