top of page

ഒരു കഥ: തുടര്‍ച്ചയുടെയും ഇടര്‍ച്ചയുടെയും കഥനങ്ങള്‍ തുടരുന്നു

Jul 1, 2011

4 min read

പോള്‍ തേലക്കാട്ട്

The Crucifixion of Jesus Christ

ക്രിസ്തുമതം ഒരു കഥനപാരമ്പര്യമാണ്. ക്രിസ്തുവിശ്വാസി ഒരു കഥയിലാണ് ജീവിതമര്‍പ്പിക്കുന്നത്. ക്രൈസ്തവവിശ്വാസം ക്രിസ്തുവിന്‍റെ കഥയില്‍ ജീവിതം വായിച്ച് ജീവിക്കുന്നതത്രെ. വിശ്വാസവും ചരിത്രവും കൂടിക്കലര്‍ന്ന കഥയാണല്ലോ അത്. അത് ചരിത്രപുരുഷന്‍റെ കഥ മാത്രമല്ല - അത് ദൈവത്തിന്‍റെയും മനുഷ്യന്‍റെയും കഥയാണ്. ഈ കഥയില്‍ വസിച്ച് സ്വന്തം ജീവിതം ആ കഥാപരമ്പര്യത്തില്‍ സ്വന്തം മാംസാസ്ഥികളില്‍ എഴുതുന്നവരാണ് ക്രിസ്ത്യാനികള്‍. എല്ലാം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ഭാഷയുടെ ഭാഗമാകുന്നതുകൊണ്ടാണ് - ഭാഷ ഭാഷണമാണല്ലോ. എല്ലാം പറച്ചിലിലാക്കുന്നവനാണ് മനുഷ്യന്‍. പ്രകൃതിക്കു ചരിത്രമില്ല. മനുഷ്യന്‍ കാലത്തിന്‍റെ കഥ പറയുന്നു. അതാണവന്‍റെ പാരമ്പര്യം. തുടര്‍ച്ചയുടെ ലംഘനമല്ല ഭാഗമാണ് ഇടര്‍ച്ച - രണ്ടുമില്ലാത്ത പാരമ്പര്യമില്ല.

കാലം അതിനെത്തന്നെ വിഴുങ്ങുന്നു. അങ്ങനെ അതു ദഹിച്ച് മറ്റൊന്നായി വരുന്നു. എല്ലാ ഇടര്‍ച്ചയും വിശ്വസ്തതയുടെ പേരിലാണ്, എല്ലാം വിശ്വസ്തമല്ല. സ്ലേറ്റ് മായിച്ച് ആദിയില്‍ തുടങ്ങാനുള്ള വിപ്ലവങ്ങള്‍ വെറും തട്ടിപ്പാണ്. സ്ലേറ്റ് മായ്ക്കാനാവില്ല. ഇടര്‍ച്ച നിഷേധത്തിന്‍റെ രൂപമെടുക്കും. തുടര്‍ച്ച വെറും ആവര്‍ത്തനമാകുമ്പോള്‍ പാരമ്പര്യത്തില്‍ കഥനമില്ലാതായി അത് മരവിച്ചുപോകുന്നു. മനുഷ്യന്‍ കല്പിക്കുന്നവനായതുകൊണ്ടാണ് ഈ അനുകരണവും നിഷേധവും.

ഏതു മതവും ഒരു കഥന പാരമ്പര്യമാണ്. മതങ്ങള്‍ക്കു പിന്നില്‍ കെട്ടുകഥകള്‍ (myth) കാണാം. അവയ്ക്ക് വെളിപാടിന്‍റെ സ്വഭാവമുണ്ട് - അവയില്‍ കാവ്യവും കഥയുമുണ്ട്. ഉല്പത്തിപ്പുസ്തകം ആദിയുടെ കഥ പറഞ്ഞു തുടങ്ങുന്നു. പോപ്പര്‍ എഴുതിയതുപോലെ "ശാസ്ത്രം കഥ കെട്ടലാണ് - മതംപോലെ തന്നെ." ലോകോല്പത്തിയെക്കുറിച്ച് ജോര്‍ജ് ലെമയ്ത്രെ (George Lemaitre) അവതരിപ്പിച്ച ആദിസ്ഫോടനസിദ്ധാന്തം ഉല്പത്തിയെക്കുറിച്ചുള്ള മറ്റൊരു കഥതന്നെയല്ലേ? തിയറി എന്ന ഗ്രീക്കുവാക്കിന് വീക്ഷണം, കാഴ്ചപ്പാട് എന്നാണ് അര്‍ത്ഥം. സമയത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത് ഒരു കാഴ്ചപ്പാടിന്‍റെ കഥയാണ്.

സമയത്തെക്കുറിച്ച് ക്രൈസ്തവകഥയുണ്ട്, ഹൈന്ദവകഥയുമുണ്ട്. രണ്ടും രണ്ടു വീക്ഷണങ്ങള്‍. ക്രൈസ്തവകഥയനുസരിച്ച് കാലം നിത്യമല്ല. അത് ആദിപാപത്തില്‍ തുടങ്ങുന്നു; അന്തിവിധിയില്‍ അവസാനിക്കുന്നു. അന്ത്യവിധിയുടെ പിറ്റേന്നു മുതല്‍ നിത്യതയാണ്. കാലത്തിന്‍റെ ക്രൈസ്തവകഥ ചഞ്ചലപ്രക്രിയയുടേതാണ്. ആ ചലനം നിത്യതയില്‍ അവസാനിക്കുന്നു. കാലം പെരുന്നാളും ധ്യാനവും തമ്മിലും, തിരക്കിന്‍റെ പുറവും ശാന്തതയുടെ അകവും തമ്മിലും, ശരീരത്തിന്‍റെ നൈമിഷികതയും ആത്മാവിന്‍റെ നിത്യതയും തമ്മിലുമുള്ള കല്യാണമാണ്. ചരിത്രം ആവര്‍ത്തനമല്ല പുരോഗമനമാണ്. നാളെ ഇന്നലെയുടെ ആവര്‍ത്തനമല്ല. മുന്നോട്ടു നീങ്ങുന്ന കാലം ചാക്രികമായി ആവര്‍ത്തിക്കുകയല്ല. പുതുമ എന്നതു പഴമയുടെ ആവര്‍ത്തനമല്ല. കാലത്തിന്‍റെ കഥ മുന്നോട്ടു തുടരുന്നു. മുന്നോട്ട് എന്നു പറയുമ്പോള്‍ ഭാവിയിലേക്ക്. ഭാവിയിലാണ് നിത്യതയുടെ ദൈവികത വന്നുകൊണ്ടിരിക്കുന്നത്. ദൈവമാണ് മനുഷ്യന്‍റെ ആത്യന്തികഭാവി. ഭാവിയിലേക്കു ഗമനം ഇന്നലെകളെ നിഷേധിച്ചുമാണ്. ഈ യാത്ര ഭാവിയില്‍ നിന്നു വചനത്തിന്‍റെ അവതാരത്തിന്‍റെയും അതു സൃഷ്ടിക്കുന്ന പീഡാനുഭവത്തിന്‍റെയും പന്തക്കുസ്തയുടേതുമാണ്. ദൈവം അവന്‍റെ വചനത്തിലൂടെ ചരിത്രത്തിലേക്കു വരുന്നു. അതു സ്വീകരിക്കുന്നവന്‍ അവന്‍റെ കുരിശു വഹിച്ച് പീഡനത്തിന്‍റെയും സഹനത്തിന്‍റെയും വഴിയില്‍ പരിശുദ്ധാത്മാവിന്‍റെ ആവാസത്തില്‍ പുതിയ ഭാഷയുടെ പുതിയ മനുഷ്യനായി മാറുന്നു - ക്രിസ്തു എന്നില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് ഉത്ഥിതനാകുമ്പോഴും അവന്‍ യേശുവാകുന്നില്ല.

പുതുമയുടെ കഥന പാരമ്പര്യമാണത്. യേശുക്രിസ്തുവിന്‍റെ കഥ വെറുതെ ആവര്‍ത്തിക്കുകയല്ല. കഥയുടെ പാരമ്പര്യത്തില്‍ ആവര്‍ത്തനവും എന്നാല്‍ പുതുമയുമുണ്ട്. കഥ തുടരുമ്പോഴും തുടര്‍ച്ചയുടെ പുതുമയുണ്ട്.

നാലു സുവിശേഷകര്‍ ഒരു കഥ എഴുതിയപ്പോള്‍ അതു നാലു കഥനങ്ങളായില്ലേ? ചരിത്രംപോലും വീണ്ടുമെഴുത്തില്‍ മാറുന്നു. യോഹന്നാന്‍റെ സുവിശേഷത്തില്‍ "യേശുവിന്‍റെ അമ്മ"ക്കു പേരില്ലാതായി. കഥയുടെ വിശദാംശങ്ങള്‍ നിരന്തരമായി മാറ്റി. ശതാധിപന്‍റെ ഭൃത്യനെ സുഖപ്പെടുത്തി എന്നു മത്തായി പറയുമ്പോള്‍ യോഹന്നാനില്‍ സുഖപ്പെട്ടത് മകനായി. കഥ ഒന്നു തന്നെ; പക്ഷേ, കഥനത്തില്‍ പുതുമകള്‍ വരുന്നു.

ശാസ്ത്രീയമായി ഇന്നു ക്ലോണിങ്ങ് സാധ്യമാണ്. ഗാന്ധിയെ ക്ലോണ്‍ ചെയ്താല്‍ രണ്ടാം ഗാന്ധി ഉപ്പുസത്യാഗ്രഹം നടത്തുമോ? ബഷീറിനെ ക്ലോണ്‍ ചെയ്താല്‍ രണ്ടാം ബഷീര്‍ 'പാത്തുമ്മയുടെ ആട്' എഴുതുമോ? ഈ ചോദ്യങ്ങള്‍ക്കുത്തരം കാലത്തിന്‍റെ കഥയുമായി ചേര്‍ന്നേ പറയാനാകൂ. വസ്തു ആവര്‍ത്തിച്ചാലും കാലം മാറുമ്പോള്‍ അതിന്‍റെ കഥയും മാറും. കാലത്തിന്‍റെ കഥയില്‍ കാലഹരണവും കാലക്കേടുമുണ്ട്. കാലം വന്നുകൊണ്ടിരിക്കുന്നു, കഥയും.

"ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനു മുകളില്‍ ചലിച്ചുകൊണ്ടിരുന്നു" എന്ന ആമുഖവാക്കുകളോടെയാണ് ബൈബിളില്‍ കാലത്തിന്‍റെ കഥ തുടങ്ങുന്നത്. കാലത്തെ സൃഷ്ടിക്കുന്നത് ഈ ചൈതന്യമാണ് - പെന്‍റകോസ്റ്റല്‍ ചൈതന്യം. അതാണ് കഥയുടെ ആത്മാവ്. അത് കഥയും കഥനവും ഉണ്ടാക്കുന്നു. പക്ഷേ, കഥകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതു ദൈവത്തിന്‍റെയും മനുഷ്യന്‍റെയും കഥകളായി കെട്ടപ്പെടുന്നു. ഈ ചൈതന്യത്താല്‍ പിടിക്കപ്പെടുന്നവന്‍ "പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും" പുറപ്പെടുന്നു (ജെറമിയ 1:10). ഈ പ്രവാചക പ്രതിഷേധം ബനാറസിലെ കുഷ്ഠരോഗികളുടെയും പിച്ചക്കാരുടെയും മാംസപിണ്ഡങ്ങള്‍ കാണുമ്പോള്‍ മാത്രമല്ല, മെഡിറ്ററേനിയന്‍ കടല്‍ത്തീരങ്ങളില്‍ നെയ് മുറ്റിയ ജഡങ്ങള്‍ വെയിലത്തിട്ട് കിടക്കുന്ന സമ്പന്നരുടെ നഗ്നതയിലും അത് ഉണരുന്നു. ദാരിദ്ര്യത്തിന്‍റെ ഒട്ടിയ വയറില്‍ മാത്രമല്ല ധാരാളിത്തത്തിന്‍റെ ധൂര്‍ത്തമായ തിമിര്‍ത്താട്ടങ്ങളിലും പ്രവാചകചൈതന്യം കോപിക്കുന്നു.

ഈശ്വരചൈതന്യത്തിന്‍റെ ചരിത്രത്തിലൂടെയുള്ള കഥയാണ് ബൈബിള്‍ പറയുക. ഈ ചൈതന്യത്തില്‍ ഗ്രസിക്കപ്പെട്ടവരുടെ ചരിത്രത്തെ എങ്ങനെ അവരുടെയും മനുഷ്യസമൂഹത്തിന്‍റെയും കഥയാക്കി എന്നു നമുക്കു പറഞ്ഞുതരുന്നു. ഈ കഥകള്‍ നാം വീണ്ടും വീണ്ടും ആഖ്യാനം നടത്തുന്നു - ആഖ്യാനത്തില്‍ത്തന്നെ പുതുമയുണ്ട്. ആഖ്യാനങ്ങള്‍ പുതിയ കഥകള്‍ ഉണ്ടാക്കുകയല്ല. ഏലിയായുടെ ആവര്‍ത്തനമാണ് സ്നാപകന്‍ എന്നു ജനങ്ങള്‍ കരുതി. പക്ഷേ, അതു പുതിയ കഥയുമായിരുന്നു. അവര്‍ രണ്ടുപേരുടെയും ആവര്‍ത്തനമായി യേശുവിനെ കണ്ടവരുണ്ട്. ആവര്‍ത്തനങ്ങളെക്കാള്‍ അതു പുതിയ അവതാരമായി. യേശുവിന്‍റെ ആവര്‍ത്തനമാണ് അസ്സീസിയിലെ ഫ്രാന്‍സിസ് എന്നു പറഞ്ഞവരുണ്ട്. സെര്‍വാന്‍റസിന്‍റെ ഡോം ക്വിക്സോട്ടിനെ സ്പാനിഷ് ക്രിസ്തുവായി കണ്ടവരുണ്ട്. ആത്മാവ് ഇന്നലെകളുടെ കഥകളെ അഴിച്ചുകെട്ടി പുതിയ കഥയാക്കുന്നു. ഈ അഴിച്ചുകെട്ടലിലെ മാറ്റലുകള്‍ വിമര്‍ശനപരമാണ് - അതില്‍ നിഷേധവുമുണ്ട്. ഈ നിഷേധത്തിന്‍റെ ആത്മാവും വിശുദ്ധമാണ്. കാരണം അത് ഭാവിയുടെ നിത്യതയില്‍നിന്നു വരുന്നു.

പത്തു കല്പനകളുടെ വെളിപാട് കിട്ടിയവര്‍തന്നെ മോസസിന്‍റെ കഥയെഴുതിയപ്പോള്‍ അടിമകളായ യഹൂദര്‍ ഈജിപ്റ്റുകാരെ "കൊള്ളയടിക്കാന്‍" ദൈവം കല്പിച്ച കഥയും എഴുതി. മോഷ്ടിക്കരുത് എന്നു കല്പിച്ച ദൈവം അടിമകളോട് ഉടമകളെ കൊള്ളയടിച്ചു പുറപ്പെട്ടുപോകാനും ആവശ്യപ്പെടുന്ന കഥയും ഉണ്ടായി. ഇക്കഥ വീണ്ടും വായിക്കുന്നവര്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍ പഠിക്കുന്നു - അതാണല്ലോ ബുദ്ധിപൂര്‍വ്വകമായ വായന (Intelligere: inter - legere - to read between). അതു വിമര്‍ശനപരമായ വായനയാണല്ലോ. ക്രൈസ്തവികത മാറ്റാനുള്ള വിളിയാണ്. ആയിരിക്കുന്നതും ആകാമായിരിക്കുന്നതും തമ്മിലുള്ള താരതമ്യത്തിന്‍റെ വായന. ഭാവിയും ഭൂതവും വര്‍ത്തമാനത്തില്‍ വായിച്ച് കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കുകയാണ്. കാഴ്ചപ്പാടുകള്‍ ആയിരിക്കുന്നതിനെ വെറുതെ കാണലല്ല. ആകേണ്ടതിനെ ഉദ്ദേശിക്കലുമാണ്. സ്വപ്നാടനക്കാരന്‍ ഉട്ടോപ്പ്യയുടെ ജ്വരത്തില്‍ നാളെയുടെ കഥകള്‍ ഇന്നിന്‍റെയും ഇന്നലെയുടെയും വേഷങ്ങള്‍ കെട്ടി പുതിയ കഥകള്‍ ഉണ്ടാക്കുന്നു. പക്ഷേ, അത് പഴയ കഥയുടെ മാറ്റിയ പതിപ്പാകാതാകുമ്പോള്‍ വഴിവിട്ട് വേരു പറിഞ്ഞ വിഘടനമുണ്ടാകും. പുതുമകള്‍ പഴമയില്‍ വേരു പിടിച്ചതും അതിനോടു വിശ്വസ്തവുമാകണം. ഭാവിയുടെ വാതായനങ്ങള്‍ കൊട്ടിയടച്ച് കഥ വെറുതെ പകര്‍ത്തിയെഴുതാന്‍ തുടങ്ങുമ്പോള്‍ കാലത്തെ പിടിച്ചുനിറുത്തി ഏത്തമിടിക്കുന്ന കാലക്കേടും അതിന്‍റെ ഫലമായി കാലചൈതന്യത്തിന്‍റെ മരണവും സംഭവിക്കുന്നു. ദൈവത്തെ കൊല്ലാം; പക്ഷേ, കാലത്തെ കൊല്ലാന്‍ ശ്രമിക്കുന്നവന്‍ കഥയില്ലാത്തവനായിരിക്കും.

പത്തു കല്പനകളുടെ പാത വിട്ട് മഴയ്ക്കുവണ്ടി പാരമ്പര്യവിഛേദത്തിന്‍റെ പുതിയ കഥ രചിക്കാന്‍ തുടങ്ങിയ രാജാവിനെയും ജനങ്ങളെയുമാണ് ഏലിയ പ്രവാചകന്‍ കാര്‍മല്‍ മലയില്‍ വെല്ലുവിളിച്ചത്. പാവപ്പെട്ട നാബോത്ത്, രാജാവിന്‍റെയും രാജ്ഞിയുടെയും വഴിയില്‍ പ്രതിബന്ധമായപ്പോള്‍ അയാളെ വെട്ടിനീക്കി അവരുടെ കഥ രചിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ വെട്ടി നിരത്തിയ കഥ ഏലിയ രചിച്ചത്. ക്രൂരമായ രാജവിമര്‍ശനം നടത്തിയ പ്രവാചകന് രാജാക്കന്മാരുടെ പുസ്തകത്തില്‍ ഇടം നല്കിയതുകൊണ്ടാകാം രാജാക്കന്മാരുടെ പുസ്തകം ബൈബിളിന്‍റെ ഭാഗമായത്. വേദഗ്രന്ഥം കഥാപാത്രങ്ങളെ സൃഷ്ടിക്കുകയല്ല ദൈവാത്മാവ് കഥാപാത്രങ്ങളെ കണ്ടെത്തുകയാണ്. ഏറ്റവും വലിയ കണ്ടെത്തല്‍, കഥ കണ്ടെത്തലാണ് എന്നു തോന്നുന്നു. കഥ കണ്ടെത്താത്തവര്‍ കഥയില്ലാത്തവരായി കഥാവശേഷമാകുന്നു. മനുഷ്യന്‍റെ പുറം അകത്തെ കീഴടക്കിക്കഴിയുമ്പോള്‍ കാലത്തിന്‍റെ ചക്രവാളങ്ങളില്‍ അപകടത്തിന്‍റെ കാര്‍മേഘം രൂപപ്പെട്ട നിരവധി കഥകള്‍ ഇവിടെ കാണാം. പീലാത്തോസിന്‍റെ അധികാരം നിരപരാധിയെ ക്രൂശിച്ചത് അപ്പോഴാണ്. അയാള്‍ വ്യക്തിയാകാതെ ആള്‍ക്കൂട്ടത്തിന്‍റെ പതിപ്പായി. ഗെരിസിം മലയുടെ മുകളില്‍ നിന്നുകൊണ്ട് യോത്താം പറഞ്ഞ മുള്‍ച്ചെടി രാജാവായ കഥ ബൈബിളില്‍ സ്ഥാനം പിടിച്ചത് അതുകൊണ്ടു തന്നെ.

ദൈവത്തിന്‍റെ ആത്മാവ് ചരിത്രത്തെ നിരന്തരം അലക്കുന്നു. എല്ലാം ചരിത്രത്തില്‍ മലിനമാകും. ഭാഷ മലിനമായ കഥ ബാബേല്‍ ഗോപുരത്തില്‍ വായിക്കുന്നു. ആ ഭാഷ അലക്കി മനസ്സിലാക്കലിന്‍റെ ഭാഷാവരം പത്രോസിനും കൂട്ടര്‍ക്കും കിട്ടി. ജറുസലേമിലെ ജനങ്ങള്‍ അവരവരുടെ ഭാഷയില്‍ പത്രോസിന്‍റെ പ്രസംഗം കേട്ട കഥ നാം വായിക്കുന്നു. മനുഷ്യന്‍റെ കഥയുടെ മലിനീകരണവും അതിന്‍റെ നിരന്തരമായ അലക്കുംകൊണ്ട് വേദഗ്രന്ഥം നിറഞ്ഞിരിക്കുന്നു. ഈ അലക്കല്‍ മനുഷ്യന്‍റെ എല്ലാ മൂല്യങ്ങളിലും സംഭവിക്കുന്നുണ്ട്. മൂല്യങ്ങളുടെ മൂര്‍ത്തരൂപമായ ഈശ്വരനാമത്തിലും.

"ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും സംഹരിക്കുക - അത് അങ്ങില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്‍റെയും വിധികര്‍ത്താവ് നീതി പ്രവര്‍ത്തിക്കാതിരിക്കാമോ?" (ഉല്പത്തി 18:25). വിശ്വാസികളുടെ പിതാമഹനായ അബ്രാഹത്തിന്‍റെ ഈ വാക്കുകളില്‍ ദൈവദോഷത്തിന്‍റെ നിഴലില്ലേ? ദൈവത്തിനെതിരായ വിമര്‍ശനമാണത്. ദൈവം മര്യാദ കാണിക്കണം എന്നാണ് അബ്രാഹം പറയുന്നത്. സോദോം ഗോമൊറ നഗരങ്ങള്‍ നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ച വിവരം ദൂതര്‍ പറഞ്ഞപ്പോഴത്തെ അബ്രാഹത്തിന്‍റെ പ്രതികരണമാണിത്. അബ്രാഹം ഈ പ്രതിസന്ധിയില്‍ ദൈവത്തിന്‍റെ പക്ഷത്തല്ല, സോദോമിലെ ജനങ്ങളുടെ പക്ഷത്താണ്. അബ്രാഹം ദൈവവിശ്വാസിയുമാണ്. ദൈവവിശ്വാസി ദൈവത്തിന്‍റെ പക്ഷത്തു നില്ക്കുന്നവനല്ലേ? പ്രതിപക്ഷത്ത് നില്ക്കുന്നത് അബ്രാഹത്തിന് അപകടകരവുമാണ്. നശിപ്പിക്കാന്‍ കഴിവുള്ളവന് എതിരു നില്ക്കുക! പക്ഷേ, അബ്രാഹം ആ അപകടം മറന്ന് ജനത്തിനുവേണ്ടി വാദിച്ചു - ദൈവത്തോടു തര്‍ക്കിച്ചു.

ഇങ്ങനെ ദൈവത്തോടു തര്‍ക്കിച്ച വിശ്വാസിയുടെ കഥ വേദഗ്രന്ഥമാണ് നമ്മോടു പറയുന്നത്? എന്തിന്? ദൈവത്തോടുകൂടെ നിന്ന് സോദോമില്‍ ബോംബിടുന്ന വിശ്വാസികളുള്ള കാലമാണ്. ജനങ്ങളെ സംരക്ഷിക്കാന്‍ ദൈവത്തോടു തര്‍ക്കിച്ചവനാണ് വിശ്വാസി, അയാള്‍ മനുഷ്യനെ ബോംബിട്ടു കൊല്ലുന്ന മൗലികവാദിയല്ല. ഡെറീഡ എഴുതിയതുപോലെ മനുഷ്യന്‍ ദൈവത്തിന്‍റെ ദൈവികത മലിനമാക്കിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ ദൈവികത അടിച്ചുതളിച്ച് വിശുദ്ധമായി ഉയര്‍ത്തിവയ്ക്കേണ്ടവര്‍ വിശ്വാസികള്‍ തന്നെയാണ്. ദൈവത്തെക്കുറിച്ചുള്ള നുണക്കഥകള്‍ കൊണ്ടാണ് ലോകം വഷളാകുന്നത്. ക്രിസ്ത്യാനിയുടെ കഥയിലേ ദൈവത്തിനു മരണമുള്ളൂ. ദൈവത്തെ നിഷേധിക്കാതെ ദൈവത്തിന്‍റെ ദൈവികത സംരക്ഷിക്കപ്പെട്ടില്ല. ദൈവത്തെ നിര്‍വചനങ്ങളില്‍ പൂട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തിന്‍റെ വിഗ്രഹങ്ങള്‍ സൃഷ്ടിച്ചു നുണ പ്രചരിപ്പിക്കുന്നു. ദൈവത്തിന്‍റെ കഥകള്‍ മനുഷ്യനെ മഹത്വപ്പെടുത്തുന്നില്ലെങ്കില്‍ ആ ദൈവത്തെ നിഷേധിക്കുന്ന വിശുദ്ധ കഥനങ്ങള്‍ ഉണ്ടാകും.

Featured Posts