top of page

പരീക്ഷ

Sep 4, 2024

1 min read

സഖേര്‍

desert
Desert Pic-Rony

പരസ്യജീവിതത്തിലേക്കുള്ള ഒരു പ്രവേശന പരീക്ഷ യേശുവിനുണ്ടായിരുന്നു. നോമ്പുകാലമാണത്. അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നടത്തിയെന്നാണ് തിരുവെഴുത്ത്. അവിടെ അവന്‍ 40 ദിനരാത്രങ്ങള്‍ ഉപവസിച്ചു. മരുഭൂമിയിലേക്കുള്ള ഈ പിന്‍വാങ്ങലിന്‍റെ അര്‍ത്ഥമെന്താവും. അത് നോമ്പുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാവും. സാത്താനോടുള്ള ക്രിസ്തുവിന്‍റെ ആദ്യപോരാട്ടം വിജനതയിലാണ്. സാത്താനോടുള്ള ക്രിസ്തുവിന്‍റെ അന്തിമപോരാട്ടവും ജറുശലേം പട്ടണത്തിനു വെളിയില്‍ പാളയത്തിനു പുറത്തുള്ള വിജനതയിലാണ്.

Fr. John A. McGukin ഒരു ലേഖനത്തിലൂടെ the Christian Sense of the Desert വിശദീകരിക്കുന്നത് ചരിത്രപരമായ ഒരു ഉരുത്തിരിയലായിട്ടാണ്. മരുഭൂമി അത്ര നല്ല ഇടമല്ല ഈജിപ്ഷ്യന്‍ മിത്തുകളില്‍ പോലും. ഈജിപ്ഷ്യന്‍ ദൈവങ്ങളില്‍ ഒസിറിസും ഹോറസുമൊക്കെ നാഗരികതയുടെയും നവലോകക്രമങ്ങളുടെയും ദൈവങ്ങളായിരിക്കുമ്പോള്‍ സെറ്റ് എന്ന ദേവന്‍ തരിശുനിലങ്ങളുടെ ഉടയവനാണ്. പുതുതായൊന്നും അവിടെ മുളപൊട്ടില്ല. പാഴും ശൂന്യവുമായിരുന്ന ഭൂമിയില്‍ അതിസുന്ദരമായൊരു തോട്ടമുണ്ടാക്കുന്ന കഥ പറഞ്ഞാണ് ബൈബിള്‍ തുടങ്ങുന്നത്. കയോസും കോസ്മോസുമൊക്കെ(Disorder or order) അതിലുണ്ട്. ക്രമരാഹിത്യത്തില്‍ നിന്നൊരു ക്രമബന്ധതയിലേക്കുള്ള പരിണാമം കൂടെയാണ് സൃഷ്ടികര്‍മ്മം.


സര്‍ഗ്ഗാത്മകമായൊരു ജീവിതത്തിലേക്കാണ് ഓരോ മരുഭൂപ്രയാണവും മനുഷ്യനെ നയിക്കുന്നതെന്നാണ് തിരുവെഴുത്തിന്‍റെ ചരിത്രവും പറഞ്ഞുവെയ്ക്കുക. ഈജിപ്റ്റിലെ അടിമത്തത്തിനിടയിലും ജനം ആസ്വദിച്ചു പോന്ന സുഖാനുഭവങ്ങളെ വിട്ടെറിഞ്ഞ് ഒരു പുത്തന്‍ ഉടമ്പടിക്കായിട്ടാണ് അവരുടെ പുറപ്പാട്. മരുഭൂമിയിലേക്കുള്ള പുറപ്പാട്. മരുഭൂമിയില്‍ അവര്‍ കുറെക്കൂടി സജീവമായി ദൈവസാന്നിദ്ധ്യമറിയുന്നു. അപ്പമായി, ദാഹജലമായി, അഗ്നിയായി, മേഘസ്തംഭമായി. വിശപ്പിലും ദാഹത്തിലും ഊണിലും ഉറക്കത്തിലും പ്രയാണത്തിലും പ്രവാസത്തിലും ദൈവം അവരോടൊപ്പമുണ്ട്. തന്നില്‍ നിന്നകന്ന ജനത്തെ ശിക്ഷണം നല്കാനായി മരുഭൂമിയിലേക്ക് കൊണ്ട് ചെന്ന് ഹൃദ്യമായി സംസാരിക്കും എന്നാണ് ഹോശയാ പ്രവചനം.

ദൈവജനം ഉടയവനിലേക്ക് മടങ്ങിവരുന്ന കാലമാണ് മരുഭൂമിയുടേത്, നോമ്പിന്‍റേതും. It is a place for discipline. അതു മാത്രമല്ല, ഇത്രമേല്‍ കരുതുന്ന ദൈവസ്നേഹത്തോടുള്ള മനുഷ്യന്‍റെ വിശ്വസ്തത പരീക്ഷിച്ചറിയുന്ന നേരവുമാണത്. It is a time of testing. തുടര്‍പ്രലോഭനങ്ങള്‍ കൊണ്ട് ഹൃദയത്തെ നിരാശയുടെ ഊഷരഭൂമിയാക്കാന്‍ പോന്ന തിന്മയോടുള്ള നിരന്തരസമരകാലമാണ് നോമ്പിന്‍റേതും. ഇതത്രമേല്‍ സൃഷ്ടിപരമായതുകൊണ്ടാവും യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് പോകുവാന്‍ നിര്‍ബന്ധിച്ചുവെന്നും മറ്റും മര്‍ക്കോസ് എഴുതുക. ഒരേസമയം തിന്മയോടുള്ള അദൃശ്യപോരാട്ടത്തിന്‍റെയും പരമനന്മയായ ദൈവത്തോടുള്ള അദൃശ്യപ്രണയത്തിന്‍റെയും ഭൂമികയാണ് മരുഭൂമി. ശരിക്കും മൗനത്തിന്‍റെയും ഉപവാസത്തിന്‍റെയും നിമിഷങ്ങള്‍ നമ്മെത്തന്നെ സര്‍ഗ്ഗാത്മകമായി പുതുക്കിപ്പണിയുന്നവയാണ് സഖേ!

Recent Posts

bottom of page