

"ഞങ്ങൾ നിങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ മഹത്ത്വം അന്വേഷിച്ചില്ല", എന്ന് അവർക്കിടയിലെ തങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് പൗലോസ് തെസ്സലോണിക്കർക്ക് എഴുതുന്നുണ്ട്. "ഒരമ്മ തൻ്റെ കുഞ്ഞുങ്ങളെ പരിചരിച്ച് വളർത്തുന്നതുപോലെ ഞങ്ങൾ നിങ്ങളുടെയിടയിൽ സൗമ്യമായി പെരുമാറി" (2:7) എന്നാണ് അദ്ദേഹം തുടർന്ന് എഴുതുന്നത്. ഒരമ്മ തൻ്റെ കുഞ്ഞിനെ അമ്മിഞ്ഞയൂട്ടുമ്പോൾ എത്ര സൗമ്യമായാണോ കുഞ്ഞിൻ്റെ വളർച്ചയെ കാംക്ഷിച്ച് അത് ചെയ്യുന്നത് - അതുപോലെ എന്നു പറയുമ്പോൾ അതിൻ്റെ സാരം ഒരു തരിമ്പും എങ്ങും ചോർന്നുപോകാനിടയില്ല. അമ്മയല്ല, കുഞ്ഞാണ് അവിടെ കേന്ദ്രം. അമ്മ കുഞ്ഞിനുവേണ്ടിയാണ്, കുഞ്ഞ് അമ്മക്കുവേണ്ടിയല്ല.
സിനൊഡാലിറ്റിയെക്കുറിച്ച് പറഞ്ഞതിനെക്കാളേറെ ചില സഭാവൃത്തങ്ങളിൽ ഫ്രാൻസിസ് പാപ്പായെ അനഭിമതനാക്കിയത് അദ്ദേഹം പലപ്പോഴും "ക്ലരിക്കലിസ" എതിർത്തുസംസാരിച്ചു എന്നതാണ്. പൗരോഹിത്യ മേധാവിത്തം പാപമാണ് എന്നുപോലും പറയാൻ അദ്ദേഹം ധൈര്യപ്പെട്ടു. സന്ന്യസ്തരോ വൈദികരോ മെത്രാന്മാരോ, അത്തരം ഒരു ജീവിതം തെരഞ്ഞെടുത്തു എന്ന കാരണത്താൽത്തന്നെ ഉയർന്ന പദവിയുള്ളവരും മറ്റുള്ളവർ ബഹുമാനിക്കാൻ കടപ്പെട്ടവരുമാണ് എന്നത് ക്ലരിക്കലിസ്റ്റ് ചിന്തയും നിലപാടുമാണ്.
പൗലോസും സുവിശേഷത്തിൻ്റെ മറ്റുശുശ്രൂഷകരും പുലർത്തിയ നിലപാട് എവിടെ, ക്ലരിക്കലിസ്റ്റ് നേതൃത്വത്തിൻ്റെ നിലപാട് എവിടെ?!





















