

"കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം നിഷ്ഫലമാണ് " എന്നു പറഞ്ഞാണ് 127-ാം സങ്കീർത്തനം ആരംഭിക്കുന്നത്.
അപ്പോൾ ആരാണ് ശരിക്കും പണിയുന്നത്?
കർത്താവാണ് പണിയുന്നതെങ്കിലും പണിക്കാരും പണിയുന്നുണ്ടല്ലോ. കർത്താവ് ഒറ്റക്ക് ഒന്നും പണിയുന്നില്ല.
"യേശുക്രിസ്തു എന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു; അതിനുപുറമേ മറ്റൊന്ന് സ്ഥാപിക്കാൻ ആർക്കും സാധിക്കുകയില്ല. ഈ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും സ്വർണമോ വെള്ളിയോ രത്നങ്ങളോ തടിയോ വൈക്കോലോ ഉപയോഗിച്ച് പണിതാലും ഓരോരുത്തരുടെയും പണി പ രസ്യമാകും. കർത്താവിന്റെ ദിനത്തിൽ അത് വിളംബരം ചെയ്യും. അഗ്നിയാൽ അത് വെളിവാക്കപ്പെടും" (1 കോറി. 3: 11-13) എന്ന് പൗലോസ് എഴുതുമ്പോൾ അടിസ്ഥാനം കർത്താവും അതിന്മേൽ പടുക്കുന്നവർ നാമും എന്നാണവിടെ സങ്കല്പനം. "ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്ഥാനമിട്ട് വീട് പണിത മനുഷ്യനോട് സദൃശ്യൻ" എന്ന് ദൈവവചനത്തെ അടിസ്ഥാനമാക്കി വീടു പണിയുന്നതിനെക്കുറിച്ച് യേശുവും പറയുന്നുണ്ട്.
ശില്പികളും മറ്റും ഒരു ശില്പം തീർക്കുമ്പോൾ പരമാവധി മറ്റുള്ളവരുടെ കാഴ്ചയിൽ നിന്ന് അത് മറയ്ക്കാറുണ്ട്. ശില്പം പൂർത്തിയായ ശേഷമേ അത് അനാഛാദനം ചെയ്യപ്പെടൂ. പുതിയനിയമത്തിൽ അങ്ങിങ്ങ് അങ്ങനെയും ചില സൂചനകൾ ഉള്ളതായി തോന്നിയിട്ടുണ്ട്. ദൈവത്തിൻ്റെ കരവേലയാണ് നാം. അന്ത്യദിനത്തിൽ മാത്രം അനാഛാദനം ചെയ്യപ്പെടുന്ന സൃഷ്ടി. അന്നേ ദിനം മാത്രമേ നമ്മിലെ മഹത്ത്വം വെളിപ്പെടൂ എന്ന് കരുതിയാലോ?!
ചില മനുഷ്യരെയൊക്കെ അടുത്തു കാണുമ്പോൾ അങ്ങനെയാണ് എനിക്ക് തോന്നുന്നത്.





















