top of page

പകരം വെക്കൽ

Jan 11, 2025

1 min read

George Valiapadath Capuchin

ഒരു പതിനഞ്ച് വർഷം മുമ്പ് സെമിനാരിയിൽ ഒരു ചെറിയ വിഷയം പഠിപ്പിച്ചിരുന്നു. കമ്മ്യൂണിക്കേഷൻ ടെക്നോളജി രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും, അവ സാമൂഹിക ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെയും കുറിച്ച് പറയുമ്പോൾ ഒരു ഭാവനാ ചിത്രം കൊണ്ടുവരുമായിരുന്നു. അമ്പത് കൊല്ലം മുമ്പത്തെ നമ്മുടെ ഒരു സാധാരണ ടൗണിനെയും അവിടത്തെ വ്യാപാര-വ്യവസായ- സേവനങ്ങളെയും അക്കമിട്ട് നിരത്തും. എന്നിട്ട്, ഇന്ന് അതേ ടൗണിൽ നിലവിലുള്ള വ്യാപാര-വ്യവസായ- സേവന രംഗങ്ങളെ നിരത്തും. തൊഴിൽ മേഖലയിൽ വലിയൊരു ശതമാനവും മാധ്യമങ്ങളും കമ്മ്യൂണിക്കേഷനും അവയുടെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലയിലേക്ക് ചേക്കേറിയ സാഹചര്യം വരച്ചുകാട്ടും. ഇൻ്റർനെറ്റും സാമൂഹിക നവമാധ്യമങ്ങളും കൂടുതൽ ജനകീയമാകുന്നതനുസരിച്ച് ആ ദിശയിലെ തൊഴിൽ-മൂലധന വളർച്ച അതിബൃഹത്താവും എന്ന് സമർത്ഥിക്കും.


ഇന്നാകട്ടെ, മനശ്ശാസ്ത്രരംഗത്തെ വിവിധ തരം കൗൺസിലിങ് സങ്കേതങ്ങൾ, വിവിധ തരം ശാരീരിക-മാനസിക- ആത്മീയ ചികിത്സാസമ്പ്രദായങ്ങൾ, ജീവിതശൈലീ മാറ്റത്തിൻ്റെ പ്രോഗ്രാമുകൾ, സെൽഫ് ഹെൽപ്പുകൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ, സോഷ്യൽ മീഡിയ ഉപയോഗിച്ചും പ്രിൻ്റ് മേഖലയിലും നവമാധ്യമങ്ങൾ ഉപയോഗിച്ചും ഒക്കെ മനുഷ്യർ ഏർപ്പെടുന്ന മേല്പറഞ്ഞതരം വിവിധങ്ങളായ വിനിമയങ്ങൾ - ഇങ്ങനെ ചുറ്റുമുള്ള എല്ലാറ്റിനെയും വിശകലനം ചെയ്തു നോക്കിയാൽ വലിയൊരു വിഭാഗവും മതത്തിൻ്റെ പകരം വെപ്പുകളാണ് അഥവാ ബദലുകളാണ് എന്നുകാണാം.


പണ്ട് മത മേഖലയിൽ പത്തു പേർ ചെയ്തിരുന്ന പണിയാണ് / സേവനമാണ് ഇന്നിപ്പോൾ പതിനായിരം പേർ ഏറ്റെടുത്ത് ചെയ്യുന്നത്. മതവും ആത്മീയതയും അതിൻ്റെ കേന്ദ്രീകൃത സ്വഭാവം വെടിഞ്ഞ് കൂടുതൽ ജനകീയവും വികേന്ദ്രീകൃതവും ആവുകയാണ് എന്നാണ് എൻ്റെ എളിയ നിരീക്ഷണം.


Recent Posts

bottom of page