

ഞാൻ മുമ്പ് ഉണ്ടായിരുന്ന, ഫാദർ സൊളാനസ് കെയ്സി സെന്ററിൽ പ്രവേശന കവാടത്തോട് ചേർന്നുതന്നെയായി അതിഥികളെ സ്വീകരിക്കുന്നത് ഓട്ടു പ്രതിമകൾ കണക്കേ തോന്നിക്കുന്ന ജീവ-സ്വരൂപങ്ങളായ എട്ട് പ്രതിമകളാണ്. ഡൊറോത്തി ഡേയ്, മദർ തെരേസ, മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ, ആർച്ച് ബിഷപ് ഓസ്കർ റൊമെയ്റോ എന്നിവരോടെല്ലാം ഒപ്പം തകാഷി നഗായ് - കൂടിയുണ്ട്. തകാഷി നഗായ് ഒരു ജാപ്പനീസ് ഡോക്ടർ ആയിരുന്നു. പിന്നീട് അദ്ദേഹം ഒരു റേഡിയോളജിസ്റ്റ് ആയി. ഇരുപത്താറാം വയസ്സിലാണ് അദ്ദേഹം ക്രിസ്ത്യാനി ആകുന്നത്.
ഹിരോഷിമയിൽ അണുബോംബ് ഇട്ടതിന് 3 നാളുകൾക്കു ശേഷം 1945 ആഗസ്റ്റ് 9 ന് നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടു. നാഗസാക്കിയിലെ ആശുപത്രിയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തിന് ബോംബ് ആക്രമണത്തിന്റെ ആഘാതത്തിൽ പരിക്ക് പറ്റിയെങ്കിലും മറ്റ് ഡോക്ടർമാരോടൊപ്പം അദ്ദേഹം മരണാസന്നരെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് ബോംബാക്രമണത്തിൽ തൻ്റെ ഭാര്യ കൊല്ലപ്പെട്ടു എന്ന് ഡോ. തകാഷി അറിയുന്നത്. യുദ്ധകാലമായിരുന്നതിനാൽ എക്സ്റേ ഫിലിം കിട്ടാനില്ലാതിരുന്നതിനാൽ അദ്ദേഹം നേരിട്ട് രോഗികളെ എക്സ്റേ പരിശോധന നടത്തിയതിനാൽ അതിനോടകം അദ്ദേഹം രക്താർബുദ ബാധിതനായിരുന്നു. ബ്ലെയ്സ് പാസ്ക്കലിൻ്റെ, "കാണണം എന്നുമാത്രം ആഗ്രഹിക്കുന്നവർക്ക് അതിനാവശ്യമുള്ള വെളിച്ചമുണ്ട്; എതിർ മനോഭാവമുള്ളവർക്ക് ആവശ്യത്തിനുള്ള ഇരുട്ടും ഉണ്ട് " എന്ന വാക്യം വിശ്വാസ ജീവിതത്തിൽ അദ്ദേഹത്തെ ബലപ്പെടുത്തി.
ബോംബ് ആക്രമണത്തിൽ തകർന്നുപോയ അദ്ദേഹത്തിൻ്റെ വീടിൻ്റെ ശേഷിച്ച മരപ്പലകകൾ ചേർത്തുവച്ച് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി ഒരു ഒറ്റമുറി വീട് അദ്ദേഹത്തിന് പണിതു നല്കി. ആ വീടിന് അദ്ദേഹം നൽകിയ പേര് "As Yourself House" - "നിന്നെപ്പോലെ തന്നെ-ഭവനം" എന്നായിരുന്നു. "നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന വാക്യത്തിൽ നിന്ന് അടർത്തിയെടുത്തതിണത്. തന്നെയും തൻ്റെ കുടുംബത്തെയും യുദ്ധം കശക്കിയെറിഞ്ഞിട്ടും, ക്രിസ്തുവിനെ കണ്ടെത്തിയ ആ ശാസ്ത്രകാരൻ തൻ്റെ മരണത്തോളം സമാധാനത്തിന്റെയും അഹിംസയുടെയും അപ്പസ്തോലനായി ജീവിച്ചു.
എന്തിനാണ് നേരത്തേ പറഞ്ഞ സ്ഥലത്ത് മറ്റ് ഏഴുപേരോടൊപ്പം അദ്ദേഹത്തിൻ ്റെ പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്, എന്നറിയണ്ടേ? ആ എട്ടുപേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ വംശങ്ങളിൽ നിന്ന് ഉള്ളവരാണ്. മത്തായിയുടെ സുവിശേഷത്തിൽ യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ കാമ്പ് എന്ന് പറയുന്നത് അവിടുന്ന് അരുൾച്ചെയ്യുന്ന അഷ്ടഭാഗ്യങ്ങളാണ്. ഓരോ പ്രതിമയും പ്രതിനിധീകരിക്കുന്ന വ്യക്തികൾ അഷ്ട ഭാഗ്യങ്ങളിൽ ഓരോരോ ഭാഗ്യങ്ങൾ ജീവിച്ചവരാണ്. "സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ: എന്തെന്നാൽ അവർ ദൈവപുത്രർ എന്ന് വിളിക്കപ്പെടും" എന്നാണ് തകാഷി നഗായിയുടെ സാംഗത്യ സൂചന!





















