

പുസ്തകപ്രസാധകരായ 'ബ്രില്യന്‍റ്സ് ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ്' മുതിര്‍ന്ന എഴുത്തുകാരില്‍ നിന്നും കുട്ടികള്‍ക്കു വേണ്ടിയുള്ള കഥകള്‍ ക്ഷണിച്ചു പരസ്യം നല്കി. ഒന്നാം സമ്മാനാര്‍ഹമാവുന്ന കഥയ്ക്ക് വലിയൊരു സമ്മാനവും പ്രഖ്യാപിച്ചു.
പത്രാധിപരെ തേടിയെത്തിയ ആയിരക്കണക്കായ രചനകളില്‍നിന്നും ഇഷ്ടപ്പെട്ട ഒരു കഥ തിരഞ്ഞെടുക്കുവാന്‍ അവിടുത്തെ മൂന്നംഗപത്രാധിപ സംഘം കുറച്ചു കുട്ടികളെത്തന്നെ ചുമതലപ്പെടുത്തി.
കുട്ടികള്‍ അത്യാഹ്ലാദപൂര്‍വ്വം തെരഞ്ഞെടുത്ത കഥ വാങ്ങി കുതൂഹലത്തോടെ വായിച്ചുതീര്‍ത്ത പത്രാധിപസംഘം സംഭ്രമിച്ചു. ഭയം നിറഞ്ഞ കണ്ണുകളോടെ അവര്‍ ആദ്യം കുട്ടികളെ നോക്കി. പിന്നെ പരസ്പരം നോക്കി. തുടര്‍ന്ന്, എഴുത്തുകാരന്‍റെ വിലാസം കണ്ടെത്തിയ പത്രാധിപസംഘം, പക്ഷേ, അപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ കിടിലം കൊണ്ടത്! അതിലെ വിലാസം ഇപ്രകാരമായിരുന്നു' - ലൂസിഫര്‍, പാന്‍ഡമോണിയം, ഇന്‍ഫെര്‍ണോ!'
ഭയഭരിതവും അവ്യാഖ്യേയവുമായ ഒരു വിഷമസന്ധിയില്‍ കുടുങ്ങിപ്പോയ പത്രാധിപ സംഘം അവിടെനിന്നും മെല്ലെ തല കുനിച്ചിറങ്ങി. മുന്നോട്ടു നടന്നു നീങ്ങവേ, കുട്ടികള്‍ ഉപേക്ഷിച്ചു കളഞ്ഞ ഒരു കഥയുടെ കടലാസ് കാറ്റില്‍പ്പെട്ട്, ഒറ്റച്ചിറകൊടിഞ്ഞു തല്ലിപ്പിടക്കുന്ന ഒരു വെണ്‍പ്രാവിനെക്കണക്ക് അവരിലൊരാളുടെ കാലുകളില്‍ വന്നു തട്ടി. ഉദാസീനതയോടെ അയാള്‍ ആ പേപ്പര്‍ കുനിഞ്ഞെടുത്തു. മനോഹരമായ കൈപ്പടയിലെഴുതപ്പെട്ട ആ കഥ വായിച്ച നിമിഷംതന്നെ അയാളുടെ ആത്മാവില്‍ ആയിരക്കണക്കിനു സൗഗന്ധികങ്ങള്‍ പൂത്തുലഞ്ഞു. അതില്‍ നിന്നും പ്രസരിച്ച സുഗന്ധം അവിടെയെങ്ങും വ്യാപരിച്ചു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണുനീരിന്‍റെ സ്ഫടികപാളികള്‍ക്കുള്ളിലൂടെ അയാള്‍ കഥാകൃത്തിന്‍റെ വിലാസം വായിച്ചു: ഗോഡ്, ഏദന്‍ ഗാര്‍ഡന്‍സ്, പാരഡൈസ്!
"എന്തുപറ്റി നമ്മുടെ കുട്ടികള്‍ക്ക്?" അയാള്‍ ചോദിച്ചു.
"എന്തായാലും അവര്‍ക്ക് ഇഷ്ടപ്പെട്ടതെന്നു തോന്നിയത് അവര്‍ തിരഞ്ഞെടുത്തല്ലോ. മറ്റുള്ള വരെ പ്രീതിപ്പെടുത്താനായി, മുതിര്‍ന്നവരെപ്പോലെ അവര്‍ ദൈവത്തിന്‍റെ കഥ തിരഞ്ഞെടുത്തതായി കള്ളം പറഞ്ഞില്ലല്ലോ?" രണ്ടാമന്‍ മറ്റുള്ളവരെ ആശ്വസിപ്പിച്ചു.
"സത്യം! അവരുടെ ഉള്ളിലിപ്പോഴും സത്യ മുണ്ട്. അതുകൊണ്ടുതന്നെ ദൈവത്തിന്‍റെ കഥയുടെ കാതല്‍ അവര്‍ എന്നെങ്കിലുമൊരി ക്കല്‍ തിരിച്ചറിയാതെയിരിക്കില്ല." - മൂന്നാമന്‍!
രണ്ടു കഥകളുടെ കഥ
തോമസ് പി. കൊടിയന്‍
അസ്സീസി മാസിക സെപ്റ്റംബർ 2025





















