

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂ നൈറ്റും റോബര്‍ട്ട് ഷെങ്കനും ചേര്‍ന്ന് രചിച്ച്, 2016 ല്‍ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഹാക്ക്സോ റിഡ്ജ് (Hacksaw Ridge). ഡെസ്മണ്ട് ഡോസ് (Desmond Doss) എന്ന യുഎസ് ആര്‍മി കോര്‍പറലിന്‍റെ ജീവിതമാണ് ഈ ചലച്ചിത്രത്തിന്‍റെ ഇതിവൃത്തം. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം ജപ്പാനുമായി നടന്ന ഒക്കിനോവ യുദ്ധത്തില്‍ ഒരു ആര്‍മി മെഡിക് ആയിട്ടാണ് ഡോസ് പങ്കെടുക്കുന്നത്. എല്ലാ പരിശീലനങ്ങളും പൂര്‍ത്തിയാക്കുന്ന ഡോസ് പക്ഷേ ആയുധം എടുക്കാന്‍ വിസമ്മതിക്കുന്നു. സെവന്‍ത് ഡേ അഡ്വന്‍റിസ്റ്റ് വിശ്വാസി എന്ന നിലയില്‍ അദ്ദേഹം അതിന് തയ്യാറല്ല. ഒപ്പം ചെറുപ്പത്തില്‍ ഉണ്ടായ രണ്ടു സംഭവങ്ങള്‍ അത്തരം ഒരു തീരുമാനത്തില്‍ ഉറച്ചു നില്ക്കാന്‍ ഡോസിനെ ശക്തനാക്കുന്നു. ചെറുപ്പത്തില്‍ ഇളയ സഹോദരനുമായി വഴക്കിടുന്ന വേളയില്‍ ഡോസിന്‍റെ ഒരു പ്രഹരം അവനെ മരണത്തിന്‍റെ വക്കോളമെത്തിക്കുന്നു. ഇനിയൊരാളെയും അപകടപ്പെടുത്തുന്ന പ്രവര്‍ത്തനം ഉണ്ടാകില്ല എന്നും തന്‍റെ അനിയനെ രക്ഷപ്പെടുത്തണമെന്നും ചെറിയ ഡോസ് മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു. പിന്നീട് ഒരിക്കല്‍ അമ്മയെ മര്‍ദ്ദിക്കുന്ന അപ്പന്‍റെ കൈയില്‍ നിന്നും തോക്കു പിടിച്ചു വാങ്ങി അദ്ദേഹത്തിനു നേരെ ചൂണ്ടി കൊണ്ട് യുവാവായ ഡോസ് ഭീഷണിപ്പെടുത്താന്‍ ഇടയായി. അതോടെ ഇനി ഒരിക്കലും ആയുധം കൈകൊണ്ട് തൊടില്ല എന്ന ഉറച്ച തീരുമാനം ഡോസ് എടുക്കുന്നു.
സൈനീക മേലധികാരികളുടെ ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും ആയുധമെടുക്കാന്‍ ഡോസ് തയ്യാറായില്ല. എങ്കിലും യുദ്ധമുഖത്ത് പരിക്കേല്‍ക്കുന്ന സൈനികരെ സഹായിക്കുന്ന ഒരു മെഡിക് ആയി സേവനം ചെയ്യുവാനുള്ള ഡോസിന്‍റെ നിശ്ചയദാര്‍ഢ്യം വിജയിക്കുന്നു. ഒക്കിനോവ യുദ്ധത്തില്‍ 'ഹാക്ക് സോ റിഡ്ജ്' എന്നറിയപ്പെടുന്ന പ്രത്യേക ഭൂപ്രകൃതിയില്‍ നടന്ന യുദ്ധത്തില്‍ പരിക്കേറ്റ 75 പേരെയോളം ഡോസ് ഒറ്റയ്ക്ക് രക്ഷപ്പെടുത്തി. വളരെ സഹസികത നിറഞ്ഞ ഈ ഉദ്യമത്തില്‍ അദ്ദേഹത്തിനും സാരമായ പരിക്കുകള്‍ പറ്റുന്നുണ്ട്.
മാനുഷികമായ ബലഹീനതകളിലൂടെ കടന്നുപോകുമ്പോഴ ും മനസാക്ഷിയുടെ സ്വരത്തിന് കാതുകൊടുക്കാനും ഉറച്ച നിലപാടുകള്‍ സ്വീകരിക്കാനും അതില്‍ നിലനില്ക്കാനും അതിന്‍റെ വില നല്കാനും തയ്യാറാകുന്നവരുടെ പ്രതിനിധിയാണ് ഡെസ്മണ്ട് ഡോസ്.
*********

കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പോപ്പ്, ലെയോ പതിനാലാമനിലൂടെ ഉണ്ടായിരിക്കുകയാണ്. ലെയോ എന്ന പേരിന്‍റെ തെരെഞ്ഞെടുപ്പില്‍ ലെയോ പതിമൂന്നാമന്‍റെ നിലപാടുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സഭയുടെ സാമൂഹിക നിലപാടുകള്‍ക്ക് ശക്തമായ അടിത്തറ പാകിയ 'റേരും നൊവാരും' എന്ന ചാക്രികലേഖന കര്‍ത്താവായിരുന്നു അദ്ദേഹം. തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയും പാവങ്ങള്‍ക്കുവേണ്ടിയും പ്രയത്നിച്ച ആളായിരുന്നു ലെയോ 13-ാമന്‍ പാപ്പ എന്നും, അതേ നിലപാടുകള്‍ ആയിരിക്കും പുതിയ പാപ്പയുടെതെന്നും ടൈം മാഗസിന്‍ നിരീക്ഷിക്കുന്നു.
'സഹിക്കുന്നവരോടൊപ്പം നില്ക്കുന്ന എപ്പോഴും ഉപവിയും സമാധാനവും അന്വേഷിക്കുന്ന ഒരു സഭയാണ് വേണ്ടത്' എന്ന് പൊതുജനത്തോടുള്ള തന്‍റെ ആദ്യ അഭിസംബോധനയില്‍ പോപ്പ് ലെയോ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ പാതയില്‍ എല്ലാവരിലേക്കും വാതില്‍ തുറന്നിടുന്ന ഒരു സഭയാണ് തന്‍റെയും ലക്ഷ്യമെന്ന് പുതിയ പാപ്പയും സൂചിപ്പിക്കുന്നു.
സ്ഥാനമേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വ്യത്യസ്ത ക്രൈസ്തവ സഭകളോടും മത പ്രതിനിധികളോടും കൂടികാഴ്ച നടത്താനും ആശയവിനിമയം നടത്താനും അദ്ദേഹം തയ്യാറായി. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ദൈവരാജ്യത്തിന്‍റെ പ്രതിരൂപമാണ് കത്തോലിക്ക സഭ എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ലെയോ 14-ാമന്‍ തന്‍റെ നിലപാടുകളിലൂടെ.
അമേരിക്ക ഫസ്റ്റ് എന്ന പേരില്‍ അധികാര പ്രയോഗം നടത്തുന്ന ഡൊണാള്‍ഡ് ട്രംപിനുള്ള വിമര്‍ശനമായിരുന്നു കോണ്‍ക്ലേവിനു മുമ്പുള്ള കാര്‍ഡിനല്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവൊസ്റ്റിന്‍റെ അവസാന എക്സ് പോസ്റ്റ്. അതേ നിലപാടുകള്‍ തന്നെയായിരിക്കും പാപ്പ ആയ ശേഷവും എന്ന് ലോകം പ്രതീക്ഷിക്കുന്നു. എല്ലാം കീഴടക്കുന്ന, മറ്റുള്ളവരെ ഒഴിവാക്കുന്ന, സമ്പത്തിന്‍റെ കണ്ണുകള്‍ കൊണ്ട് മാത്രം മനുഷ്യരെ വീക്ഷിക്കുന്ന ഒരു ഭരണാധികാരിയുടെ നാട്ടുകാരന്‍ തന്നെയാണ് ലോക മനസാക്ഷിയുടെ സൂക്ഷിപ്പുകാരനായി വത്തിക്കാനില്‍ സ്ഥാനമേറ്റിരിക്കുന്നത് എന്നത് കാലത്തിൻ്റെ കാവ്യ നീതിയാകാം.
സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട് കലര്‍പ്പില്ലാത്ത ഇറ്റാലിയനിലാണ് അദ്ദേഹം സംസാരിച്ചത്. പെറുവിലെ തന്‍റെ രൂപതാംഗങ്ങളോട് നന്ദി പറഞ്ഞത് സ്പാനിഷിലും. ഇംഗ്ലീഷില്‍ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല. പോപ്പ് ലെയോ ഇംഗ്ലീഷ് മനപൂര്‍വ്വം ഒഴിവാക്കി എന്നാണ് കാലിഫോര്‍ണിയയിലെ ലൊയോള മേരി മൗണ്ട് യൂണിവേഴ്സിറ്റിയിലെ തിയോളജി പ്രഫസര്‍ ആയ ബ്രെറ്റ് സി ഹൂവര്‍ പറയുന്നത്. ആ നിലപാടിന് ഹൂവര്‍ ഇങ്ങനെയാണ് നിര്‍വചിക്കുന്നത്:
'ഞാന്‍ ഒരു അമേരിക്കനാണ്. പക്ഷേ ഞാന്‍ വത്യസ്തനായ ഒരു അമേരിക്കന്‍ ആണ്. ഞാന്‍ ഒരു ദേശീയവാദിയല്ല; മറിച്ച് ലോകം മുഴുവനെയും ഒരുപോലെ കരുതുന്ന ഒരാളാണ്.' ("He was saying, 'I'm an American, but I'm a different kind of American. I'm not a nationalist; I'm a person that cares about the entire world'." - Brett C. Hoover).
ഏറ്റവും നിസാരനായ അമേരിക്കനാണ് പോപ്പ് ലെയൊ എന്നാണ് ബോസ്റ്റണ്‍ കോളേജിലെ തിയോളജി പ്രഫസറായ റിചാര്‍ഡ് ലെന്നാന്‍ പറയുന്നത് ("He is the least American American."- Richard Lennan)
പല കാരണങ്ങളാല്‍ ജനങ്ങളില്‍ നിന്ന് അകന്നുപോയി കൊണ്ടിരുന്ന സഭയെ ഫ്രാന്‍സിസ് പാപ്പ കൂടുതല്‍ ജനകീയമാക്കി, സ്വീകാര്യമാക്കി. ആ സ്വീകാര്യത നല്കുന്ന ഒരു രാഷ്ട്രീയ മേല്‍ക്കോയ്മയും ധാര്‍മ്മിക ശക്തിയുമുണ്ട്. ലോകമനസാക്ഷിയുടെ സൂക്ഷിപ്പുകാരനാവുമ്പോള്‍ ലെയോ പാപ്പയ്ക്കും അത് കരുത്തു നല്കും. ഇറ്റാലിയന്‍ വേരുകളുള്ള അര്‍ജന്‍റീനിയക്കാരന്‍ ജെസ്യൂട്ട്, മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഫ്രാന്‍സിസ് അസ്സീസിയുടെ വഴിയിലൂടെ നടന്നു സഭയ്ക്ക് പുതിയ വെളിച്ചവും പുത്തന്‍ ഉണര്‍വ്വും നല്കി.
ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ് വേരുകളുള്ള ഒരു അമേരിക്കക്കാരന്‍, പെറുവില്‍ ദീര്‍ഘകാലം മിഷനറിയായി പ്രവര്‍ത്തിച്ച അഗസ്റ്റീനിയന്‍ സന്യാസി, ലെയോ 14-ാമന്‍ എന്ന പേര് സ്വീകരിച്ച് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവില ് നിന്ന് ലോകത്തെ നോക്കുമ്പോള്‍ തീര്‍ച്ചയായും വ്യത്യാസം ഉണ്ട്, വ്യത്യസ്തകള്‍ ഉണ്ട്, പുതുമകള്‍ ഉണ്ട്. 'നീതിയും സമാധാനവും എപ്പോഴും തെരയുന്ന, പരസ്പരം ഐക്യമുള്ള ഒരു സഭ' എന്ന ലെയോ പാപ്പയുടെ നിലപാടുകള്‍ക്കൊപ്പം നമുക്കും ചരിക്കാം.
മുഖക്കുറിപ്പ്, നിലപാട്,
റോണി കിഴക്കേടത്ത്,
അസ്സീസി മാസിക ജൂണ്‍ 2025





















