

ഒരു സന്ന്യാസി എന്ന നിലയിൽ എനിക്ക് സ്വന്തം നാട്ടിലോ ഇവിടെയോ ഒരു ബാങ്ക് അക്കൗണ്ട് ഇന്നുവരെ ഇല്ല. വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ളത് സമൂഹത്തിൽ നിന്ന് ചോദിച്ച് വാങ്ങുകയും ബാക്കി തിരികെ ഏൽപ്പിക്കുകയുമായിരുന്നു നാട്ടിലെ രീതി. ഒരു സാമ്പത്തിക വർഷത്തിൻ്റെ ആരംഭത്തിൽ യാത്ര, വസ്ത്രം, ടോയ്ലറ്ററീസ്, എന്നിങ്ങനെയുള്ള ഒരു വർഷത്തെ ചെലവുകൾ ഇനം തിരിച്ച് ബഡ്ജറ്റ് ഉണ്ടാക്കി സമർപ്പിക്കുകയും, ആ ബഡ്ജറ്റു പ്രകാരം ഉള്ളത് ലഭ്യമാക്കിയിട്ടുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയും ചെയ്ത ശേഷം ക്രെഡിറ്റ് ബില്ലുകളിൽ ഓരോന്ന് എന്തെന്ത് ആവശ്യങ്ങൾക്കായി ചെലവായത് എന്ന് ഓൺലൈനിൽ നോട്ട് കുറിക്കുകയും ആണ് ഇവിടത്തെ രീതി. അതുകൊണ്ടുതന്നെ, പണം കൈകൊണ്ട് തൊടേണ്ട ആവശ്യം വരുന്നില്ല. ഇത്രയൊക്കെയാണെങ്കിലും പണം എപ്പോഴും ഒരു സെക്യൂരിറ്റി തന്നെയാണ് എന്ന് സമ്മതിക്കണം. അല്പം പണമെങ്കിലും കൈയ്യിൽ ഇല്ലെങ്കിൽ ഒരു സുരക്ഷിത്വക്കുറവുപോലെ!
കർദ്ദിനാൾ ഹോർഹെ ബർഗോളിയോ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിട്ട് 145 മാസം തൽസ്ഥാനത്ത് ഉണ്ടായിരുന്നു. കുഴപ്പമില്ലാത്ത ഒരു സ്റ്റൈപ്പൻഡ് കത്തോലിക്കാ സഭ അദ്ദേഹത്തിൻ്റെ ശുശ്രൂഷകൾക്ക് നൽകുമായിരുന്നു. എന്നാൽ തനിക്ക് ലഭിച്ചിരുന്ന പ്രസ്തുത സ്റ്റൈപ്പൻഡ് അദ്ദേഹം സ്വീകരിക്കുകയുണ്ടായില്ല. അതെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുകൊള്ളാൻ അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. എങ്കിലും സഭാ നേതൃത്വം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നന്നേ ചെറിയൊരു തുക വീതം നിക്ഷേപിക്കുന്നുണ്ടായിരുന്നു.
ഫ്രാൻസിസ് പാപ്പാ എല്ലാ വർഷവുംതന്നെ റോമിലെ കാരാഗൃഹം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളുടെ പാദങ്ങൾ കഴുകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അവരോട് നിസ്സീമമായ കാരുണ്യം ഉണ്ടായിരുന്നു. തൻ്റെ വേർപാടിന് നാല് ദിവസം മുമ്പ് - പെസഹാ വ്യാഴാഴ്ച - അദ്ദേഹം വീണ്ടും അവിടം സന്ദർശിച്ചു. അദ്ദേഹത്തിന് തന്റെ വീൽചെയറിൽ ഇരുന്നുകൊണ്ടുതന്നെ പാദം കഴുകാൻ സാധിക്കത്തക്കവിധം അന്തേവാസികളെ ഒരു പ്ലാറ്റ്ഫോമിൽ ജയിൽ അധികൃതർ ഇരുത്തിയിരുന്നു. എന്നാൽ ഒരു സ്ത്രീയുടെ പാദം കഴുകാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ എന്നാണ് തോന്നുന്നത്. ഏതായാലും മറ്റെല്ലാവരുടെയും പാദം കഴുകാൻ തനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. 'എനിക്കതിന് കഴിയുന്നില്ലെങ്കിലും നിങ്ങളെ മറക്കാനാവില്ല' എന്ന് അവരോടദ്ദേഹം പറഞ്ഞു. തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടുലക്ഷം യൂറോയും കാരാഗൃഹത്തിൽ ഉള്ള പാവങ്ങൾക്കായി എഴുതി നൽകുകയായിരുന്നു, പിന്നീട് അദ്ദേഹം ചെയ്തത്. അങ്ങനെ തന്റെ ഭൗതികമായ സമ്പാദ്യങ്ങൾ മുഴുവൻ കൊടുത്തു തീർത്തിട്ടാണ് അദ്ദേഹം യാത്രയായത്. സ്നേഹം എന്നാൽ ഒരു വികാരമല്ല, ഹൃദയമാണ്- അത് ഒരാളുടെ ആത്മാവാണ്. അതായത് വാക്കും പ്രവൃത്തിയും വ്യക്തിയുമാണത്.
ആനുകൂല്യങ്ങളും സമ്പാദ്യങ്ങളും കൊണ്ട് സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും സഹായിക്കുക എന്നതാണ് അംഗീകൃതമായ നാട്ടുനടപ്പ്. എന്നാൽ, കർദ്ദിനാൾ ഹോർഹേ ബർഗോളിയോ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരിക്കൽപ്പോലും തന്റെ സ്വന്തം രാജ്യമായ അർജൻ്റീനയോ താൻ മെത്രാപ്പോലീത്ത ആയിരുന്ന ബോനൊസ് എയ്റീസോ സന്ദർശിക്കുകയുണ്ടായില്ല.
പാപ്പായുടെ ജീവിച്ചിരിക്കുന്ന സഹോദരിയെ അദ്ദേഹം എല്ലാ ആഴ്ചയും ഫോണിൽ വിളിച്ച് സുഖവിവരം ആരായാറുണ്ടെങ്കിലും, കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനത്തിൽ കഴിയുന്ന ആ പാവപ്പെട്ട സ്ത്രീയെ അദ്ദേഹം എന്നെങ്കിലും സാമ്പത്തികമായി സഹായിക്കുകയുണ്ടായില്ല. പാപ്പായുടെ മരിച്ചു പോയ സഹോദരൻ്റെ മകൻ മൗറോയും ഭാര്യയും മാത്രമാണ് പാപ്പായുടെ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ അർജൻ്റീനയിൽ നിന്ന് എത്തിച്ചേർന്നത്. അതും, ഒരു പ്രാദേശിക ട്രാവൽ ഏജൻസി സൗജന്യമായി ടിക്കറ്റ് നല്കിയതിനാൽ മാത്രം. ഇതൊക്കെയാണ് സ്നേഹവും നിലപാടുകളും എന്നു പറയുന്നത്. ഇക്കാലത്ത് മിക്കവർക്കും മനസ്സിലാവാതെ പോകുന്നതും ഇതൊക്കെത്തന്നെയാണ്!





















