top of page

ഭരണകൂട ഭീകരതയുടെ കാണാപ്പുറങ്ങള്‍

Nov 2

4 min read

വിനീത് ജോണ്‍

2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച. ശാന്തമായ അമേരിക്കന്‍ പ്രഭാതത്തിലേക്ക് നാല് വിമാനങ്ങള്‍ ഇടിച്ചിറിങ്ങിയ ദിവസം. മൂവായിരത്തോളം ജീവനുകള്‍ പൊലിഞ്ഞു, ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു, നൂറുകണക്കിനു ആളുകള്‍ അനാഥരായി. അമേരിയ്ക്കന്‍ നീലാകാശത്തിനുകീഴില്‍ ഒരുപറ്റം തീവ്രവാദികള്‍ തീമഴഇറക്കി. അധികഭാരം മൂലം വിമാനത്തില്‍ കൊണ്ടുപോകാന്‍ പറ്റാതെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗിനുള്ളില്‍ നിന്നാരംഭിച്ച അന്വേഷണം ഒസാമ ബിന്‍ ലാദന്‍ എന്ന അല്‍-ഖ്വയ്ദ നേതാവിലേയ്ക്ക് വിരല്‍ ചൂണ്ടി. തുടര്‍ന്ന് അമേരിക്ക ഭീകരതയ്‌ക്കെതിരായ യുദ്ധം പ്രഖ്യാപിച്ചു.

അമേരിക്കയിലെ നിയമം അനുസരിച്ച് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പിടിക്കപ്പെടുന്നവരെ വിചാരണ കൂടാതെ അനധികൃതമായ തടവില്‍ പാര്‍പ്പിക്കാന്‍ പാടില്ല. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ പങ്കെടുത്തു എന്നാരോപിച്ചുകൊണ്ട് പിടിക്കപ്പെടുന്നവരെ ചോദ്യംചെയ്യാന്‍ അവര്‍ക്ക് ഈ നിയമം മറികടക്കണമായിരുന്നു. എന്നാല്‍ അമേരിക്കന്‍ മണ്ണില്‍ ഇരുന്നുകൊണ്ട് അവര്‍ക്ക് ഈ നിയമത്തെ മറികടക്കാന്‍ ആവില്ല. അതുകൊണ്ട് ക്യൂബയിലെ അമേരിക്കന്‍ അധിനിവേശ തീരമായ ഗ്വാണ്ടനാമോയില്‍ അവര്‍ ഒരു ജയില്‍ പണികഴിപ്പിച്ചു. അമേരിക്കയുടെ ഭീകര വേട്ടയില്‍ വിവധ രാജ്യങ്ങളില്‍നിന്നായി 779 പേര്‍ ആ ജയിലില്‍ തടവിലാക്കപ്പെട്ടു.

സെപ്റ്റംബര്‍ 11 ആക്രമണത്തിനു പത്തുവര്‍ഷത്തിനുശേഷം കൃത്യമായി പറഞ്ഞാല്‍ 2011 ഏപ്രില്‍ 24 ഞായറാഴ്ച ജൂലിയന്‍ അസാന്‍ജേയുടെ ഉടമസ്ഥതയില്‍ ഉള്ള വിക്കിലീക്‌സ് എന്ന മാധ്യമ സ്ഥാപനം അമേരിക്കന്‍ ഗവണ്‍മെന്റ് ഗ്വാണ്ടനാമോ തടവറയില്‍ നടത്തിവരുന്ന ക്രൂരകൃത്യങ്ങള്‍ ലോകത്തിനു മുന്നില്‍ വിളിച്ചുപറഞ്ഞു. പീഡനത്തില്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളോട് മത്സരിച്ച ഗ്വാണ്ടനാമോ തടവറ ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തി. ഇവരുടെ ശ്രമഫലമായി ഏതാനും ആളുകള്‍ ആ തടവറയ്ക്ക് വെളിയില്‍വന്നു. അവരുടെ വിവരണങ്ങളില്‍ നിന്നും, ജൂലിയന്‍ അസാന്‍ജേയുടെ റിപ്പോര്‍ട്ടുകളില്‍നിന്നും പ്രചേദനം ഉള്‍ക്കൊണ്ട് ചിത്രീകരിച്ച രണ്ട് സിനിമകളാണ് ദി മൗറിറ്റാനിയനും, ക്യാമ്പ് എക്‌സ് റേയും.

9/11 ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് തടവിലായ മൊഹമ്മദു ഔള്‍ഡ് സ്ലാഹിയുടെയും (തഹാര്‍ റഹീം) അയാളെ അവിടെനിന്നും മോചിപ്പിക്കാന്‍ നീതിപീഡത്തോട് പോരാടുന്ന വക്കീലും, മനുഷ്യാവകാശ പ്രവര്‍ത്തകയും ആയ നാന്‍സി ഹോളണ്ടറിന്റെയും (ജോഡി ഫോസ്റ്റര്‍) കഥപറയുന്ന സിനിമയാണ് ദി മൗറിറ്റാനിയന്‍/ഇംഗ്ലീഷ്/ ഫ്രഞ്ച്/ അറബിക്/ 2021/ 129 മിനിട്ട്. ആഭ്യന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി റഷ്യയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരെ യുദ്ധംചെയ്ത മൊഹമ്മദു പിന്നീട് ശാന്തമായ ജീവിതം നയിച്ചു. വിദ്യാഭ്യാസകാലത്തു ലഭിച്ച സ്‌കേളര്‍ഷിപ്പിന്റെ ഭാഗമയി ജര്‍മ്മനിയില്‍ കഴിയുകയായിരുന്ന സ്ലാഹി ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് മൗറിറ്റാനയില്‍ (വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം) തിരിച്ചെത്തുന്നത്. ഇതേസമയത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന ഭീകരവേട്ടയുടെ അന്വേഷണഭാഗമായി തീവ്രവാദിയെന്ന് സംശയിക്കുന്ന ആളുടെ ഫോണില്‍നിന്ന് സ്ലാഹിക്ക് ഒരു കോള്‍ വന്നിരുന്നു എന്നവര്‍ കണ്ടെത്തുന്നു. അതിനെക്കുറിച്ച് ചോദിക്കാന്‍ അന്ന് ആ രാത്രിയില്‍ അയാളെ പോലിസ് കൂട്ടിക്കൊണ്ട് പോകുന്നു. 2001 നവംബറില്‍ കസ്റ്റഡിയിലാകുന്ന സ്ലാഹി പിന്നീട് മോചിപ്പിക്കപ്പെടുന്നത് 2016 ലാണ്. നീണ്ട 14 വര്‍ഷത്തെ ജയില്‍വാസം.

അതിഭീകരമായ പീഡനങ്ങള്‍ക്കാണ് സ്ലാഹി പിന്നീട് ഗ്വാണ്ടനാമോയില്‍ വിധേയനാകുന്നത്. ഉറങ്ങാന്‍ സമ്മതിക്കാതതെയുള്ള കിരാതമായ ശാരീരിക പീഡനം, ലൈംഗികാക്രമണം, അവഹേളനം, വാട്ടര്‍ബോര്‍ഡിംഗ് (അനങ്ങാന്‍ കഴിയാത്തവിധം ബന്ധിപ്പിച്ച രീതിയില്‍ കിടത്തിയ തടവുകാരന്റെ മുഖം ഒരു തുണിവെച്ച് മൂടി തുടര്‍ച്ചയായി മുഖത്തേയ്ക്ക് വെള്ളം ഒഴിച്ച് വിധേയനെ താന്‍ മുങ്ങിമരിക്കുവാന്‍ പോവുകയാണെന്ന അനുഭവം സൃഷ്ടിക്കുന്ന പീഡന മുറ) തുടങ്ങി അമേരിക്കന്‍ പട്ടാളത്തിന്റെ മൃഗീയ പീഡനം. ഇതെല്ലാം ചെയ്തത് 9/11 ആക്രമണത്തിന് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്ലാഹി സഹായിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്താനായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച ആ ചെറുപ്പക്കാരന്‍ അമ്മയെ ബലാത്സംഘം ചെയ്യുമെന്ന് പറഞ്ഞുള്ള ഭീഷണിയ്ക്കുമുന്നില്‍ പതറിപ്പോയി. നാന്‍സിയുടെ ശ്രമഫലമായി ഇതെല്ലാം കോടതിയില്‍ എത്തി. സ്ലാഹിയ്‌ക്കെതിരെ നിയമപോരാട്ടം നടത്താന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയ ലഫ്റ്റനന്റ് കേണല്‍ സ്റ്റുവര്‍ട്ട് കൗച്ച് (ബെനഡിക്റ്റ് കംബര്‍ബാച്ച്) സ്ലാഹി യഥാര്‍ത്ഥത്തില്‍ കുറ്റവാളിയാണെന്ന് തെളിയിക്കാന്‍ അമേരിക്കയുടെ കയ്യില്‍ യാതൊന്നും ഇല്ലെന്ന് മനസ്സിലാക്കി കേസില്‍നിന്നും ഒഴിഞ്ഞു. അമേരിക്കന്‍ പട്ടാളമേധാവികള്‍ സ്റ്റുവര്‍ട്ടിനെ ദേശദ്രേഹിയായി മുദ്രകുത്തി.

കോടതി അയാള്‍ക്ക് മോചനം വിധിച്ചു. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം അപ്പീലിനുപോവുകയും ഒരു ഏഴ് വര്‍ഷംകൂടി ജയില്‍ കഴിയുകയും ചെയ്യേണ്ടിവന്നു. ഇക്കാലയളവില്‍ ഇരുമ്പഴിക്കുള്ളില്‍ ഇരുന്നാണ് അദ്ദേഹം തന്റെ ആത്മ കഥ എഴുതുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് എം. ബി. ട്രാവന്‍, റോറി ഹെയ്ന്‍സ്, സൊഹ്‌റബ് നോഷിര്‍വാണി എന്നിവര്‍ ചേര്‍ന്ന് ദി മൗറിറ്റാനിയന്‍ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജോഡി ഫോസ്റ്ററിന്റെ അഭിനവ പാടവത്തിനുമുന്നില്‍ തഹാര്‍ റഹീം എന്ന ഫ്രഞ്ച് നടന്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. നാന്‍സിയുടെ ശ്രമഫലമായി ആദ്യമായി കോടതിയില്‍ മൊഴികൊടുക്കാന്‍ അവസരം ലഭിക്കമ്പോള്‍ സ്ലാഹിയുടെ പെരുമാറ്റം വളരെ സൂക്ഷമതയോടെയും കയ്യടക്കത്തോടെയും ആ നടനില്‍ പ്രകടമായി. യഥാര്‍ത്ഥത്തില്‍ അന്ന് ആ ജയിലല്‍ ക്രൂരമായ പീഡനത്തിന് ഇരയായ സ്ലാഹിയുടെ സന്ദേഹവും, വേദനയും, പ്രതീക്ഷയും റഹീമിലൂടെ കാണികളിലേയ്ക്ക് അനായാസം ഒഴുകിയെത്തി.

ഗ്വാണ്ടനാമോ തടങ്കല്‍പ്പാളയത്തില്‍ തടവിലാക്കപ്പെട്ട അലി അമീര്‍ (പെയ്മാന്‍ മാദി) അവിടെ പുതുതായി ചുമതലയേറ്റ സ്ത്രീ കാവല്‍ക്കരിയായ ആമി കോള്‍ (ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്) എന്നിവര്‍ തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചുള്ള ചലച്ചിത്രമാണ് ക്യാമ്പ് എക്‌സ് റേ/ ഇംഗ്ലീഷ്/ അറബി/ 2014/ 117 മിനുട്ട്. ഈ സിനിമ പൂര്‍ണ്ണമായും നടന്നസംഭവങ്ങളെ ആധികാരികമാക്കിയല്ലെങ്കിലും ആ കിരാത ഭൂമിയില്‍ നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കി രൂപപ്പെടുത്തിയ സിനിമയാണ് ഇതും. തടവറയിലെ പരിധികളില്ലാത്ത പീഡനത്തില്‍ കീഴ്‌പ്പെടാതെ പോരാടുന്നവനാണ് അലി അമീര്‍. ഗ്വാണ്ടനാമോയില്‍ എത്തുന്ന ഓരോ പട്ടാളക്കാരുടേയും ജീവതം എങ്ങനെയാണ് പ്രക്ഷുബ്ധമാകുന്നതെന്ന് ആമി കോളിലൂടെ സിനിമ കാണിച്ചുതരുന്നു. ഏറ്റവും ഒടുവിലായി അലി അമീര്‍ മരണംവരെ പ്രതീക്ഷളുമായി ഗ്വാണ്ടനാമോയില്‍ ജീവിക്കാന്‍ വിധിക്കപ്പെടുമ്പോള്‍ മനുഷത്വത്തിന്റെ പേരില്‍, സൗഹൃദത്തിന്റെ പേരില്‍ ഉള്ളിലെവിടെയോ ഉണ്ടാകുന്ന പ്രണയത്തിന്റെ പേരില്‍ ആമിയെ ആ തുരുത്തില്‍നിന്നും അമേരിക്കയിലേയ്ക്ക് തിരിച്ചയച്ചു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പ്രണയത്തനും, സൗഹൃദത്തിനും, സ്‌നേഹത്തിനും ഒന്നും ഇടമില്ലാത്ത ഒരു ദ്വീപാണ് ഗ്വാണ്ടനാമോ എന്ന് കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

അലി അമീറിലൂടെ ബന്ധികളുടെ ജീവിതവും ആമി കോളിലൂടെ അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച യാന്ത്രികവും മനുഷ്യത്വം മരവിച്ചതുമായ പട്ടാളക്കാരുടെ ജീവതവും സംവിധായകന്‍ പീറ്റര്‍ സാറ്റ്‌ലര്‍ അതരിപ്പിച്ചു. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥതയ്യാറാക്കിയിരിക്കുന്നത്. ആ ജയിലറയില്‍ ഒരിക്കല്‍പോലും ഒരു അലിയും ആമിയും ഉണ്ടായിട്ടില്ല എങ്കിലും സാങ്കല്പീകമായ ആ കഥാപാത്രങ്ങളിലൂടെ ഇരുതലത്തില്‍ നില്‍ക്കുന്ന രണ്ട് ജീവിതവ്യവസ്ഥയെ പീറ്റര്‍ ഭംഗിയായി ചിത്രീകരിച്ചു.


സിനിമയുടെ ചരിത്രപരമായ രാഷ്ട്രീയപശ്ചാത്തലം

മതതീവ്രവാദത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടുന്നവര്‍ക്ക് ഇതില്‍ കുറഞ്ഞ ശിക്ഷകൊടുത്താല്‍ മതിയോ എന്ന് ചിന്തിക്കുന്നവര്‍ ഇരു സിനിമകളുടെയും ചരിത്രപരമായ രാഷ്ട്രീയപശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. അവിടെനിന്നുകൊണ്ടുവേണം ഇരുസിനിമകളെയും വിചാരണചെയ്യാന്‍.

രണ്ട് ചലച്ചിത്രങ്ങളും ആത്യന്തികമായി മുന്നോട്ട് വയ്ക്കുന്നത് വിചാരണയുടെ പ്രസക്തിയാണ്. ലോകത്തെ ഏറ്റവും മാനവികവും സൗന്ദ്യര്യവും നിറഞ്ഞ ഒരു പ്രത്യയശാസ്ത്ര സംസ്‌കാരമാണ് ജനാധിപത്യം. ആധുനിക ജനാധിപത്യസംസ്‌കാരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ മാനസിക വൈകല്യമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ എത്ര കൊടുംപാതകങ്ങള്‍ ചെയ്തവര്‍ക്കുപോലും നീതിയുക്തമായ വിചാരണ അവരുടെ അവകാശമായി കണക്കാക്കുന്നു. 9/11 പോലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട, തന്റെ രാജ്യത്തെ ജനങ്ങള്‍ മരിച്ചുവീണ രംഗം കണ്ടുനില്‍ക്കുന്ന ജനങ്ങളുടെ മനസ്സില്‍ അതിവൈകാരികമായൊരു മനസ്ഥിതി രൂപപ്പെടും. ആ അവസ്ഥയെ ചൂഷണം ചെയ്യലല്ല വിവേകമുള്ള ഭരണകൂട സംവിധാനം ചെയ്യേണ്ടത്. എന്നാല്‍ അമേരിക്ക തുനിഞ്ഞിറങ്ങിയത് അങ്ങനെ ഒന്നിനാണ്.

9/11 ആക്രമണത്തിന്റെ മറവില്‍ അമേരിക്കന്‍ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയെടുത്ത ''ജമൃേശീ േഅര'േ' എന്ന ജനാധിപത്യവിരുദ്ധമായ നിയമം അങ്ങേഅറ്റം ക്രൂരവും നിന്ദ്യവുമായ ഒന്നായിരുന്നു. ആ നിയമം പൗരന്റെ സ്വകാര്യതയിലേയ്ക്കും, അവനിലേയ്ക്കുള്ള സര്‍വ്വാധികാരത്തിലേയ്ക്കുമുള്ള വഴിവെട്ടി. അത് പോലെതന്നെ അമേരിക്ക രാജ്യത്തിന്റെ വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയ മൂന്നാംമുറയ്ക്കുള്ള സ്വോപാധികാനുവാദം. അതിക്രൂരമായ മൂന്നാംമുറമൂലം കുറ്റാരോപിതര്‍ തെറ്റായവിവരംനല്‍കാനുള്ള സാധ്യത പഠനവിധേയമായിട്ടുള്ളതാണ്. തെറ്റായവിവരങ്ങളുടെമേലുള്ള അന്വേഷണം അതും 'രാജ്യ സുരക്ഷ' പോലുള്ള നിയമങ്ങളുടെ മറവിലാകുമ്പോള്‍ അതുക്രൂരതയുടെ സമസ്താതിര്‍ത്തികളേയും ഭേദിക്കും. കൊടുംപാതകങ്ങള്‍ ആരോപിക്കപ്പെടുന്നവരെ ഒന്ന് തൊടുകപോലും ചെയ്യാതെ സത്യംപുറത്തുകൊണ്ടുവാരനുള്ള ആധുനിക സങ്കേതങ്ങള്‍ നിലവിലുള്ളപ്പോഴാണ് അത്തരം കിരാതപ്രവൃത്തികള്‍ എന്നതാണ് ഇതിലെ ദു:ഖകരമായ സത്യം.

ദി മൗറിറ്റാനിയനിലെ നായകന്റെ അഫ്ഗാന്‍ യുദ്ധത്തിലെ പങ്ക് സിനിമയില്‍ നിര്‍ണ്ണായകമാണ്. ശീതയുദ്ധകാലത്ത് റഷ്യക്കെതിരെ അഫ്ഗാന്‍ ജനങ്ങളെ ഒന്നിപ്പിക്കാന്‍ അന്ന് അമേരിക്ക വെള്ളവും വളവും കൊടുത്തു നട്ടുവളര്‍ത്തിയതാണ് ഇസ്ലാമിക മതമൗലികവാദം. അതില്‍നിന്നും രൂപം കൊണ്ട തീവ്രവാദഗ്രൂപ്പുകളാണ് പിന്നീട് അമേരിക്കയെ ഇസ്ലാമികവുരുദ്ധവും ഇസ്രയേല്‍ അനുകൂലവുമായ നടപടികളെടുക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് അവരെ ആക്രമിക്കുന്നത്. എന്നാല്‍ ഈ തീവ്രവാദഗ്രൂപ്പുകള്‍ ആക്രമിച്ചതാരെയാണ്? അമേരിക്കയിലെ സാധാരണ ജനങ്ങളെ. പ്രത്യാക്രമണത്തിന്റെ ഭാഗമായി അമേരിക്ക ഭീകരവേട്ടയ്ക്കിറങ്ങുമ്പോള്‍ മരിച്ചുവീണതും അഫ്ഗാനിലേയും ഇറാഖിലേയും സാധാരണക്കാര്‍തന്നെ. താലിബാനെ തുരത്താന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച യുദ്ധത്തിന്റെ അന്തിമ ഫലം ഇന്ന് സുവ്യക്തമായി നമുക്ക് മുന്നിലുണ്ട്. അഫ്ഗാന്‍ താലിബാന്റെ കൈകളില്‍ഭദ്രമായിരിക്കുന്നു.

വിചാരണകൂടാതെയും അനധികൃതമായതുമായ ഇത്തരം തടങ്കല്‍പാളയങ്ങള്‍ ലോകമാകമാനം അധികാരസിരാകേന്ദ്രങ്ങളുടെ ഇഷ്ടവിനോദങ്ങളാണ്. തങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന വിരലുകളെ തച്ചുടയ്ക്കുക എന്ന ഗൂഡലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എഴുതിയ നിയമ സംഹിതയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ സ്റ്റാന്‍ സ്വാമിമാരേയും, സഞ്ചയ് ഭട്ടിനെയുമൊക്കെ ഭരണകൂടം എങ്ങനെയല്ലാമാണ് വേട്ടയാടിയതെന്ന് നമ്മുടെ കണ്‍മുന്നില്‍തന്നെ കാണാവുന്നതാണ്. ''ജയിലില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി.'' ഇത് 04/10/2024 മലയാളമനോരമയിലെ ആദ്യപേജിലെ വാര്‍ത്തയുടെ തലക്കെട്ടാണ്. മാധ്യമ പ്രവര്‍ത്തക സുകന്യശാന്ത എഴുതിയ ലേഖനം അടിസ്ഥാനമാക്കി അവര്‍തന്നെ കൊടുത്ത പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചാണ് നമ്മുടെ സുപ്രീംകോടതിയുടെ പ്രധാനവിധി. ജയില്‍ രജിസ്റ്ററിലെ ജാതിക്കോളവും, ജാതിയുടെ അടിസ്ഥാനത്തില്‍ ജയിലിലെ ജോലികള്‍ വീതം വയ്ക്കുന്നതുമെല്ലാം സുപ്രീംകോടതി നീരീക്ഷിച്ചു. നമ്മുടെ ഭരണഘടന എങ്ങനെയൊക്കയാണ് അധികാരികളിലൂടെ പിച്ചിചീന്തപ്പെടുന്നത് എന്നതിന് ജീവിക്കുന്ന തെളിവുകളാണിവയെല്ലാം.

9/11 ആക്രണം അമേരിക്കയുടെതന്നെ സൃഷ്ടിയാണന്നുള്ള ഗൂഡാലോചന സിദ്ധാന്തക്കാരുടെ വാദങ്ങളെ ഏറ്റെടുത്തത് ആഗോള കമ്യൂണിസ്റ്റ് അനുഭാവികളാണ്. ലോകമാകമാനം വില്‍ക്കപ്പെടുന്ന; കോടികള്‍കൊയ്യുന്ന വ്യാജവാര്‍ത്താ നിര്‍മ്മാതാക്കളോട് പങ്ക്പറ്റി അമേരിക്കന്‍ സാമ്രാജ്യത്തോടുള്ള വെറുപ്പ്‌കൊണ്ട് അവര്‍ എന്താണ് നേടുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയച്ച് ഭീകരവാദംപോലുള്ള പ്രശന്ങ്ങളെ പരിഹരിക്കാനാവില്ല. അതിനുവിവേകപൂര്‍വ്വമായി വിഷയത്തില്‍ ഇടപെടണം. ജൂലിയന്‍ അസാന്‍ജേയുടെ റിപ്പോര്‍ട്ടില്‍ മതതീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും നടത്താനിരുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ള രേഖകള്‍ ഉണ്ടായിരുന്നു. ഇത്തരംഭീകരവാദ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നാളിതുവരെ അവര്‍ എന്ത് നേടി. ഖാലിദ് ഷെയ്ക്ക് മുഹമ്മദിനെപ്പോലുള്ളവര്‍ക്കുവേണ്ടി നിര്‍മ്മിച്ചു എന്ന് ലോകത്തെ വിശ്വസിപ്പിച്ച ഗ്വാണ്ടനാമോ ജയിലില്‍ സ്ലാഹിയെപ്പോലുള്ള നിരപരാധികളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഭീകരകരവാദവും യുദ്ധവും നാളിതുവരെ ലോകത്ത് എന്തെങ്കിലും നേടിയതായി ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. എങ്കിലും അവരെല്ലാം യുദ്ധവും ആക്രമണവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.


വിനോദത്തിനുമപ്പുറം സഞ്ചരിക്കുന്നസിനിമകള്‍

'ബോണ്‍ ക്രിമിനല്‍' എന്നത് ഒരു കാവ്യസൃഷ്ടിയാണെന്നും ഒരാള്‍ കുറ്റവാളിയാകുന്നതിന് നിരവധികാരണങ്ങളുണ്ടെന്നതും തര്‍ക്കമറ്റകാര്യമാണ്. ശാസ്ത്രീയമായ പഠനങ്ങളും, ആധുനികജനാധിപത്യമൂല്യങ്ങളും, അക്രമവാസന ഒരു മാനസികവൈകല്യമാണെന്ന തിരിച്ചറിവുകളും മുന്‍നിറുത്തിവേണം ഇത്തരം സംഭവങ്ങളെ നമ്മള്‍ വിശകലനം ചെയ്യാന്‍. ചലച്ചിത്രങ്ങള്‍ ഒരു മാധ്യമം കൂടിയാകുന്നത് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ചര്‍ച്ചയാക്കുന്ന ദി മൗറിറ്റാനിയനും, ക്യാമ്പ് എക്‌സ് റേയും പോലുള്ള സൃഷ്ടികള്‍ക്ക് കാരണമാകുമ്പോഴാണ്. ഗ്വാണ്ടനാമോയിലെ ജീവിതങ്ങളുടെ നേരെ തുറന്നുപിടിച്ച ക്യാമറകണ്ണുകള്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. വിനോദത്തിനുമപ്പുറം പലതും സിനിമയ്ക്ക് ചെയ്യാന്‍ കഴിയുമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. നവോത്ഥാനത്തിന്റെ തുരുത്തുകളാണ് ഇത്തരം ചലച്ചിത്രങ്ങള്‍. അതുകൊണ്ട്തന്നെ ഇത്തരം സിനിമകള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ

വിനീത് ജോണ്‍

0

19

Featured Posts