top of page

ലക്ഷണം

Dec 22, 2024

1 min read

George Valiapadath Capuchin
John the Baptist

യഹൂദ ജനതയുടെ ചരിത്രത്തിൽ ദൈവം എന്നും അവരോടൊപ്പം നടക്കുകയും തൻ്റെ പ്രവാചകരിലൂടെയും ന്യായാധിപരിലൂടെയും രാജാക്കന്മാരിലൂടെയും പുരോഹിതരിലൂടെയും അവരോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നായിരുന്നു അവരുടെ വിശ്വാസം. അടിമകളായി പോയ തൻ്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിൻ്റെ ദീർഘകാലത്തെ പ്രാർത്ഥനക്ക് ദൈവം മോശെയിലൂടെ ഉത്തരം നല്കുന്നതിനു മുമ്പ് നാനൂറ് വർഷങ്ങളോളം ദൈവം നിശ്ശബ്ദനായിരുന്നു എന്നാണ് അവരുടെ ചരിത്രം.


രണ്ടാം മോശയായ യേശുവിനെക്കുറിച്ചുള്ള അറിയിപ്പിൻ്റെ ദൈവസ്വരമായി സ്നാപക യോഹന്നാൻ ജോർദ്ദാൻ്റെ പ്രാന്തങ്ങളിൽ പ്രത്യക്ഷപ്പെടുവോളം നാനൂറ് വർഷങ്ങളോളം വീണ്ടും സ്വർഗ്ഗം നിശ്ശബ്ദമായിരുന്നു എന്നാണ് പറയപ്പെടുന്നത്.


ഈ മരുഭൂമിയിലെ പുരോഹിതൻ വിളിച്ചു പറഞ്ഞ അനുതാപത്തിൻ്റെ സന്ദേശം കേട്ട് യൂദയായിലെയും പ്രാന്തങ്ങളിലെയും ജനങ്ങളിൽ ഏറെപ്പേർ അവൻ്റെയരികിലെത്തി. അവൻ അവരെയെല്ലാം ജോർദ്ദാനിൽ സ്നാനം ചെയ്തു. ഫരിസേയരും സദുക്കായരും അനുതാപത്തിൻ്റെ മാമ്മോദീസ സ്വീകരിക്കാനായി എത്തി എന്ന് മത്തായിയുടെ സുവിശേഷം പറയുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തിൽ പക്ഷേ, ഫരിസേയരും സദുക്കായരും യോഹന്നാനിൽ വിശ്വസിച്ചില്ല എന്നു തന്നെയാണ് പറയുന്നത്. മൂന്ന് ഗണങ്ങളെക്കുറിച്ച് ലൂക്കാ വ്യക്തമായി പറയുന്നുണ്ട്. "ജനക്കൂട്ടങ്ങൾ": സാധാരണ യഹൂദർ ആയിരിക്കണം ജനക്കൂട്ടങ്ങൾ എന്നതുകൊണ്ട് അദ്ദേഹം അർത്ഥമാക്കുന്നത്. പങ്കുവെക്കാനാണ് അവരോട് അവൻ പറയുന്നത്.

ചുങ്കക്കാരാണ് അവനെ സമീപിക്കുന്ന അടുത്ത ഗണം. മതഭ്രഷ്ടർ ആയിരുന്നു അവർ. റോമാ സാമ്രാജ്യം എന്ന അധിനിവേശക്കാർക്കു വേണ്ടി സ്വന്തം ജനത്തിൽ നിന്ന് ചുങ്കം പിരിക്കുക എന്ന തൊഴിൽ സ്വീകരിച്ചു എന്നതിൻ്റെ പേരിൽ മത ഭ്രഷ്ടരും സമൂഹ ഭ്രഷ്ടരുമായി മത കോടതി ചാപ്പകുത്തിയ മനുഷ്യർ. മതത്തിൽ നിന്ന് അവർ നിഷ്കാസിതർ ആയിരുന്നെങ്കിലും ദൈവസ്വരത്തിന് നാവുനല്കിയ യോഹന്നാന് അവർ ഭ്രഷ്ടരായിരുന്നില്ല. ഏറ്റെടുത്ത ജോലി സത്യസന്ധതയോടെ ചെയ്യാനാണ് അവൻ അവരോട് പറയുന്നത്.


പട്ടാളക്കാരാണ് യോഹന്നാൻ്റെ അടുത്തെത്തിയ മൂന്നാമത്തെ കൂട്ടർ. സത്യത്തിൽ അവർ റോമാക്കാരാണ്. യഹൂദരുടെ രാഷ്ട്രീയ എതിരാളികൾ. അവർ വിജാതീയരുമാണ്. എന്നിട്ടും ദൈവിക മനുഷ്യനായ യോഹന്നാൻ അവരെയും സ്വീകരിക്കുന്നു. അവർക്കും സ്നാനം നല്കുന്നു. അവർക്കും ഉപദേശം നല്കുന്നു. അനീതിയും അഴിമതിയും ചെയ്യാതിരിക്കുക എന്നാണ് അവൻ അവരോട് പറയുന്നത്. ഒരുപക്ഷേ യോഹന്നാൻ അവർക്കും സ്നാനം നല്കിയിരുന്നിരിക്കാം.


അതാണ് ആത്മീയതയുടെ ഉരകല്ല്. ദൈവനാമം പറയുന്നവർ സഹാനുഭൂതി കാട്ടണം; പങ്കുവെപ്പ് പ്രഘോഷിക്കണം; വിവേചനം കാട്ടിക്കൂടാ; എതിരാളികളെയും ശത്രുക്കളെയും സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യണം!


ഇപ്പറഞ്ഞ 4 കാര്യങ്ങൾ ഇല്ലെങ്കിൽ ദൈവ-സാന്നിധ്യാവബോധം ഒരാളിൽ ഉണ്ടെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും.


Recent Posts

bottom of page