

"ശരീരത്തിലായിരിക്കേ, മരണത്തിൽ നിന്ന് തന്നെ രക്ഷിക്കാൻ കഴിവുള്ളവന് ക്രിസ്തു കണ്ണീരോടും വലിയ വിലാപത്തോടുംകൂടി യാചനകളും പ്രാർത്ഥനകളും സമർപ്പിച്ചു" എന്നൊരു വാക്യമുണ്ട് ബൈബിളിൽ (ഹെബ്രാ. 5:7). തീർച്ചയായും പ്രാർത്ഥനാരീതികളുടെ ഒരു യഹൂദ പാരമ്പര്യ പശ്ചാത്തലം യേശുവിനുണ്ടായിരുന്നു എന്നതിൽ തർക്കമില്ല. അതുകൊണ്ടായിരിക്കണം യേശുവിൻ്റെ പ്രാർത്ഥനകളിൽ ഇങ്ങനെ കണ്ണീരും വിലാപവും ഇരച്ചെത്തുന്നത്. മാത്രമല്ല, ഈ വാക്യത്തിന്റെ ഗ്രീക്ക് മൂലത്തിൽ, അവൻ്റെ ആദരവ് അഥവാ താഴ്മ ദൈവതിരുമുമ്പാകെ വിലയുള്ളതായി പരിഗണിക്കപ്പെട്ടു എന്നാണ് അവസാനിക്കുന്നത്.
തനിക്ക് തൊട്ടുമുമ്പിൽ നിൽക്കുന ്ന ദൈവത്തോട് നേരിട്ട് കാര്യങ്ങൾ പറയുന്നതു പോലുള്ള സ്വാതന്ത്ര്യത്തിൻ്റെ ഒരു പ്രാർത്ഥനാരീതി ഹെബ്രായ പാരമ്പര്യത്തിൽ മാത്രമല്ല പല ഗോത്ര പാരമ്പര്യങ്ങളിലും കാണാനുണ്ട്. ഏത് പാരമ്പര്യത്തിലായാലും ഭക്തിയുടെ ആത്മപ്രകാശനമാണത്. പഴയ നിയമത്തിൽ, വന്ധ്യയായിരുന്ന ഹന്നാ, വാഗ്ദാനപേടകത്തിന് മുമ്പിൽ വന്നുനിന്ന് എന്തൊക്കെയോ വിളിച്ചു പറയുകയും റിലപിക്കുകയും ചെയ്യുമ്പോൾ പുരോഹിതനായിരുന്ന സാമുവൽ കരുതുന്നത് അവൾ അതിരാവിലേ മദ്യപിച്ച് വന്നിരിക്കുന്നു എന്നാണ്!
തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ ഒരു കൊച്ചുകുട്ടി കാട്ടുന്ന സ്വാതന്ത്ര്യവും കരച്ചിലുകളും പ്രാർത്ഥനയുടെ ബാഹ്യരൂപമാകുമ്പോൾ അത് കൂടുതൽ ഹൃദ്യവും ആത്മാർത്ഥതയുള്ളതും ആയി മാറും. മാത്രമല്ല, പ്രസ്തുത പ്രാർത്ഥന മറ് റുള്ളവർക്ക് വേണ്ടിയുള്ളത് ആകുമ്പോൾ അത് മധ്യസ്ഥ പ്രാർത്ഥനയാണ്. ഒരാൾ മറ്റുള്ളവർക്ക് വേണ്ടി കണ്ണീരോടും വലിയ വിലാപത്തോടും കൂടി പ്രാർത്ഥിക്കുന്നതിലെ ആത്മാർത്ഥത എത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.
മറ്റുള്ളവർക്ക് വേണ്ടിയുള്ള പ്രാർത്ഥന നിസ്സാരമായി കാണാവുന്ന ഒന്നല്ല. വലിയ നന്മയുടെ പ്രകാശനമാണത്. എല്ലാക്കാര്യത്തിലും എല്ലാ ഘട്ടത്തിലും ആത്മാർത്ഥമായ പ്രാർത്ഥന ദൈവതിരുമുമ്പാകെ ഉണ്ടാകേണ്ടതുണ്ട്.
എന്നാൽ പ്രാർത്ഥന എപ്പോഴും അതിൽത്തന്നെ പൂർണമാകണം എന്നില്ല. കാരണം, നാം ആത്മാക്കളല്ല. ആത്മശരീരികളാണ്. നമുക്ക് നൽകപ്പെട്ടിട്ടുള്ള ശരീരം കൊണ്ട് - അതായത് ഭൗ തികമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുകയും, ദൈവതിരുമുമ്പാകെ നമ്മുടെ പ്രവൃത്തിയും നമ്മുടെ ഹൃദയാഭിലാഷവും സമർപ്പിക്കുകയും ചെയ്യുമ്പോഴേ പ്രാർത്ഥനയും പ്രവൃത്തിയും ആത്മാർത്ഥതയുള്ളതായി തീരുന്നുള്ളൂ.
ഗുരുതരമായ രോഗം ബാധിച്ച അയൽക്കാരനുവേണ്ടി പ്രാർത്ഥിക്കുക മാത്രം ചെയ്താൽ ആ പ്രാർത്ഥന ഫലം ചെയ്യണം എന്നില്ല. അതേസമയം അയാളുടെ ചികിത്സയ്ക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുകയോ, അഥവാ അയാളുടെ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയോ ചെയ്ത ശേഷം പ്രാർത്ഥിക്കുമ്പോഴേ അത് ആത്മാർത്ഥത ഉള്ള പ്രാർത്ഥനയായി തീരുന്നുള്ളൂ. കാരണം, പ്രാർത്ഥന ആത്മാവിൻ്റെ പ്രവൃത്തിയാണ്. ആത്മാർത്ഥമല്ലാത്ത പ്രാർത്ഥന ആത്മവഞ്ചനയാണ്. ഉത്തരവാദിത്വമില്ലാത്ത പ്രാർത്ഥനയും ആത്മവഞ്ചന തന്നെയാണ്.

2025 ഒക്ടോബറിൽ അസ്സീസി മാസിക അക്ഷര തപസ്യയുടെ 72 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 1953 മുതൽ ആയിരക്കണക്കിന് വായനക്കാരുടെ ആത്മാവിലും മനസ്സിലും പ്രകാശം പരത്താൻ അസ്സീസി മാസികയ്ക്കു കഴിഞ്ഞിട്ടുണ്ട്. വായനക്കാരുടെ കരുതലിലും ഉദാരതയിലുമാണ് മാസിക ഇവിടെ വരെ എത്തി നില്ക്കുന്നത്. നിരവധി വർഷങ്ങളിലെ ലേഖനങ്ങൾ ഉൾപ്പെടുന്ന ഈ വെബ്സൈറ്റ് സൗജന്യമായാണ് ലഭ്യമാക്കിയിരിക്കുന്നത്. മാസികയുടെ നടത്തിപ്പിന് സാമ്പത്തീക പ്രതിസന്ധി നേരിടുകയാണ്. അതിനാൽ, അസ്സീസിയിലെ ഫ്രാൻസിസിനെ സ്നേഹിക്കുന്ന, അസ്സീസി മാസികയെ സ്നേഹിക്കുന്ന നിങ്ങളുടെ ഹൃദയ കവാടത്തിൽ ഞങ്ങൾ മുട്ടുന്നു. നിങ്ങളുടെ മനസ്സു നിറഞ്ഞ ഒരു സംഭാവന നൽകി ഈ യാത്രയിൽ പങ്കുചേരില്ലേ, ഞങ്ങളോടൊപ്പം.