

ദൈവത്തിൻ്റെ അഭീഷ്ടപ്രകാരം മോശ നിർമ്മിച്ച സമാഗമ കൂടാരം എന്ന തുണിക്കൂടാരത്തിന്റെ അതേ മാതൃകയിൽ എന്നാൽ അതിൻ്റെ ഇരട്ടിയോ ഇരട്ടിയിലധികമോ വലിപ്പത്തിൽ ആയിരുന്നു സോളമൻ ദേവതാരുവിൽ നിർമ്മിച്ച ദേവാലയം.
കൂടാരത്തിലാവട്ടെ, ദേവാലയത്തിലാവട്ടെ, ഒരേ വസ്തുക്കൾ തന്നെയാണ് വിശുദ്ധ സ്ഥലത്തും (Kodesh) വലിയ വിരിയിട്ട് മറച്ച വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തും (Kodesh HaKodeshim) സൂക്ഷിച്ചിരുന്നത്.
എന്തായിരുന്നു വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്ത് ഉണ്ടായിരുന്നത്? ഏറ്റവും വിശുദ്ധമായ തിരു സാന്നിധ്യത്തിൻ്റെ (Shekinah) അടയാളമായി ഉണ്ടായിരുന്നത് ഉടമ്പടി പേടകം ആയിരുന്നു. ഏതാണ്ട് രണ്ടേകാൽ അടി ഉയരവും അത്ര തന്നെ വീതിയും മൂന്നേകാൽ അടി നീളവുമുള്ള (നമ്മുടെ ഒരു ചെറിയ എഴുത്തുമേശയുടെ വലിപ്പം എന്നു പറയാം) ഒരു മരപ്പെട്ടിയായിരുന്നു അത്. പുരോഹിതർക്ക് ചുമലിൽ വഹിച്ചു കൊണ്ട് നടക്കുന്നതിനായി ഇരുവശവും ഓരോ തണ്ടും ഉണ്ടായിരുന്നു. കരുവേലകത്തിൻ്റെ തടി കൊണ്ടാണ് (അക്കേഷ്യ എന്നാണ് ഇംഗ്ലീഷിൽ) നിർമ്മിച്ചിരുന്നത്. മൊത്തം സ്വർണ്ണത്തകിടുകൊണ്ട് പൊതിഞ്ഞിരുന്നു. പെട്ടിയുടെ അടപ്പ് തന്നെയാണ് കൃപാസനം എന്ന് വിശേഷിപ്പിക്കപ്പെട്ടത്. അതായത് ഈ പെട്ടിയുടെ മുകളിൽ ദൈവം ഇരിക്കുന്നു എന്നായിരുന്നു സങ്കല്പം. മുഖാമുഖം നോക്കുന്ന വിധം സ്വർണ്ണത്തകിട് കൊണ്ട് നിർമ്മിച്ച രണ്ട് കെരൂബ് മാലാഖാമാരുടെ രൂപം പെട്ടിയുടെ മുകളിൽ - കൃപാസനത്തിന് രണ്ടറ്റത്തുമായി നിർമ്മിച്ചിരുന്നു. അവയുടെ ചിറകുകൾ അവയുടെ തലക്കുമുകളിലായി പരസ്പരം സ്പർശിക്കാനായും വിധം കൃപാസനത്തിൽ നിഴൽ വീഴ്ത്തിക്കൊണ്ട് നിന്നിരുന്നു.
ഇനി, ഈ വാഗ്ദാന പേടകത്തിനകത്ത് (പെട്ടി) എന്തായിരുന്നു അടക്കം ചെയ്തിരുന്നത്?
മൂന്ന് വസ്തുക്കളാണ് അതിലുണ്ടായിരുന്നത്.
1 ഉടമ്പടി ഫലകങ്ങൾ - അഥവാ ദൈവം മോശ വഴി നൽകിയ പത്ത് കൽപ്പനകൾ എഴുതിയ ശിലാഫലകങ്ങൾ
2 ദൈവം മോശ വഴി നിർദേശിച്ചതനുസരിച്ച് അഹറോൻ സംഭരിച്ച് സ്വർണ്ണ കുംഭത്തിൽ അടച്ച, 'മന്നാ' എന്ന മരുഭൂയാത്രയിലെ അപ്പം
3 അത്ഭുതകരമായി പുഷ്പിച്ച അഹറോൻ്റെ വടി
എന്തുകൊണ്ടായിരിക്കാം ഈ മൂന്ന് വസ്തുക്കൾ? ദൈവത്തിൻ്റെ പ്രത്യേക ഇടപെടൽ ദൃശ്യമാണ് ഈ മൂന്ന് വസ്തുക്കളിലും എന്നുപറയാം.
മൂന്നുവസ്തുക്കളും വിരൽ ചൂണ്ടുന്നത് പുറപ്പാടിൻ്റെ ദൈവത്തിലേക്കാണ്; ഉടമ്പടിയിലേക്കാണ്.
മറ്റൊരു വിധത്തിൽക്കൂടി ഇതിനെ സമീപിക്കാൻ എനിക്ക് തോന്നുന്നു. പത്ത് കൽപ്പനകൾ നിയമം ആണ്. അതേസമയം തന്നെ ദൈവവചനവും ആണ്. അഹറോൻ ആയിരുന്നു ദൈവം നിയോഗിച്ച ആദ്യത്തെ പ്രധാന പുരോഹിതൻ. അദ്ദേഹത്തെ ദൈവം ചൂണ്ടിക്കാണിച്ച വിധമാണ് അത്ഭുതകരമായി പുഷ്പിച്ച അയാളുടെ വടി. ചുരുക്കത്തിൽ, വാഗ്ദാന പേടകത്തിൽ അടക്കം ചെയ്ത അഹറോൻ്റെ പുഷ്പിച്ച വടി പൗരോഹിത്യത്തിൻ്റെ തന്നെ പ്രതീകമാണ്.
സ്വർണ്ണ കലശത്തിൽ അടക്കം ചെയ്ത ഒരു ഓമർ (ഏതാണ്ട് രണ്ടു ലിറ്റർ) 'മന്നാ' എന്ന അപ്പം മരുഭൂയാത്രയിലെ ദൈവത്തിൻ്റെ പ്രത്യേകമായ പരിപാലനയുടെ പ്രതീകമാണ്. രാവിലെ വെളുത്ത നിറമുള്ള ഒരു വസ്തു മണൽപ്പരപ്പിൽ എമ്പാടും വീണുകിടക്കുന്നതുകണ്ട് യഹൂദർ ചോദിക്കുന്നു- "എന്താണിത്?" ആശ്ചര്യത്തിന്റെ ആ ചോദ്യമാണ് "മന്നാ"!
വചനം, അപ്പം, പൗരോഹിത്യം - ഇവ മൂന്നുമാണ് എന്നു പറയാം പഴയനിയമത്തിൻ്റെ അതിവിശുദ്ധികൾ.
ഇനി എന്തായിരുന്നു വിരിക്കിപ്പുറത്തെ വിശുദ്ധസ്ഥലത്ത് ഉണ്ടായിരുന്നത്?
വീണ്ടും മൂന്ന് വസ്തുക്കൾ തന്നെ.
1 വലതു വശത്തായി ഏഴ് ശിഖരങ്ങളുള്ള മിനോറാ എന്ന സ്വർണ്ണതിരിക്കാല് (ഏഴുതിരി കത്തുന്ന ദീപം)
2 സ്വർണ്ണം പൊതിഞ്ഞ മേശമേൽ ഓരോ ആഴ്ചയും കാഴ്ചവച ്ച തിരുസാന്നിധ്യത്തിൻ്റെ കാഴ്ചയപ്പം.
3 സ്വർണ്ണം പൊതിഞ്ഞ ധൂപപീഠത്തിന്മേൽ ഓരോ ദിവസവും പുരോഹിതന്മാർ അർപ്പിച്ച ധൂപം.
അകത്തുള്ളവയുടെ തന്നെ പകർപ്പാണ് പുറത്തും. മോശക്ക് ആദ്യം ദൈവ വെളിപാട് ഉണ്ടായത് അയാൾ മിദിയാനിലെ ജെത്രോയുടെ ആടുകളെ മേയിച്ചുകൊണ്ട് നടക്കവേ ആയിരുന്നു. അവിടെ വെച്ചാണ് ദൈവം മോശയെ വിളിക്കുന്നതും ദൗത്യം ഏൽപ്പിക്കുന്നതും തന്നെത്തന്നെ 'യാഹ്‌വേ' എന്ന നാമത്തിൽ വെളിപ്പെടുത്തുന്നതും. ചുരുക്കത്തിൽ ആദ്യത്തെ ദൈവവചനം ലഭിച്ച സ്രോതസ്സ് കത്തിക്കൊണ്ടിരുന്ന ദഹിച്ചുപോകാത്ത മുൾച്ചെടിയായിരുന്നു. സൂക്ഷിച്ചു നോക്കിയാൽ ഏഴ് ശിഖരങ്ങൾ ഉള്ള മിനോറാ എന്ന ദീപം കത്തിക്കൊണ്ടിരിക്കുന്ന മുൾച്ചെടിയുടെ രൂപമാണ്.
ഹെബ്രായരുടെ പന്ത്രണ്ട് ഗോത്രങ്ങളിൽ നിന്നുമായി കൊണ്ടുവന്ന തിരുസന്നിധിയിൽ കാഴ്ച വെച്ചിരുന്ന 12 കാഴ്ചയപ്പങ്ങൾ.
ദൈവതിരു മുമ്പാകെ ആരാധനയും പ്രാർത്ഥനയുമായി പുരോഹിതർ അർപ്പിക്കുന്നതായിരുന്നു ധൂപപീഠത്തിലെ ധൂപം.
ചുരുക്കത്തിൽ, ഇപ്പോഴും കത്തുന്ന ദൈവവചനം, ഇപ്പോഴും നടത്തുന്ന ദൈവപരിപാലന, ഇപ്പോഴും നിലനില്ക്കുന്ന പൗരോഹിത്യം.
വചനം, അപ്പം, പൗരോഹിത്യം- ഇവ മൂന്നിനെയും യേശു തന്നിലേക്ക് സമാഹരിച്ചു എന്നാണ് സഭ പഠിപ്പിക്കുന്നത്.
Related Posts

George Valiapadath Capuchin
Mar 10, 2026
1 min read
പ്രസ്താവന
കത്തോലിക്കർക്കിടയിലെ "കുരിശിൻ്റെ വഴി" എന്ന ആത്മീയ യാത്രാ പ്രാർത്ഥനയിൽ ആറാം സ്ഥലത്ത് കണ്ടുമുട്ടുന്ന ഒരു സ്ത്രീയാണ് വെറോണിക്ക. (വെറോണിക്കയെക്ക...

George Valiapadath Capuchin
Mar 6, 2026
2 min read
താബോർ
ഗാസയിലെ വെടിനിർത്തൽ ആരംഭിക്കുന്നതിനും രണ്ടര മാസം മുമ്പായിരുന്നു അത്. തിബേരിയസ് പട്ടണത്തിലെ തിബേരിയസ് ഹോസ്റ്റലിൻ്റെ ഡോർമിറ്ററിയിലായിരുന്നു തല...

George Valiapadath Capuchin
Mar 5, 2026
2 min read
Unseen
What do St. Nicholas, also known as Santa Claus, and St. Valentine have in common? Both lived during the persecutions. Nicholas was a bishop...






















