top of page

വിദേശ വിദ്യാഭ്യാസം, ഒരു കെണിയാകരുത്

Dec 5, 2024

3 min read

ജോസി തോമസ്
study abroad poster

അടുത്ത ഓണം നിങ്ങൾക്കു വിദേശത്ത് ആഘോഷിക്കാം. പ്രമുഖ വിദേശ വിദ്യാഭ്യാസ ഏജൻസിയുടെ പരസ്യ വാചകമാണ്. മൂന്നു വർഷത്തിനുള്ളിൽ വിദേശത്തു സ്ഥിര താമസത്തിനുള്ള അനുമതി, പഠനത്തോടൊപ്പം ജോലി ചെയ്തു, വരുമാനം കണ്ടെത്താം, ഏജൻസിയുടെ ആരെയും ആകർഷിക്കുന്ന പരസ്യ വാചകങ്ങൾ.ഒരു കാലത്തു വിദേശ വിദ്യാഭ്യാസമെന്നാൽ സമർത്ഥരായ വിദ്യാർത്ഥികൾക്കും സമ്പന്നർക്കും മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു.ഇന്ന് സാധാരണ പഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളും, സാധാരണക്കാരും വിദേശത്തേയ്ക്ക്‌ ഒഴുകുകയാണ് പഠനത്തിനായി. പുറത്തുള്ളതെല്ലാം മികച്ചതെന്ന് ഒരു തോന്നൽ ആളുകൾക്കുണ്ട്. ഹാർവാർഡ്, ഓക്സ് ഫോർഡ്, കേംബ്രിഡ്ജ് പോലുള്ള ലോകപ്രശസ്ത യൂണിവേഴ്സിറ്റികളിലേക്കാണ് പോകുന്നതെന്നാണ് കുട്ടികളുടെയും, മാതാപിതാക്കളുടെയും വിചാരം. സത്യത്തിൽ അങ്ങനെയാണോ കാര്യങ്ങൾ?


ഇംഗ്ലീഷ് സംസാര ഭാഷയായിട്ടുള്ള രാജ്യങ്ങളിൽ, IELTS സ്കോറും, നിങ്ങളുടെ കൈയിൽ പൈസയും ഉണ്ടെങ്കിൽ വിദേശത്തേയ്ക്കു പഠനത്തിനായി പോകാം. നാട്ടിൽ കൂണു പോലെ മുളച്ചു പൊന്തിയിരിക്കുന്ന വിദേശ വിദ്യാഭ്യാസ ഏജൻസികളെ സമീപിച്ചാൽ മതി. കൂടുതൽ ഏജൻസികളും അവർക്കു കൂടുതൽ കമ്മിഷൻ കൊടുക്കുന്ന യൂണിവേഴ്സിറ്റികളിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്നു.

വിവരങ്ങൾ വിരൽ തുമ്പിലുള്ള ഈ കാലത്ത് ഏജൻസികൾക്കു പൈസ കൊടുക്കേണ്ട കാര്യമുണ്ടോ?

കാനഡയിൽ പി. ആർ കിട്ടി പോയ ഒരു ബന്ധു, നാട്ടിൽ ഏജൻസിക്കു 12 ലക്ഷം രൂപയോളം കൊടുത്തിട്ടാണ് 12 വർഷം മുൻപു കാനഡയ്ക്കു പോയത്.അവിടെ വച്ച് തമിഴ്നാട്ടിൽ നിന്നും, ഹൈദരാബാദിൽനിന്നും ഇവരെപ്പോലെ തന്നെ പി. ആർ. കിട്ടി വന്ന കുറച്ചു പേരെ പരിചയപ്പെട്ടു. ഒരു രൂപപോലും ഏജൻസികൾക്കു നൽകാതെ, കാനഡ ഗവണ്മെന്റിനു നൽകേണ്ട പൈസ മാത്രം നൽകിയാണ് അവർ കാനഡയിൽ എത്തിയത്. നമ്മൾ കുറച്ചു സമയം പേപ്പർ വർക്ക്‌ ചെയ്യാൻ സമയം ചിലവഴിച്ചാൽ, കുറേ കാര്യങ്ങൾ തനിയെ ചെയ്യാവുന്നതേയുള്ളൂ. സ്റ്റുഡന്റ് വിസയുടെ കാര്യത്തിൽ ഏതു കോഴ്സ് ആണ് പഠിക്കാൻ നല്ലത്, ജോലി അവസരങ്ങൾ കൂടുതൽ എവിടെയാണ്, അതിനുള്ള നല്ല യൂണിവേഴ്സിറ്റി ഏതാണ്, ഈ കാര്യങ്ങളൊക്കെ വീട്ടിലിരുന്നുകൊണ്ടു തന്നെ കുട്ടികൾക്കു കണ്ടുപിടിക്കാവുന്നതേയുള്ളൂ.


ബിരുദാനന്തരപഠനത്തിനാണ് കൂടുതൽ കുട്ടികളും വിദേശത്തു പോകുന്നത്. അതാണ് നല്ലത്. ഒന്നോ, രണ്ടോ വർഷം പഠിച്ചാൽ മതി. പക്ഷേ ഡിഗ്രി കഴിഞ്ഞതിനു ശേഷം, യാതൊരു തൊഴിൽ പരിചയവും, ഇല്ലാതെ പഠിക്കാൻ പോകുന്നതിനേക്കാൾ നല്ലത് രണ്ടു മൂന്നു, വർഷം ആ രംഗത്തു തൊഴിൽ പരിചയം ഉണ്ടെങ്കിൽ നിങ്ങൾക്കു വിദേശത്തു പഠനശേഷം ജോലി കിട്ടാൻ അവസരങ്ങൾ കൂടുതലുണ്ട്.ഏതു രാജ്യത്താണോ പോകുന്നത്, അവിടെ ഏതു രംഗത്താണ് കൂടുതൽ അവസരങ്ങൾ,തൊഴിലാളി ക്ഷാമമുള്ളത് ഏതു രംഗത്താണ്, ഏതു പ്രദേശത്താണ് ഓരോ വ്യവസായങ്ങൾ കൂടുതലുള്ളത്, തുടങ്ങി യ കാര്യങ്ങൾ ഒക്കെ പഠിക്കുക, ഉദാഹരണത്തിനു യുകെയിൽ വാഹനനിർമ്മാണഫാക്ടറികൾ ഏറെയുള്ളത് കവൻട്രി, വാർവിക്‌ഷെയർ തുടങ്ങിയപ്രദേശങ്ങളിലാണ്, അവിടങ്ങളിലുള്ള യൂണിവേഴ്സിറ്റികളിൽ ഓട്ടോമൊബൈൽ രംഗത്തു ജോലി പരിചയമുള്ളവർ അതുമായി ബന്ധമുള്ള ഒരു കോഴ്സ് ചെയ്താൽ ജോലി കിട്ടാൻ സാധ്യത കൂടുതലുണ്ടാവും.വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് മരുന്ന് നിർമ്മാണ ഫാക്ടറികൾ കൂടുതലുമുള്ളത്, യു കെയിലെ ഐ. ടി രംഗം കൂടുതലും ലണ്ടൻ, ബ്രിസ്റ്റോൾ, മാൻഞ്ചെസ്റ്റർ, എഡിൻബെറോ തുടങ്ങിയ സ്ഥലങ്ങളിലാണ്.


Poster of study abroad

ഏജൻസിയെ സമീപിക്കുകയാണെങ്കിൽ എന്തു പഠിക്കണമെന്നതിനെക്കുറിച്ച് നിങ്ങൾക്കു ഒരു അറിവുണ്ടായിരിക്കണം. അവർ പറയുന്ന കാര്യങ്ങൾ എല്ലാം അതേപടി വിശ്വസിക്കരുത്. പത്തും, ഇരുപതും ലക്ഷം രൂപയാണ് വിദേശപഠനത്തിനു ചിലവാകുന്നത്. അവിടെ പാർട്ട്‌ ടൈം ജോലി ചെയ്തു ഈ തുക മുതലാക്കാം എന്നൊക്കെ പറയുന്നത് വെറുതെ പറയുന്നതാണ്. ഒരു വിദ്യാർത്ഥിക്ക് ആഴ്ചയിൽ ഇരുപത് മണിക്കൂറുകൾ മാത്രമാണ് പലപ്പോഴും ജോലി ചെയ്യാൻ സാധിക്കുന്നത്. അതു നിത്യചെലവിനു മാത്രമേ കാണുകയുള്ളൂ. സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾ ആണെങ്കിൽ കുഴപ്പമില്ല. വീടും സ്ഥലവും ബാങ്കിൽ ഈടുവച്ചു ലോൺ എടുത്തു പോകുന്നവരെ ഇതു കുഴപ്പത്തിലാക്കും. അങ്ങനെയല്ലേ, കൂടുതൽ ആളുകളും പണ്ടു പോയത്, എന്നു ചോദിക്കുന്നവരോട് പറയാനുള്ളത്, കോവിഡിന് ശേഷം പഠനത്തിനായി യുകെയിലും, കാനഡയിലുമൊക്കെ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.ഒരു പാർട്ട്‌ ടൈം ജോലി കിട്ടാൻ പോലും ബുദ്ധിമുട്ടുന്നവരുണ്ട്. മുൻപ് ഏറ്റവും എളുപ്പത്തിൽ സ്റ്റുഡന്റ് വിസക്കാർക്കു പെർമെനന്റ് റെസിഡൻസി കിട്ടുന്ന രാജ്യമായിരുന്നു കാനഡ. ഇപ്പോൾ അവിടെയൊന്നും ഒട്ടും എളുപ്പമല്ല കാര്യങ്ങൾ.പ്ലസ്ടുവിനു ശേഷം പഠനത്തിനായി പുറത്തേക്കു പോകുന്ന കുട്ടികളുടെ എണ്ണം വളരെയധികം വർധിച്ചു. നാലുവർഷം കൊണ്ടേ ഒരു ബിരുദം നേടുവാൻ സാധിക്കുകയുള്ളൂ. അത്രയും നാൾ അവിടെ ഫീസ്‌ കൊടുത്തു പഠിക്കണമെങ്കിൽ അതിസമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്കേ സാധിക്കൂ. വീടും സ്ഥലവും പണയം വെച്ചു പോകുന്നവർക്ക്, ബിരുദ പഠനമൊക്കെ വിദേശത്തു പൂർത്തിയാക്കുകയെന്നതു വലിയ ഒരു ചോദ്യചിഹ്നമാണ്. പുറത്തു ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള നഴ്സിംഗ് പഠനമാണെങ്കിൽ, ജോലി കിട്ടുമെന്നെങ്കിലും വിചാരിക്കാം. ഡിഗ്രിപഠനം കഴിഞ്ഞു നാട്ടിൽനിന്നു പോവുകയാണെകിൽ ഒരു ഡിഗ്രിയെങ്കിലുമുണ്ടാവും.നമ്മുടെ കുട്ടികൾ പൊതുവെ ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള സ്ഥലങ്ങളിൽ പോകുവാനാണ് കൂടുതലും താല്പര്യപ്പെടുന്നത്. ഇറ്റലി, ഫ്രാൻസ്, നെതർലെൻഡ്‌സ്, ബെൽജിയം,സ്കാൻഡിനേവിയൻ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വളരെ ചിലവു കുറഞ്ഞു പഠിക്കുവാൻ സാധിക്കും. പഠനമാണ് നിങ്ങളുടെ സ്വപ്‍നമെങ്കിൽ. ജോലി ചെയ്തു ആ രാജ്യങ്ങളിൽ കൂടാനാണ് പരിപാടിയെങ്കിൽ അത്ര എളുപ്പമല്ല. അവിടങ്ങളിലെ മാതൃഭാഷ നന്നായി പഠിച്ചെങ്കിലേ കാര്യമുള്ളൂ. യഥാർത്ഥത്തിൽ വിദേശങ്ങളിൽ ഐ. ടി, മെഡിക്കൽ രംഗങ്ങളിലാണ് ജോലി കിട്ടാൻ എളുപ്പമുള്ളത്. ഇപ്പോൾ ടെക്‌നിഷ്യൻമാർക്കും നിരവധി സാധ്യതകൾ ഉണ്ട്, ഇലക്ട്രിഷ്യൻ, പ്ലമ്പർ മാർക്കൊക്കെ നല്ല ഡിമാൻഡാണ്. നോർക്ക ബെൽജിയത്തിലേക്ക് ടെക്‌നിഷ്യൻമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്.


സ്റ്റുഡന്റ് വിസയെ വിദേശ രാജ്യങ്ങളിൽ എത്താനുള്ള ഒരു വഴിയായിട്ടാണ് പലരും കാണുന്നത്. വർഷങ്ങൾക്കു മുൻപു അങ്ങനെ പോയി ജീവിതം കരുപ്പിടിച്ചവർ ഒട്ടേറെയുണ്ട്.ഇപ്പോഴും സാധ്യതകൾ ഉണ്ട്. ഐ. ടി രംഗത്തു തൊഴിൽ പരിചയമുള്ളവർ ആ രംഗത്തു ഏതെങ്കിലും കോഴ്സ് എടുത്തു പഠിച്ചാൽ ജോലി കിട്ടാൻ സാധ്യതയുണ്ട്.എഞ്ചിനീയറിംഗ്, ഗ്രാഫിക് ഡിസൈൻ എന്നിവയിൽ വർഷങ്ങളുടെ ജോലി പരിചയമുള്ളവർ ആ രംഗത്തെ പഠനത്തിനു വേണ്ടി വിദേശത്തു പോയാൽ ജോലി കിട്ടാൻ സാധ്യത ഉണ്ട്. ഡിഗ്രി പഠനം കഴിഞ്ഞയുടനെ യാതൊരു തൊഴിൽ പരിചയവുമില്ലാതെ വിദേശ പഠനം എന്നു പറഞ്ഞു പോയാൽ പഠിച്ച രംഗത്തു ജോലി കിട്ടാൻ സാധ്യത വളരെ കുറവാണ്. പത്തും, ഇരുപതും ലക്ഷം മുടക്കി കോഴ്സ് കഴിഞ്ഞു, രണ്ടു വർഷത്തെ താമസാനുമതിക്കുള്ളിൽ നല്ലൊരു ജോലി കണ്ടുപിടിക്കാൻ സാധിച്ചില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു പോരണം. വലിയ തുകകൾ നാട്ടിൽ ബാധ്യതയുള്ളവർ കൂടുതലും വൃദ്ധരെ പരിചരിക്കുന്ന ജോലി, (കിട്ടാൻ എളുപ്പമുള്ളത് ) ജോലിയിൽ കയറുന്നു. അഞ്ചു വർഷം കഴിയുമ്പോൾ പെർ മനെന്റ് റെസിഡൻസി കിട്ടിക്കഴിയുമ്പോൾ വേറെ എന്തെങ്കിലും ജോലി കണ്ടു പിടിക്കാമെന്ന വിചാരത്തിൽ, ചിലർ സന്തോഷത്തോടെ ആ ജോലിയിൽ തന്നെ തുടരും. ചിലർ നിരാശയിൽ ആകും. സാഹചര്യങ്ങൾ പഠിച്ചു, പോകുന്ന രാജ്യത്തെ അവസരങ്ങൾ മനസിലാക്കി പോയാൽ സ്റ്റുഡന്റ് വിസ കൊണ്ടു രക്ഷപെടാൻ സാധിക്കും. വലിയ തുക കടം വാങ്ങി പഠിക്കാൻ പോകുന്നവർ നന്നായി ശ്രദ്ധിക്കുക. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഒക്കെ പഠിക്കുന്നവർക്കു വിദേശത്തു നല്ല യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടു കൂടി പഠിക്കാനൊക്കെ അവസരം കിട്ടും. വിദേശ രാജ്യങ്ങളുടെ ഇന്ത്യയിലുള്ള എംബസികളുടെയും, കോൺസലേറ്റുകളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൃത്യമായി ഫോളോ ചെയ്താൽ ആ രാജ്യങ്ങളിലെ സർക്കാർ തലത്തിലുള്ള സ്കോളർഷിപ്പികളുടെയും , പഠനാവസരങ്ങളുടെയും കാര്യങ്ങൾ അറിയാം.


വിദേശ പഠനം കൊണ്ടുള്ള ലക്ഷ്യമെന്താണ്?

വിദേശത്തുപോയി പഠിച്ചിട്ടു അവിടെ തന്നെ, ജീവിച്ചു തുടർന്നു ജോലി ചെയ്യുകയാണോ, അതോ നല്ലൊരു ഡിഗ്രി എടുത്തിട്ടുനാട്ടിൽ വന്നു ജോലി ചെയ്യുകയാണോ എന്നൊരു പ്ലാൻ ഉണ്ടായിരിക്കണം. പഠിച്ച വിഷയത്തോടനുബന്ധിച്ചു സ്പോൺസർഷിപ്പോടുകൂടെ ഒരു ജോലി ആ രാജ്യത്തു കിട്ടണമെങ്കിൽ, അവിടെ shortage occupation ലിസ്റ്റിൽ ഉള്ളതാവണം നിങ്ങളുടെ ജോബ്, സ്വദേശികളെ ആ ജോലി ചെയ്യാൻ കിട്ടാനില്ലെങ്കിൽ മാത്രമേ ഒരു കമ്പനിക്ക് ഒരു വിദേശ തൊഴിലാളിയെ സ്പോൺസർ ചെയ്യാൻ സാധിക്കൂ. നിങ്ങൾക്കു വർഷങ്ങളുടെ ജോലി പരിചയം ഉണ്ടെങ്കിലും, നിങ്ങൾ ചെയ്യുന്ന ജോലിചെയ്യാൻ ആ രാജ്യത്തു നിരവധി പേരുണ്ടെങ്കിലും നിങ്ങൾക്കു സ്പോൺസർഷിപ്പ് ലഭിക്കുകയില്ല. സാഹചര്യങ്ങളും, സ്വന്തം കഴിവുകളും മനസ്സിലാക്കി വിദേശപഠനം തിരഞ്ഞെടുക്കുക.


വാൽ കഷണം: ഡോണാൾഡ് ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം,സ്റ്റുഡന്റ് വിസയിലെത്തുന്ന സമർത്ഥർക്കു ഗ്രീൻ കാർഡ് കൊടുക്കുമെന്നത്രെ.

ജോസി തോമസ്

Featured Posts

bottom of page