top of page

സ്നേഹത്തിനായുള്ള സ്നേഹം

Jun 3, 2025

3 min read

ഫാ. ഷാജി CMI

ഫ്രാന്‍സീസ് പാപ്പായുടെ 'അവിടുന്ന് നമ്മെ സ്നേഹിച്ചു' എന്ന ചാക്രികലേഖനത്തിലെ ഏറ്റവും ആകര്‍ഷകവും, മനോഹരവുമായ അധ്യായമാണ് 'സ്നേഹത്തിനായുള്ള സ്നേഹം' എന്ന അവസാനത്തെ അധ്യായം. ഒരു കവിതപോലെ സുന്ദരമാണ് ഇത്. യേശുവിന്‍റെ മുറിവേല്‍പ്പിക്കപ്പെട്ട ഹൃദയത്തെക്കുറിച്ചും, ആ തിരുഹൃദയത്തിന്‍റെ ദൈവികവും മാനുഷികവുമായ സ്നേഹത്തെക്കുറിച്ചുമാണ് ലേഖനത്തില്‍ ഉടനീളം വായിക്കാന്‍ കഴിയുന്നത്. 1673 ല്‍ വിശുദ്ധ മര്‍ഗരീത്ത മരിയ അലക്കോക്കിന് യേശുവിന്‍റെ തിരുഹൃദയ ദര്‍ശനം ലഭിച്ചതിന്‍റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ നാലാമത്തെ ചാക്രിക ലേഖനം എഴുതുന്നത്. ജൂണ്‍ മാസം തിരുഹൃദയത്തെ പ്രത്യേകമായി ആരാധിച്ച് വണങ്ങുന്ന മാസമാണല്ലോ. അതിനാല്‍ 'ദിലേക്സിത് നോസ്' ലെ അവസാനത്തെ അധ്യായമായ 'സ്നേഹത്തിനായുള്ള സ്നേഹ'ത്തിന്‍റെ ചില വിചാരക്കുറിപ്പുകള്‍ എഴുതുകയാണിവിടെ.


ശലഭം പൂവിനെ തേടുന്നപോലെ സ്നേഹം സ്നേഹത്തെ തേടുകയാണ്. തേന്‍ തേടുന്ന ശലഭങ്ങള്‍ ചിലപ്പോള്‍ പൂവിന്‍റെ ആകര്‍ഷകത്വം കണ്ട് കടലാസ് പൂക്കളില്‍ വന്നിരിക്കാറുണ്ട്. പറന്നിറങ്ങി അല്പനേരം കഴിയുമ്പോഴാണ് അത് മണമോ രുചിയോ എന്തിന് ഒരു തുള്ളി തേന്‍ പോലുമില്ലാത്ത ബോഗയ്ന്‍ വില്ലപ്പൂക്കളാണെന്ന് തിരിച്ചറിയുന്നത്. വിശുദ്ധ മാര്‍ഗരറ്റ് മരിയക്കുണ്ടായ ദര്‍ശനത്തില്‍ ഈ സങ്കടമാണ് ക്രിസ്തു പങ്കുവയ്ക്കുന്നത്. മനുഷ്യവര്‍ഗ്ഗത്തോടുള്ള സ്നേഹത്തിന് പകരമായി ലഭിക്കുന്നത് നിസ്സംഗതയും, നന്ദികേടും മാത്രം. കുരിശില്‍ താന്‍ അനുഭവിച്ചതിനേക്കാള്‍ വേദനാജനകമാണിതെന്ന് പറയുമ്പോള്‍ അതിന്‍റെ ആഴം എത്ര വലുതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യഹൃദയങ്ങളില്‍ സ്നേഹം തേടി അവന്‍ വരുന്നു. എന്നാല്‍ ബോഗയ്ന്‍വില്ല പൂക്കള്‍പോലെ മനുഷ്യഹൃദയങ്ങള്‍ കാണപ്പെടുമ്പോള്‍ ഉണ്ടാകുന്ന നൊമ്പരം, അഹോ അവര്‍ണ്ണനീയം.


"എനിക്ക് ദാഹിക്കുന്നു". പരിശുദ്ധ കുര്‍ബ്ബാനയില്‍ മനുഷ്യരാല്‍ സ്നേഹിക്കപ്പെടാനുള്ള അതിതീവ്രമായ ദാഹം എന്നെ ദഹിപ്പിക്കുന്നു. എന്നാല്‍ എന്‍റെ ആഗ്രഹംപോലെ, എന്‍റെ സ്നേഹത്തിന് പകരം സ്നേഹം നല്‍കി ഈ ദാഹം ശമിപ്പിക്കാന്‍ ശ്രമിക്കുന്ന ആരേയും ഞാന്‍ കണ്ടില്ല".


എന്‍റെ സ്നേഹത്തെ അളന്നുനോക്കാനുള്ള അളവുകോല്‍ ഇതാണ് - പരസ്നേഹത്തില്‍ ഞാന്‍ എത്ര വളര്‍ന്നിട്ടുണ്ട്. വേദപുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ഈ അളവുകോല്‍ മാര്‍ക്ക് ചെയ്യപ്പെട്ടിരിക്കുന്നു. 'എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നത്' (മത്താ. 25:40). 'നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക' എന്ന ഒരേയൊരു കല്‍പ്പനയില്‍ നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു (ഗലാ 5:14). 'സഹോദരനെ സ്നേഹിക്കുന്നതുകൊണ്ട് നാം മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കടന്നിരിക്കുന്നു' (1 യോഹ. 3:14). 'കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ സാധ്യമല്ല' ( 1 യോഹ. 4:20). യേശുക്രിസ്തുവിനുണ്ടായിരുന്ന ഇതേ മനോഭാവം നമുക്കും ഉണ്ടാകാന്‍ 'യേശുവേ എന്‍റെ ഹൃദയത്തെയും അങ്ങേ ഹൃദയംപോലെ ആക്കണമേ' എന്ന് പ്രാര്‍ത്ഥിക്കാം.


തുടര്‍ന്ന് ചില ചരിത്ര പാഠങ്ങളിലേക്ക് പാപ്പ കടക്കുന്നു. റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവരെ അങ്ങേയറ്റത്തെ ആദരവോടും സ്നേഹത്തോടും, കരുതലോടും കൂടെയാണ് കണ്ടിരുന്നത്. അക്കാലത്തെ ഭരണാധികാരിയായ ജൂലിയാന്‍ ചക്രവര്‍ത്തി ഇതിന് കാരണം തേടിയപ്പോള്‍ അദ്ദേഹത്തിന്‍റെ മന്ത്രിമാര്‍ ഇങ്ങനെ റിപ്പോര്‍ട്ട് കൊടുത്തു: ക്രിസ്ത്യാനികള്‍ അവരുടെ സ്വന്തം ആളുകളെ പോറ്റുന്നതിനു പുറമേ നമ്മളില്‍ നിന്ന് ഒരു സഹായവും ലഭിക്കാത്ത, സമൂഹത്തിന്‍റെ അരികുകളില്‍ കഴിയുന്ന ദരിദ്രരേയും പരദേശികളേയും തീറ്റിപ്പോറ്റി. ഇതിനെ പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ധാരാളമായി തുടങ്ങാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. പക്ഷേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അമ്പേ പരാജയപ്പെട്ടു. അവര്‍ക്ക് ലക്ഷ്യം കണ്ടെത്താനായില്ല, കാരണം ഉപവി, കരുണ എന്നീ മേമ്പൊടികള്‍ ചാലിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതെ പോയി. ചരിത്രത്തിന്‍റെ ആവര്‍ത്തനങ്ങള്‍ സമകാലീന ഭരണവ്യവസ്ഥയിലും കാണാം.

ചരിത്രത്തില്‍ നിന്ന് ചില വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഫ്രാന്‍സീസ് പാപ്പാ. വിശുദ്ധ തോമസ് അക്വിനാസിന്‍റെ പഠനങ്ങളാണ് ആദ്യം ഉദ്ധരിക്കുന്നത്. നമ്മുടെ പരോന്മുഖതക്ക് ജീവനുണ്ടാകണമെങ്കില്‍ നമ്മുടെ ഉപവിയും കരുണയും സജീവമായി നിലനില്‍ക്കണം. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും. ദൈവത്തില്‍ നിന്നും ലഭിച്ച വിവിധ കൃപകള്‍ പങ്കുവെയ്ക്കാന്‍ ഒരാള്‍ തിടുക്കം കൂട്ടുമ്പോള്‍ അയാളുടെ ഹൃദയത്തില്‍ നിന്ന് ജീവജലം ഒഴുകും. ആ ഉറവ അവനവന്‍റെ ദാഹം മാത്രമല്ല, അപരന്‍റെ ദാഹംകൂടി ശമിപ്പിക്കാനുള്ളതാണെന്ന് തിരിച്ചറിയുന്നതാണ് നമ്മുടെ ഉപവിയും കരുണയും സജീവമായി നിലനില്ക്കുന്നതിന്‍റെ അടയാളം.


യേശുഹൃദയത്തിന്‍റെ മറ്റൊരുപാസകനായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സാലസ്, അദ്ദേഹത്തെ ആകര്‍ഷിച്ച തിരുവചനം 'ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ നിങ്ങള്‍ എന്നില്‍ നിന്നും പഠിക്കുക' (മത്താ. 11:24) എന്നതായിരുന്നു.  ഈ വചനം ജീവിക്കാന്‍ വിശുദ്ധന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ചെറിയ കാര്യങ്ങളുടെ തമ്പുരാന്‍ ആയി ജീവിക്കുക എന്നതാണ്. ശ്രദ്ധയിലൂന്നിയ ജീവിതത്തിലൂടെ അവിടുത്തെ ഹൃദയവും സ്നേഹവും നേടാനാവും. ക്രിസ്തു ഹൃദയത്തിന്‍റെ വിനയം നമ്മെ താവ്മയുടെ പാതയിലേക്ക് നയിക്കുന്നു. അവന്‍ ഒരിക്കല്‍ മാത്രമേ തന്‍റെ ഹൃദയത്തെക്കുറിച്ച് സ്വയം പറഞ്ഞിട്ടുള്ളു. അത് 'ശാന്തശീലനും വിനീതനും' എന്ന രണ്ട് വാക്കുകളാകുന്നു. 'ഞാന്‍ ഹൃദയത്തില്‍ സൗമ്യനും താഴ്മയുള്ളവനുമാണ്. എന്നില്‍ നിന്നും പഠിക്കുക' എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവനെ നമ്മിലൂടെ വെളിപ്പെടുത്താന്‍ നമ്മുടെ ചെറുതാകല്‍, നമ്മുടെ സ്വയം താഴ്ത്തല്‍ ഇവ അവിടുത്തേക്ക് ആവശ്യമാണ് എന്നവന്‍ പഠിപ്പിക്കുകയായിരുന്നു.


തിരുഹൃദയഭക്തിയുടെ ആചാര്യയായ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിനെയാണ് പിന്നീട് അവതരിപ്പിക്കുന്നത്. അവള്‍ക്ക് ലഭിച്ച ഒരു ദര്‍ശനത്തെ ഉദ്ധരിക്കുന്നു: 'തന്‍റെ ജ്വലിക്കുന്ന സ്നേഹനാളങ്ങള്‍ ഉള്ളില്‍ അടക്കിവെക്കാനാകാത്തതുകൊണ്ട് അത് പുറത്തേക്കും വ്യാപിക്കേണ്ടതുണ്ട്'. ഈ സ്നേഹസംസ്കാരത്തിന്‍റെ വ്യാപനം തുടങ്ങേണ്ടത് മാപ്പ് നല്‍കലിന്‍റെ പാഠങ്ങള്‍ അനുശീലിച്ചുകൊണ്ടാണ്. മാപ്പ് ചോദിക്കുകയും മാപ്പ് നല്‍കുകയും വേണം.


വിശുദ്ധ ജോണ്‍പോള്‍ പാപ്പ തിരുഹൃദയത്തിന്‍റെ സ്നേഹനാളങ്ങള്‍ പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതിന്‍റെ പ്രായോഗിക വശമായി മാപ്പിന്‍റെ സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടുന്നു. തിരുഹൃദയത്തില്‍ ജ്വലിക്കുന്ന സ്നേഹനാളം എല്ലാ മുറിവുകളും അവ എത്ര തന്നെ ആഴമേറിയതാണെങ്കിലും സൗഖ്യമാക്കാന്‍ കഴിയുമെന്ന പ്രത്യാശയിലേക്ക് നമ്മെ നയിക്കുന്നു.


എത്രയെത്ര മുറിവുകളും മുഖംമൂടികളും പേറിക്കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. എനിക്ക് മാത്രമറിയാവുന്ന മുറിവുകള്‍. അവ മറച്ചുവെക്കാന്‍ ഓരോ മനുഷ്യര്‍ക്കു മുന്നിലും ഓരോ മുഖംമൂടി. എന്നാല്‍ ഞാന്‍ മാത്രം അറിയുന്ന, എനിക്ക് മാത്രം കാണാവുന്ന മുഖംമൂടിയില്ലാത്ത എന്‍റെ സ്വത്വം. വെച്ചുകെട്ടുകളില്ലാത്ത എന്‍റെ മുറിവുകള്‍. ഓരോ സന്ധ്യയിലും തിരുഹൃദയരൂപത്തിന്‍ മുമ്പില്‍ സന്ധ്യാനമസ്കാരത്തിനായി മുട്ടുകുത്തുമ്പോള്‍ എന്‍റെ ഉള്ളം വ്യക്തമായി അറിയുന്ന ഒരേയൊരാള്‍ നീ മാത്രമാണ്. വെട്ടുകെട്ടില്ലാത്ത, ഏച്ചുകെട്ടില്ലാത്ത ഞാന്‍ നിന്‍റെ മുമ്പില്‍ മുട്ടുകള്‍ മുടക്കുന്നു. സ്നേഹത്തിനായുള്ള സ്നേഹം.


ലേഖനം, സ്നേഹത്തിനായുള്ള സ്നേഹം,

ഫാ. ഷാജി സി എം ഐ

അസ്സീസി മാസിക ജൂണ്‍ 2025


Recent Posts

bottom of page