top of page

ഒറ്റയാകൽ

Jun 4, 2025

1 min read

George Valiapadath Capuchin

മനുഷ്യർക്കിന്ന് ബന്ധങ്ങൾ ഇല്ലാതെ പോകുന്നു. ബന്ധങ്ങൾ ഉപരിപ്ലവമാകുന്നു എന്ന് പരിദേവനം.

കൂടുതൽ വിവാഹ ബന്ധങ്ങൾ തകരുന്നു എന്ന് വിലാപം. കുടുംബമായി ഏറെക്കാലം കഴിയാനാവുന്നില്ല പലർക്കും.

ആത്മീയ പ്രസ്ഥാനങ്ങളിൽ ആളുകൾ കുറയുന്നു എന്നും നിരീക്ഷണം.

വീടുകൾ ഒറ്റയാകുന്നു. ഒറ്റ വാതിലുള്ള ഫ്ലാറ്റുകൾ തീർത്ത് കൂട്ടമായി ഒറ്റക്ക് വസിക്കാൻ ശീലിക്കുന്നു.

ആർക്കും ആരെയും വേണ്ടാതാകുന്നു.

ശാസ്ത്രം പുരോഗമിച്ചതുമൂലമാണ്; സമൂഹം അഭിവൃദ്ധി പ്രാപിച്ചതുകൊണ്ടാണ് എന്നും മറ്റും പലരും കാരണം പറയുന്നു.

ഒരു ശരാശരി മനുഷ്യൻ്റെ ശാസ്ത്രബോധം എത്ര കണ്ട് വളർന്നിട്ടുണ്ട്?

സാമൂഹികമായ ഓരോ കാര്യത്തിനും കാരണങ്ങൾ നിരവധി കാണും എന്നത് തീർച്ച.

പലരും നിരീക്ഷിക്കുന്ന ഒരു കാരണം മാത്രം ഇപ്പോൾ പറയാം.

ആളുകൾ തൊഴിൽ കേന്ദ്രീകൃതരായി (career oriented).

വ്യക്തിതാൽപര്യങ്ങൾക്കും വ്യക്തിയുടെ സ്വപ്ന സാക്ഷാത്ക്കാരങ്ങൾക്കും, വ്യക്തികളും സമൂഹവും കൂടുതൽ ഗൗരവം നല്കാൻ തുടങ്ങി.

സാമൂഹിക ആവശ്യങ്ങൾക്കും സമൂഹ നിർമ്മിതിക്കും അപ്പോൾ ഗ്ലാനി സംഭവിക്കും എന്നത് യാഥാർഥ്യം.

ചുരുക്കത്തിൽ സംഘത്തിന്, സമൂഹത്തിന് കൂടുതൽ ഊന്നൽ ഉള്ള മേഖലകൾ: കുടുംബമാകട്ടെ, സന്ന്യാസ സമൂഹ ജീവിതമാകട്ടെ, ഗോത്ര ജീവിതമാകട്ടെ, മതമാകട്ടെ, എല്ലാം ഉപേക്ഷിതമാകും.

ജനസംഖ്യാ വിസ്ഫോടനം, മാധ്യമ വിസ്ഫോടനം, സാങ്കേതികവിദ്യാ വിസ്ഫോടനം എന്നിത്യാദി വിസ്ഫോടനങ്ങളെല്ലാം കൂട്ടം പിരിയാനും ഒറ്റയാവാനും രാസത്വരകങ്ങളാകുന്നുണ്ട്.

അപ്പോൾ സ്വാഭാവികമായും തിരിച്ചുള്ള ചലനങ്ങളും പ്രതീക്ഷിക്കാം - സംഭവിക്കും.

കൂട്ടം കൂടാനുള്ള അഭിവാഞ്ഛയും മനുഷ്യരിൽ അന്തർലീനമാണല്ലോ : ഒരു പ്രത്യേക ചരിത്ര നിമിഷത്തിൽ ഒറ്റ തിരിയുന്നതിനാണ് കൂടുതൽ ആയമെന്നിരിക്കിലും!

Recent Posts

bottom of page