

വഹനവും (transport) യാത്രയും (travel) തമ്മിലുള്ള വ്യത്യാസം എന്താണ്? മറ്റൊരാൾ നമ്മെ എടുത്തു കൊണ്ട്, അഥവാ വഹിച്ചു കൊണ്ട് മറ്റൊരിടത്തേക്ക് പോകുമ്പോൾ അത് വാഹനം. നാം സ്വയം മറ്റൊരിടത്തേക്ക് പോകുമ്പോൾ, അത് യാത്ര.
യാത്രയും പ്രയാണവും (journey) തമ്മിലുള്ള വ്യത്യാസം എന്താണ്?
യാത്ര കഴിഞ്ഞാൽ നിങ്ങൾ പുറപ്പെട്ടിടത്ത് തിരിച്ചെത്തും. പ്രയാണം കഴിഞ്ഞ് നിങ്ങൾ പുറപ്പെട്ടിടത്ത് തിരിച്ചെത്തുന്നില്ല.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, പുറപ്പെട്ട നിങ്ങളായിരിക്കില്ല പ്രയാണം കഴിഞ്ഞ് തിരിച്ചെത്തുന്നത്, മറ്റൊരാളായിരിക്കും.
പ്രയാണവും തീർത്ഥാടനവും തമ്മിൽ എന്താണ് വ്യത്യാസം?
പ്രയാണം ആർക്കുമാവാം. എന്നാൽ, ഒരു വിശ്വാസിക്കേ തീർത്ഥാടനം ചെയ്യാനാവൂ.
കാരണം:
തീർത്ഥാടകനിൽ ദിവ്യതയുണ്ട്; തീർത്ഥാടന വഴിയിൽ ദിവ്യതയുണ്ട്; പദചലനത്തിൽ ദിവ്യതയുണ്ട്; സഹചരരിൽ ദിവ്യതയുണ്ട്; ലക്ഷ്യത്തിൽ ദിവ്യതയുണ്ട്; തീർത്ഥാടനം പൂർത്തിയാക്കുന്ന തീർത്ഥാടകരിൽ ദിവ്യത വർദ്ധിതമായിട്ടുമുണ്ട്.
സ്വന്തം വീടും സൗകര്യവും ഉപേക്ഷിച്ചിറങ്ങുന്നവരാണ് തീർത്ഥാടകർ. അവർ പൊക്കണം കഴിയ ുന്നത്ര ചെറുതാക്കും.
ഒരേ സമയം അകത്തേക്കും പുറത്തേക്കും സഞ്ചരിക്കും തീർത്ഥാടകർ.
തീർത്ഥാടകയിൽ ജിജ്ഞാസുവല്ല വിസ്മയിയാണ്.
തീർത്ഥാടനവും മറ്റെല്ലാ അയനങ്ങളും തമ്മിൽ എന്താവും വ്യത്യാസം?
മറ്റെല്ലാ അയനങ്ങളിലും നിങ്ങളോടൊപ്പം നിങ്ങളുടെ ശരീരവും യാത്ര ചെയ്യണം. തീർത്ഥാടനത്തിൽ ശരീരം നിങ്ങളോടൊപ്പം യാത്ര ചെയ്യണം എന്നുതന്നെയില്ല.
ചുരുക്കിപ്പറഞ്ഞാൽ, കിടപ്പുരോഗിക്കും കാരാഗൃഹവാസിക്കും തീർത്ഥാടനം സാധ്യമാണ്!





















