top of page

ദേവാലയം - ദൈവാലയം

Nov 12, 2019

2 min read

ഡോ. മൈക്കിള്‍ കാരിമറ്റം

a church

ആമുഖം

"സിംഹാസനത്തില്‍നിന്ന് വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്ത്  വസിക്കും" (വെളി 21,3). "നഗരത്തില്‍ ഞാന്‍ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാല്‍, സര്‍വ്വശക്തനും, ദൈവമായ കര്‍ത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം"(വെളി 21,22).

ദൈവവിശ്വാസികള്‍ ദൈവികസാന്നിധ്യം തേടി ഒരുമിച്ചുകൂടുന്ന ഇടമാണ് ദേവാലയം. ആലയം എന്നാല്‍ വാസസ്ഥലം എന്നാണല്ലോ പൊതുവേ വിവക്ഷിക്കുന്നത്. അതോടൊപ്പം എന്തെങ്കിലും സൂക്ഷിക്കുന്നതും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതുമായ 'ഇടം' എന്നും ആലയത്തിനര്‍ത്ഥമുണ്ട്. വിദ്യാലയം, ആതുരാലയം, കര്യാലയം മുതലായവ ഉദാഹരണങ്ങള്‍. ദൈവികസാന്നിധ്യം അനുഭവവേദ്യമാകുകയും ദൈവത്തിന്‍റെ കൃപാകടാക്ഷം അഥവാ അനുഗ്രഹം ലഭ്യമാകുകയും ചെയ്യുന്ന ഇടമായി ദേവാലയം പരിഗണിക്കപ്പെടുന്നു. ഏതെങ്കിലും വിധത്തിലുള്ള ദേവാലയം ഇല്ലാത്ത മതവിശ്വാസികളുണ്ടാവില്ല. അമ്പലം, ക്ഷേത്രം. പള്ളി, മസ്ജിദ്, ദേവപ്പുര എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുമ്പോഴും ആത്യന്തികമായി ദൈവ-മനുഷ്യസമാഗമത്തിന്‍റെ ഇടമായിട്ടാണ് ഇതു കരുതപ്പെടുക. ദൈവത്തെ സംബന്ധിച്ച വിശ്വാസികളുടെ സങ്കല്പങ്ങള്‍ക്കനുസൃതം ആലയത്തിന്‍റെ സ്വഭാവത്തിലും ലക്ഷ്യത്തിലും വ്യത്യാസങ്ങളുണ്ടാകാം.

ദേവാലയം എന്ന വാക്കിന്‍റെ അക്ഷരാര്‍ത്ഥം ദേവന്‍റെ ആലയം എന്നാണല്ലോ. അതേസമയം 'ദേവന്‍' എന്നും 'ദൈവം' എന്നും പറയുന്നത് ഒരേ യാഥാര്‍ത്ഥ്യം ആകണമെന്നില്ല. അര്‍ത്ഥവ്യത്യാസം കൂടാതെ രണ്ടുപദങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും അടുത്തു പരിശോധിച്ചാല്‍, പ്രത്യേകിച്ചും ഏകദൈവവിശ്വാസികളുടെ കാഴ്ചപ്പാടില്‍, രണ്ടും തമ്മിലുള്ള വ്യത്യാസം നിഷേധിക്കാനാവില്ല. ദേവന്മാര്‍ പലരുണ്ടാകാം, എന്നാല്‍ ദൈവം ഒരുവന്‍ മാത്രം. ക്രിസ്തുവിശ്വാസികള്‍ 'വിശുദ്ധര്‍' എന്നും 'മാലാഖമാര്‍' എന്നും വിളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാവും മുഖ്യമായും 'ദേവന്മാര്‍' 'ദേവതകള്‍' എന്നൊക്കെയുള്ള വിശേഷണങ്ങള്‍, ശ്രദ്ധിച്ചില്ലെങ്കില്‍, തെറ്റായധാരണകള്‍ക്കു വഴി തെളിക്കാം. അനേകം ദേവന്മാരില്‍ ഒരുവനല്ല, ക്രിസ്തുവിശ്വാസികള്‍ക്ക് യേശുക്രിസ്തു.

ഈ കാഴ്ചപ്പാടില്‍ ദേവാലയം എന്ന പ്രയോഗവും ശ്രദ്ധിക്കണം. അനേകം ദേവന്മാരില്‍ ഏതെങ്കിലും ഒരു ദേവന്‍റെ ആലയമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ദേവാലയം എന്ന പദം തന്നെ പ്രയോഗിക്കണം. എന്നാല്‍ ഏകദൈവത്തിന്‍റെ ആലയം എന്നാണ് പറയാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ 'ദൈവാലയം' എന്നു പറയുന്നതല്ലേ കൂടുതല്‍ അര്‍ത്ഥവത്താകുക? തിരുനാളുകള്‍ പെരുനാളുകളായതുപോലെ ദൈവാലയം ദേവാലയം ആയി പരിണമിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പ്രത്യേകിച്ചും ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരില്‍ അറിയപ്പെടുമ്പോള്‍ 'ദേവാലയം' എന്ന പേര് കൂടുതല്‍ അര്‍ത്ഥവത്തായി, അറിഞ്ഞുകൊണ്ടല്ലെങ്കിലും കരുതപ്പെടാന്‍ വഴിതെളിക്കുന്നു. 'വി. അന്തോനീസിന്‍റെ ദേവാലയം' എന്നു പറയുമ്പോള്‍ ആ വിശുദ്ധന്‍റെ സഹായത്താല്‍ പ്രത്യേകമായ ഉദ്ദിഷ്ടകാര്യസാധ്യത്തിനു സഹായിക്കുന്ന ഇടം എന്ന ധാരണ വിശ്വാസിയുടെ മനസ്സില്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദൈവാലയവും ദേവാലയവും വേര്‍തിരിച്ചുകാണുന്നത് തന്നെയാവും മെച്ചം. അതോടൊപ്പം ദേവാലയം എന്നു പറയുമ്പോഴും ഏതെങ്കിലും വിശുദ്ധനു വസിക്കാനായി മാറ്റിവച്ച സ്ഥലം എന്നല്ല, ദൈവം വസിക്കുന്ന, ദൈവസാന്നിധ്യം പ്രത്യേകമാം വിധം അനുഭവിക്കാന്‍ കഴിയുന്ന ഇടമാണ് ഉദ്ദേശിക്കുന്നത് എന്നതു മറക്കരുത്.

ദൈവാലയം ദേവാലയമായി മാറുന്നത് അത്ര അസാധാരണമായതൊന്നുമല്ല. ബൈബിളില്‍ തന്നെ ഈ പ്രവണത രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. അതിനാല്‍ ബൈബിളിന്‍റെ കാഴ്ചപ്പാടില്‍ എന്താണ് ദൈവാലയം, എന്താണിതിന്‍റെ പ്രസക്തി, എങ്ങനെയാണ് ദൈവാലയം ദേവാലയമായി മാറുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പ്രസക്തമാകുന്നു. ബൈബിളിന്‍റെ തുടക്കം പറുദീസായിലാണ് - മനുഷ്യന്‍ ദൈവത്തോടൊന്നിച്ച് നടന്നിരുന്ന ഏദന്‍തോട്ടത്തില്‍ (ഉല്‍ 3,8). അവിടെ ദൈവത്തിന് പ്രത്യേകമായൊരു ആലയമുള്ളതായി പറയുന്നില്ല. ദൈവം മനുഷ്യരുടെയിടയില്‍ കൂടാരമടിച്ചു വസിക്കും, പോരാ, ദൈവം തന്നെ മനുഷ്യനു വസിക്കാനുള്ള കൂടാരമായിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് ബൈബിള്‍ അവസാനിക്കുന്നത്(വെളി 21,3) അതിനാല്‍ രക്ഷാചരിത്രത്തിന്‍റെ അവസാനം, എല്ലാം നവീകരിക്കപ്പെട്ടു കഴിയുമ്പോള്‍ പിന്നെ ദൈവാലയം ഉണ്ടാവില്ല. ദൈവം തന്നെ ആയിരിക്കും ആലയം (വെളി 21,22).

ഈ ആരംഭത്തിനും അവസാനത്തിനും ഇടയില്‍, എദനും പറുദീസാ(ലൂക്കാ 23,24)യ്ക്കും മധ്യേ ദൈവാലയത്തെക്കുറിച്ച് പല വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതു കാണാം. ആദിചരിത്രത്തിലും പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രത്തിലും പുറപ്പാടിലും പിന്നീട് വാഗ്ദത്തഭൂമിയിലെ വാസത്തിലും രാജഭരണകാലത്തും പ്രവാസത്തിലും പ്രവാസാനന്തരകാലത്തും എല്ലാം ദൈവാലയത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ രൂപപ്പെടുന്നതു കാണാം. ദൈവാലയത്തോടുള്ള യേശുവിന്‍റെ പ്രതികരണവും ദൈവാലയത്തെക്കുറിച്ച് യേശു നല്കിയ പ്രബോധനവും പുതിയൊരു ദിശയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. തന്‍റെ തന്നെ ശരീരത്തെ യഥാര്‍ത്ഥ ദൈവാലയമായി ചിത്രീകരിച്ച യേശുവിന്‍റെ പ്രബോധനം പിന്‍തുടര്‍ന്ന അപ്പോസ്തലന്മാര്‍ ക്രിസ്തുവിന്‍റെ സഭയെയും, തുടര്‍ന്ന് ഓരോ വിശാസിയെയും ദൈവത്തിന്‍റെ ആലയമായി പരിഗണിക്കാന്‍ തുടങ്ങി. സുദീര്‍ഘമായ ഈ പരിണാമപ്രക്രിയയിലൂടെ ഒന്നു കടന്നുപോകാനാണ് ഇവിടെ ശ്രമിക്കുന്നത്. ദൈവാലയം-ദേവാലയം എന്നീ വാക്കുകള്‍ അര്‍ത്ഥവ്യത്യാസമില്ലാതെയാണ് ഇന്നു സാധാരണ ഉപയോഗിക്കുക. തന്നെയുമല്ല 'ദേവാലയം' എന്ന വാക്കാണ് പറയാന്‍ എളുപ്പവും കൂടുതല്‍ പ്രയോഗത്തിലുള്ളതും. 'ദൈവാലയം' എന്ന വാക്കാകട്ടെ അധികമാരും ഉപയോഗിക്കാറുമില്ല. അതിനാല്‍ ഉപയോഗസാധുതയുള്ള വാക്കായി 'ദേവാലയം' തന്നെ ഇവിടെയും തുടര്‍ന്ന് ഉപയോഗിക്കുന്നതാണ്.  

(തുടരും)

 

ഡോ. മൈക്കിള്‍ കാരിമറ്റം

0

0

Featured Posts