

ഏദനിൽ നിന്ന് പിഷോൺ, ഗിഹോൺ, ടൈഗ്രിസ്, യൂഫ്രട്ടിസ് എന്നിങ്ങനെ നാലുനദികൾ നാലുദിക്കുകളിലേക്കായി ഒഴുകിയിരുന്നു എന്നാണ് ഉല്പത്തി പുസ്തകം രേഖപ്പെടുത്തുന്നത്.
കിഴക്കോട്ട് മുഖവാരമുള്ള ജറൂസലേം ദേവാലയത്തിൻ്റെ വലത്തേ (തെക്കുവശം) കവാടത്തിനടിയിൽ നിന്ന് ഇറ്റിറ്റുവരുന്ന ഒരു കുഞ്ഞുറവ കിഴക്കോട്ട് ഒഴുകി, മുന്നോട്ടു പോകുന്തോറും ആഴവും വ്യാപ്തിയും വർദ്ധിച്ചു വരുന്നതായാണ് എസക്കിയേൽ പ്രവാചകൻ കാണുന്ന ദർശനം (അ.47).
പടയാളികൾ ഒരാൾ ക്രൂശിതന്റെ വിലാവിൽ കുന്തം കുത്തിയിറക്കി എന്നും, അവിടെ നിന്ന ് രക്തത്തിന്റെയും വെള്ളത്തിന്റെയും രണ്ട് ചാലുകൾ ഒഴുകി എന്നുമാണ് യോഹന്നാന്റെ കൺകണ്ട സാക്ഷ്യം.
നാല് സുവിശേഷകന്മാരിൽ ആരും ഒഴിവാക്കാത്ത ഒരു സംഭവമാണ് ജെറുസലേം ദേവാലയത്തിലെ ബലിവസ്തുക്കളായിരുന്ന കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെ യേശു അവിടെനിന്ന് പുറത്താക്കിയെന്നും, ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കരുതാത്ത വിജാതീയ രൂപങ്ങളുള്ള നാണയങ്ങൾ മാറ്റി പകരം നാണയം നല്കുന്നവരുടെ മേശകൾ മറിച്ചിട്ടു എന്നതും.
(ദേവാലയ ഘടന, ദേവാലയത്തിൻ്റെ ഏതു ഭാഗത്തായിരുന്നു ഈ ക്രയവിക്രയം നടന്നിരുന്നത് എന്നും മറ്റും മുമ്പ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല).
ദേവാലയത്തെയും, മൃഗബലികളിൽ അടിസ്ഥാനപ്പെടുത്തിയ അവിടത്തെ ആരാധനയെയും റദ്ദാക്കുകയും, പകരം താനാണ് ദേവാലയം, താനാണ് പുരോഹിതൻ,
താൻതന്നെ ബലി മൃഗവും എന്ന് പകരം വക്കുകയായിരുന്നു അവൻ, എന്നാണ് അതേക്കുറിച്ചുള്ള ദൈവശാസ്ത്ര വ്യാഖ്യാനം.
'നിനക്കിത് ചെയ്യാൻ അധികാരം ഉണ്ട് എന്നതിന് അടയാളം കാണിക്കൂ' എന്നാവശ്യപ്പെടുന്നവരോട് അവൻ പറയുന്നത്, "നിങ്ങളീ ദേവാലയം നശിപ്പിക്കൂ, മൂന്നുദിവസം കൊണ്ട് ഞാനത് പുനരുദ്ധരിക്കാം" എന്നാണ്.
"ഉവ്വുവ്വ്. നാല്പത്താറ് വർഷമായി ഇത് പുനരുദ്ധാരണത്തിലാണ്. നീ അത് മൂന്നു ദിവസം കൊണ്ട് ചെയ്യും!" എന്ന് അവർ അവനെ പരിഹസിക്കുന്നു.
എന്നാൽ, ത ൻ്റെ ശരീരത്തെക്കുറിച്ചായിരുന്നു അവൻ പറഞ്ഞത് എന്ന് യോഹന്നാൻ സാന്ദർഭികമായി കൂട്ടിച്ചേർക്കുന്നുണ്ട്.
അവൻ വെല്ലുവിളിച്ചത് തന്നെയാണ് അവർ ചെയ്തത്. അവർ ദേവാലയം നശിപ്പിച്ചു. അവൻ പറഞ്ഞതുപോലെ തന്നെ മൂന്നുദിവസത്തിനകം അവനത് പുനരുദ്ധരിച്ചു.
കിഴക്കോട്ട് ദർശനമുള്ള ജറൂസലേം ദേവാലത്തിന് വടക്കുഭാഗത്തുള്ള കാൽവരിയിൽ, എല്ലാ വിശുദ്ധികൾക്കും വെളിയിൽ, ദേവാലയത്തിന് പുറംതിരിഞ്ഞ് പടിഞ്ഞാറോട്ട് നോക്കി അവൻ ബലിയർപ്പിച്ചത്രേ!
എല്ലാ ജനതകൾക്കും വേണ്ടി അവൻ തീർത്ത പ്രാർത്ഥനാലയം!





















