top of page

കളമ്പാടന്‍ കഥകള്‍

Oct 15

1 min read

Assisi Magazine

ആമക്കഥ

പന്തയത്തില്‍ തോറ്റാല്‍ നാടുവിട്ടുപോകേണ്ടി വരും. പണ്ടെങ്ങോ പൂര്‍വ്വികരോട് മത്സരിച്ചു ജയിച്ചെന്ന അഹങ്കാരമാണ് ആമയ്ക്ക്. നാലു കിലോമീറ്റര്‍ ദൂരം നാലുദിവസം കൊണ്ട് ഇഴഞ്ഞെത്താന്‍ ആമയ്ക്ക് കഴിയുമോ. എന്നിട്ടും പന്തയം വയ്ക്കാനുള്ള അവന്‍റെ ധൈര്യം സമ്മതിക്കണം.വഴിയില്‍ വിശ്രമിക്കാതെ മുയല്‍ രണ്ടു മണിക്കൂര്‍ സമയംകൊണ്ട് ലക്ഷ്യത്തിലെത്തി. അവിടെ അവനെ സ്വീകരിക്കാന്‍ ആമയുണ്ടായിരുന്നു. ആമ പരുന്തച്ചന്‍റെ സഹായം തേടിയതറിയാതെ അന്തം വിട്ടുനിന്ന മുയലിനോട് ആമ പറഞ്ഞത് കാലഘട്ടത്തിന്‍റെ തിരിച്ചറിവായിരുന്നു. മത്സരത്തിന്‍റെ ലോകത്ത് ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ക്കേ നിലനില്‍ക്കാന്‍ കഴിയൂ.





പ്രണയം

പൂവും ശലഭവും പ്രണയത്തിലായിരുന്നു. കുശലം പറഞ്ഞ് മധു നുകര്‍ന്ന് പറന്നു പോകുന്ന ശലഭത്തെക്കുറിച്ച് മാത്രമായിരുന്നു എപ്പോഴും പൂവിന്‍റെ ചിന്ത. കാറ്റും വെയിലും കളിവാക്കു പറയാനെത്തുമ്പോഴും പൂവ് കാത്തിരുന്നത് ശലഭത്തെയായിരുന്നു. ഇതിനിടെ പുഴുക്കള്‍ വന്ന് പൂവിന്‍റെ ഇളം മേനിയില്‍ നഖക്ഷതങ്ങള്‍ തീര്‍ത്തു. അകലെ നിന്ന് പൂവിന്‍റെ സൗന്ദര്യം കണ്ട് മതിമറന്നിരുന്ന തോട്ടക്കാരന് ഇത് സഹിച്ചില്ല. അവന്‍ കൊടും വിഷം തളിച്ച് പുഴുക്കളെ കൊന്നു കളഞ്ഞു. പൂവിന് തോട്ടക്കാരനോട് ആദരവും സ്നേഹവും തോന്നി. സ്വന്തം സൗന്ദര്യത്തില്‍ ആത്മവിശ്വാസവും തോട്ടക്കാരന്‍റെ സംരക്ഷണത്തിലുള്ള സുരക്ഷിതത്വ ബോധവും പൂവ് മറച്ചുവച്ചില്ല.പതിവുപോലെ ശലഭം കുശലം പറഞ്ഞ് മധുനുകര്‍ന്ന് പൂവിന്‍റെ മടിയിലേക്ക് വീണു. അത് ഒരു പ്രണയത്തിന്‍റെ അന്ത്യമായിരുന്നു.

Featured Posts